13 September Friday

നെഹ്റുവിനെ വർഗീയവാദിയായി മുദ്രകുത്തുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022


ജവാഹർലാൽ നെഹ്റു ആർഎസ്എസുമായി സന്ധി ചെയ്തിരുന്ന ആളായിരുന്നെന്നും അതുകൊണ്ടാണ് ശ്യാമപ്രസാദ് മുഖർജിയെ ആദ്യത്തെ മന്ത്രിസഭയിൽ എടുത്തതെന്നുമാണ് കെപിസിസി പ്രസിഡന്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച കോൺഗ്രസ്‌ നേതാവിനെ സംഘപരിവാറിന്റെ പാളയത്തിൽ കൊണ്ടുപോയി കെട്ടിയിരിക്കുകയാണ് ഇതിലൂടെ കെപിസിസി പ്രസിഡന്റ്. സംഘപരിവാർ ആശയക്കാർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്ന് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതാണ്. എന്നിട്ടും കെ സുധാകരനെതിരെ ഒരുനടപടിയും സ്വീകരിക്കാതെ നോക്കുകുത്തിയായി നിൽക്കുകയാണ് അഖിലേന്ത്യാ കോൺഗ്രസ്‌ നേതൃത്വം. മതനിരപേക്ഷതയുടെ വക്താക്കളെന്ന് വിശേഷിപ്പിക്കുന്ന യുഡിഎഫിലെ ഘടകകക്ഷികൾ പലരുമാകട്ടെ ഒന്ന് പൊട്ടിക്കരയാൻപോലും പറ്റാത്തനിലയിലുമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഘട്ടത്തിലാണ് 30 സീറ്റ്‌ ലഭിച്ചാൽ അധികാരത്തിൽ എത്താമെന്ന പ്രഖ്യാപനം ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കോൺഗ്രസിലെ പ്രബലമായ ഒരുവിഭാഗം തങ്ങൾക്കൊപ്പം അണിചേരുമെന്നും അക്കാലത്ത് പ്രസ്താവനകളുണ്ടായി. അഭ്യൂഹങ്ങൾ പലതും പ്രചരിച്ചു. ബിജെപിക്ക് ഒരംഗത്തെപ്പോലും സംഭാവന ചെയ്യാതെ മതനിരപേക്ഷതയുടെ കൊടിക്കൂറ കേരളം വാനോളമുയർത്തി.

എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ നിരാശയുടെ പടുകുഴിയിൽ പല കോൺഗ്രസ്‌ നേതാക്കളും എത്തിച്ചേർന്നു. ആ ഘട്ടത്തിലാണ് താൻ ബിജെപിയുമായി ചർച്ച നടത്തിയെന്ന കാര്യം കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്. ആർഎസ്എസിന്റെ ശാഖകളെ സംരക്ഷിക്കാൻ താൻ നേതൃത്വം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. നെഹ്റുവിന്റെ ജന്മദിനത്തിൽ, ആർഎസ്എസുമായി സമരസപ്പെട്ടുപോയ നേതാവാണ് ജവാഹർലാൽ നെഹ്റു എന്ന പ്രസ്താവനയും നടത്തി. കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് നേതാക്കൾ കൂട്ടംകൂട്ടമായി പോകുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുമയുള്ള ഒന്നല്ല. പോയവർ പോയി എന്നല്ലാതെ നെഹ്റുവിന് സംഘപരിവാർ പട്ടംനൽകാൻ അവരാരും തയ്യാറായില്ല. എന്നാൽ, കോൺഗ്രസിനെയൊന്നാകെ സംഘപരിവാർ കൂടാരത്തിൽ ചെന്നെത്തിക്കാൻ പുതിയ ചരിത്രവ്യാഖ്യാനവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് കെ സുധാകരൻ.

കോൺഗ്രസിന്റെ ആദ്യകാല നേതാക്കളുടെ പ്രധാനപ്പെട്ട  സവിശേഷത ഇന്ത്യാ രാജ്യത്തിന്റെ വൈവിധ്യങ്ങളെയും നാനാത്വത്തെയും നന്നായി ഉൾക്കൊണ്ടിരുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ മതരാഷ്ട്രം സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടിന് കോൺഗ്രസ്‌ പൊതുവിൽ എതിരായിത്തീരുകയായിരുന്നു. ഗാന്ധിയും  ഗാന്ധിസവും എന്ന പുസ്തകത്തിൽ ഇ എം എസ് പറഞ്ഞതുപോലെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന് എതിരായി ശക്തമായി പ്രവർത്തിച്ച നേതാക്കളായിരുന്നു ഗാന്ധിജിയും  ജവാഹർലാൽ നെഹ്റുവും എന്ന യാഥാർഥ്യം കെപിസിസി പ്രസിഡന്റിന് ഇനിയും മനസ്സിലായിട്ടില്ല. ഇത്തരം നിലപാടിന്റെ പേരിലാണ് ഗാന്ധിജിക്ക് മരണശിക്ഷ ഹിന്ദുത്വവാദികൾ നൽകിയത്. നെഹ്റുവിനെതിരെ അപവാദ പ്രചാരണങ്ങളുമായി സംഘപരിവാറിന്റെ എല്ലാ പ്രചാരണ സംവിധാനങ്ങളും ഇപ്പോഴും രംഗത്തുള്ളതും മറ്റൊന്നുകൊണ്ടുമല്ല.

ഇന്ത്യയിലെ ആദ്യത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് 1951 ലാണ് അതിനുമുമ്പ് വിവിധ ആശയഗതിക്കാരെ ഉൾപ്പെടുത്തി ഭരണഘടനാ നിർമാണസഭ രൂപീകരിച്ചിരുന്നു. അതിലാണ് ഹിന്ദുമഹാസഭയുടെ പ്രതിനിധിയെന്ന നിലയിൽ കോൺഗ്രസ്‌ പാർടിയിലെ ഒരുവിഭാഗം ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തയ്യാറായത്. സ്വരാജ് പാർടി, ലേബർ പാർടി, പന്തിക് പാർടി തുടങ്ങിയവ അതിൽ ഉൾപ്പെട്ടിരുന്നു.
ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തുന്നതിന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ ഈ മന്ത്രിസഭ നേതൃത്വം കൊടുത്തുകൊണ്ട് വിശദമായ ചർച്ച നടന്നു. ഇന്ത്യയുടെ ഔദ്യോഗിക മതം ഹിന്ദുമതമാകണമെന്ന കാഴ്ചപ്പാട് അവതരിപ്പിച്ച്‌ ശ്യാമപ്രസാദ് മുഖർജി ശക്തിയുക്തം വാദിച്ചു. ഇതിനെ നെഹ്റു ശക്തമായി എതിർത്തു. തുടർന്ന് മതനിരപേക്ഷ നിലപാടുകളിൽനിന്ന് വ്യതിചലിച്ച് പ്രസ്താവനകളും ഇടപെടലുകളും ശ്യാമപ്രസാദ് മുഖർജി നടത്തിയപ്പോൾ അതിനെതിരെയും നെഹ്റു നിലപാടെടുത്തു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒപ്പിട്ട നെഹ്റു –-ലിഖായത്ത് കരാർ അംഗീകരിക്കാൻ ശ്യാമപ്രസാദ് മുഖർജിക്ക് കഴിഞ്ഞില്ല. തുടർന്നാണ് മുഖർജി നെഹ്റു മന്ത്രിസഭയിൽനിന്ന് രാജിവച്ചത്. മാത്രമല്ല, ആർട്ടിക്കിൾ 370നെ എതിർത്ത് കശ്മീരിൽ പ്രവേശിച്ച മുഖർജിയെ അറസ്റ്റുചെയ്തതും നെഹ്റുവായിരുന്നു.

നെഹ്റു മന്ത്രിസഭയിൽനിന്ന്‌ രാജിവച്ചശേഷം ശ്യാമപ്രസാദ് മുഖർജി ആർഎസ്എസ് നേതാവ് ഗുരുജി ഗോൾവാൾക്കറെ പോയി കണ്ടു. അങ്ങനെയാണ് ജനസംഘം ഉദയംചെയ്യുന്നത്. ഗാന്ധി വധത്തെത്തുടർന്ന് ആർഎസ്എസിനെ നിരോധിച്ചത് നെഹ്റുവായിരുന്നു. ഈ സാഹചര്യത്തിൽ ജി ഡി ബിർള അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന വല്ലഭ്‌ഭായ് പട്ടേലിനെ കണ്ട് ആർഎസ്എസിന്റെ നിരോധനം പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്ന ഇത്തരം സംഘടനകളെ അംഗീകരിക്കില്ലെന്ന നിലപാടാണ് നെഹ്റു സ്വീകരിച്ചത്. ആർഎസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവമുള്ള  സംഘടനയാണ്. അത് തീർച്ചയായും നാസി സ്വഭാവമാണ് തുടരുന്നതെന്നുമുള്ള നിലപാടായിരുന്നു നെഹ്റുവിന്റേത്.

ഇന്ത്യൻ സംസ്കാരം ബഹുസ്വരതയുടേതാണെന്നും നാനാത്വത്തിൽ ഏകത്വമാണ് അതിന്റെ സന്ദേശമെന്നും നെഹ്റു തന്റെ എഴുത്തുകളിലൂടെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. നെഹ്റുവിന്റെ ലോക പ്രസിദ്ധമായ ‘ഇന്ത്യയെ കണ്ടെത്തലും’ ‘വിശ്വചരിത്രാവലോകന’വും ഈ സന്ദേശമാണ് മുന്നോട്ടുവയ്‌ക്കുന്നതാണ്. ‘അനിവാര്യമായ വർഗസമരങ്ങളിലൂടെയുള്ള പരിണാമത്തിന്റെ ഒരു മഹാപ്രക്രിയയായാണ് മാർക്സ് ചരിത്രത്തെ അവലോകനം ചെയ്തത്’ എന്നു തുടങ്ങി മാർക്സിസത്തിനോടുള്ള തന്റെ യോജിപ്പും വിയോജിപ്പുമെല്ലാം വിശ്വചരിത്രാവലോകനത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

‘ഒരച്ഛൻ മകൾക്കയച്ച കത്തുക’ളിൽ ശാസ്ത്രവീക്ഷണത്തെ മുറുകെപ്പിടിച്ചുകൊണ്ട് മകളെ ആ വഴിക്ക് നടത്തുന്ന അച്ഛനെയും കാണാവുന്നതാണ്. സംഘപരിവാറിന്റെ അന്ധവിശ്വാസങ്ങളുടെയും അശാസ്ത്രീയതയുടെയും വഴിയായിരുന്നില്ല നെഹ്റുവിന്റേത്. അത് ശാസ്ത്രചിന്തയുടെയും മതനിരപേക്ഷതയുടേയുമായിരുന്നു.

മതനിരപേക്ഷതയുടെ അടിത്തറയിൽ നിന്നുകൊണ്ട് കോൺഗ്രസിനെ നയിച്ച ജവാഹർലാൽ നെഹ്റുവിനെയാണ് ആർഎസ്എസിന്റെ സഹയാത്രികനായി കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ ഈ നിലപാടിനോട് കോൺഗ്രസിന്റെ മതനിരപേക്ഷവാദികൾ എന്തുനിലപാടായിരിക്കും മുന്നോട്ടുവയ്‌ക്കുക. യുഡിഎഫിലെ ഘടകകക്ഷികൾ ഉൾപ്പെടെ  നാടിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിച്ച് മുന്നോട്ടുവരേണ്ട ഘട്ടംകൂടിയാണ്‌ ഇത്. മതനിരപേക്ഷ ഭരണഘടനയ്‌ക്കായി  നിലകൊണ്ട അംബേദ്കറെയും അതിനെതിരെ  നിലപാടെടുത്ത ശ്യാമപ്രസാദ്  മുഖർജിയെയും  താരതമ്യപ്പെടുത്തിയത് സുധാകരന് ചരിത്രം അറിയാത്തതുകൊണ്ടുകൂടിയാണ്.

1957ലെ കേരളസർക്കാരിനെ പിരിച്ചുവിട്ട  നെഹ്റുവിന്റെജനാധിപത്യവിരുദ്ധ നടപടിയും ഭൂപരിഷ്കരണത്തെ അവഗണിച്ചുള്ള സാമ്പത്തികനയങ്ങളും പോലുള്ളവ വിമർശനവിധേയമായിരുന്നു. മതനിരപേക്ഷതയിൽ ഉറച്ചുനിന്ന നെഹ്റുവിന്റെമേൽ രാഷ്ട്രീയ എതിരാളികൾ പോലും പൊതുവിൽ ആരോപിക്കാത്ത കുറ്റമാണ് കെപിസിസി പ്രസിഡന്റ് ചുമത്തിയത്. എന്നിട്ടും കെപിസിസി പ്രസിഡന്റെന്ന കസേര ഭദ്രമായിരിക്കുന്നുവെന്നത് കോൺഗ്രസ്‌ ചെന്നുപെട്ട രാഷ്ട്രീയ പാപ്പരത്വമാണ് വ്യക്‌തമാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top