17 September Friday

ചരിത്രം കുറിച്ച പോരാളിക്ക് വിട

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

പാർശ്വവൽക്കരിക്കപ്പെട്ട അശരണർക്കും ഏറ്റവും പാവപ്പെട്ടവർക്കുംവേണ്ടി അന്ത്യശ്വാസംവരെ മിടിച്ച ഹൃദയമാണ് നിശ്ചലമായത്. കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്കും സ്ത്രീചെറുത്തുനിൽപ്പുകൾക്കും പിന്നോക്ക വിഭാഗങ്ങളുടെ പോരാട്ടങ്ങൾക്കും എട്ടു ദശാബ്ദം നേതൃത്വം നൽകിയ കെ ആർ ഗൗരിയമ്മയുടെ വേദനാജനകമായ വിയോഗം അപരിഹാര്യമാണ്. തലമുറകൾക്കായി പകർത്താൻ പ്രയാസമുള്ള ജീവിതപാഠങ്ങളും തീക്ഷ്ണമായ സമരപൈതൃകവും ബാക്കിവച്ചാണ് ആ വിടവാങ്ങൽ. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ പതിറ്റാണ്ടുകളുടെ സക്രിയമായ രാഷ്ട്രീയജീവിതത്തിന് ഉടമകളായവർ ഏറെയുണ്ടാകില്ല. ആരെങ്കിലും ഔദാര്യപൂർവം നീട്ടിയ അവസരങ്ങളായിരുന്നില്ല ഗൗരിയമ്മയ്ക്കു മുന്നിൽ. മുൻവിധികൾ പൊളിച്ചടുക്കി, തടസ്സങ്ങളും വിലക്കുകളും തട്ടിമാറ്റി, അവസരങ്ങൾ പിടിച്ചുവാങ്ങി, പൊരുതി മുന്നേറുകയായിരുന്നു അവർ. നിലപാടുകളിൽ ഉറച്ചുനിന്നതിനാൽ ദാമ്പത്യബന്ധംപോലും ശിഥിലമാകുകയുണ്ടായി.

നിലനിന്ന വ്യവസ്ഥ സ്ത്രീകൾക്ക് കൽപ്പിച്ച തുച്ഛമായ പരിഗണനയും താഴ്ന്ന പദവിയും പിറന്ന ജാതിയുടെ പിന്നോക്കാവസ്ഥയും കമ്യൂണിസ്റ്റ് നിശ്ചയദാർഢ്യംകൊണ്ട് ഗൗരിയമ്മ മുറിച്ചുകടന്നു. തിരുകൊച്ചി നിയമസഭയിൽ അംഗമാകുമ്പോൾ അവർ ബിരുദവും നിയമബിരുദവും നേടി ശ്രദ്ധേയയായി കഴിഞ്ഞിരുന്നു. മഹാരഥന്മാർ എന്ന് സമൂഹം ആദരിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളോട് ഗൗരിയമ്മ സഭയിൽ പലവട്ടം ഏറ്റുമുട്ടി. അവരുടെ നിലപാടുകൾ പൊളിച്ചെഴുതാൻ പ്രേരണയാകുംവിധം ചങ്കൂറ്റത്തോടെ മറുവാദങ്ങൾ ഉയർത്തി. ഇംഗ്ലീഷിൽ വാദിക്കാൻ ഇറങ്ങിയവർക്ക് അതേ ഭാഷയിൽ മറുപടി നൽകി. ഗൗരിയമ്മയുടെ എല്ലാ സഭാ പോരാട്ടവും തൊഴിലാളികളും കർഷകരും ഇതര ദരിദ്ര ജനവിഭാഗങ്ങളും ഉൾപ്പെടുന്ന അധഃസ്ഥിതർക്കുവേണ്ടിയായിരുന്നു. നിലപാടിലെ കൃത്യതയും വ്യക്തതയും ആ വാക്കുകൾക്ക് വജ്രത്തിന്റെ മൂർച്ച നൽകി. തിരു‐കൊച്ചി സഭയിൽ രണ്ടുവട്ടം അംഗമായശേഷമാണ് 1957ൽ സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിൽ ഗൗരിയമ്മ റവന്യൂ മന്ത്രിയാകുന്നത്. കമ്യൂണിസ്റ്റ് പാർടി ഏറ്റവും പ്രധാനമായി കണ്ട ഭൂപരിഷ്കരണ നിയമം രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും ഇ എം എസിനൊപ്പം അവരും നിർണായകമായ പങ്കുവഹിച്ചു. ബിൽ സഭയിൽ പരിഗണിക്കപ്പെട്ടപ്പോൾ ഉയർന്ന വിമർശങ്ങൾക്കും നിയമപരമായ സംശയങ്ങൾക്കും ചട്ടങ്ങളും നിയമങ്ങളും ഉദ്ധരിച്ച് അവർ നൽകിയ മറുപടികൾ ചരിത്രരേഖകളാണ്. സംസ്ഥാനത്താകെയുള്ള വിവിധ വിഭാഗം സ്ത്രീത്തൊഴിലാളികളുടെ പോരാട്ടങ്ങളും ഗൗരിയമ്മ നയിച്ചു. മഹിളാപ്രസ്ഥാനത്തിന്റെ നേതൃപദവിയിലും ഉണ്ടായി. അപ്പോഴും വനിതാ നേതാവ് മാത്രമായി ഒതുങ്ങിയില്ല. തലമുതിർന്ന പുരുഷ കേഡർമാർക്ക് സമാനമായ ശേഷിയോടെ പാർടിയെ പതിറ്റാണ്ടുകൾ നയിച്ചു.

മന്ത്രിയെന്ന നിലയിൽ ഗൗരിയമ്മയുടെ നേതൃപാടവവും തന്റേടവും കാര്യക്ഷമതയും സൂക്ഷ്മദൃഷ്ടിയും അതുല്യവും അപാരവുമായിരുന്നു. ഉദ്യോഗസ്ഥ മേധാവികളുടെ സാധാരണ കുറിപ്പുകൾക്കപ്പുറം അവർ ഫയലുകളിലെ ജീവിതം ആഴത്തിൽ വായിച്ച് സ്വന്തമായ നിഗമനങ്ങൾ എഴുതി. മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും പോരാളിയായി തുടർന്നു. വ്യവസ്ഥാപിത ഭരണകൂട രീതികളോട് കലഹിച്ചുകൊണ്ടേയിരുന്നു. അതിനാൽ കർക്കശക്കാരിയെന്ന് പലരും വിശേഷിപ്പിച്ചു. ചെറുപ്പത്തിലേ അനുഭവിക്കേണ്ടിവന്ന ജയിൽവാസവും അതിക്രൂര മർദനങ്ങളും ഉരുക്കുപോലുള്ള കരുത്തിന് അടിത്തറയായി. അത് അവരെ പലവിധ പോരാട്ടങ്ങളിലും തുണച്ചു.
1964ൽ കമ്യൂണിസ്റ്റ് പാർടി രണ്ടായപ്പോൾ സിപിഐ എമ്മിനൊപ്പംനിന്ന ഗൗരിയമ്മ പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗംവരെയായി. എന്നാൽ, 1994ൽ പാർടിയിൽനിന്ന് പുറത്തായി. തുടർന്ന്, സ്വന്തമായി സംഘടന രൂപീകരിച്ചു. യുഡിഎഫ് മന്ത്രിസഭകളിൽ രണ്ടുവട്ടം മന്ത്രിയായെങ്കിലും തന്റെ ഇടം അതല്ലെന്ന തിരിച്ചറിവ് അവർക്കുണ്ടായി. ഏതാനും വർഷമായി സിപിഐ എമ്മിനൊപ്പം നിന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിൽ സ്വന്തം പാർടിയിലെ ചിലർ തീർത്ത ചതിക്കുഴികൾ പഴയ പോരാട്ടവീര്യത്തോടെ മറികടന്ന ഗൗരിയമ്മ കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. രണ്ടു നൂറ്റാണ്ടിനെ ബന്ധിപ്പിച്ച സമരജീവിതത്തിനാണ് 102–-ാം വയസ്സിൽ അന്ത്യമായത്. സഫലമായിരുന്നു ആ ജീവിതയാത്ര. നിരന്തര പോരാട്ടത്തിന്റെ, കമ്യൂണിസ്റ്റ് സമർപ്പണത്തിന്റെ, വിപ്ലവ വീര്യത്തിന്റെ പര്യായമായി എന്നും ആ പേര് ഓർമിക്കപ്പെടും. ചരിത്രത്തെ ത്രസിപ്പിച്ച ആ വീരസ്മരണയ്ക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top