28 September Thursday

കർണാടകം: ഉത്തരവാദി കോൺഗ്രസ‌് തന്നെ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

കർണാടകത്തിൽ ജെഡിഎസ‌്–-കോൺഗ്രസ‌് സഖ്യസർക്കാരിന്റെ നിലനിൽപ്പ‌് ഒരിക്കൽക്കൂടി ചോദ്യം  ചെയ്യപ്പെടുകയാണ‌്. സർക്കാർ എത്രദിവസം അധികാരത്തിൽ തുടരുമെന്നുമാത്രമാണ‌്  ഇനി അറിയാനുള്ളത‌്.  2018 മെയ‌് അവസാനം  അധികാരത്തിൽവന്ന സഖ്യസർക്കാർ നേരിടുന്ന ഏറ്റവും  വലിയ ഭീഷണിയാണിത‌്. ശനിയാഴ‌്ച  12 എംഎൽഎമാർ സ‌്പീക്കർക്ക‌് രാജി നൽകിയതിന‌് പിന്നാലെ  മൂന്നുപേർകൂടി  രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട‌്.  ഇവരുടെ രാജി സ‌്പീക്കർ അംഗീകരിച്ചാൽ കുമാരസ്വാമി സർക്കാരിന‌് കേവലഭൂരിപക്ഷം നഷ്ടമാകും. ഇതോടെ സർക്കാരിന‌് രാജിയല്ലാതെ മറ്റ‌് പോംവഴിയില്ല.  രാജി സമർപ്പിച്ച എംഎൽഎമാരിൽ ചിലരുമായി മന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ അനുരഞ്ജനചർച്ച നടത്തുകയാണ്‌. ഇതിലൂടെ ഇവരെ ഒപ്പം നിർത്തി സർക്കാരിന്റെ ആയുസ്സ‌് നീട്ടാൻ കോൺഗ്രസ‌് നേതൃത്വം തീവ്ര ശ്രമത്തിലാണ‌്. എന്നാൽ, ഇത്തവണ ‘ഓപ്പറേഷൻ താമര’ വിജയത്തിലെത്തുമെന്ന ഉറച്ച  ആത്മവിശ്വാസത്തിലാണ‌് ബിജെപി.  കുമാരസ്വാമി സർക്കാരിനെ  അട്ടിമറിച്ച‌് യെദ്യൂരപ്പയുടെ  നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി കേന്ദ്രനേതൃത്വം പച്ചക്കൊടി കാട്ടിയിരിക്കയാണ‌്. കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഉടൻ സർക്കാർ രൂപീകരിക്കുമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത‌് ഷായുടെ പ്രഖ്യാപനം ഇതാണ‌് വ്യക്തമാക്കുന്നത‌്. ഗവർണർ ക്ഷണിച്ചാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന‌് കേന്ദ്രമന്ത്രി ഡി വി സദാനന്ദഗൗഡയും ശനിയാഴ‌്ച വ്യക്തമാക്കിയിരുന്നു. 

നോമിനേറ്റഡ‌് അംഗം ഉൾപ്പെടെ കർണാടക നിയമസഭയുടെ അംഗബലം 225 ആണ‌്.  222 സീറ്റിലേക്ക‌് 2018 മേയിൽ നടന്ന  തെരഞ്ഞെടുപ്പിൽ  ബിജെപി–- 104,  കോൺഗ്രസ‌് –-78, ജെഡിഎസ‌്–-37, ബിഎസ‌്പി–-1, സ്വതന്ത്രർ–-2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പിന്നീട‌് തെരഞ്ഞെടുപ്പ‌് നടന്ന രണ്ട‌് സീറ്റിൽ കൂടി കോൺഗ്രസ‌് വിജയിച്ചു.  ഏറ്റവും വലിയ ഒറ്റക്കക്ഷിയായ  ബിജെപി യെദ്യൂരപ്പയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. കോൺഗ്രസ‌് എംഎൽഎമാരെ കാലുമാറ്റി ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഒരാഴ‌്ചയ‌്ക്കിടയിൽ യെദ്യൂരപ്പ സർക്കാർ രാജിവച്ചു. ബിജെപിയെ  അകറ്റിനിർത്താനായി ജെഡിഎസിന‌് മുഖ്യമന്ത്രിസ്ഥാനം നൽകിക്കൊണ്ട‌് കോൺഗ്രസ‌് സഖ്യസർക്കാരിന‌ായി ധാരണയിലെത്തുകയായിരുന്നു. 120 പേരുടെ പിന്തുണയോടെയാണ‌് സർക്കാർ രൂപീകരിച്ചത‌്.  മന്ത്രിസഭാ രൂപീകരണംമുതൽ കോൺഗ്രസ‌് എംഎൽഎമാരിൽ ചിലർ ആരംഭിച്ച വിമതപ്രവർത്തനം  സർക്കാരിന‌് എന്നും ഭീഷണിയായി. സർക്കാരിനെ മറിച്ചിടാൻ ബിജെപി തുടക്കംമുതലേ ശ്രമിച്ചിരുന്നു.
ഓരോ ഇടവേളകളിലും കോൺഗ്രസ‌് എംഎൽഎമാർ വിമതനീക്കങ്ങളുമായി രംഗത്തുവന്നു. ഒരുവർഷത്തിനിടയിൽ ഇത‌് നാലാംതവണയാണ‌് കോൺഗ്രസ‌് എംഎൽഎമാരുടെ വിമതനീക്കങ്ങളിലൂടെ സഖ്യസർക്കാർ ഭീഷണിയിലാകുന്നത‌്. ഇത്തവണ മൂന്ന‌് ജെഡിഎസ‌് എംഎൽഎമാരും വിമത നീക്കത്തിൽ പങ്കാളികളായി.  മന്ത്രിസ്ഥാനം നൽകിയും മറ്റും വിമതരിൽ ചിലരെ ഒപ്പംനിർത്തിയാണ‌് കോൺഗ്രസ‌് പിടിച്ചുനിന്നത‌്.  ഇപ്പോഴത്തെ കൂട്ടരാജി കോൺഗ്രസ‌് നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ‌്.  നിലവിൽ സർക്കാരിന‌്  106 എംഎൽഎമാരുടെ പിന്തുണമാത്രമാണുള്ളത‌്. രാജിസന്നദ്ധത അറിയിച്ച മൂന്ന‌് എംഎൽഎമാർ രാജിവച്ചാൽ സർക്കാർ ന്യൂനപക്ഷമാകും. രാജിക്കത്ത‌് നൽകിയ പത്ത‌്  എംഎൽഎമാരെ പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക‌് മാറ്റിയിരിക്കയാണ‌് ബിജെപി. പ്രലോഭനങ്ങളും  പണച്ചാക്കുകളുംകാട്ടി കൂടുതൽ എംഎൽഎമാരെ വശത്താക്കാനുള്ള ശ്രമം ബിജെപി തുടരുന്നു.  മുമ്പ‌് ഓപ്പറേഷൻ താമര പരാജയപ്പെട്ടത‌് കോൺഗ്രസിന്റെ മിടുക്കുകൊണ്ടായിരുന്നില്ല,  മറിച്ച‌് മുഖ്യമന്ത്രി കുമാര സ്വാമിയുടെ സമർഥമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയായിരുന്നു. ഇതു മനസ്സിലാക്കിയാണ‌് മുഖ്യമന്ത്രി  കുമാരസ്വാമി അമേരിക്കൻ സന്ദർശനത്തിന‌് പോയ സന്ദർഭം നോക്കി ബിജെപി രാഷ്ട്രീയ കരുനീക്കം ശക്തമാക്കിയത‌്.  
 
ഇപ്പോഴത്തെ പ്രതിസന്ധിക്ക‌് ഉത്തരവാദി  യഥാർഥത്തിൽ കോൺഗ്രസ‌് തന്നെയാണ‌്.  ലോക‌്സഭാതെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന‌് കോൺഗ്രസിൽ രൂപപ്പെട്ട പ്രതിസന്ധിയാണ‌് പ്രശ‌്നങ്ങൾ രൂക്ഷമാക്കിയത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത‌് കോൺഗ്രസ‌് –- ജെഡിഎസ‌് സഖ്യം ദയനീയമായി തോറ്റതോടെ കോൺഗ്രസ‌് നേതാക്കളിലുണ്ടായ ചഞ്ചാട്ടവും  നേതാക്കൾ തമ്മിലുള്ള തർക്കവും പ്രശ‌്നങ്ങൾക്ക‌് കാരണമായി.  കുമാരസ്വാമിയെ തെറിപ്പിച്ച‌് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാനുള്ള കോൺഗ്രസ‌് നേതാക്കളുടെ ആർത്തിയാണ‌് ഇപ്പോഴത്തെ പ്രതിസന്ധിക്കും കാരണം. വിശ്വസ‌്തനായ സോമശേഖർ എംഎൽഎയെ മുൻനിർത്തി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി കുമാര സ്വാമിക്കെതിരെ മാസങ്ങൾക്കുമുമ്പേ നീക്കം തുടങ്ങിയിരുന്നു.   പിന്നോക്കക്ഷേമമന്ത്രി പുട്ടരംഗ ഷെട്ടി ഉൾപ്പെടെയുള്ള ചില മന്ത്രിമാർ ‘കോൺഗ്രസുകാർക്ക‌് ഇപ്പോഴും മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണെന്ന‌്’ പരസ്യമായി അഭിപ്രായം പറയുന്നവരാണ‌്.   ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവും ഇതിനിടെ ഒരുവിഭാഗം നടത്തിയിരുന്നു.  കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ള നെറികേടിൽ മനംനൊന്ത‌് രാജിവയ‌്ക്കാൻ തയ്യാറാണെന്ന‌് കുമാരസ്വാമി പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം ഇടപെട്ടാണ‌്  രാജി തടഞ്ഞത‌്.  തുടർന്നും പ്രശ‌്നങ്ങൾ അവസാനിച്ചില്ല.  ഇത്തവണ വിമതരായി പ്രത്യക്ഷപ്പെട്ട ചില കോൺഗ്രസ‌് എംഎൽഎമാർ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഗുൽബർഗയിൽ തോറ്റ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട‌്.

മതനിരപേക്ഷ സർക്കാരിനെ ശക്തിപ്പെടുത്തേണ്ട കോൺഗ്രസ‌് കർണാടകത്തിൽ അതിനെ ദുർബലപ്പെടുത്തി ബിജെപിക്ക‌് കുതിരക്കച്ചവടത്തിനുള്ള അവസരമൊരുക്കുകയാണ‌്.  സഖ്യകക്ഷിയെ വിശ്വാസത്തിലെടുക്കാൻപോലും  കോൺഗ്രസ‌് നേതൃത്വത്തിന‌് സാധിക്കുന്നില്ല.  ബിജെപിയെ നേരിടാൻ കോൺഗ്രസിനാകില്ലെന്ന്‌ ഇതിലൂടെ അടിവരയിടുകയാണ‌്. ഒപ്പം തെരഞ്ഞെടുപ്പ‌് തോൽവിയിൽ നിന്ന‌് പാഠം പഠിക്കാൻ പോലും  കോൺഗ്രസിന‌് കഴിയില്ലെന്ന‌് കർണാടകസംഭവം ഒരിക്കൽക്കൂടി വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top