06 October Sunday

വ്യവസായത്തിൽ കുതിക്കാൻ കേരളത്തിന്‌ ഇടനാഴിയും

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


നവീനവ്യവസായങ്ങൾക്ക്‌ കേരളത്തിൽ വലിയ സാധ്യതകളാണുള്ളതെന്ന്‌ തെളിയിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. ഒരു വർഷത്തിനിടയിൽ മാത്രം ഈ രംഗത്തെ ലോകോത്തര കമ്പനികൾ വിശ്വാസത്തോടെ സംസ്ഥാനത്തേക്ക്‌ കടന്നുവന്നു. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്‌. സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയിൽ നാഴികക്കല്ലാകുന്ന കോൺക്ലേവുകൾ സംഘടിപ്പിക്കാനും പുതിയ സംരംഭങ്ങൾ ആരംഭിക്കാനും സാധിച്ചു.  നിർമിതബുദ്ധി, റോബോട്ടിക്സ്‌, ഐടി, ഐടി അനുബന്ധ വ്യവസായങ്ങൾ, കൂടാതെ  ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിലും വൻകിട സംരംഭങ്ങൾ തുടങ്ങാൻ കേരളത്തെ തെരഞ്ഞെടുക്കുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ ഐടി, വ്യവസായ നയങ്ങളും അടിസ്ഥാന സൗകര്യങ്ങളും വ്യവസായ സൗഹൃദ അന്തരീക്ഷവും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയും ഉൾപ്പെടെയുള്ള ഘടകങ്ങളാണ്‌ പല വൻകിട കമ്പനികളെയും സംസ്ഥാനത്തേക്ക്‌ ആകർഷിക്കുന്നത്‌. മൂന്ന്‌ വർഷത്തിനിടയിൽ നിരവധി ലോകോത്തര കമ്പനികൾ പ്രവർത്തനം തുടങ്ങി.

കേരളത്തിലെ ഭൂമി ലഭ്യതയും പാരിസ്ഥിതിക പ്രാധാന്യവും കണക്കിലെടുത്ത്‌ ‘ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം’ എന്ന നയത്തിലൂന്നി പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുക എന്നതാണ്‌  സർക്കാരിന്റെ പ്രഖ്യാപിത നയം. കേരളത്തെ ഐടി, എഐ കേന്ദ്രമാക്കുന്നതോടൊപ്പം ഹൈടെക്‌ മാനുഫാക്‌ചറിങ്‌ ഹബ്ബാക്കുക എന്ന ലക്ഷ്യവും പൂർത്തീകരിച്ചുവരികയാണ്‌. ഇതിന്‌ ശക്തിപകരുന്നതാണ്‌ കൊച്ചി-–- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ്‌ ക്ലസ്റ്ററിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചത്‌. 

കൊച്ചി–-- ബംഗളൂരു വ്യവസായ ഇടനാഴിയിലെ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷനാണ്‌ പദ്ധതി നടത്തിപ്പ്‌. ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ ഉയർന്നുവരും. വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുന്നതിനൊപ്പം നടപടിക്രമങ്ങൾ ലഘൂകരിക്കും. 1790 കോടി രൂപ ചെലവിൽ പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കി, മാസ്റ്റർ പ്ലാനും വിശദമായ പ്രോജക്ട്‌ റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്‌. ആവശ്യമായ 1710 ഏക്കറിൽ 82 ശതമാനം സ്ഥലവും 2022 ൽ തന്നെ സംസ്ഥാനം ഏറ്റെടുത്തിരുന്നു. 2022 ഡിസംബർ 14ന് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ്‌ ആൻഡ്‌ ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകി. 2024 ഫെബ്രുവരി 15ന് പാരിസ്ഥിതികാനുമതിയും ലഭിച്ചു. സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ ഉപസമിതിയുടെ അംഗീകാരം നീണ്ടുപോയി. ജൂൺ 28ന്‌ മന്ത്രി പി രാജീവ്‌ കേന്ദ്ര വ്യവസായമന്ത്രി പിയുഷ് ഗോയലിനെ കണ്ട്‌ പദ്ധതിക്ക് അംഗീകാരം നൽകാനാവശ്യപ്പെട്ടിരുന്നു. ആഗസ്‌ത്‌ 27ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോഴും ഈ ആവശ്യം ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചത്‌. 

നൂതന സാങ്കേതികവിദ്യാസംരംഭങ്ങളിൽ രാജ്യത്തിന്റെ ഹബ്ബാകാനൊരുങ്ങുന്ന കേരളം ഇന്റർനാഷണൽ ജെൻ എഐ കോൺക്ലേവ് സംഘടിപ്പിച്ചത്‌ ഒന്നരമാസം മുമ്പാണ്‌. മുൻനിര ഐടി കമ്പനിയായ ഐബിഎമ്മുമായി സഹകരിച്ചായിരുന്നു കോൺക്ലേവ്‌. ലോകത്തെ പ്രമുഖ വാഹന സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ ആക്സിയ ടെക്നോളജീസ്‌ആഗോള ഹെഡ്ക്വാർട്ടേഴ്സും റിസർച്ച്‌ ആൻഡ്‌ ഡെവലപ്പ്‌മെന്റ്‌ സെന്ററും ടെക്‌നോപാർക്കിൽ തുടങ്ങി. തിരുവനന്തപുരത്ത് ഓട്ടോമോട്ടീവ് ഹബ്ബ് സ്ഥാപിക്കാൻ  കരുത്തുപകരുന്നതാണ്‌ ആക്സിയ ടെക്നോളജീസിന്റെ കടന്നുവരവ്.  നൂറിലധികം കമ്പനികൾ പങ്കെടുത്ത ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ്‌ ഒരാഴ്‌ച മുമ്പ്‌ കൊച്ചിയിൽ നടന്നു. കഴിഞ്ഞ മൂന്ന്‌ വർഷത്തിനുള്ളിൽ 12,000 കോടി രൂപ മുതൽമുടക്കിൽ ഉൽപ്പാദനം ആരംഭിച്ച  233 കമ്പനികൾ പങ്കെടുത്ത തുടർനിക്ഷേപ കോൺക്ലേവും സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തെ വൻതോതിൽ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ക്യാമ്പസ് വ്യവസായ പാർക്ക് പദ്ധതിക്കും തുടക്കംകുറിച്ചു.  ലോക വിപണിയിലേക്ക്‌ കേരള ബ്രാൻഡ്‌ ഉൽപ്പന്നങ്ങളും എത്തിക്കുന്നു. അമേരിക്കയിലെ പ്രധാനപ്പെട്ട എഐ, എഡ്ജ് കംപ്യൂട്ടിങ് കമ്പനികളിലൊന്നായ അർമാഡ അവരുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്നോപാർക്കിൽ ആരംഭിച്ചതും അടുത്തിടെയാണ്‌. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ് ഇക്കോ സിസ്റ്റങ്ങളിലൊന്നായ കേരളം നൂതനവ്യവസായങ്ങൾക്ക് പറ്റിയ നാടാണ് എന്ന പൊതുബോധം സൃഷ്ടിക്കുന്നുണ്ട്‌. രാജ്യത്തിന് ഒരു ചുവട് മുന്നിൽ കേരളത്തെ, ലോകത്തിനൊപ്പം എത്തിക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ പരിശ്രമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top