07 June Wednesday

നന്ദി, കാവലിന്റെ കരുത്തിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 7, 2021അഞ്ചുവർഷംമുമ്പ്‌ റിയോ ഒളിമ്പിക്‌സിലെ തോൽവിക്കുശേഷം പി ആർ ശ്രീജേഷ്‌ ട്വിറ്ററിൽ കുറിച്ചത്‌ ‘പ്രതീക്ഷകൾ തകർത്തതിന്‌ മാപ്പ്‌ തരൂ’ എന്നായിരുന്നു. 140 കോടി ജനങ്ങളുടെയും അഭിമാനമുയർത്തി ടോക്യോയിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടിയിരിക്കുന്നു. ഈ നേട്ടത്തിൽ കേരളത്തിനും സന്തോഷിക്കാം. ഇന്ത്യയുടെ സമാനതകളില്ലാത്ത തിരിച്ചുവരവിൽ ഗോൾകീപ്പറായ ശ്രീജേഷിന്റെ പ്രകടനം നിർണായകമായി.

മോസ്‌കോയിൽ 1980ൽ സ്വർണംനേടിയ ശേഷമുള്ള ആദ്യ മെഡലാണ്‌ ഹോക്കി ടീമിന്റേത്‌. 41 വർഷത്തെ കാത്തിരിപ്പിനാണ്‌ അവസാനമായത്‌. കേരളത്തിനാകട്ടെ 49 വർഷത്തിനുശേഷമാണ്‌ ഒരു ഒളിമ്പിക്‌ മെഡൽ. 1972ലെ മ്യൂണിക്‌ ഒളിമ്പിക്‌സിൽ മാനുവൽ ഫ്രെഡറിക്‌ എന്ന കണ്ണൂർക്കാരനാണ്‌ ആദ്യ മെഡൽ കൊണ്ടുവന്നത്‌. മാനുവൽ, ശ്രീജേഷിനെപ്പോലെ വെങ്കലം നേടിയ ഹോക്കി ടീമിലെ ഗോൾകീപ്പറായത്‌ യാദൃച്ഛികതയാകാം.

ഇന്ത്യക്ക്‌ ലഭിച്ച വെങ്കലത്തിന്‌ സ്വർണത്തിന്റെ മാറ്റുണ്ട്‌. ഒളിമ്പിക്‌സ്‌ നാളെ അവസാനിക്കാനിരിക്കെ ഇന്ത്യക്കാകെ അഞ്ചു മെഡലാണ്‌. രണ്ട്‌ വെള്ളിയും മൂന്ന്‌ വെങ്കലവും. പഴയ പ്രതാപത്തിന്റെ ആലസ്യത്തിൽ ഉറങ്ങുന്ന ഇന്ത്യൻ ഹോക്കിക്ക്‌ ഉയർന്നുപറക്കാൻ ഈ മെഡൽ ഊർജമാകും. അതിലേക്കുള്ള പോരാട്ടവഴിയിൽ ശ്രീജേഷ്‌ കെടാവിളക്കായി ജ്വലിച്ചുനിന്നതാണ്‌ നമ്മളെയാകെ അഭിമാനിതരാക്കുന്നത്‌. ടോക്യോയിൽ എട്ട് കളിയിൽ 40 രക്ഷപ്പെടുത്തലാണ്‌ ഈ ചെറുപ്പക്കാരൻ നടത്തിയത്‌. ഒടുവിൽ നിർണായക വെങ്കല മത്സരത്തിലും ആ പ്രകടനം കണ്ടു. അവസാന ആറ്‌ സെക്കൻഡിൽ ജർമനിക്ക്‌ ലഭിച്ച പെനാൽറ്റി കോർണർ നിഷ്‌പ്രഭമാക്കിയത്‌ ശ്രീജേഷിന്റെ ചോരാത്ത മനോവീര്യമാണ്‌.

എറണാകുളം കിഴക്കമ്പലം പള്ളിക്കരയെന്ന ഗ്രാമത്തിൽ സാധാരണ ചുറ്റുപാടിൽ ജനിച്ച്‌ രാജ്യത്തിന്റെ അഭിമാനപുത്രനായി മാറിയ കഥ പുതിയ തലമുറയ്‌ക്ക്‌ മാതൃകയും പ്രചോദനവുമാകും. ഏതൊരു കുട്ടിയെയുംപോലെ എല്ലാ സ്‌പോർട്‌സിലും പങ്കെടുത്താണ്‌ ഹോക്കിയിലെത്തുന്നത്‌. തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളാണ്‌ ഹോക്കിയിലേക്കുള്ള വഴി തുറന്നത്‌. കഠിനാധ്വാനവും അർപ്പണബോധവും വലിയ ഉയരത്തിലേക്കുള്ള പടവുകളായി. പതിനഞ്ചു വർഷമായി ഇന്ത്യൻ ടീമിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്‌ മുപ്പത്തിമൂന്നുകാരൻ.

തോൽവിയിലും വിജയത്തിലും കണ്ണീരിലും സന്തോഷത്തിലും കുടുംബം താങ്ങായിനിന്നത്‌ മുന്നോട്ടുള്ള യാത്രയിൽ കരുത്തായി. മകന്‌ തുടക്കകാലത്ത്‌ കളിയുപകരണങ്ങൾ വാങ്ങാൻ വീട്ടിലെ പശുവിനെ വിറ്റ്‌ പണം കണ്ടെത്തിയ അച്ഛൻ പി വി രവീന്ദ്രന്റെ കരുതൽ സ്‌മരിക്കാതെ വയ്യ. അതുകൊണ്ടുതന്നെ ഈ മെഡൽ അച്ഛന്‌ സമർപ്പിക്കുന്നുവെന്ന ശ്രീജേഷിന്റെ വാക്കുകൾ ഏറെ പ്രസക്തം.

കേരളത്തിലേക്ക്‌ രണ്ടാം ഒളിമ്പിക്‌ മെഡലെത്തുമ്പോൾ പഴയകാല ഒളിമ്പ്യന്മാരെ ഓർക്കാതിരിക്കാനാകില്ല. ഹോക്കിയെപ്പോലെ ഫുട്‌ബോളിലും ഇന്ത്യക്കൊരു സുവർണകാലമുണ്ടായിരുന്നു. 1956ലെ മെൽബൺ ഒളിമ്പിക്‌സിൽ നാലാംസ്ഥാനം നേടിയ ടീമിൽ കോഴിക്കോട്ടുകാരൻ റഹ്‌മാനും ഗോൾകീപ്പർ എസ്‌ എസ്‌ നാരായനും ഉണ്ടായിരുന്നു. ഇന്ത്യ വെങ്കല മെഡൽ അണിഞ്ഞ ദിവസമാണ്‌ ഒറ്റപ്പാലം സ്വദേശിയായ നാരായന്റെ വിയോഗം. രണ്ട്‌ ഒളിമ്പിക്‌സിൽ ദേശീയ കുപ്പായത്തിലുണ്ടായിരുന്നു. 1984ലെ ഒളിമ്പിക്‌സിൽ പി ടി ഉഷയ്‌ക്ക്‌ സെക്കൻഡിന്റെ നൂറിൽ ഒരംശത്തിന്‌ മെഡൽ നഷ്‌ടപ്പെട്ട നൊമ്പരം ഇപ്പോഴും വിങ്ങലായി കൊണ്ടുനടക്കുന്ന മലയാളിക്ക്‌ വെങ്കലത്തിന്റെ വിലയറിയാം.

ദേശീയ കായികവിനോദമായ ഹോക്കിയുടെ ഉണർവിന്‌ ടോക്യോയിലെ ഗംഭീരപ്രകടനം ഉപകരിക്കും. പുരുഷന്മാർക്കൊപ്പം വനിതകളും അത്ഭുത പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. മൂന്നാമത്തെ ഒളിമ്പിക്‌സിനെത്തിയ വനിതകൾ വെങ്കല മെഡൽ മത്സരത്തിൽ തോറ്റെങ്കിലും തല ഉയർത്തിയാണ്‌ മടങ്ങുന്നത്‌. ആദ്യ മൂന്ന്‌ കളിയും തോറ്റശേഷമാണ്‌ അവിശ്വസനീയ തിരിച്ചുവരവ്‌ നടത്തിയത്‌.

നാല്‌ പതിറ്റാണ്ടായി ശ്രദ്ധേയ നേട്ടങ്ങളില്ലാതെ മുങ്ങിയും പൊങ്ങിയുമായിരുന്നു ഇന്ത്യൻ ഹോക്കിയുടെ പ്രയാണം. പുരുഷ ടീമിന്‌ 2008 ബീജിങ് ഒളിമ്പിക്‌സിൽ യോഗ്യത നേടാൻപോലുമായില്ല. ഈ വിജയം ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിന്‌ വേഗം പകരും. സുവർണകാലത്തിലേക്കുള്ള വഴികൾ ഇനി എളുപ്പമാകും. അതിനായി കാത്തിരിക്കാം. ടോക്യോ അതിനു നിമിത്തമായെങ്കിൽ മൻപ്രീത്‌ സിങ് നയിച്ച ഈ ടീമിനോട്‌ രാജ്യം കടപ്പെട്ടിരിക്കും, നമ്മുടെ ശ്രീജേഷിനോടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top