03 October Tuesday

ഭീകരവാദത്തിന‌് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 27, 2019


പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം ലോകമാകെ  പ്രതിഷേധം ഉയർത്തിയതാണ്.  സ്വയം മനുഷ്യബോംബായി ഭീകരർ നടത്തിയ ആക്രമണത്തിൽ 40 സൈനികർക്കാണ‌് ജീവൻ നഷ്ടമായത‌്. ഓർക്കാപ്പുറത്ത് നടന്ന ആക്രമണത്തെ അപലപിക്കാത്തവരില്ല. പാക് അധിനിവേശ പ്രദേശങ്ങളിലും പാക് അതിർത്തിക്കകത്തുതന്നെയും തമ്പടിച്ച ഭീകരരാണ് ഇത്തരം ആക്രമണം നടത്തിയത് എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ജയ്‌ഷെ മുഹമ്മദ‌് എന്ന സംഘടന ആക്രമണത്തിന്റെ  ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ നാൽപ്പതു ജവാന്മാരെ വീരമൃത്യുവിലേക്കു നയിച്ച ഭീകരർ പരമാവധി ശിക്ഷയർഹിക്കുന്നു. നശീകരണ ആയുധവും വിദ്വേഷംതുളുമ്പുന്ന മനസ്സുമായി  ഒളിത്താവളങ്ങളിൽ പതിയിരിക്കുന്നവരെത്തേടി ഇന്ത്യൻ വ്യോമസേന  നടത്തിയ ആക്രമണം ഭീകരർക്കെതിരെ ചിന്തിക്കുന്നവരിൽ മതിപ്പുളവാക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. പാകിസ്ഥാനിലെ ഭീകരത്താവളങ്ങൾ  ആക്രമിച്ച  ഓപ്പറേഷനിൽ പങ്കാളികളായ വ്യോമസേനയെ അഭിനന്ദിക്കാനുള്ള അവസരമാണിത്. 

പാകിസ്ഥാനിലെ ബാലാകോട്ട് മേഖലയിലെ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന ക്യാമ്പ് ആക്രമിച്ചെന്നും നിരവധി ഭീകരർ കൊല്ലപ്പെട്ടെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖല വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ  ഭീകരരെ പരിശീലിപ്പിക്കുന്നവരും കമാൻഡർമാരും ചാവേറുകളും ഉണ്ടെന്നും അദ്ദേഹം പറയുന്നു. ആക്രമണവിവരം പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വൻ നാശനഷ്ടമുണ്ടായി എന്ന അവകാശവാദം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻതന്നെ നിഷേധിക്കുകയും ചെയ‌്തു. ഇന്ത്യൻ ആക്രമണത്തിനുള്ള പ്രതികരണമെന്നോണം  കശ്മീരിലെ നൗഷേര, അഖ്നൂർ സെക്ടറുകളിലും തുടർന്ന് കൃഷ്ണഘാട്ടിയിലും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ പട്ടാളം വെടിവയ‌്പ്പ് നടത്തുന്നതായി വാർത്തയുണ്ട‌്. അതിർത്തിക്ക‌് ഇരുവശത്തുമുള്ള ജനങ്ങൾ കടുത്ത യുദ്ധഭീതിയിലാണിപ്പോൾ കഴിയുന്നത‌്. 

മൂന്ന‌് വർഷംമുമ്പ‌് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽനിന്ന‌് തീർത്തും വ്യത്യസ‌്തമായ ആക്രമണമാണ‌് ഇക്കുറി വ്യോമസേനയുടെ ഭാഗത്തുനിന്ന‌് ഉണ്ടായിട്ടുള്ളത‌്. ആക്രമണം നടന്ന ബാലാകോട്ട‌് പഖതൂൺഖ്വ പ്രവിശ്യയിലേതാണെങ്കിൽ അത‌് പാക് അധിനിവേശ കശ‌്മീരിന‌് പുറത്തുള്ള പ്രദേശമാണെന്നർഥം. 2016 ലെ മിന്നലാക്രമണം നിയന്ത്രണരേഖയ‌്ക്ക‌് അടുത്തുള്ള പ്രദേശത്തായിരുന്നു. എന്നാലിപ്പോൾ പാക് അതിർത്തിക്കുള്ളിലെ പ്രദേശമാണ‌് ആക്രമണത്തിന‌് വിധേയമായിട്ടുള്ളത‌്. അതുകൊണ്ടുതന്നെ പാകിസ്ഥാൻ ഇതിനോട‌് എങ്ങനെയാണ‌് പ്രതികരിക്കുക എന്ന‌് ഇപ്പോൾ പ്രവചിക്കാനാകില്ല. ഭീകരപ്രവർത്തകർക്ക് ഒളിവിടങ്ങളും സൗകര്യങ്ങളും ഒരുക്കുന്നത് ഒരുതരത്തിലും  ന്യായീകരിക്കപ്പെട്ടുകൂടാ.  പാകിസ്ഥാൻ ഇക്കാര്യത്തിൽ ഒട്ടേറെ സംശയങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്.  എങ്കിലും തുറന്നയുദ്ധം പ്രശ‌്നങ്ങൾ പരിഹരിക്കുമെന്ന‌് കരുതുന്നതും മൗഢ്യമായിരിക്കും. ഇന്ത്യ–-പാക് സംഘർഷം മൂർച്ഛിക്കുന്നത‌് മേഖലയെ അശാന്തമാക്കുകയും ചെയ്യും. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ചൈന ആവശ്യപ്പെടുന്നതും ഇതുകൊണ്ടാണ‌്.

ഭീകരവാദത്തെ ഇല്ലാതാക്കാൻ നയചാതുരിയോടെയും പക്വതയോടെയും ഇടപെടലുണ്ടാകണം. നോട്ടു നിരോധനത്തോടെ ഭീകരവാദം ഇല്ലാതാകും എന്ന അവകാശവാദം നാം കേട്ടതാണ്. 2016 ലെ മിന്നലാക്രമണത്തോടെ ഇനി ഭീകരർ തലപൊക്കില്ല എന്ന അവകാശവാദവും ഉയർന്നു. പക്ഷേ, യാഥാർഥ്യം മറിച്ചാണ് എന്ന് കണക്കുകൾ തെളിയിക്കുന്നു. 2018ൽ ഭീകരാക്രമണങ്ങൾ വൻതോതിൽ വർധിച്ചു. പത്തുവർഷത്തിനിടെ ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ടത‌് 2018ലാണ‌്.  ഗവർണർ ഭരണത്തിലിരുന്ന കഴിഞ്ഞ വർഷമാണ‌് വ്യത്യസ‌്ത ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി സൈനികരും ഭീകരരും സാധാരണക്കാരും ഉൾപ്പെടെ  451 പേർ കൊല്ലപ്പെട്ടത‌്. 

ഇവിടെ അടിസ്ഥാനപ്രശ്നം കശ്മീർവിഷയമാണ്. അതിന്റെ പരിഹാരംകൊണ്ടേ അതിർത്തിയിലെ അസമാധാനത്തിനും അറുതിയുണ്ടാക്കാനാകൂ. ശരിയായ രാഷ്ട്രീയസമീപനമാണ് അതിനാവശ്യം. സൈനിക നടപടിയോ പേശീബലമോ അല്ല.  കശ്മീരിലെ ജനങ്ങൾ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ചും രാഷ്ട്രീയ പാർടികളെ വിശ്വാസത്തിലെടുത്തും ജനാധിപത്യപ്രക്രിയ പുനഃസ്ഥാപിച്ചും കശ്മീരിന്റെ സവിശേഷപദവി സംരക്ഷിച്ചുമുള്ള ഇടപെടൽ  അനിവാര്യമാകുന്ന സമയമാണിത്. രാജ്യത്തിന്റെ  അതിർത്തി കടന്നുവന്ന‌് ആക്രമണം നടത്തുന്ന ഭീകരർക്കെതിരെ  അതിശക്തമായ തിരിച്ചടിതന്നെ ഉണ്ടാകണം. അത് സ്വന്തം നേട്ടമാക്കുകയോ യുദ്ധോത്സുക അന്തരീക്ഷം സൃഷ്ടിക്കുകയോ അല്ല വേണ്ടത് എന്ന തിരിച്ചറിവിലേക്ക‌് കേന്ദ്ര ഭരണം നയിക്കുന്ന കക്ഷിയും  ഉയരണം.  യുദ്ധം വിനാശത്തിലേക്കാണ് നയിക്കുക. ആണവായുധങ്ങളുള്ള അയൽരാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന് വളരെ ഗൗരവമായ മാനങ്ങളുണ്ട്.  രാജ്യത്താകെ ജനങ്ങൾ ആശങ്കയോടെയാണ് ഈ വാർത്തകളെ കാണുന്നത്. അത്തരം ആശങ്കകൾ ദൂരീകരിക്കേണ്ടതുണ്ട്. എങ്കിലേ ഭീകരതയ്‌ക്കെതിരായ പോരാട്ടം വിജയം കാണൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top