03 June Saturday

വർഗീയത പരത്താൻ ചരിത്രസ്‌മൃതികളും

വെബ് ഡെസ്‌ക്‌Updated: Thursday Aug 19, 2021ലോകചരിത്രത്തിലെ തന്നെ ദാരുണമായ സംഭവങ്ങളിലൊന്നാണ്‌ ഇന്ത്യയുടെ വിഭജനവും തുടർന്ന്‌ നടന്ന കൂട്ടക്കൊലകളും. 20 ലക്ഷം പേരാണ്‌ കൊല്ലപ്പെട്ടത്‌. സ്‌ത്രീകളും കുട്ടികളുമടക്കം ഒന്നരക്കോടിയിലധികം പേർ അഭയാർഥികളാക്കപ്പെട്ടു. ഒരു ലക്ഷത്തോളം സ്‌ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തു. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും ഒരുപോലെ വേട്ടയാടപ്പെട്ട കാലമായിരുന്നു അത്‌. ജർമനിയിലെ കൂട്ടക്കൊലകളോടും ജപ്പാനിലെ ഹിരോഷിമ–-നാഗസാക്കി ആണവാക്രമണത്തോടും ചേർത്തുവയ്‌ക്കാവുന്ന ദുരന്തമായിരുന്നു ഇന്ത്യ–-പാകിസ്ഥാൻ വിഭജനവും കൂട്ടക്കൊലകളും പലായനവും. ഒരിക്കലും ആവർത്തിക്കപ്പെടരുതെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഉചിതമായ ഒരു സ്‌മാരകമോ മ്യൂസിയമോ ഇന്ത്യയിൽ ഇതുവരെ ഉയർന്നിട്ടില്ലെന്നത്‌ വസ്‌തുതയാണ്‌. സാദത്ത്‌ ഹസ്സൻ മാന്റോയുടെ കഥകളിലും ഭീഷ്‌മ സാഹ്‌നിയുടെ നോവലിലും ഉർവശി ഭൂട്ടാലിയയുടെ വിവരണങ്ങളിലും വിഭജനത്തിന്റെ മുറിവുകൾ തീവ്രതയോടെ നമുക്ക്‌ അടുത്തറിയാനാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി 75–-ാം സ്വാതന്ത്ര്യദിനവേളയിൽ നടത്തിയ ഒരു പരാമർശമാണ്‌ വിഭജനത്തിന്റെ ഭീതിദമായ ഓർമകൾ വീണ്ടും കടന്നുവരാൻ കാരണമായത്‌. എല്ലാവർഷവും ആഗസ്‌ത്‌ 14 ന്‌ വിഭജനഭീതിയുടെ ഓർമദിനമായി ആചരിക്കണമെന്നതായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. തൊട്ടുപിറകെ ദിനാചരണം സംബന്ധിച്ച ഗസറ്റ്‌ വിജ്ഞാപനവും പുറത്തിറങ്ങി. വിഭജനം പോലുള്ള ഹൃദയഭേദകമായ സംഭവങ്ങൾ ഓർക്കുന്നതിൽ ആർക്കും കുറ്റം പറയാനാകില്ല. അത്തരം ഓർമകൾ സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനങ്ങൾക്ക്‌ കരുത്ത്‌ പകരുന്നതായിരിക്കണം. ജനങ്ങളിൽ വെറുപ്പും വിദ്വേഷവും കലർത്തി വീണ്ടും അവരെ ഭിന്നിപ്പിക്കുന്നതിനായി ഓർമകൾ ഒരിക്കലും ചികഞ്ഞെടുക്കരുത്‌. എന്നാൽ, പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം മുറിവുകളിൽ വീണ്ടും മുളക്‌ തേയ്‌ക്കുന്നതിന്‌ സമാനമല്ലേ എന്ന സംശയമാണ്‌ വിവിധ കോണുകളിൽനിന്ന്‌ ഉയരുന്നത്‌. അത്തരമൊരു വീക്ഷണം പലരും മുന്നോട്ടുവയ്‌ക്കാൻ കാരണം വിഭജനഭീതിയുടെ ഓർമ ദിനമായി പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്‌ത്‌ 14 നെ തെരഞ്ഞെടുത്തതാണ്‌. ഇന്ത്യയെ ബ്രിട്ടീഷുകാർ വിഭജിക്കാൻ തീരുമാനിച്ച പ്രഖ്യാപനം വന്നത്‌ 1947 ജൂണിലാണ്‌. ഒന്നാം സ്വാതന്ത്ര്യദിനാഘോഷശേഷമാണ്‌ കലാപങ്ങൾ വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്‌. എന്നാൽ, വിഭജനഭീതിയുടെ ഓർമദിനമായി തെരഞ്ഞെടുത്തത്‌ പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനവും.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണ്‌ ഇത്തരമൊരു ദിനാചരണം പ്രഖ്യാപിച്ചത്‌ എന്ന്‌ ഇതിൽ നിന്ന് വ്യക്തമാകും. ഹിന്ദുത്വവാദികളുടെ രാഷ്ട്ര സങ്കൽപ്പത്തിൽനിന്ന്‌ വേർപെട്ട്‌ പാകിസ്ഥാൻ ജന്മംകൊണ്ട ദിവസമാണ്‌ ആഗസ്‌ത്‌ 14. പാകിസ്ഥാനുമായുള്ള വിദ്വേഷ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാൻ ഇത്‌ ഹിന്ദുത്വവാദികൾക്ക്‌ അവസരം നൽകും. അഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാൻ പിന്തുണയോടെ താലിബാൻ അധികാരം പിടിച്ച വേളയിൽ പ്രത്യേകിച്ചും. അതോടൊപ്പം വിഭജനത്തിനും തുടർന്നുണ്ടായ കലാപങ്ങൾക്കും മുസ്ലിങ്ങൾ മാത്രമാണ്‌ ഉത്തരവാദിയെന്ന്‌ സ്ഥാപിക്കുകയും സംഘപരിവാറിന്റെ ലക്ഷ്യമാണ്‌.

ചരിത്രത്തിലൂടെ കണ്ണോടിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന കാര്യം ഇന്ത്യാ വിഭജനത്തിന്‌ ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ്‌ മാത്രമല്ല ഹിന്ദുമഹാസഭയും കൊളോണിയൽ മേധാവികളായ ബ്രിട്ടീഷുകാരും ഒരുപോലെ ഉത്തരവാദികളായിരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തി അധികാരം ഉറപ്പിക്കുക എന്ന കൊളോണിയൽ മേധാവിയുടെ അതേ തന്ത്രമാണ്‌ അന്നത്തെ ഹിന്ദുമഹാസഭയുടെ പിന്മുറക്കാരായ ഇന്ത്യൻ ഭരണാധികാരികളും ഇപ്പോൾ ചെയ്യുന്നത്‌. സ്വാതന്ത്ര്യസമരകാലത്ത്‌ ഉടനീളം ബ്രിട്ടീഷ്‌ സേവ നടത്തിയ ഹിന്ദുത്വരാഷ്ട്രവാദികൾക്ക്‌ അവരുടെ നയം പഥ്യമാകുന്നത്‌ സ്വാഭാവികം. വിഭജനത്തിന്റെ മുറിവുണക്കുകയല്ല ഇവരുടെ ലക്ഷ്യം,വർഗീയ വിദ്വേഷം ആളിക്കത്തിച്ച്‌ ഹിന്ദു–-മുസ്ലിം ധ്രുവീകരണം ശക്തമാക്കാനാണ്‌ ചരിത്രസ്‌മൃതിയെ ഇവർ ആയുധമാക്കുന്നത്‌. അടുത്തവർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുന്നതിന്‌ ഇത്‌ കൂടിയേ തീരൂ. കോവിഡ്‌ മഹാമാരിയും സമ്പദ്‌വ്യവസ്ഥയും കൈകാര്യം ചെയ്യുന്നതിൽ ഒരുപോലെ മോദിയും ആദിത്യനാഥും പരാജയപ്പെട്ടിരിക്കുന്നു. അടുത്തിടെ ഇന്ത്യാ ടുഡെ നടത്തിയ അഭിപ്രായ സർവേയിൽ ഇരുവരുടെയും ജനപ്രീതിയിൽ കനത്ത ഇടിവ്‌ വന്നതായി കണ്ടെത്തുകയുണ്ടായി. ഇത്‌ മറികടക്കാൻ ഹിന്ദു വർഗീയവാദികളുടെ കൈവശം ഒരു മാർഗം മാത്രമേയുള്ളൂ. വർഗീയധ്രുവീകരണം ശക്‌തമാക്കുക. അതിനാണിവർ വിഭജനത്തിന്റെ നീറുന്ന ഓർമകളിലേക്ക്‌ ജനങ്ങളെ നയിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top