28 May Sunday

ചിറക‌് വീശി കണ്ണൂർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018


സംസ്ഥാനത്തിന്റെ ആകാശഭൂപടത്തിൽ പുതിയ അധ്യായം  എഴുതിച്ചേർത്തുകൊണ്ട് കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക‌്സ‌്പ്രസ‌് വിമാനത്തിന് പതാക വീശിയപ്പോൾ ഉത്തരകേരളത്തിന്റെ വർഷങ്ങൾനീണ്ട സ്വപ‌്നമാണ‌് പൂവണിഞ്ഞത്.  സമയബന്ധിതമായി വിമാനത്താവളനിർമാണം  പൂർത്തിയാക്കാൻ പിണറായി വിജയൻ സർക്കാർ കൈക്കൊണ്ട നടപടികളാണ് കണ്ണൂരിൽ നിന്നുള്ള ആകാശപ്പറക്കൽ യാഥാർഥ്യമാക്കിയത്.  അവികസിതമായ മലബാറിന് വികസനത്തിന്റെ ചിറകിലേറാൻ  2350 കോടിരൂപ ചെലവഴിച്ച് നിർമിച്ച പുതിയ വിമാനത്താവളം സഹായിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. 

ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിന്റെ കാലത്താണ് അന്നത്തെ വ്യോമയാനമന്ത്രി സി എം ഇബ്രാഹിം വിമാനത്താവളം നിർമിക്കാമെന്ന് ആദ്യം പ്രഖ്യാപിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ നായനാർ സർക്കാരാണ‌് വിമാനത്താവള നിർമാണത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ, തുടർന്ന് വന്ന വാജ്പേയി സർക്കാരിന്റെ കാലത്ത് പദ്ധതിതന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ടായി. സംസ്ഥാനം ഭരിച്ച യുഡിഎഫ് സർക്കാരും പദ്ധതി പാടേ ഉപേക്ഷിച്ചു. വി എസ് അച്യുതാനന്ദൻ  സർക്കാർ അധികാരമേറിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചതും വിമാനത്താവളത്തിന് തറക്കല്ലിട്ടതും. വിമാനത്താവള പ്രഖ്യാപനം കഴിഞ്ഞ് 22–-ാം വർഷത്തിൽ അത് യാഥാർഥ്യമായി എന്നത് ചാരിതാർഥ്യജനകമാണ്.

സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരിലേത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള എക സംസ്ഥാനമായി കേരളം മാറിയെന്ന് സാരം. ഒരു വിമാനത്താവളമെന്ന നിലയിൽ ഇനിയും വികസനസാധ്യതകൾ ഏറെയുണ്ട് കണ്ണൂരിന്. അതിനുള്ള പ്രധാനകാരണം 2300 ഏക്കർ സ്ഥലം ഏറ്റെടുക്കാനായി എന്നുള്ളതാണ്.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പുനരധിവാസ പാക്കേജാണ് സ്ഥലമെടുപ്പ് എളുപ്പമാക്കിയത്. വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് വിമാനത്താവളത്തിലോ അനുബന്ധസ്ഥാപനങ്ങളിലോ ജോലി തുടങ്ങിയ വാഗ്ദാനങ്ങളടങ്ങുന്ന പുനരധിവാസ പാക്കേജ് രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്നതാണ്.  നിലവിൽ 3050 മീറ്റർ നീളമുള്ളതാണ് റൺവേ. 20 വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടിപ്പോൾ. എന്നാൽ, റൺവേ 4000 മീറ്ററായി നീട്ടാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇത് വലിയ വിമാനങ്ങൾക്ക്‌ ഇറങ്ങാനും യൂറോപ്പിലേക്കുംമറ്റും നേരിട്ട് വിമാന സർവീസ് ആരംഭിക്കാനും അവസരമൊരുക്കും. 

ഉത്തര മലബാറിലെ പ്രവാസികൾക്കാണ് കണ്ണൂർ വിമാനത്താവളം ഏറെ പ്രയോജനം ചെയ്യുക. കണ്ണൂരിലെ ജനസംഖ്യയിലെ 13 ശതമാനം പേർ വിദേശത്ത് ജോലി നോക്കുന്നവരാണ്. ഗൾഫിലാണ് ഏറ്റവും കുടുതൽ പേരുള്ളതെങ്കിലും യുറോപ്പ്, അമേരിക്ക, തെക്ക് കിഴക്കനേഷ്യൻ രാഷ്ട്രങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലും ഏറെ പേർ ജോലിചെയ്യുന്നുണ്ട്.  അതുകൊണ്ടുതന്നെ യാത്രക്കാരുടെ ക്ഷാമം  ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അബുദാബിയിലേക്ക് പറന്ന ആദ്യ വിമാനത്തിന്റെ ടിക്കറ്റ് ഒരു മണിക്കൂറിനകം വിറ്റുതീർന്നുവെന്നതിൽനിന്ന് ഇക്കാര്യം ബോധ്യപ്പെടും. വർഷത്തിൽ 10 ലക്ഷം വിദേശയാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്; ഒരു ലക്ഷത്തോളം ആഭ്യന്തര യാത്രക്കാരെയും. മറ്റ്  മൂന്ന് അന്തരാഷ്ട്ര വിമാനത്താവളത്തേക്കാളും വിദേശയാത്രക്കാർ കണ്ണൂരിൽനിന്നായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതായത് അനന്തമായ വികസനസാധ്യതകളാണ് പുതിയ വിമാനത്താവളം തുറന്നിടുന്നതെന്നർഥം. കണ്ണൂർ, കാസർകോട‌്, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവർ മാത്രമല്ല, കർണാടകത്തിലെ കുടക് പ്രദേശത്തുള്ളവർക്കും ഏറ്റവും അടുത്ത അന്തരാഷ്ട്ര വിമാനത്താവളം കണ്ണുരിലേതായിരിക്കും. മൈസൂർ വിമാനത്താവളത്തിൽനിന്ന‌്‌ ആഭ്യന്തര സർവീസ് മാത്രേമേയുള്ളൂ. 

ആകാശമാർഗം ലോകരാഷ്ട്രങ്ങളുമായി കണ്ണൂരിന് നേരിട്ട് ബന്ധം സ്ഥാപിക്കപ്പെടുന്നത് മലബാറിലെ വ്യവസായങ്ങൾക്കും വാണിജ്യത്തിനും വിനോദസഞ്ചാരമേഖലയ‌്ക്കും അനന്തമായ സാധ്യതകളാണ് തുറന്നിടുന്നത്.  കൈത്തറിയുടെയും മരവ്യവസായത്തിന്റെയുംമറ്റും കേന്ദ്രംകൂടിയാണിത്. വിദേശത്തുനിന്നുള്ള വ്യാപരികൾക്കും വ്യവസായസംരംഭകർക്കും നേരിട്ടെത്തി സാധ്യതകൾ പരിശോധിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. കോട്ടകളും ബീച്ചുകളും തെയ്യവും മറ്റും വിനോദസഞ്ചാരികളെ ഉത്തര മലബാറിലേക്ക് ആകർഷിക്കുമെന്നതിലും സംശയമില്ല.   ആരോഗ്യം, ഐടി  മേഖലകൾക്കും ഇത് ഗുണകരമാകും. പ്രമുഖ സ്ഥാപനങ്ങൾ പലതും കണ്ണൂരിൽ ഓഫീസ് തുറക്കുകയും പുതിയ സംരംഭങ്ങൾക്ക് തുടക്കംകുറിക്കുകയും ചെയ്യും.  എന്തുകൊണ്ടും കണ്ണൂരിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനസ്വപ‌്നങ്ങൾക്കാണ‌് വിമാനത്താവളം ചിറകുനൽകുന്നത്. കൊച്ചിയിലെ മെട്രോ റെയിൽവേ പ്രവർത്തനം ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ വികസനത്തിന് കുതിപ്പേകുന്ന സംരംഭമാണ് കണ്ണൂരിലെ വിമാനത്താവളം.  ദേശീയപാത വികസനം, ഗെയിൽ പ്രകൃതിവാതക പൈപ്പ് ലൈൻ, കോവളം‐ബേക്കൽ ദേശീയ ജലപാത, മലയോര, തീരദേശ ഹൈവേകൾ എന്നിവയും യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്ത് അടിസ്ഥാനസൗകര്യ മേഖലയിൽ ഏറ്റവും കുടതൽ വികസനം നടത്തിയ സർക്കാരെന്ന ഖ്യാതി പിണറായി വിജയൻ സർക്കാരിന് സ്വന്തമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top