27 September Wednesday

ബാങ്ക് സമ്പന്നര്‍ക്ക് ജനങ്ങള്‍ക്ക് ചാര്‍ജ്

വെബ് ഡെസ്‌ക്‌Updated: Saturday May 13, 2017


ഇന്ത്യയില്‍ ബാങ്കിങ് മേഖല വെറുമൊരു ലാഭാധിഷ്ഠിത വ്യാപാരമാകാന്‍ ഇനി അധികകാലമില്ലെന്ന മുന്നറിയിപ്പാണ് മോഡിഭരണം നല്‍കുന്നത്. സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്കാണ് പ്രയാണം. വ്യാപാരത്തില്‍ സാധനമായാലും സേവനമായാലും പരമാവധി ലാഭംകൂടി ചേര്‍ത്തായിരിക്കും ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത്. സ്വകാര്യ- പൊതുമേഖലാസംരംഭങ്ങള്‍ ഒരേ ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വില നിശ്ചയിക്കുക വഴിയാണ് സ്വകാര്യലാഭതാല്‍പ്പര്യങ്ങളെ നിയന്ത്രിക്കാറുള്ളത്. ഇത് ഉപയോക്താവിന് കുറഞ്ഞ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമായിരുന്നു. സ്വാതന്ത്യ്രത്തിന് മുമ്പുതന്നെ പൊതുമേഖലാ ബാങ്കിങ് ശക്തമായ രാജ്യമാണ് ഇന്ത്യ. 1969ലെ ദേശസാല്‍ക്കരണത്തോടെ അത് ദൃഢമായി. കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകത്താകമാനം ബാങ്കിങ് വ്യവസായം നേരിട്ട കടുത്ത പ്രതിസന്ധി ഇന്ത്യയില്‍ ഏശാതെപോയതിന് പിന്നില്‍ നമ്മുടെ കരുത്തുറ്റ പൊതുമേഖലതന്നെയായിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷത്തെ മോഡി ഭരണത്തില്‍ എല്ലാം മാറിമറിഞ്ഞിരിക്കുന്നു.

ബിജെപി ഭരണം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചപോലെ കള്ളനോട്ടും കള്ളപ്പണവും ഭീകരപ്രവര്‍ത്തനവും ഒന്നുമായിരുന്നില്ല ഇന്ത്യയിലെ ധനവ്യവസ്ഥയെ അട്ടിമറിച്ചതിന് പിന്നില്‍. വളരെ കൃത്യമായ കോര്‍പറേറ്റ് - വാണിജ്യ താല്‍പ്പര്യങ്ങളും അതിനുവേണ്ടിയുള്ള കണിശമായ ആസൂത്രണവും മോഡി ഗവണ്‍മെന്റിന്റെ ധനപരിഷ്കരണങ്ങള്‍ക്കുപിന്നില്‍ കാണാന്‍ സാധിക്കും. രണ്ട് പഠന റിപ്പോര്‍ട്ടുകള്‍ ഇക്കാര്യത്തില്‍ അതീവപ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ബാങ്കിങ് മേഖലയില്‍ നടപ്പാക്കേണ്ട പരിഷ്കരണങ്ങളെക്കുറിച്ച് പഠിച്ച പി ജെ നായക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്വകാര്യവല്‍ക്കരണനീക്കങ്ങളെ സര്‍വാത്മനാ പിന്തുണയ്ക്കുന്നതായിരുന്നു. നായക് കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി, പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍വിഹിതം പടിപടിയായി വെട്ടിക്കുറയ്ക്കണമെന്നും സ്വകാര്യപങ്കാളിത്തം  ഇന്ത്യന്‍ ബാങ്കിങ് സേവനങ്ങളെ മെച്ചപ്പെടുത്തുമെന്നും മോഡി സര്‍ക്കാര്‍ പ്രചരിപ്പിച്ചു. എന്നാല്‍, ഇതേകാലയളവില്‍ ഇന്ത്യക്ക് അകത്തും പുറത്തും സ്വകാര്യ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 2016 ആഗസ്തില്‍ നിയമിച്ച് മൂന്നുമാസംകൊണ്ട് റിപ്പോര്‍ട്ട് വാങ്ങിയ രത്തന്‍ പി വാഡല്‍ കമ്മിറ്റിയായിരുന്നു സമീപകാല അട്ടിമറികളുടെ ആസൂത്രകര്‍.

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രേത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും പരിഷ്കാരങ്ങളും സമര്‍പ്പിക്കുകയായിരുന്നു കമ്മിറ്റിയുടെ ദൌത്യം. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍തന്നെ ആരംഭിച്ച ജന്‍ധന്‍ ബാങ്ക് അക്കൌണ്ടുകളുടെ പ്രചാരവേലയും ഇതുമായി ചേര്‍ത്തുവായിക്കണം.  ജനസംഖ്യയുടെ പത്ത് ശതമാനത്തിന് മാത്രം സജീവ ബാങ്കിങ് ബന്ധമുള്ള രാജ്യത്താണ് ഡിജിറ്റല്‍ ഇടപാടുകള്‍ സാര്‍വത്രികമാക്കാന്‍ യുദ്ധകാലനടപടികള്‍  സ്വീകരിക്കപ്പെട്ടത്. കടുത്ത പ്രചാരവേലയിലൂടെ ഇന്ത്യയിലെമ്പാടുമായി 26 കോടി ജന്‍ധന്‍ ബാങ്ക് അക്കൌണ്ടുകളാണ് പുതുതായി ചേര്‍ത്തത്. ഇവയില്‍ മഹാഭൂരിപക്ഷവും സീറോ ബാലന്‍സ് അക്കൌണ്ടുകളായിരുന്നു. ഇതിനുമുമ്പ് 20 കോടിയില്‍ താഴെ അക്കൌണ്ടുകളാണ് രാജ്യത്ത് നിലവിലുണ്ടായിരുന്നത്. ഇതില്‍ കുറെയേറെ പേര്‍ ഒന്നിലേറെ അക്കൌണ്ടുള്ളവരും. ഡിജിറ്റലൈസേഷന് പഠനം നടന്നുകൊണ്ടിരിക്കെയാണ്് മോഡി ഗവണ്‍മെന്റ് അപ്രതീക്ഷിതമായി കറന്‍സി നിരോധനം കൊണ്ടുവന്നത്. തുടര്‍ന്നുണ്ടായ കടുത്ത പ്രതിസന്ധിയുടെ മറവില്‍ പണരഹിത ഇടപാടുകള്‍ എന്ന ആശയം മോഡി മുന്നോട്ടുവച്ചു. അപ്പോഴേക്കും കോര്‍പറേറ്റുകളുടെ പേമെന്റ് ബാങ്കുകള്‍ കൂണുപോലെ മുളച്ചുപൊന്താന്‍ തുടങ്ങിയിരുന്നു.

ഇന്ത്യന്‍ ബാങ്കിങ് മേഖലയെ സമ്പന്നതാല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി ഉടച്ചുവാര്‍ക്കുന്ന നടപടികളും നിയന്ത്രണങ്ങളുമാണ് തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നത്. അഞ്ച് പ്രധാന പൊതുമേഖലാ ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചതിന് പിന്നിലും കുത്തകതാല്‍പ്പര്യം വ്യക്തമാണ്. മറുവശത്ത് വമ്പന്മാരുടെ കുടിശ്ശിക കിട്ടാക്കടമാക്കി എഴുതിത്തള്ളലും യഥേഷ്ടം നടന്നു. 9000 കോടി വെട്ടിച്ച വിജയ് മല്യയ്ക്ക് വിദേശത്ത് സുഖവാസത്തിനും അവസരമൊരുങ്ങി. ഏറ്റവുമൊടുവില്‍ കിട്ടാക്കടങ്ങളുടെ സര്‍വ തലവേദനയും റിസര്‍വ് ബാങ്കിനെ ഏല്‍പ്പിച്ച് ഓര്‍ഡിനന്‍സുമിറക്കി. കിട്ടാക്കടം തിരിച്ചുപിടിക്കലല്ല മാനേജ്ചെയ്യലാകും കേന്ദ്രബാങ്കിന്റെ ചുമതല. ചുരുക്കത്തില്‍ കടക്കാരായ വമ്പന്മാര്‍ തലയൂരിക്കഴിഞ്ഞെന്നര്‍ഥം.

ഇത്രയൊക്കെ പശ്ചാത്തലമൊരുക്കിയശേഷമാണ് ഇന്ത്യയിലെ ജനകീയ ബാങ്കിങ് അവസാനിപ്പിക്കാനുള്ള കരുക്കള്‍ നീങ്ങുന്നത്. സാധാരണക്കാരായ ബാങ്ക് ഇടപാടുകാരെ മുഴുവന്‍ സ്വകാര്യ പേമെന്റ് ബാങ്കുകളിലേക്ക് ആട്ടിത്തെളിക്കാനുള്ള അണിയറനീക്കങ്ങളാണ് പുരോഗമിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ വന്‍തോതില്‍ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞ കേന്ദ്രഭരണത്തിനുകീഴില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തന്നെ അവിശ്വസനീയമായ നിരക്ക് ഈടാക്കുമെന്ന് പ്രഖ്യപിച്ചിരിക്കുന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ എടിഎം ചാര്‍ജ് മാത്രം പിന്‍വലിച്ചെങ്കിലും മറ്റ് ചാര്‍ജുകള്‍ക്കൊന്നും മാറ്റമില്ല. തുടങ്ങിവച്ച ഈ ചാര്‍ജുകള്‍ പലരൂപത്തില്‍ ഇനിയും തിരിച്ചുവരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എസ്ബിഐ അധികൃതര്‍ പറയുന്നതുപോലെ ഇത് കേവലം ഒരു പിശകല്ല. എല്ലാ ബാങ്ക് ഇടപാടുകള്‍ക്കും ചാര്‍ജ് ഈടാക്കാന്‍ പോകുന്നുവെന്നതിന്റെ മുന്നറിയിപ്പ് മാത്രം. ഉയര്‍ന്ന ചാര്‍ജുകള്‍, ഉയര്‍ന്ന മിനിമം ബാലന്‍സ്, മറ്റ് നിയന്ത്രണങ്ങള്‍ എല്ലാം ചേരുമ്പോള്‍ പിന്‍വാങ്ങുകമാത്രമാണ് പോംവഴി.  സാധാരണക്കാരന്‍ ഇടപാടുകള്‍ നടത്തിയിരുന്ന ബാങ്കുകള്‍ ലയിപ്പിച്ച് വന്‍കിട ബാങ്കാക്കി മാറ്റി പിന്നീട് അവര്‍ക്ക് അപ്രാപ്യമാക്കുക. 'കുറഞ്ഞ' നിരക്കില്‍ 'സേവനം നല്‍കുന്ന' സ്വകാര്യ പേമെന്റ് ബാങ്കുകളിലേക്ക് അവരെ ആകര്‍ഷിക്കുക. ദേശസാല്‍ക്കരണത്തിലൂടെ പൊതുമേഖലാ ബാങ്കുകള്‍ ആര്‍ജിച്ച കരുത്തും സമ്പത്തുമെല്ലാം ഇനി വന്‍കിടക്കാരുടെ വ്യാപാരത്തിന് മാത്രമായി പരിമിതപ്പെടുത്താം. ഓഹരി ഉടമകളായും ഇടപാടുകാരായുമൊക്കെ ഇനി സമ്പന്നര്‍ മതി. ദേശസാല്‍ക്കൃതം എന്ന മേലങ്കി ഇനി എത്രകാലം എന്നുമാത്രമേ ഇനി ആലോചിക്കേണ്ടതുള്ളൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top