28 May Sunday

ജെഎൻയു നൽകുന്ന പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Sep 16, 2018

ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ എസ്എഫ്‌ഐ നേതൃത്വത്തിലുള്ള ഇടതുപക്ഷ വിദ്യാർഥിസംഘടനകൾ ഇക്കുറിയും വൻ വിജയംനേടി. കഴിഞ്ഞ വർഷം എസ്എഫ്‌ഐ സഖ്യത്തിന്റെ ഭാഗമാകാതിരുന്ന എഐഎസ്എഫും  ഡിഎസ്എഫുംകൂടി ഇക്കുറി ഈ വിശാല ഇടതുപക്ഷ വിദ്യാർഥി ഐക്യത്തിന്റെ ഭാഗമായി. വർഗീയ അജൻഡ മുന്നോട്ടുവയ‌്ക്കുന്ന, ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന എബിവിപിയെ തറപറ്റിച്ച് ജെഎൻയുവിനെ രക്ഷിക്കണമെന്ന വിശാലമായ ലക്ഷ്യത്തിന്റെ പേരിലായിരുന്നു ഈ ഐക്യം. അത് ഫലം കണ്ടു.  നാല് ജനറൽ സീറ്റിലും ഭൂരിപക്ഷം കൗൺസിലർ സീറ്റിലും വൻ ഭൂരിപക്ഷത്തിന് ഇടതുസഖ്യം ജയിച്ചു.  ജെഎൻയു അടച്ചിടാനും തകർക്കാനും ശ്രമിച്ച ശക്തികൾക്ക് സർവകലാശാലയിൽ സ്ഥാനമില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് വിദ്യാർഥികൾ നടത്തിയത്.

പരാജയം ഉറപ്പായതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുഫലം തടയാൻ ആക്രമാസക്തമായ മാർഗമാണ് എബിവിപി സ്വീകരിച്ചത്. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് രാത്രിതന്നെ വോട്ടെണ്ണലും ആരംഭിച്ചു. എന്നാൽ, എബിവിപിയുടെ കുത്തകയായിരുന്ന ഫിസിക്കൽ സയൻസ് കൗൺസിലിലെ ഏക സീറ്റും ലൈഫ് സയൻസ് വിഭാഗത്തിലെ മൂന്ന് സീറ്റും അവർക്ക് നഷ്ടമായതോടെ, കനത്ത തിരിച്ചടിയാണ് ഫലം പുറത്തുവന്നാലുണ്ടാകുക എന്നുകണ്ട്  അത് തടസ്സപ്പെടുത്താനായി അവരുടെ ശ്രമം. വോട്ടെണ്ണൽ തുടങ്ങിയാൽ ആർക്കും പ്രവേശിക്കാൻ പാടില്ലാത്ത വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറുകയും ഫർണിച്ചറും മറ്റും നശിപ്പിക്കുകയുംചെയ‌്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും ഈ ആക്രമണത്തിൽ പരിക്കേറ്റു. ഇതിനെതിരെ ഒരുഡസനോളം വിദ്യാർഥി സംഘടനകൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് അണിനിരന്നതോടെയാണ് വോട്ടെണ്ണൽ പുനരാരംഭിച്ചത്.


ഒരു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുഫലത്തിന് അപ്പുറമുള്ള മാനം ജെഎൻയുവിലെ തെരഞ്ഞെടുപ്പുഫലത്തിനുണ്ട്.  മതനിരപേക്ഷതയും പുരോഗമനസ്വഭാവവുമാണ് ജെഎൻയുവിന്റെ അടിസ്ഥാന ആശയം. അതുകൊണ്ടുതന്നെ ജനസംഘവും സ്വതന്ത്ര പാർടിയും മറ്റും ഈ സർവകലാശാലയ‌്ക്കെതിരെ തുടക്കംമുതൽതന്നെ വിഷം ചീറ്റാൻ തുടങ്ങിയിരുന്നു.  മോഡി അധികാരമേറ്റതോടെ ഈ നീക്കം പതിന്മടങ്ങ് വർധിച്ചു. ആശയങ്ങളുടെ സമരം അതിന്റെ എല്ലാ അർഥത്തിലും നടക്കുന്ന സർവകലാശാലയാണിത്. എന്നാൽ, ഹിംസ ഒരിക്കലും ജെഎൻയുവിന്റെ മാർഗമായിരുന്നില്ല.
മനുഷ്യത്വത്തിനും സഹിഷ്ണുതയ‌്ക്കും യുക്തിക്കുമായിരുന്നു ഊന്നൽ. അധ്യാപകസമൂഹവുമായി വിദ്യാർഥികൾ സ്വതന്ത്രമായി ഇടപെട്ടു. ഹാജർ നിർബന്ധമല്ലാതിരുന്നിട്ടും വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചില്ല.  ഓക്‌സ്‌ഫോർഡും കേംബ്രിഡ്ജും കൊളംബിയയും ഹാർവാർഡുംപോലെ ലോകത്തിലെ പ്രധാന സർവകലാശാലയായി ജെഎൻയു മാറി. മതനിരപേക്ഷതയുടെയും വൈവിധ്യങ്ങളുടെയും സ്വതന്ത്രചിന്തയുടെയും കേന്ദ്രമായ ജെഎൻയു സ്വാഭാവികമായും സംഘപരിവാറിന്റെ കണ്ണിലെ കരടായി.
അതിന്റെ ഭാഗമായാണ് കഴിഞ്ഞ  നാല‌് വർഷമായി ഈ സർവകലാശാലയെ തകർക്കാൻ കേന്ദ്ര സർക്കാരും  സംഘപരിവാറും എണ്ണമറ്റ നീക്കങ്ങൾ നടത്തിയത്. എന്നാൽ, വിദ്യാർഥിസമൂഹം ഈ കുത്സിതനീക്കങ്ങൾക്ക് എതിരാണെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. ജെഎൻയുവിൽ മാത്രമല്ല, ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പോലും എസ്എഫ്‌ഐയും പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങളും യൂണിയൻ തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടി. ഇതൊരു സൂചനയാണ്. മോഡി ഭരണത്തിനെതിരെ ഉയരുന്ന ജനരോഷത്തിന്റെ സൂചന. ജെഎൻയുവിൽ വിജയം കണ്ടത് ഇന്ത്യ എന്ന ആശയംതന്നെയാണ്. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top