30 September Saturday

ഇന്ത്യൻ ജനാധിപത്യത്തിന് അപമാനം

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021


ഏതു വിഷയത്തിലും എല്ലാവരുടേയും അഭിപ്രായം കേൾക്കുക എന്നതാണ്‌ ജനാധിപത്യത്തിന്റെ അടിസ്‌ഥാന ഘടകം. ഒരു നേതാവിന്റെയൊ പാർടിയുടെയോ നിലപാട്‌ അടിച്ചേൽപ്പിക്കുന്നത്‌ ഫാസിസ്‌റ്റ്‌ രീതിയാണ്‌. ജനാധിപത്യത്തിന്‌ നേർവിപരീതമാണത്‌. ഇന്ത്യയുടെ പാർലമെന്റിനകത്ത്‌ ഈ ഫാസിസ്റ്റ് രീതി നടപ്പാക്കാനാണ്‌ ബിജെപി ഭരണം തുടർച്ചയായി ശ്രമിക്കുന്നത്. ചർച്ചയ്ക്കോ അഭിപ്രായരൂപീകരണത്തിനോ ഒന്നിനും തയ്യാറാകാത്ത മോഡിഭരണം ഒടുവിൽ സഭയിൽ പ്രതിപക്ഷത്തെ അടിച്ചൊതുക്കുന്നിടംവരെ കാര്യങ്ങളെത്തി. രാജ്യസഭയിൽ ബുധനാഴ്ച അരങ്ങേറിയ സംഭവങ്ങൾ രാജ്യത്തെ ഞെട്ടിക്കുന്നതാണ്. ഇന്ത്യൻ ജനാധിപത്യത്തിന് തീരാക്കളങ്കമാണ്. പുറത്തുനിന്നുള്ള ആളുകളെ കൊണ്ടുവന്ന് സഭയിൽ പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്യാൻ ശ്രമമുണ്ടായി എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എത്ര ഗൗരവമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചാലും ചർച്ചയില്ലെന്ന സർക്കാരിന്റെ പിടിവാശിക്കെതിരെ പ്രതിഷേധമുയർത്തിയ പ്രതിപക്ഷാംഗങ്ങളെ ഈവിധം കൈകാര്യം ചെയ്തത് ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല. സഭയുടെ അന്തസ്സിന് നിരക്കാത്ത ഈ നടപടിക്കെതിരെ ശക്തിയായ പ്രതിഷേധമുയരണം.

പാർലമെന്റിന്റെ സുരക്ഷാ സംവിധാനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഏതാനുംപേരെ സഭയിലെത്തിച്ച് അംഗങ്ങളെ കൈകാര്യം ചെയ്യുകയായിരുന്നുവെന്നാണ് പ്രതിപക്ഷ പാർടി നേതാക്കളുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നത്. ജനറൽ ഇൻഷുറൻസിന്റെ സ്വകാര്യവൽക്കരണമടക്കമുള്ള ബില്ലുകൾ ചർച്ച കൂടാതെ പാസാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച വനിതാ അംഗങ്ങളെപ്പോലും കൈയേറ്റംചെയ്യുന്ന സ്ഥിതിയുണ്ടായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യ നായിഡുവിന് പരാതി നൽകിയിട്ടുണ്ട്.

പാർലമെന്റിന്റെ വർഷകാല സമ്മേളനം അക്ഷരാർഥത്തിൽ അട്ടിമറിക്കാനായിരുന്നു തുടക്കംമുതൽ സർക്കാർ ശ്രമിച്ചത്. പാർലമെന്ററി ജനാധിപത്യത്തോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ തങ്ങൾക്ക് തെല്ലും കടപ്പാടില്ലെന്ന മട്ടിലായിരുന്നു എല്ലാ മന്ത്രിമാരും നിലപാടെടുത്തത്. അംഗങ്ങൾ ഉന്നയിച്ച ഒരു പ്രശ്നത്തിലും ലോക്‌‌സഭയിലോ രാജ്യസഭയിലോ മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ തയ്യാറായില്ല. ഇതിനിടയിൽ നിരവധി ബിൽ ചർച്ച കൂടാതെ പാസാക്കിയെടുത്തു. പാർലമെന്റ്‌ ചേരുന്നതിനു മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ഇക്കാര്യമെല്ലാം ചർച്ച ചെയ്യണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഏകാധിപതിയായ നേതാവെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് പാർലമെന്റിനെ പൂർണമായും അവഗണിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ഗുരുതരമായി ബാധിക്കുന്ന പെഗാസസ് ചാരവൃത്തിയെക്കുറിച്ച് ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ചെവിക്കൊള്ളാൻപോലും സർക്കാർ തയ്യാറായില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും ലോക്‌സഭയിലും രാജ്യസഭയിലും നിരന്തരമുയർന്ന ആവശ്യങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനാണ് ഭരണക്കാർ താൽപ്പര്യം കാണിച്ചത്. ചർച്ച തടയാൻ ഭരണപക്ഷം മനഃപൂർവം സഭ സ്‌തംഭിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ പാർടി നേതാക്കൾ, സുപ്രീംകോടതി ജഡ്ജി, മാധ്യമ പ്രവർത്തകർ, മന്ത്രിമാർ തുടങ്ങി നിരവധിപേരുടെ ഫോൺ ചോർത്തിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിട്ടും സർക്കാരിന് ഒരു കൂസലുമുണ്ടായില്ല. ഇതിനർഥം ഇക്കാര്യമെല്ലാം സർക്കാരിന് നേരത്തേ അറിയാമെന്നുതന്നെ. പെഗാസസ് പട്ടികയിലുൾപ്പെട്ട ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ വിവരം പുറത്തുവന്നപാടേ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യ അനങ്ങിയില്ല.

പെഗാസസിനു പുറമെ, രാജ്യത്തെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങൾ ഇടതുപക്ഷമടക്കം പ്രതിപക്ഷത്തെ വിവിധ അംഗങ്ങൾ ലോക്‌സഭയിലും രാജ്യസഭയിലും ഉന്നയിക്കാൻ പലവട്ടം ശ്രമിച്ചു. അതൊന്നും ഭരണപക്ഷം അംഗീകരിച്ചില്ല. കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന മൂന്ന്‌ കരിനിയമം, ജനജീവിതത്തെയാകെ തകർത്തെറിയുന്ന രൂക്ഷമായ വിലക്കയറ്റം, നാടിന്റെ സമസ്ത മേഖലയെയും തളർത്തിയ സാമ്പത്തികത്തകർച്ച, തൊഴിലും വരുമാനവുമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുന്ന സാഹചര്യം, കോവിഡ് മഹാമാരി, വാക്സിൻ പ്രതിസന്ധി തുടങ്ങി വിവിധ വിഷയം സഭയിൽ ഉന്നയിക്കാനും ചർച്ചചെയ്യാനും എല്ലാ ദിവസവും പ്രതിപക്ഷം ശ്രമിച്ചെങ്കിലും അതെല്ലാം തടയുകയായിരുന്നു. ഒടുവിൽ, രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്യാനാണ് ഭരണപക്ഷം മുതിർന്നത്. ഇന്ത്യൻ ജനാധിപത്യം ലോകത്തിനു മുന്നിൽത്തന്നെ അപമാനിക്കപ്പെട്ട സംഭവമായി അത്. ഇതിനെതിരെ ജനാധിപത്യവാദികൾ ഒന്നടങ്കം പ്രതിഷേധമുയർത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top