03 June Saturday

റെയിൽവേയിലെ നിയമന നിരോധനം

വെബ് ഡെസ്‌ക്‌Updated: Saturday Apr 2, 2022


ഇന്ത്യൻ റെയിൽവേ ചരിത്ര പ്രാധാന്യമുള്ളതും ലോകത്തിലെ ഏറ്റവും പേരുകേട്ടതും വിപുലവും തിരക്കേറിയതുമായ ട്രെയിൻ ശൃംഖലകളിലൊന്നാണ്. വർഷത്തിൽ കോടി‍ക്കണക്കിന്‌ യാത്രികരും  65 കോടി ടൺ ചരക്കും നീങ്ങുന്നുണ്ട് പാളങ്ങളിലൂടെ. 16 ലക്ഷത്തിലധികം തൊഴിൽ നൽകുന്ന പൊതുമേഖലാ സ്ഥാപനവുമാണ്‌ അത്‌. മന്ത്രിതല നയങ്ങൾ, ഉന്നതരുടെ അഴിമതി, ഉദ്യോഗസ്ഥ കെടുകാര്യസ്ഥത, അനുബന്ധ സംവിധാനങ്ങളുടെ പോരായ്‌മ  തുടങ്ങിയവ പതിറ്റാണ്ടുകളായി റെയിൽ‌വേ നേരിടുന്ന പ്രതിസന്ധികളാണ്‌. പല രാജ്യവുമായി തുലനംചെയ്യുമ്പോൾ സുരക്ഷാ കാര്യങ്ങളിലും കോച്ചുകളുടെ വൃത്തിയിലും പരിതാപകരമായ നിലയിൽ പിന്നിലായി.  സുരക്ഷ ഉറപ്പാക്കുന്നതിലടക്കം പതിനായിരക്കണക്കിന്‌ ജീവനക്കാരുടെ ഒഴിവ്‌ നികത്താതെ നിർത്തിയിരിക്കുന്നത്‌ റെയിൽവേയുടെ വിശ്വാസ്യതയും സ്വീകാര്യതയും കരിനിഴലിലാക്കിയിരിക്കയാണ്‌. സേവനങ്ങൾ അനാകർഷകമാക്കി സ്വകാര്യവൽക്കരണത്തിന്‌ അനുകൂലമായും  പൊതുമേഖലയ്‌ക്കെതിരായും  മുറവിളി ശക്തമാക്കാൻ  അവസരമൊരുക്കുകയാണ്‌ സംഘപരിവാർ ഭരണം.

ഈ പശ്ചാത്തലത്തിലാണ്‌ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവായ സ്ഥാപനത്തിലെ  അപ്രഖ്യാപിത നിയമന നിരോധനം കേന്ദ്ര സർക്കാരിന്‌ സമ്മതിക്കേണ്ടിവന്നതെന്നത്‌ ഗൗരവമാണ്‌. 3,01,414 നോൺ ഗസറ്റഡ്‌ തസ്‌തിക ഒഴിച്ചിട്ടിരിക്കുന്നുവെന്നാണ്‌ മന്ത്രി അശ്വനി വൈഷ്‌ണവ്‌ രാജ്യസഭയിൽ വച്ച കണക്കുകളിൽ തെളിഞ്ഞതും.  ഗസറ്റഡ്‌ വിഭാഗത്തിൽ  2519 ഒഴിവാണ്‌ നിലവിൽ റിപ്പോർട്ട്‌ ചെയ്‌തത്‌.   ദക്ഷിണ റെയിൽവേയിൽ കേരളമടങ്ങുന്ന ഡിവിഷനിൽ നോൺ ഗസറ്റഡ്‌ വിഭാഗത്തിൽ 20,161, ഗസറ്റഡ്‌ വിഭാഗത്തിൽ 156 എന്നിങ്ങനെ ജീവനക്കാരില്ല. നാലു പതിറ്റാണ്ടിനിടെ  ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മാ ഭീഷണി നിലനിൽക്കുമ്പോഴാണ്‌  മോദി സർക്കാർ കണ്ണടച്ചുള്ള നിയമന നിരോധനം അടിച്ചേൽപ്പിക്കുന്നത്‌. -2021-‐ 22 കാലയളവിലെ  കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ 13,450 തസ്തിക ഉപേക്ഷിക്കാൻ  റെയിൽവേ ബോർഡ്‌ നേരത്തേ കൈക്കൊണ്ട തീരുമാനം വിവാദമാകുകയും വൻ പ്രതിഷേധത്തിന്‌ ഇടവരുത്തുകയും ചെയ്‌തിരുന്നു.16 സോണലിലായാണ്‌ അത്‌.  ജീവനക്കാരുടെ വിവിധ സംഘടനകളും  യുവജന പ്രസ്ഥാനങ്ങളും സമരരംഗത്ത്‌ ഇറങ്ങുകയുമുണ്ടായി.  സാങ്കേതികവിദ്യയിലെ ക്രമാനുഗത  മാറ്റത്തിന്റെ ഫലമായി ചില തസ്തിക ആവശ്യമില്ലാതാകുകയും മറ്റു ചിലത്‌ അനുവദിക്കേണ്ടിവരികയും ചെയ്തതിനാൽ, അവയുടെ പുനർവിന്യാസം മാത്രമാണതെന്ന് ചൂണ്ടിയായിരുന്നു നീക്കം. കണക്കെടുപ്പ് തുടങ്ങുംമുമ്പ്‌  ഓരോ സോണും  നിശ്ചിത തസ്തിക നിർബന്ധമായും സറണ്ടർ ചെയ്യണമെന്ന് നിശ്ചയിച്ചു കൊടുത്തു. പരിഷ്‌കാരങ്ങളുടെ മറവിൽ ഒഴിവുകൾ ദീർഘകാലം നികത്താതെവയ്‌ക്കുകയും അവ അനാവശ്യമാണെന്നു വരുത്തുകയും പിന്നീട് ഉപേക്ഷിക്കുകയുമാണ്‌ പുതിയ തന്ത്രം.  കേന്ദ്രത്തിന്റെ  വാർഷിക റിപ്പോർട്ട്‌ അനുസരിച്ച്‌ റെയിൽവേയിൽ  2,85,258 ഒഴിവുണ്ട്. അരലക്ഷം ജീവനക്കാർ ശരാശരി വിരമിക്കുന്നുവെന്ന്‌ കണക്കാക്കിയാൽ അത്‌ നാലു ലക്ഷം കടക്കും.

ആളില്ലാ ഗേറ്റുകളിലെ കാവൽ ഉൾപ്പെടെ പല സുരക്ഷാ ജോലിയിലും ക്ലീനിങ്‌ രംഗത്തും ട്രെയിൻ ഓപ്പറേഷനിലും ജീവനക്കാരുടെ കുറവ് സുഗമമായ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചില മേഖലകളെ തകിടംമറിക്കുന്ന തരത്തിലേക്കും വളർന്നു. കേന്ദ്ര സർവീസിലെ  8.75 ലക്ഷം ഒഴിവുകളിൽ  റെയിൽവേയിൽ അത്‌ 3.03 ലക്ഷമാണ്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളും റിക്രൂട്ട്മെന്റ് സെല്ലും വഴി നിയമിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് കഴിഞ്ഞ വർഷമുണ്ടായത്. 2020ൽ പുതുതായി 1,26,765 റിക്രൂട്ട്‌മെന്റ്‌ നടന്നെങ്കിലും 2021ൽ 4534 നിയമനംമാത്രം. 2019–-21 വർഷങ്ങളിൽ 1,48,150. അതേ കാലയളവിൽ വിരമിച്ചതാകട്ടെ 1,85,019 പേരും. 2022–-23ൽ  77,992 പേർ വിരമിക്കും. 1,40,713 തസ്‌തികയിലേക്കുള്ള നിയമന  നടപടി ആരംഭിച്ചതായുള്ള മന്ത്രാലയത്തിന്റെ അവകാശവാദം  കണ്ണിൽ പൊടിയിടാനുള്ള പതിവുവിദ്യയാകാനേ ഇടയുള്ളൂ. പ്രതിരോധം, റെയിൽവേ, ബാങ്കിങ്‌, തുറമുഖ–- ധന മേഖലകളിലെ അമിത സ്വകാര്യവൽക്കരണവും റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് നിർത്തലാക്കൽ നീക്കവും ഉപേക്ഷിക്കാൻ മോദി ഉടൻ തയ്യാറാകേണ്ടതുണ്ട്‌.  ദ്വിദിന പണിമുടക്കിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾക്കൊപ്പം അവയും ചേർത്താകണം ഇനിയുള്ള പോരാട്ടങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top