സിറിയയില്‍ ഇസ്ളാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട റാഖ നഗരവും അവര്‍ക്ക് കൈവിട്ടു. ചൊവ്വാഴ്ച നഗരത്തിലെ നാഷണല്‍ ഹോസ്പിറ്റലിന്റെയും മറ്റും നിയന്ത്രണം കുര്‍ദിഷ് പെഷ്മെര്‍ഗ സേനയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ജനാധിപത്യ സേന (എസ്ഡിഎഫ്) പിടിച്ചെടുത്തതോടെ അവസാനത്തെ പ്രധാന താവളവും അവര്‍ക്ക് നഷ്ടമായി. ഇനി ഡിര്‍ എസ്സോര്‍മാത്രമാണ് ഐഎസിന്റെ നിയന്ത്രണത്തിലുള്ളത്. റാഖ നഗരം പിടിച്ചെടുത്തതായി ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ലെങ്കിലും ഇസ്ളാമിക ജിഹാദികളുടെ ഭരണമെന്ന ശവപ്പെട്ടിക്ക് അവസാനത്തെ ആണിയും വീണതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ മൊസൂള്‍ നഗരം നഷ്ടപ്പെട്ടതിനുശേഷം ഐഎസിന് ലഭിച്ച ഏറ്റവും കനത്ത തിരിച്ചടിയാണ് റാഖ നഷ്ടമായത്. 'ഭൂമിയില്‍ ദൈവത്തിന്റെ ഭരണസ്ഥാപനത്തിന് തുടക്കമായി' എന്ന് അലറിവിളിച്ചാണ് മൂന്നുവര്‍ഷംമുമ്പ് ഐഎസ് ഭീകരവാദികള്‍ റാഖയില്‍ കറുത്ത പതാക നാട്ടിയത്. ഇതിനുശേഷം മൊസൂളിലെ അല്‍ അഖ്സ പള്ളിയില്‍വച്ചാണ് ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി 2014 ജൂലൈ 29ന് കാലിഫൈറ്റ് പ്രഖ്യാപനം നടത്തിയത്.
ഈവര്‍ഷം ജൂലൈ പത്തിന് മൊസൂള്‍ ഇറാഖി സൈന്യം കീഴ്പെടുത്തിയതോടെതന്നെ ഐഎസിന്റെ കാലിഫൈറ്റ് ഭരണത്തിന് അന്ത്യമായിരുന്നു. തുടര്‍ന്ന് മൊസൂളിന് പടിഞ്ഞാറുള്ള ടെല്‍ അഫറും തെക്കുള്ള ഹവിജയും ഐഎസിന് നഷ്ടപ്പെട്ടു. പതിവില്‍നിന്ന് വ്യത്യസ്തമായി ഒരു ഏറ്റുമുട്ടലിനുപോലും നില്‍ക്കാതെയാണ് ഇറാഖിലെ കിര്‍കുര്‍ക്കിനടുത്തുള്ള ഹവിജ നഗരം ഐഎസ് വിട്ടുകൊടുത്തത്. മുന്നൂറോളം ഐഎസ് സൈനികര്‍ കീഴടങ്ങുകയും ചെയ്തു. ഐഎസ് തീര്‍ത്തും ദുര്‍ബലമാകുകയാണെന്ന് ഈ കീഴടങ്ങല്‍ തെളിയിക്കുന്നു. എന്നാല്‍, റാഖ വിട്ടുകൊടുക്കാതിരിക്കാന്‍ അവസാന നിമിഷംവരെയും ഐഎസ് ശ്രമിച്ചിരുന്നു. നഗരത്തിലാകെ തുരങ്കം പണിത് രഹസ്യസങ്കേതങ്ങളും മറ്റും തീര്‍ത്തെങ്കിലും അമേരിക്കന്‍ വ്യോമ സേനയുടെയും കുര്‍ദ് അറബ്സേനയായ എസ്ഡിഎഫിന്റെയും യോജിച്ച നീക്കം ഐഎസിനെ തളര്‍ത്തി. മുന്നൂറോളം ഐഎസ് സൈനികര്‍ നഗരത്തില്‍നിന്ന് രക്ഷപ്പെട്ടു. ഏതാനുംപേര്‍മാത്രമാണ് എസ്ഡിഎഫിന്റെ പിടിയിലായത്.
ഇറാഖിലെ മൊസൂളിനൊപ്പം 2014ലാണ് റാഖ നഗരവും ഐഎസിന്റെ നിയന്ത്രണത്തിലാകുന്നത്. യൂഫ്രട്ടീസ് നദീതീരത്തുള്ള പുരാതന അബ്ബാസിദ് നഗരമാണ് റാഖ. സിറിയയിലെ ബഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ അമേരിക്ക പ്രതിപക്ഷത്തെ യുദ്ധസജ്ജമാക്കിയ നഗരമാണിത്. അസദിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷസേനയ്ക്ക് ആയുധങ്ങളും വാഹനങ്ങളും മറ്റും നല്‍കിയത് ഇവിടെവച്ചായിരുന്നു. എന്നാല്‍, ഐഎസിന്റെ വരവോടെ രാഷ്ട്രീയചിത്രം മാറുകയും അമേരിക്കയ്ക്കുപോലും അസദിനെതിരെയുള്ള പോര് നിര്‍ത്തി ഐഎസിനെതിരെ തിരിയേണ്ടിയും വന്നു. അന്ന് അമേരിക്ക വിതരണം ചെയ്ത ഭൂരിപക്ഷം ആയുധങ്ങളും ഐഎസിന്റെ കൈവശംതന്നെയാണ് എത്തിയത്. ബാഗ്ദാദ് ഗേറ്റ് ഉള്‍പ്പെടെയുള്ള നിരവധി ചരിത്രസ്മാരകങ്ങളുള്ള ഈ നഗരം ചരിത്രസ്മൃതികളുടെ ശവപ്പറമ്പാണിന്ന്. ഐഎസിന്റെ കാട്ടാളത്തവും അമേരിക്കന്‍ ബോംബിങ്ങും ഒരുപോലെ നഗരത്തെ നശിപ്പിച്ചു. മൂന്നുലക്ഷത്തോളം നഗരവാസികളില്‍ ഭൂരിപക്ഷവും അഭയാര്‍ഥികളാക്കപ്പെട്ടു. ഐഎസിനെ അംഗീകരിക്കാത്തവരുടെ തലവെട്ടി റാഖയിലെ പ്രധാന ചത്വരമായ അല്‍ നയിം ട്രാഫിക് സര്‍ക്കിളില്‍ പ്രദര്‍ശിപ്പിച്ചതോടെ ഈ നഗരകേന്ദ്രത്തിന് 'നരകചത്വരം' എന്ന് പേര് ലഭിച്ചു. ചൊവ്വാഴ്ച എസ്ഡിഎഫ് സൈന്യം നഗരത്തില്‍ പ്രവേശിച്ചതോടെ കുര്‍ദിഷ് സേനാംഗങ്ങള്‍ വിളിച്ചുപറഞ്ഞത് 'നരകചത്വരത്തെ' വീണ്ടും 'അല്‍ നയിം ചത്വര'മായി വീണ്ടെടുത്തു എന്നാണ്. സിറിയയിലും ഇറാഖിലുമായി ജോര്‍ദാനോളം വലിപ്പമുള്ള ഒരു പ്രദേശവും ഒരുകോടിയോളം ജനസംഖ്യയുള്ള പ്രദേശവും കൈപ്പിടിയിലായിരുന്ന ഐഎസിന് ഇപ്പോള്‍ പത്തുശതമാനം പ്രദേശത്തിന്റെ നിയന്ത്രണം മാത്രമേയുള്ളൂ. സിറിയയില്‍നിന്ന് ഏതാണ്ട് പൂര്‍ണമായുംതന്നെ ഐഎസ് തുടച്ചുനീക്കപ്പെട്ടു.
നാലുമാസം നീണ്ട റാഖയുദ്ധത്തില്‍മാത്രം 8000 പേരെ ഐഎസിന് നഷ്ടമായി. ഐഎസിന് ഭരണപ്രദേശങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നഷ്ടമായിരിക്കുന്നു. ഇതിനര്‍ഥം ഐഎസിന്റെ ഭീഷണി പൂര്‍ണമായും അവസാനിച്ചുവെന്നല്ല. ഇവിടെനിന്ന് പിന്മാറിയ ഐഎസ് ഭീകരവാദികള്‍ പല രാജ്യങ്ങളിലായി തിരിച്ചുവരവിനുള്ള അവസരം കാത്തുനില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാന കേന്ദ്രങ്ങളില്‍നിന്ന് പിന്‍വാങ്ങേണ്ടി വന്നെങ്കിലും ലിബിയ, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇവര്‍ക്ക് അഭയകേന്ദ്രങ്ങളുണ്ട്. ഇറാഖ്- സിറിയ മേഖലകളില്‍ കേന്ദ്രീകരിക്കുന്നതിനുപകരം മറ്റു രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ അവര്‍ ശ്രദ്ധിക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..