30 June Thursday

കലാലയങ്ങളെ കൊലക്കളമാക്കരുത്

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2017


ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ദളിത് ഗവേഷകവിദ്യാര്‍ഥിയും തമിഴ്നാട് സേലം സ്വദേശിയുമായ മുത്തുകൃഷ്ണന്റെ ദുരൂഹമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അനവധിയാണ്. കേരളത്തിലുള്‍പ്പെടെ സമീപകാലത്തുണ്ടായ വിദ്യാര്‍ഥികളുടെ അകാലമരണങ്ങള്‍ ഗൌരവപൂര്‍ണമായ ചിന്തയും പഠനവും ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് സമാധാനമായി പഠിക്കാനും വളരാനുമുള്ള ഇടമല്ലാതായി മാറുകയാണോ ക്യാമ്പസുകള്‍. വംശീയമായും ജാതീയമായും കായികമായും ലൈംഗികമായുമൊക്കെ ആക്രമിച്ചുകൊല്ലുകയും സ്വയം ജീവനൊടുക്കാന്‍ നിര്‍ബന്ധിതമാക്കുകയുംചെയ്യുന്ന ഇടിമുറികളായി കലാശാലകള്‍ മാറുന്നുവോ?

ഈ സാഹചര്യങ്ങളില്‍ ഏറ്റവും ആപല്‍ക്കരം രാജ്യഭരണം കൈയാളുന്ന സംഘപരിവാര്‍ ശക്തികളുടെ അസഹിഷ്ണുതതന്നെ. സമീപകാലംവരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്യമായ സ്വാധീനമില്ലാതിരുന്ന ഇക്കൂട്ടര്‍ കേന്ദ്രഭരണംവഴി പഠനപ്രക്രിയകളില്‍ നുഴഞ്ഞുകയറാന്‍ നടത്തിയ ശ്രമം പ്രകടമായിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ മറപിടിച്ച് പാഠ്യപദ്ധതിയില്‍ത്തന്നെ ഹിന്ദുത്വ ആശയഗതികള്‍ തിരുകിക്കയറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഗൌരവമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലാകട്ടെ തങ്ങളുടെ പിണിയാളുകളെ ഉപയോഗിച്ച് കാവിവല്‍ക്കരണത്തിനുതന്നെ ഇവര്‍ കോപ്പുകൂട്ടുന്നു.

ഇതിനുപുറമെയാണ് വിദ്യാര്‍ഥിപ്രവേശനത്തിലും ജനാധിപത്യ വേദികളിലുമൊക്കെ തങ്ങളുടെ സവര്‍ണമേധാവിത്വപരമായ സ്വാധീനം ഉറപ്പിക്കാന്‍ പ്രത്യക്ഷമായിത്തന്നെ സംഘപരിവാര്‍ കരുക്കള്‍ നീക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍നിന്നുവേണം ദേശീയതലത്തില്‍ത്തന്നെ ക്യാമ്പസുകളില്‍ പുകയുന്ന അസ്വസ്ഥതകളെയും ചെറുത്തുനില്‍പ്പുകളെയും കാണാന്‍. പുരോഗമന വിദ്യാര്‍ഥി- അധ്യാപകപ്രസ്ഥാനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്ന കേരളത്തിലെ ക്യാമ്പസുകളില്‍പോലും സംഘപരിവാര്‍ അലോസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തൃശൂര്‍ കേരളവര്‍മയിലും തിരുവനന്തപുരം ലോ അക്കാദമിയിലുമെല്ലാം ഹിന്ദുത്വ അജന്‍ഡ വിജയംകാണാതെ പോയത് പൊതു-കലാലയസമൂഹത്തിന്റെ നിതാന്ത ജാഗത്രകൊണ്ടുമാത്രം.

രാഷ്ട്രീയ കരുനീക്കങ്ങളുടെ പ്രധാന കര്‍മഭൂമിയായി സംഘപരിവാര്‍ കണ്ടുവച്ചിരിക്കുന്നത് വിദ്യാഭ്യാസമേഖലയാണ്. ആരോഗ്യകരമായ അക്കാദമിക് സമ്പ്രദായത്തെയും യോഗ്യതാമാനദണ്ഡങ്ങളെയും കടപുഴക്കിമാത്രമേ അവര്‍ക്ക് ലക്ഷ്യത്തിലെത്താനാകൂ. അതിന് ആദ്യം തകര്‍ക്കേണ്ടത് മതനിരപേക്ഷചിന്തയെയും ജനാധിപത്യവേദികളെയുമാണെന്ന് അവര്‍ കണക്കുകൂട്ടുന്നു. മനസ്സുകളെ വിഭാഗീയമാക്കിയും സവര്‍ണമേല്‍ക്കോയ്മ അരക്കിട്ടുറപ്പിച്ചുമാണ് സംഘപരിവാര്‍ ക്യാമ്പസുകളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത്. ഈ വിദ്വേഷരാഷ്ട്രീയത്തിന്റെ രക്തസാക്ഷികളാണ് വെമുലമുതല്‍ മുത്തുകൃഷ്ണന്‍വരെയുള്ളവര്‍.

ഇനിയൊരു രോഹിത് വെമുല ഉണ്ടാകരുതെന്ന് രാജ്യം എത്ര തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്നാണ് അന്ന് ഉയര്‍ന്ന പ്രതിഷേധവും പ്രതിരോധവും പ്രകടമാക്കിയത്. അത്രമാത്രം വികാരതീവ്രമായിരുന്നു ആ രക്തസാക്ഷിത്വം. ജനിച്ച ജാതിയുടെയും മതത്തിന്റെയുംപേരില്‍ അനുഭവിക്കേണ്ടിവന്ന നിന്ദകള്‍ക്കുമുന്നില്‍ കീഴടങ്ങുകയല്ല, പോരാടിയും ജീവത്യാഗംചെയ്തും പടയണിതീര്‍ക്കുകയാണ് ഈ യൌവനങ്ങള്‍. രോഹിത് വെമുലയുടെ ആത്മഹത്യ,ഹൈദരാബാദ് സര്‍വകലാശാലാ അധികൃതരുടെ ദളിത് - പിന്നോക്ക പീഡനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് മാത്രമായി ഒതുങ്ങിയില്ല. രാജ്യമാസകലം അഗ്നിജ്വാലയായി വെമുലയുടെ ജീവത്യാഗം പടര്‍ന്നു. വിദ്യാര്‍ഥി-യുവമനസ്സുകളില്‍ കാവിരാഷ്ട്രീയ ജീര്‍ണതയ്ക്കെതിരായ ശക്തമായ പ്രതിരോധമുയര്‍ന്നു.

ഇതിന്റെ തുടര്‍ച്ചയാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍  പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹിയായി മുദ്രകുത്തി ജയിലിലടയ്ക്കാനുള്ള എബിവിപി-ആര്‍എസ്എസ് ഗൂഢാലോചനയ്ക്കെതിരായ പ്രതിരോധം. തിരിച്ചടി നേരിട്ടെങ്കിലും ജെഎന്‍യുവില്‍ സംഘപരിവാര്‍ പിന്‍വാങ്ങാന്‍ തയ്യാറായിട്ടില്ലെന്നാണ് മുത്തുകൃഷ്ണന്റെ ദുരൂഹമരണം തെളിയിക്കുന്നത്. ജെഎന്‍യുവില്‍  ദളിത് പിന്നോക്കവിഭാഗം കുട്ടികള്‍ക്കെതിരെ നടക്കുന്ന വിവേചനവും പീഡനങ്ങളും  വിവരണാതീതമാണ്. എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളും തീവ്രവാദികളുമായി ചിത്രീകരിച്ച് പീഡിപ്പിക്കുകയും നിശ്ശബ്ദരാക്കുകയുംചെയ്യുന്ന തന്ത്രമാണ് ഒരുവിഭാഗം അധികൃതരും  സംഘപരിവാര്‍ വിദ്യാര്‍ഥിസംഘടനയും നടപ്പാക്കുന്നത്. നജീബ് എന്ന വിദ്യാര്‍ഥിയെ കാണാതായി മാസങ്ങള്‍ പിന്നിട്ടിട്ടും ഗൌരവപൂര്‍ണമായ ഒരു അന്വേഷണത്തിനു പോലും സര്‍വകലാശാലാ അധികൃതരോ ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരോ തയ്യാറായിട്ടില്ല.

പുരോഗമനചിന്തയുടെയും അക്കാദമിക് മികവിന്റെയും തലസ്ഥാനമായിരുന്ന ഡല്‍ഹി ജെഎന്‍യുവില്‍നിന്ന് സമീപകാലത്തായി പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതാണ്. കനയ്യകുമാറിനെ തീവ്രവാദിയായി മുദ്രകുത്താന്‍ നടന്ന ഗൂഢനീക്കങ്ങള്‍ ഉന്നത നീതിപീഠങ്ങള്‍തന്നെ തുറന്നുകാട്ടിയിട്ടുണ്ട്. നജീബിന്റെ   തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ ഉമ്മയെ പൊലീസ് കരുണയില്ലാതെയാണ്  നേരിട്ടത്. മുത്തുകൃഷ്ണന്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന് മാതാപിതാക്കള്‍ ഉറച്ചുപറയുന്നു. വെമുലയുടെ മരണത്തെ തുടര്‍ന്ന് ശക്തമായ ആശയപ്രചാരണം നടത്തിയ മുത്തുവിന്റെ ജെഎന്‍യുവിലെ സാന്നിധ്യം ആരെയോ അലോസരപ്പെടുത്തിയിരുന്നു. അവരുടെ ചതിക്കുഴിയിലാണ് ആ യുവാവിന്റെ ജീവന്‍ ഒടുങ്ങിയതെന്ന് വ്യക്തം.

സ്വശ്രയ- സ്വകാര്യസ്ഥാപനങ്ങളിലെ പീഡനങ്ങള്‍ക്കിരയായി വിദ്യാര്‍ഥികളുടെ ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ കേരളത്തിലും വര്‍ധിച്ചുവരികയാണ്. പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി, ഏറ്റവുമൊടുവില്‍ വര്‍ക്കല എംജിഎം സ്കുളിലെ വിദ്യാര്‍ഥി അര്‍ജുന്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കോപ്പിയടി ആരോപണം മാനേജുമെന്റുകള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ജിഷ്ണു ക്രൂരമര്‍ദനത്തിന് ഇരയായി എന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കുട്ടികളെ ചേര്‍ത്തുനിര്‍ത്തി, അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ടവര്‍ അവരെ മരണത്തിന് എറിഞ്ഞുകൊടുക്കുന്നത് ക്രൂരതതന്നെ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top