22 February Saturday

കോൺഗ്രസിന്റെ ദുരന്തം, യുഡിഎഫിന്റെ തകർച്ച

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

കേരളത്തിലെ കോൺഗ്രസും യുഡിഎഫും അസാധാരണവും അപൂർവവുമായ ദുരവസ്ഥ നേരിടുകയാണ്. മുന്നണിയിൽ ആര് വേണം, ആര് വേണ്ട എന്നെല്ലാം തീരുമാനിക്കുന്നത് ആ സംവിധാനത്തിന്റെ ആഭ്യന്തരകാര്യമാണ്. കേരള കോൺഗ്രസ‌് മാണി ഗ്രൂപ്പ് യുഡിഎഫിലായിരുന്നു. ഇടക്കാലത്ത‌് വിട്ടുനിന്നു. വീണ്ടും തിരികെയെത്തി. അകത്തോ പുറത്തോ വേണ്ടതെന്ന‌് ഓരോ കക്ഷിക്കും തീരുമാനിക്കാം. അങ്ങനെ തീരുമാനിക്കുന്നവരെ എടുക്കണോ  വേണ്ടയോ എന്ന് ബന്ധപ്പെട്ട മുന്നണിക്കും തീരുമാനിക്കാം. അതിലൊന്നും മറ്റാർക്കും തർക്കമില്ല. അത്തരം ഒരു സ്വാഭാവിക പ്രക്രിയ എന്നതിൽക്കവിഞ്ഞ ചിലതാണ് ഇവിടെ സംഭവിക്കുന്നത്. നാടിന്റെ സ്വൈരജീവിതം തകർക്കുന്ന അവസ്ഥയിലേക്ക് അത് മാറുന്നു. കോൺഗ്രസ‌് ഓഫീസ് തച്ചുതകർക്കുന്നതിലും അവിടെ ലീഗിന്റെ കൊടി കെട്ടുന്നതിലും എത്തിനിൽക്കുന്ന പ്രതിഷേധം കലാപത്തെയാണ് സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച ചേർന്ന യുഡിഎഫ് യോഗം ബഹിഷ്കരിച്ച‌് പുറത്തിറങ്ങിയ മുതിർന്ന കോൺഗ്രസ‌് നേതാവ് വി എം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞത്, “കെ എം മാണിക്ക് രാജ്യസഭാ സിറ്റ് നൽകിയത് യുഡിഎഫിന്‌ ഗുണപരമല്ലെന്നും  കോൺഗ്രസ് വലിയ നാശത്തിലേക്കാണ്‌ പോകുന്നതെന്നു’മാണ്. ആ  തീരുമാനം സുതാര്യമല്ല, വിനാശകരമാണ്, അതിനു പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും സുധീരൻ കൂട്ടിച്ചേർത്തു. അവിടെ നിർത്താതെ മറ്റൊരു കാര്യം ആവർത്തിച്ച‌് അദ്ദേഹം പറഞ്ഞു:  “ഈ തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപിയാണ്.’ യുഡിഎഫിൽ ഒരു കക്ഷിയെ ചേർക്കുന്നതും അതിന്റെ പേരിൽ  കോൺഗ്രസിൽ കലാപമുണ്ടാകുന്നതും “ബിജെപിക്ക‌് നേട്ടമുണ്ടാക്കുന്ന’ പ്രക്രിയയായി മാറുന്നു എന്നതാണ് ഈ വിഷയത്തിലെ പൊതുതാല്പര്യം. അത് ചർച്ച ചെയ്യാതിരിക്കാൻ നാടിനെയും ജനങ്ങളെയും സ്നേഹിക്കുന്ന ആർക്കും സാധ്യമല്ല.

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ‌് മാണി ഗ്രൂപ്പിന് നൽകിയത് രാഷ്ട്രീയതീരുമാനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിശദീകരിക്കുന്നുണ്ട്. എന്നാൽ, ആ വിശദീകരണം കോൺഗ്രസിലെ വലിയൊരു വിഭാഗം മുഖവിലയ്‌ക്കെടുക്കുന്നില്ല. “മാണിപോലും സീറ്റ് സ്വപ്നംകണ്ടിട്ടുണ്ടാകില്ല; സീറ്റ് കിട്ടിയാൽമാത്രമേ കേരള കോൺഗ്രസ് മുന്നണിയിലേക്ക് വരൂവെന്ന് ഹൈക്കമാൻഡിനെ ധരിപ്പിച്ചത് ഉമ്മൻചാണ്ടിയാണ്’എന്നാണ‌് പി ജെ കുര്യൻ മാധ്യമങ്ങളെ വിളിച്ചുകൂട്ടി പറഞ്ഞത്.  കോൺഗ്രസിന്റെ ഒരു ഘടകത്തിലും ഇക്കാര്യത്തെപ്പറ്റി ചർച്ചചെയ്തിരുന്നില്ല,  എല്ലാം മൂന്നുപേരുടെ തീരുമാനങ്ങളായിരുന്നു, പാർടിയിൽ തീരുമാനമെടുക്കേണ്ട രാഷ്ട്രീയകാര്യ സമിതി അപ്രസക്തമായി എന്നും കുര്യൻ പറയുന്നു.

പി ജെ കുര്യന് വീണ്ടും സീറ്റ് നൽകുന്നതിനെതിരെ ഏതാനും യുവ എംഎൽഎമാർ രംഗത്തുവന്നതോടെയാണ് ആ പാർടിയിലെയും യുഡിഎഫിലെയും പ്രശ്നങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ എത്തിയത്. “വൃദ്ധ നേതൃത്വം’ മാറണമെന്ന് യുവ എംഎൽഎമാരും “നിങ്ങളും ഒരിക്കൽ വൃദ്ധരാകും’ എന്ന് തലമുതിർന്നവരും  വാക്പോരിൽ ഏർപ്പെട്ടു. ആ തർക്കത്തിന്റെ ഫലം എന്താകുമെന്ന ആകാംക്ഷയ്ക്കിടെയാണ്, സീറ്റ് കോൺഗ്രസിൽനിന്നുതന്നെ പറിച്ചുമാറ്റി മാണി ഗ്രൂപ്പിന് നൽകിയത്. കോൺഗ്രസല്ല, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് നേതാവാണ് ഇങ്ങനെയൊരു നീക്കത്തിന് ചുക്കാൻപിടിച്ചത്  എന്ന‌് വാർത്ത വന്നു. കോൺഗ്രസിലെ കാര്യങ്ങൾ ബാഹ്യശക്തികൾ തീരുമാനിക്കുന്നു. അതിൽ പ്രതിഷേധിച്ച‌് കെഎസ്‌യു പ്രവർത്തകർമുതൽ വി എം സുധീരനെയും പി ജെ കുര്യനെയുംപോലുള്ള മുതിർന്ന നേതാക്കൾവരെ പരസ്യമായി രംഗത്തുവരുന്നു. കൂട്ടരാജികൾ ഉണ്ടാകുന്നു. പ്രതിഷേധപ്രകടനകൾ നടക്കുന്നു. അതിന്റെയെല്ലാം ഗുണം ബിജെപിക്ക് കിട്ടുമെന്ന് വി എം സുധീരൻ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

അനുദിനം ദുർബലമാകുന്ന കോൺഗ്രസിന്റെ  ക്ഷയമാണ് ബിജെപിക്ക് വളമാകുന്നത്.  മുതിർന്ന കോൺഗ്രസ‌് നേതാവ് പ്രണബ് മുഖർജി കഴിഞ്ഞ ദിവസം  നാഗ്പുരിൽച്ചെന്ന്, ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാർ ഭാരതമാതാവിന്റെ മഹാനായ പുത്രനാണ് എന്നാണ് എഴുതിവച്ചത്. കേരളത്തിൽ പിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചവരിൽ  ഒരാൾ രാജ്യസഭാ സീറ്റിന‌് ബിജെപി നേതൃത്വത്തോട് യാചിച്ച നേതാവാണ്.  ഒരുവശത്ത്, ബിജെപിയിലേക്ക് ചേക്കേറാൻ കാത്തുനിൽക്കുന്ന നേതാക്കൾ. മറ്റൊരു വശത്ത്, സ്വന്തം പാർടിയുടെ താല്പര്യം ബലികൊടുത്ത് ബാഹ്യശക്തികളുടെ ചൊൽപ്പടിക്കു വഴങ്ങി രാജ്യസഭാ സീറ്റുപോലും കൊണ്ടുകൊടുക്കുന്ന നേതൃത്വം. കോൺഗ്രസ‌് എന്ന പാർടിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള ശേഷി നഷ്ടപ്പെട്ടോ എന്ന് പൊതുസമൂഹത്തിനു മുന്നിൽ ചോദ്യം ഉയർത്തുന്നത് കോൺഗ്രസുകാർതന്നെയാണ്.  ആ ചോദ്യത്തിനുള്ള ഉത്തരം കോൺഗ്രസ‌് നേതൃത്വംതന്നെ നൽകട്ടെ. എന്നാൽ, കോൺഗ്രസിന്റെ തീരുമാനം ബിജെപിയെ സഹായിക്കുന്നതാണ് എന്ന വി എം സുധീരന്റെ വാക്കുകൾ അങ്ങനെ തള്ളിക്കളയാനാകില്ല. എങ്ങനെയാണ് ബിജെപിക്ക് സഹായകമാവുക, എന്തിന‌് അത്തരം ഒരു തീരുമാനം നേതൃത്വം എടുത്തു, ഗൂഢാലോചനയ്ക്ക‌് വഴിപ്പെട്ട് അത്തരം അപകടംചെയ്യുന്ന നേതൃത്വമാണോ  രാഹുൽ ഗാന്ധിയുടേത്‐ ഇങ്ങനെ കുറെ ചോദ്യങ്ങൾക്ക‌് ഉത്തരമുണ്ടായേ തീരൂ. ഇങ്ങനൊരു ഗതികേടും ജീർണതയും പേറി നടക്കുന്ന കോൺഗ്രസിന് എങ്ങനെയാണ് ജനങ്ങൾക്കു മുന്നിൽ നിവർന്നുനിൽക്കാനാവുക? കേരളത്തിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും യുഗം അവസാനിക്കുന്നതിന്റെ മണിയടിയാണ് മുഴങ്ങുന്നത്. ജനങ്ങളെയോ നാടിനെയോ കണക്കിലെടുക്കാത്ത, സ്വന്തം അണികൾപോലും  തള്ളിക്കളയുന്ന  ഗ്രൂപ്പ് കച്ചവട നിഗൂഢ രാഷ്ട്രീയം  മഹാദുരന്തമായി മാറിയത് ഇനിയും കോൺഗ്രസ‌് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ആശ്ചര്യകരം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top