25 March Saturday

ബാങ്ക് ലയനം ആര്‍ക്കുവേണ്ടി?

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018


മൂന്ന്  പൊതുമേഖലാ ബാങ്കുകൂടി  ലയിപ്പിച്ച്  ഒറ്റബാങ്ക് ആക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ന് ബാങ്കിങ് മേഖല നേരിടുന്ന പല പ്രശ്നങ്ങൾക്കും ഒറ്റമൂലി എന്ന അവതരണ ഗാനത്തോടെയാണ് ഈ ലയിപ്പിക്കലിന്റെയും വരവ്. എന്നാൽ, ബാങ്കിങ്‌ മേഖലയിലെ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ ലയനം പര്യാപ്തമല്ലെന്ന് എസ്ബിഐ ലയനം പഠിപ്പിക്കുന്നു. ലയനത്തിനെതിരെ സമരത്തിനിറങ്ങിയ ജീവനക്കാർ അവരുടെ പ്രൊമോഷനും സ്ഥലംമാറ്റവുംമാത്രം മുൻനിർത്തി പ്രതിഷേധിക്കുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ, അവർ ഉന്നയിച്ച പ്രശ്നങ്ങൾ പലതും കൂടുതൽ പ്രസക്തമാക്കുന്നതാണ് എസ്ബിഐ ലയനത്തിനുശേഷം ലഭ്യമായ വസ‌്തുതകളും കണക്കും.

എസ്ബിഐയിൽ അഞ്ച് അസോസിയറ്റ് ബാങ്ക‌് ലയിപ്പിച്ചത് 2017 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന വിധമായിരുന്നു. ലയനത്തിനുശേഷമുണ്ടായ ഏറ്റവും ശ്രദ്ധേയമായ കാര്യം 200 വർഷത്തിനിടെ ആദ്യമായി എസ്ബിഐ നഷ്ടത്തിലായി എന്നതാണ്. ലയിപ്പിച്ച അസോസിയറ്റ് ബാങ്കുകൾക്ക് 2017 മാർച്ച് 31 വരെയുള്ള ആകെ കിട്ടാക്കടം ഏകദേശം 65,000 കോടി രൂപയായിരുന്നു. എസ്ബിഐയുടേത് 1,12,000 കോടി രൂപയും. ഇപ്പോൾ 2018 മാർച്ച് 31ലെ കണക്ക് ലഭ്യമാണ്. അതനുസരിച്ച് എസ്ബിഐയുടെ കിട്ടാക്കടം 2,25,000 കോടി ആയി ഉയർന്നു. 1,77,000 കോടി ആയിരുന്ന ആകെ കിട്ടാക്കടത്തിൽ 48,000 കോടിയുടെ വർധന. അപ്പോൾ ലയനത്തിലൂടെ ആ വഴിക്ക‌് ഒരു നേട്ടവും ഉണ്ടായില്ലെന്ന് വ്യക്തം. മോശമായെന്നതാണ് സത്യം. ബാങ്ക് ശാഖകൾ അടച്ചുപൂട്ടിയതും ജീവനക്കാരെ കുറച്ചതും ശാഖകളിൽ ബിസിനസ് കുറഞ്ഞതുമാണ് ലയനത്തിന്റെ മറ്റ് പാർശ്വഫലങ്ങൾ. ഇതൊന്നും ബാങ്കുകൾക്കോ ഇടപാടുകാർക്കോ ജീവനക്കാർക്കോ ഗുണകരമായ കാര്യങ്ങളല്ലല്ലോ.

ഇന്ത്യയിലെ ബാങ്ക് മേഖല ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അടിയന്തര പരിഹാരം വേണ്ട ഈ പ്രശ്നങ്ങളിൽ മുഖ്യം കിട്ടാക്കടംതന്നെ. പിടിച്ചെടുക്കാനാകാത്ത വായ്പകൾ 2014 മുതൽ കുത്തനെ ഉയരുകയായിരുന്നു. 2014 മാർച്ച് 31ന്റെ കണക്കനുസരിച്ച് ബാങ്കുകളുടെ ആകെ കിട്ടാക്കടം 2,29,278 കോടിയായിരുന്നു. 2018 മാർച്ച് 31ന്റെ കണക്കിൽ അത് 8,95,600 കോടിയായി. ആറര ലക്ഷം കോടിയിലധികമാണ്‌ വർധന. ഈ കടം തിരിച്ചുപിടിക്കാൻ സർക്കാരിനു കഴിയുന്നില്ല. വിജയ്‌ മല്യയും നീരവ് മോഡിയും വിൻസം ഡയമണ്ട്സും വീഡിയോ കോണുമൊക്കെ ഉൾപ്പെട്ട ഈ തട്ടിപ്പുകളിൽ ഫലപ്രദമായ ഇടപെടലില്ല . അത് പ്രതീക്ഷിക്കാനും വയ്യ.

പ്രധാനമന്ത്രിക്കൊപ്പം വിദേശ സന്ദർശനം നടത്തുന്നവരും പ്രതിയായി നാടുകടക്കുന്നതിന്റെ തലേദിവസം ധനമന്ത്രിയെ കണ്ട് യാത്രപറയുന്നവരും ഉൾപ്പെടുന്നവരാണ് ഈ പട്ടികയിലുള്ളത്. അതുകൊണ്ടുതന്നെ സർക്കാർ നടപടികളുടെ ആത്മാർഥത ഊഹിക്കാം.  ഇതിന്റെ പേരിൽ ഉയരുന്ന വിമർശങ്ങളിൽനിന്ന് രക്ഷനേടാൻകൂടിയാണ് എല്ലാത്തിനും പരിഹാരമായി ലയനം എന്ന മട്ടിലുള്ള നീക്കം. ഇപ്പോൾ ലയിപ്പിക്കുന്ന ബാങ്ക് ഒഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ കിട്ടാക്കടം 80,000 കോടി രൂപയാണ്. ലയനച്ചർച്ച മുറുകുന്നതോടെ ഈ കിട്ടാക്കടവും വിഷയമല്ലാതാകും. കോടികൾ വാങ്ങി മുങ്ങിയ തട്ടിപ്പുകാരും അവരെ രക്ഷിക്കുന്ന  സർക്കാരും ഇതോടെ തൽക്കാലത്തേക്ക് രക്ഷപ്പെടും.

രാജ്യത്തെ 21 പൊതുമേഖലാ ബാങ്കിൽ 19 എണ്ണവും നഷ്ടത്തിലാണ്. 2018 മാർച്ച് 31 വരെയുള്ള ഇവയുടെ പ്രവർത്തനലാഭം 1,55,565 കോടിയാണ്. എന്നാൽ, കിട്ടാക്കടം ഇനത്തിലുള്ള  2,70,000 കോടിയുടെ നഷ്ടം ചേരുമ്പോൾ ആകെ നഷ്ടം 85,000 കോടി രൂപയായി മാറുന്നു. ഇതുതന്നെയാണ് ബാങ്കിങ്‌ മേഖലയിൽ പരിഹാരം ഉണ്ടാകേണ്ട പ്രശ്നം. ക്രിമിനൽ നടപടികൾ അടക്കം ശക്തമാക്കി  ഈ കടം പിടികൂടുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. ലയനംപോലുള്ള ചെപ്പടിവിദ്യകൾ ആ മേഖലയെ രക്ഷിക്കില്ല. 

ലയനത്തിന്റെ മറവിൽ പൊതുമേഖലാ ബാങ്കുകളിലേക്ക്‌ സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റത്തിനും ക്രമേണ സ്വകാര്യവൽക്കരണത്തിന‌് വഴിതെളിക്കുക എന്ന ഗൂഢലക്ഷ്യവും സർക്കാരിനുണ്ടെന്നും ന്യായമായും സംശയിക്കാം. ലയിച്ചു വലുതാകുന്ന ബാങ്കുകളുടെ സേവന സൗകര്യങ്ങളും മൂലധനവും സ്വകാര്യ കുത്തകകൾക്കുകൂടി ലഭ്യമാക്കുന്ന തന്ത്രം എസ്ബിഐ ലയനത്തിനുശേഷം നമ്മൾ കണ്ടു. റിലയൻസുമായി ചേർന്ന് എസ്ബിഐ തുടങ്ങിയ പെയ‌്‌മെന്റ് ബാങ്ക് ഈ വഴിക്കുള്ള നീക്കമാണ്. എസ്ബിഐക്ക‌് തനിയെ ചെയ്യാവുന്ന കാര്യം റിലയൻസിന് 70 ശതമാനം പങ്കാളിത്തം നൽകി നടപ്പാക്കുകയാണ് ചെയ‌്തത‌്.

ചുരുക്കത്തിൽ ലയനം ഒരു മറമാത്രമാണ്. ജനവിരുദ്ധ സാമ്പത്തികനയങ്ങളും അതിന്റെ ഫലമായി ബാങ്ക് രംഗത്തുണ്ടാകുന്ന കെടുതികളും മറച്ചുപിടിക്കാനാണ‌് ശ്രമം. ഒപ്പം ബാങ്ക് സ്വകാര്യവൽക്കരണം എന്ന ബിജെപി സർക്കാരിന്റെ  ലക്ഷ്യത്തിലേക്കുള്ള ചുവടുവയ‌്പും. അതുകൊണ്ടുതന്നെ ഈ ലയനനീക്കം തിരുത്തിയ്‌ക്കാൻ  ബാങ്ക് ജീവനക്കാർക്കൊപ്പം ജനാധിപത്യ പുരോഗമനശക്തികൾ ആകെ അണിനിരക്കേണ്ടതുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top