02 October Monday

നാവരിയുന്നു ഈ മോദിവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 23, 2022


നാനാത്വത്തിൽ ഏകത്വവും  ബഹുസ്വരതയും  കുഴിച്ചുമൂടുന്ന  ബിജെപിയുടെ പര്യായമായി ബുൾഡോസർ മാറിയത്‌ സ്വാഭാവികം. ജനാധിപത്യ‐  മതനിരപേക്ഷ മൂല്യങ്ങൾ പിച്ചിച്ചീന്തി അസഹിഷ്‌ണുതയെ പ്രോത്സാഹിപ്പിക്കുന്ന  മോദിവൽക്കരണം  ഭരണഘടനയും നീതിന്യായവ്യവസ്ഥയും പൊളിച്ചടുക്കുന്നു. സമീപ നാളുകളിൽ തച്ചുതകർക്കുന്നത് അതിദരിദ്രരുടെ ശുഷ്‌കജീവിതങ്ങളാണ്. ന്യൂനപക്ഷ ഉന്മൂലനമാണ്‌ അതിന്റെ ഒരു മുഖം. ജഹാംഗിർപുരിയിൽ ഉയർന്ന നീരാളിക്കൈകൾ എല്ലാ പരിധിയും ലംഘിച്ച ഭരണകൂട ധിക്കാരത്തിന്റെ വിജയഭാവവും. മുൻ റിസർവ്‌ ബാങ്ക്‌ ഗവർണർ രഘുറാം രാജൻ നൽകിയ മുന്നറിയിപ്പ്‌ ഈ അർഥത്തിലാണ്‌  പഠിക്കേണ്ടത്‌.  ന്യൂനപക്ഷവിരുദ്ധ പ്രതിച്ഛായ ഇന്ത്യൻ ഉൽപ്പന്നങ്ങളെയും വിദേശ നിക്ഷേപത്തെയും ബാധിക്കുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

ഇഷ്ടഭക്ഷണം പാചകം ചെയ്‌താൽ, പ്രത്യേക വസ്‌ത്രംധരിച്ച്‌ കലാലയങ്ങളിൽ എത്തിയാൽ,  സ്വന്തം ഭാഷ സംസാരിച്ചാൽ വീടിനുനേരെ ബുൾഡോസർ ഉരുട്ടുന്ന കാലമാണ്‌ ഇത്‌.  ബ്രിട്ടീഷ്‌  പ്രധാനമന്ത്രി ബോറിസ് ജോൺസൺ  തന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഗുജറാത്തിൽ പഞ്ച്മഹലിലെ  ജെസിബി ഫാക്ടറി സന്ദർശിച്ചത്‌ വിവാദമായി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം  ജെസിബിയിൽ ചാടിക്കയറി മാധ്യമപ്രവർത്തകരെ അദ്ദേഹം അഭിവാദ്യംചെയ്‌തു. ബ്രിട്ടീഷ് കമ്പനിയാണ് ജെസിബി എന്ന പ്രത്യേകതയുമുണ്ട്. ജഹാംഗിർപുരിയിൽ മുസ്ലിങ്ങളുടെ  വീടുകളും സ്ഥാപനങ്ങളും ജെസിബി ഉപയോഗിച്ചു തകർത്തത് വൻപ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണ്‌ ഇത്‌. ബോറിസിന്റെ നടപടിക്കെതിരെ  പല കോണിൽനിന്നും വിമർശമുയർന്നു.  നടപടി അജ്ഞത നിറഞ്ഞതാണെന്നു പ്രസ്‌താവിച്ച  ആംനെസ്റ്റി, സംഭവത്തിൽ അദ്ദേഹം മൗനം അവലംബിക്കുന്നതിനെയും അപലപിച്ചു. ഡൽഹിയിൽ ചേരിനിർമാർജനമാണ്‌ ലക്ഷ്യമെങ്കിൽ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോറിസ്‌ ജോൺസന്റെ സന്ദർശനം പ്രമാണിച്ച്‌ ചേരികൾ തുണികെട്ടി മറയ്‌ക്കുകയായിരുന്നു. ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്തിന്റെ താവളമായി ഗുജറാത്ത് മാറിയെന്ന്‌ ഉറപ്പിക്കുന്നതാണ്‌ അഫ്ഗാനിൽനിന്ന് ഇറാൻ വഴി കണ്ഡല തുറമുഖത്ത് എത്തിച്ച 1500 കോടിയുടെ  ഹെറോയിൻ. ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്ത് കപ്പലിൽനിന്ന് ഏഴര ക്വിന്റൽ മയക്കുമരുന്ന് പിടികൂടിയിരുന്നു. 2021 സെപ്തംബറിൽ മുണ്ഡ്ര തുറമുഖത്ത് പിടികൂടിയതാകട്ടെ  21,000 കോടിയുടെയും.  2017 മുതൽ 30,000 കോടിയുടെ മയക്കുമരുന്ന്‌ വേട്ടയാണ്‌ ഗുജറാത്ത് തീരത്ത്‌ നടന്നത്‌.

ഗുജറാത്ത്  ദളിത് നേതാവ്‌  ജിഗ്നേഷ് മേവാനി എംഎൽഎയെ അകാരണമായി അറസ്‌റ്റുചെയ്‌തത്‌ ചില സംഭവപരമ്പരകളുടെ  പശ്ചാത്തലത്തിലാണ്‌ കാണേണ്ടത്‌. പാലൻപുരി സർക്യൂട്ട് ഹൗസിൽനിന്ന് അസം പൊലീസ് അസമയത്താണ്‌  അറസ്റ്റ് ചെയ്‌തതും.  വിദ്വേഷം പ്രചരിപ്പിക്കുംവിധം  സംസാരിച്ചുവെന്നതാണ് കുറ്റാരോപണം. എന്നാൽ, എഫ്‌ഐആറിന്റെ പകർപ്പ് നൽകിയില്ല. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് സൂചിപ്പിച്ച്‌  അസം സ്വദേശി അനുപ് കുമാർ ദേ നൽകിയ പരാതി മറയാക്കി ഗുവാഹത്തി പൊലീസ് ഗുജറാത്തിലെത്തി അറസ്റ്റ് ചെയ്തത്‌  തികച്ചും ജനാധിപത്യവിരുദ്ധമാണ്‌. പ്രധാനമന്ത്രിയടക്കം ഏവരെയും സഭ്യത ലംഘിക്കാതെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. ഗോഡ്സെയെ ദൈവമായി മോദി  കരുതുന്നുവെന്ന പ്രസ്താവന രാഷ്ട്രീയ വിമർശമാണ്. അത് ദുർവ്യാഖ്യാനം ചെയ്‌താണ്‌ മേവാനിയുടെ  അറസ്റ്റ്. അദ്ദേഹത്തിന്റെ  ചില ട്വീറ്റ്‌ ഈയിടെ, കൂട്ടത്തോടെ ബ്ലോക്ക് ചെയ്യപ്പെട്ടത്‌ സംഘപരിവാർ സമ്മർദത്തിന്റെ ഫലമായിരുന്നു.

മോദിയുടെ ജനാധിപത്യവിരുദ്ധ നടപടികളും ന്യൂനപക്ഷവേട്ടയും തുറന്നുകാണിക്കാൻ കോൺഗ്രസിന്‌ ശേഷിയില്ലാതായി. അത്‌ മേവാനിയുടെ കാര്യത്തിലും തെളിയിക്കപ്പെട്ടു. എല്ലാം കെട്ടടങ്ങിയപ്പോഴാണ്‌  ജഹാംഗിർപുരിയിൽ ആ പാർടിസംഘം എത്തിയത്‌.  രാഹുൽ ഗാന്ധി  സമൂഹമാധ്യമങ്ങളിൽ ബുൾഡോസർ തടഞ്ഞെങ്കിലും  പ്രശ്‌നപ്രദേശത്ത്‌ തിരിഞ്ഞുനോക്കിയില്ല. സുപ്രീംകോടതി ഇടപെടലിനു  പിന്നാലെ പുറംലോകവുമായി ജഹാംഗിർപുരിയുടെ ബന്ധം വിച്ഛേദിച്ചു. മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തി. നാശനഷ്ടങ്ങൾ ചിത്രീകരിക്കാതിരിക്കാനും ഇരകളെ കാണാതിരിക്കാനുമാണ്‌ വിലക്ക്‌. ഡ്രോൺ നിരീക്ഷണവും കർശനമാക്കി. സ്‌റ്റേ നീങ്ങിയാൽ പൊളിക്കൽ പുനരാരംഭിക്കുമെന്ന ബിജെപി നേതാക്കളുടെ ഭീഷണി നാവരിയുന്ന മോദിവൽക്കരണത്തിന്റെ അനുബന്ധമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top