03 October Tuesday

വിദ്യാർഥി സമരം ജെഎൻയുവിന്റെ രക്ഷയ്‌ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

ഡൽഹിയിലെ ലോകപ്രശസ്‌തമായ ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)യിലെ ആയിരക്കണക്കിന് വിദ്യാർഥികൾ തിങ്കളാഴ്ച നടത്തിയ സമരം രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റുന്നതായി. ഹോസ്റ്റൽ ഫീസ് പലമടങ്ങ് വർധിപ്പിച്ചതിനും ക്യാമ്പസിൽ വസ്ത്രധാരണച്ചട്ടം കൊണ്ടുവരുന്നതിനുമെതിരെ ഒക്ടോബർ മുതൽ നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു ഈ പ്രതിഷേധം.

ക്യാമ്പസിനു മൂന്നു കിലോമീറ്റർ അകലെ, സർവകലാശാലയുടെ ബിരുദദാന സമ്മേളനം നടന്ന എഐസിടിഇ ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ച് മോഡി ഭരണത്തെ ഞെട്ടിച്ചു. ബിരുദദാന പരിപാടിയിൽ പങ്കെടുത്ത കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാലും വൈസ് ചാൻസലർ എം ജഗദീഷ്‌കുമാറും മണിക്കൂറുകൾ അവിടെ കുടുങ്ങി. കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്ന ഡൽഹി പൊലീസിന്റെ ഭീകരമായ മർദനവും ജലപീരങ്കികളും അവഗണിച്ചായിരുന്നു ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികളുടെ മുന്നേറ്റം. പെൺകുട്ടികളെയടക്കം പുരുഷപൊലീസുകാർ വലിച്ചിഴച്ചു. ഒടുവിൽ മന്ത്രി വിദ്യാർഥികളെ കാണാൻ തയ്യാറായെങ്കിലും ഇതുവരെ ചർച്ചയ്‌ക്ക് ഒരുങ്ങാത്ത വൈസ് ചാൻസലർ ഇവിടെയും വഴങ്ങിയില്ല.

വിദ്യാർഥികളുടെ ഈ സമരം കേവലം ചില ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ വേണ്ടിയുള്ളതല്ല. കാരണം, ഹോസ്റ്റൽ ഫീസ് കുത്തനെ വർധിപ്പിച്ചതിനും വസ്ത്രധാരണച്ചട്ടം ഏർപ്പെടുത്തിയതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ലൈബ്രറിയിൽ സമയവ്യവസ്ഥ നടപ്പാക്കുന്നതിനും പിന്നിൽ വലിയൊരു ലക്ഷ്യമുണ്ട്. അത് സംഘപരിവാർ അജൻഡയാണ്. വൈസ് ചാൻസലർ നടപ്പാക്കുന്നത് അതുതന്നെ. 2014ൽ ബിജെപി അധികാരത്തിൽ വന്നതുമുതൽ വിവിധ രൂപങ്ങളിൽ ഇതിനു തുടക്കമിട്ടിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ, സംഘപരിവാർ സംഘടനയൊഴികെ വിദ്യാർഥികൾ ഒറ്റക്കെട്ടായി നടത്തുന്ന സമരം ഇന്ത്യയിൽ ഏറ്റവും ഉയർന്ന അക്കാദമിക് നിലവാരമുള്ള സ്ഥാപനത്തെ സംരക്ഷിക്കാൻകൂടിയാണെന്ന് കാണണം.


 

നാഷണൽ അസസ്‌മെന്റ്‌ ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് പ്ലസ് ഗ്രേഡുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ജെഎൻയു. ഇന്ത്യയിലെ ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാമത്തേതും. ഇവിടെ പഠിപ്പിക്കുന്നവരുടെയും പഠിക്കുന്നവരുടെയും മെറിറ്റ് തന്നെയാണ് ഈ മികവിന് അടിസ്ഥാനം. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലാണ് ജെഎൻയുവിന്റെ പ്രശസ്‌തിയെങ്കിലും ശാസ്ത്രവിഷയങ്ങളിലും ഇവിടെ നടക്കുന്ന പഠനഗവേഷണങ്ങൾ ശ്രദ്ധേയം. നൊബേൽ പുരസ്‌കാരജേതാക്കൾ, സാമ്പത്തിക ശാസ്ത്രജ്ഞർ, എഴുത്തുകാർ, രാഷ്ടീയനേതാക്കൾ തുടങ്ങി ഒട്ടേറെ പ്രമുഖരെ ജെഎൻയു രൂപപ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്ന് പുറത്തിറങ്ങിയ അനേകർ ഉന്നത പദവികളിലുണ്ട്.

ജനാധിപത്യം, മതനിരപേക്ഷത, സർഗാത്മകത, ആവിഷ്‌കാരസ്വാതന്ത്ര്യം എന്നിവയൊക്കെ ജെഎൻയു ക്യാമ്പസ് മുറുകെ പിടിക്കുന്നു. വർഗീയതയ്‌ക്കെതിരെ കർശന നിലപാട്, ജനാധിപത്യത്തിലും ശാസ്ത്രബോധത്തിലും ഊന്നിയ സംവാദങ്ങൾ എന്നിവയും ജെഎൻയുവിന്റെ സവിശേഷത. സ്വാഭാവികമായും ഇടതുപക്ഷ ആശയങ്ങൾക്ക് ക്യാമ്പസിൽ വലിയ സ്വാധീനമുണ്ട്. ജെഎൻയുവിലെ ഈ ഇടതുസ്വാധീനം തകർക്കാൻ പറ്റുമോ എന്നാണ് സംഘപരിവാർ നോക്കുന്നത്. അതിനായി തേടുന്ന പലവഴികളിൽ ഒന്നാണ് ഫീസ് വർധനയടക്കമുള്ള പരിഷ്‌കാരങ്ങൾ. ഫാക്കൽറ്റി നിയമനങ്ങളിൽ വൈസ് ചാൻസലർ തുടർച്ചയായി ഇടപെടുന്നതും എമിരറ്റസ് പ്രൊഫസർ പദവിയിൽ തുടരാൻ ഇന്ത്യയിലെ പ്രശസ്‌ത ചരിത്രകാരി റൊമീല ഥാപ്പറോട് ബയോഡാറ്റ ആവശ്യപ്പെട്ടതും നേരത്തെ കണ്ടതാണ്. ഫാക്കൽറ്റി കമ്മിറ്റികളിലെ ഇടതുപക്ഷ ആശയക്കാർ ഇനിയും ഇടതുപക്ഷക്കാരെ അധ്യാപകരായി കൊണ്ടുവരാതിരിക്കാൻ വൈസ് ചാൻസലർ ആവതു ശ്രമിക്കുന്നു.

സർവകലാശാലയിൽ പഠിക്കുന്ന കുട്ടികളിൽ പകുതിയോളവും ദാരിദ്ര്യരേഖയ്‌ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ളവരാണ്. 20 രൂപ മാത്രമുണ്ടായിരുന്ന ഹോസ്റ്റൽ ഫീസ് 600 രൂപയാക്കിയതും വെള്ളം, വൈദ്യുതി നിരക്കുകൾ വിദ്യാർഥികൾ സ്വന്തംനിലയിൽ നൽകണമെന്ന് തീരുമാനിച്ചതും മെസിൽ അടയ്‌ക്കേണ്ട തുക 12,000 രൂപയായി വർധിപ്പിച്ചതും ഇവരെ ദ്രോഹിക്കാനാണ്. ചെലവ് താങ്ങാനാകാതെ വരുമ്പോൾ പലരും പഠിത്തം നിർത്തി പോകുമല്ലോ. പുകച്ചു പുറത്തുചാടിക്കൽ അതാണ് ലക്ഷ്യം. പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥി യൂണിയനുമായി ജനാധിപത്യപരമായ ഒരു ചർച്ചയ്‌ക്കും വൈസ് ചാൻസലർ ഇതുവരെ തയ്യാറായിട്ടില്ലെന്നതും ഇതോടൊപ്പം കാണണം. വൈസ് ചാൻസലർ സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡയ്‌ക്ക് നിന്നുകൊടുക്കുന്നു. അപ്പോൾ, ജെഎൻയു എന്ന മഹത്തായ ഈ സ്ഥാപനത്തെ ഇന്നത്തെ രൂപത്തിൽ നിലനിർത്താൻ പോരാട്ടം ശക്തിപ്പെടുത്തുക മാത്രമാണ് വിദ്യാർഥികളുടെ മുന്നിലുള്ള പോംവഴി. അത് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു. പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക് രാജ്യത്തെ  ഉന്നത സർവകലാശാലയിൽ പഠിക്കാൻ അവസരം നിഷേധിച്ചുകൂടാ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top