ഇന്ത്യൻ ഭരണഘടന എന്നൊന്ന് ഉണ്ടെന്നും അതിൽ പറയുന്ന അവകാശങ്ങൾ പൗരന്മാർക്ക് അർഹതപ്പെട്ടതാണെന്നും ആവർത്തിച്ചു പറയേണ്ടിവരികയാണ്, കോടതികൾക്ക്. ആ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ ജനാധിപത്യത്തിനു തന്നെ ഭീഷണിയായി തീരുകയാണെന്ന് ഉറപ്പിക്കുന്നതാണ് ഈ കോടതി വിധികൾ ഓരോന്നും. ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയിൽ നിന്നുണ്ടായ വിധിയും ഇത്തരത്തിലൊന്നാണ്.
മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കുകയെന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യത്താകെ പ്രക്ഷോഭം നടന്നു. ഡൽഹി ആ സമരത്തിന്റെ കേന്ദ്രമായി. വിദ്യാർഥികൾ കൂട്ടത്തോടെ തെരുവിലിറങ്ങി. സമരത്തെ അടിച്ചമർത്താൻ സർക്കാർ സ്വീകരിച്ച മാർഗങ്ങൾ പാളി. അപ്പോൾ ഉപയോഗിച്ച ആയുധമായിരുന്നു രാജ്യദ്രോഹക്കുറ്റം. ഇങ്ങനെ തടവിലാക്കിയ നടാഷാ നർവാൾ, ദേവാംഗനാകലിത, ആസിഫ് ഇഖ്‌ബാൽ തൻഹാ എന്നിവർക്ക് ജാമ്യം അനുവദിച്ച വിധിയിലാണ് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാർ നടപടിയുടെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടുന്നത്.
സർക്കാരിനെതിരെ പ്രതിഷേധം നയിക്കുന്നവരെ ഭീകരരും രാജ്യദ്രോഹികളുമായി മുദ്രകുത്തി നേരിടുകയെന്ന തന്ത്രം കേന്ദ്ര സർക്കാർ ഉപയോഗിച്ചുകൊണ്ടേ ഇരിക്കുന്നു. പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ പോലും യുഎപിഎ ചുമത്തുന്നു. രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളെ പ്രതിരോധിക്കാൻ പാർലമെന്റ് കൊണ്ടുവന്ന യുഎപിഎ നിയമത്തിന്റെ ഉദ്ദേശ്യത്തെ അട്ടിമറിക്കുകയാണ് ഈ ചെയ്യുന്നതെന്ന് കോടതിക്ക് പറയേണ്ടിവന്നു. പോരാളികൾ (Warriors) എന്നും മറ്റും പേരായ വാട്‌സാപ് ഗ്രൂപ്പുകളിൽ അംഗങ്ങളായി എന്നും ആക്രമിക്കാൻ വന്നാൽ മുളകുപൊടി എറിയണമെന്ന് പ്രസംഗിച്ചെന്നും മറ്റുമുള്ള ബാലിശമായ ആരോപണങ്ങൾ നിരത്തിയാണ് ഈ വിദ്യാർഥികൾക്കെതിരായ കുറ്റപത്രം. സാധാരണ കുറ്റകൃത്യങ്ങളെ ഭീകരപ്രവർത്തനമായി കാണരുതെന്ന് കോടതി ഓർമിപ്പിക്കുന്നു. ‘എതിരഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള ആവേശത്തിൽ പ്രതിഷേധിക്കാനുള്ള ഭരണഘടനാദത്തമായ അവകാശങ്ങളും ഭീകരപ്രവർത്തനവും തമ്മിൽ വേർതിരിക്കുന്ന രേഖ സർക്കാരിന്റെ മനസ്സിൽനിന്ന് മാഞ്ഞുപോയതായി തോന്നുന്നു’ എന്ന് കോടതി പറഞ്ഞത് ഈ സാഹചര്യത്തിലാണ്. ഭീകരവാദം ആരോപിക്കാനുള്ള ഒരു ഘടകവും ഈ വിദ്യാർഥികൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ ഇല്ലെന്നും കോടതി കണ്ടു. സർക്കാർ നിലപാടിലെ തെറ്റ് ചൂണ്ടിക്കാട്ടാൻ, എന്താണ് ഭീകരവാദമെന്ന് നിർവചിച്ച സുപ്രീംകോടതി വിധികൾ പലതും ഡൽഹി ഹൈക്കോടതി ഉദ്ധരിക്കുന്നുണ്ട്.
രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തി ജയിലിലടയ്ക്കുക എന്നത് സ്വാതന്ത്ര്യസമരത്തെ നേരിടാൻ ബ്രിട്ടീഷ് ഭരണാധികാരികൾ സ്വീകരിച്ച രീതിയാണ്. കോടതി കുറ്റക്കാരനാണോ എന്ന് നിശ്ചയിക്കുംമുമ്പ് ഒരാളെ സർക്കാർ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ആയിരങ്ങളാണ് ഇങ്ങനെ ഇന്ത്യൻ തടവറകളിൽ വിചാരണത്തടവുകാരായി ഉള്ളത്. ഡൽഹി കേസിന് സമാനമായ രീതിയിൽ യുഎപിഎ പോലെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്. ഒട്ടേറെ പൗരാവകാശ പ്രവർത്തകരും സാംസ്‌കാരിക നായകരും അഭിഭാഷകരും ഇങ്ങനെ കോവിഡ് പടരുന്ന ജയിലുകളിൽ കഴിയുന്നു. ചികിത്സ കിട്ടാൻ പോലും ഇവർക്ക് നീണ്ട നിയമയുദ്ധം വേണ്ടിവരുന്നു. യുഎപിഎ സാധ്യമാകാത്തിടങ്ങളിൽ ഐപിസി 124 എ, 153 വകുപ്പുകൾ പ്രകാരവും രാജ്യദ്രോഹം ആരോപിച്ചു കേസെടുക്കുന്നു. സർക്കാരിനെ വിമർശിച്ചതിന് വിഖ്യാത മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരായ ഇത്തരത്തിൽ ദേശദ്രോഹക്കേസ് ചുമത്തിയത് സുപ്രീംകോടതി റദ്ദാക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
എന്നാൽ, തങ്ങൾക്ക് കോടതികളും നീതിന്യായവ്യവസ്ഥയും ഒന്നും ബാധകമല്ലെന്ന ഹുങ്കിൽ കേന്ദ്ര സർക്കാർ നീങ്ങുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണം നമ്മുടെ അരികെ ലക്ഷദ്വീപിൽ കണ്ടു. വിനോദ് ദുവ കേസിലെ വിധിപ്പകർപ്പ് രാജ്യം ചർച്ച ചെയ്യുന്നതിനിടയിൽ ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തകയായ ആയിഷ സുൽത്താനയ്ക്കെതിരെ ഇതേ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. ഒരു ചാനൽ ചർച്ചയിൽ ഉപയോഗിച്ച വാക്കിലാണ് ‘ദേശദ്രോഹം' കണ്ടെത്തിയത്.
യഥാർഥത്തിൽ രാജ്യത്തെ നീതിന്യായ സംവിധാനത്തോട് തെല്ലെങ്കിലും ബഹുമാനം പുലർത്തുന്നുവെങ്കിൽ ഇത്തരം കേസുകൾ പിൻവലിക്കാനും അങ്ങനെ തടവിലാക്കപ്പെട്ടവരെയെല്ലാം എത്രയുംവേഗം വിട്ടയക്കാനുമാണ് കേന്ദ്ര സർക്കാർ തയ്യാറാകേണ്ടത്. സിപിഐ എം പൊളിറ്റ് ബ്യൂറോ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പക്ഷേ, ഈ സർക്കാരിൽനിന്നോ അതിനെ നയിക്കുന്നവരിൽനിന്നോ അങ്ങനെയൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല. അവർ ‘രാജ്യദ്രോഹം' എന്ന വാളുമായി തലങ്ങുംവിലങ്ങും പായുകയാണ്. കേന്ദ്ര സർക്കാരോ ലക്ഷദ്വീപിലെ പ്രഫുൽ ഖോഡ പട്ടേലിനെപ്പോലെയുള്ള അവതാരങ്ങളോ മാത്രമല്ല കേരളത്തിലെ ബിജെപി മണ്ഡലം പ്രസിഡന്റുമാർ പോലും രാഷ്ട്രീയ എതിരാളികളെ ഈ ആയുധം വീശി ഭയപ്പെടുത്താൻ നോക്കുന്നു. എതിർപ്പ് ഉയർത്തുന്ന ആരെയും രാജ്യദ്രോഹിയാക്കി ജയിലിൽ അടയ്ക്കുമെന്നു ഭീഷണി മുഴക്കുന്നു. ഇക്കൂട്ടരെ ചങ്ങലയ്ക്കിടാൻ കോടതികൾക്കു മാത്രം കഴിയില്ല. സംഘടിത ജനശക്തി തന്നെ ഉയരേണ്ടിവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..