29 September Friday

കർഷകസമരം പുതിയ ഘട്ടത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021

പുതുക്കിയ കർഷകനിയമം നടപ്പാക്കരുതെന്ന താക്കീതും സമരത്തെ നേരിടുന്ന രീതിയോടുള്ള കടുത്ത വിയോജിപ്പും സുപ്രീംകോടതി വാക്കാൽ രേഖപ്പെടുത്തിയിരിക്കുകയാണ്‌.  സമരം ചെയ്യുന്ന മണ്ണിന്റെ മക്കൾ ഹരിയാനയിലും പഞ്ചാബിലും കടന്നാക്രമിക്കപ്പെട്ടതിന്റെ തൊട്ടുപിറ്റേന്നാണ്‌  സുപ്രീംകോടതിയുടെ ഈ അഭിപ്രായപ്രകടനം. കർഷകവിരുദ്ധ നിയമങ്ങൾ നടപ്പാക്കില്ലെന്ന്‌ സർക്കാർ പ്രഖ്യാപിക്കുന്നില്ലെങ്കിൽ‌ സ്‌റ്റേ ചെയ്യുമെന്ന സൂചനയാണ്‌ കോടതി നൽകിയതെങ്കിലും ചൊവ്വാഴ്‌ച അന്തിമ വിധി വരുമ്പോഴേ കാര്യം വ്യക്തമാകൂ. സ്‌റ്റേ ഒഴിവാക്കാൻ കോടതിക്കുമുന്നിൽ യാചിച്ച കേന്ദ്ര സർക്കാർ വിധിക്ക്‌‌ കാത്തിരിക്കാതെ നിയമങ്ങൾ മരവിപ്പിക്കുകയാണ്‌ വേണ്ടത്‌.

കഴിഞ്ഞ സെപ്‌തംബറിൽ രാജ്യസഭയിൽ വോട്ടെടുപ്പ്‌ നിഷേധിച്ചുകൊണ്ട്‌ കാർഷികനിയമങ്ങൾ പാസാക്കിയതുമുതൽ മിക്ക സംസ്ഥാനങ്ങളും പ്രക്ഷോഭപാതയിലാണ്‌. പഞ്ചാബിലും ഹരിയാനയിലും  രാജസ്ഥാനിലും സമരം കരുത്താർജിച്ചിട്ടും പ്രശ്‌നപരിഹാരത്തിന്‌ കേന്ദ്രം ശ്രമിച്ചില്ല.  രണ്ടുമാസത്തിനുശേഷമാണ്‌ സമരം‌ കേന്ദ്രീകൃത രൂപം പ്രാപിച്ചത്‌. രാജ്യത്തെ പ്രമുഖ കർഷകസംഘടനകളെല്ലാം ഉൾക്കൊള്ളുന്ന സംയുക്തസമിതി നവംബർ 26ന്റെ ദേശീയ തൊഴിലാളി പണിമുടക്കിനോടനുബന്ധിച്ച്‌ ഡൽഹി മാർച്ച്‌ സംഘടിപ്പിച്ചതോടെ പ്രക്ഷോഭത്തിന്റെ ഗതിമാറി. ഡൽഹിയിൽ അനുവദനീയമായ സമരകേന്ദ്രത്തിലേക്ക്‌ നീങ്ങിയ കർഷക മാർച്ചിനെ നഗരത്തിൽ പ്രവേശിപ്പിക്കാതെ റോഡിൽ തടയാനാണ്‌ കേന്ദ്ര സർക്കാർ തയ്യാറായത്‌. ട്രാക്‌ടറുകളിൽ ഭക്ഷ്യവസ്‌തുക്കളും  അത്യാവശ്യസാധനങ്ങളും കരുതിയാണ്‌ കർഷകരെത്തിയത്‌. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഡൽഹി അതിർത്തിയിൽ തടയപ്പെട്ടിട്ട്‌ ഒന്നരമാസം പിന്നിട്ടു. കടുത്ത തണുപ്പിനെ അതിജീവിച്ചാണ്‌  സമരം തുടരുന്നത്‌. ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം അമ്പതിലേറെ വരും. ഓരോ ദിവസം പിന്നിടുമ്പോഴും കൂടുതൽ കർഷകർ ഡൽഹി ലക്ഷ്യമാക്കി പുറപ്പെടുകയാണ്‌. രാജ്യം കണ്ട ഏറ്റവും വലിയ സഹനസമരത്തിനാണ്‌ ഡൽഹി അതിർത്തി സാക്ഷ്യം വഹിക്കുന്നത്‌.‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ രാജ്യത്താകമാനം കർഷക തൊഴിലാളി സമരങ്ങൾ ശക്തിപ്പെട്ടു.

സമരങ്ങളെ വഴിതിരിച്ചുവിടാനും സംഘർഷം വളർത്താനുമാണ്‌ ബിജെപി ഒരുങ്ങിപ്പുറപ്പെട്ടത്‌. കർഷകസമൂഹമാകെ നിരാകരിച്ച നിയമങ്ങൾ ഗുണകരമാണെന്ന്‌ വാദിക്കാൻ ബിജെപി സംഘടിപ്പിച്ച പരിപാടികളാണ്‌ പലയിടങ്ങളിലും അക്രമത്തിലേക്ക്‌ തിരിഞ്ഞത്‌. ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോർപറേറ്റ്‌ അനുകൂല റാലി ജനക്കൂട്ടത്തിന്റെ എതിർപ്പുമൂലം ഉപേക്ഷിക്കേണ്ടി വന്നു. പഞ്ചാബിലും സമാനമായ സംഭവങ്ങളുണ്ടായി. ബിജെപി പ്രവർത്തകരും പൊലീസും പലയിടങ്ങളിലും കർഷക വളന്റിയർമാരെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു.


 

സമാധാനപരമായ സമരത്തെ ചോരയിൽ മുക്കി ക്രമസമാധാന പ്രശ്‌നമാക്കി മാറ്റാനുള്ള ഗൂഢനീക്കമാണ്‌ നടക്കുന്നത്‌. ക്രിയാത്മകമായ ഒരു ഇടപെടലും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. എട്ടുതവണ ചർച്ച പരാജയപ്പെട്ടിട്ടും സുപ്രീംകോടതിക്കുമുന്നിൽ നാടകം കളിക്കാനാണ്‌ കേന്ദ്രസർക്കാർ തയ്യാറായത്‌.  കാർഷികനിയമങ്ങൾക്കെതിരെ മിക്ക സംസ്ഥാനങ്ങളും എതിർപ്പുയർത്തിയിട്ട്‌ എന്തുചെയ്‌തുവെന്ന കോടതിയുടെ ചോദ്യത്തിന്‌ 15ന്‌ ചർച്ചയുണ്ടെന്നായിരുന്നു മറുപടി.

കർഷകസമരത്തിനെതിരെ ഹർജിയുമായെത്തിയവരുടെ വാദങ്ങൾ പരിശോധിച്ച കോടതി അക്രമത്തിലേക്ക്‌ നീങ്ങാതിരിക്കാൻ ജാഗ്രത വേണമെന്ന്‌ ഓർമിപ്പിച്ചു. ഡൽഹിയിലെ മൈതാനങ്ങൾ സമരകേന്ദ്രങ്ങളാക്കാൻ അനുവദിക്കാത്ത സർക്കാരാണ്‌ ഇപ്പോഴത്തെ റോഡുതടസ്സത്തിന്‌ ഉത്തരവാദി‌. സമരത്തിന്റെ രീതിയിൽ മാറ്റം ആവശ്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തോട്‌ സംയുക്ത കർഷകസമിതിക്ക്‌ തുറന്ന മനസ്സാണുള്ളത്‌. ഡൽഹിയിൽ സമരകേന്ദ്രം തുറക്കുക എന്നത്‌ വിജയത്തിന്റെ ആദ്യപടിയാണ്‌. റിപ്പബ്ലിക്‌ ദിനത്തിൽ പ്രഖ്യാപിച്ചിട്ടുള്ള സമാന്തര പരേഡ്‌ അടക്കമുള്ള ഭാവി സമരമാർഗങ്ങൾക്ക്‌  സഹായകമായ നിർദേശമാണിത്‌. വരുംദിവസങ്ങളിൽ കൂടുതൽ സമരവളന്റിയർമാർ ഡൽഹിയിലേക്ക്‌ മാർച്ച്‌ ചെയ്യും‌. രാജ്യം ഇതുവരെ ദർശിക്കാത്ത ജനമുന്നേറ്റമായി കർഷകസമരം മാറുകയാണ്‌. ഈ മഹാപ്രവാഹത്തെ പ്രലോഭനങ്ങളും നുണയും അക്രമവുംകൊണ്ട്‌ നേരിടാനാകില്ലെന്ന തിരിച്ചറിവാണ്‌ കേന്ദ്ര ഭരണാധികാരികൾക്ക്‌ ഉണ്ടാകേണ്ടത്‌.

കർഷകസമരത്തിൽ അണിചേരാൻ കേരളത്തിൽനിന്ന്‌ 500 അംഗ ആദ്യസംഘം തിങ്കളാഴ്‌ച പുറപ്പെട്ടിരിക്കുകയാണ്‌. കിസാൻസഭയടക്കമുള്ള സമരസംഘടനകൾ  എല്ലാ സംസ്ഥാനങ്ങളിൽനിന്നും കർഷകരെ ഡൽഹിയിലേക്ക്‌ മാർച്ച്‌ ചെയ്യിക്കാൻ തയ്യാറെടുക്കുകയാണ്‌. കോർപറേറ്റുകൾക്ക്‌ ജീവിതം തീറെഴുതാൻ സന്നദ്ധരല്ലാത്ത അസംഖ്യം മനുഷ്യരുടെ പോരാട്ടം പുതിയ ഘട്ടത്തിലേക്ക്‌ കടക്കുന്നു‌. വിജയമല്ലാതെ അവർക്ക്‌ വേറെ വഴിയില്ല. വാശിയും കുതന്ത്രങ്ങളും മാറ്റിവച്ച്‌ ജനാധിപത്യത്തിന്റെയും സഹിഷ്‌ണുതയുടെയും മാർഗങ്ങൾ തേടാനാണ്‌ കേന്ദ്രഭരണം തയ്യാറാകേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top