09 August Sunday

കേന്ദ്ര ധന നയം പൊളിച്ചെഴുതണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


കോവിഡ്–-19 മഹാമാരിയെ നേരിടാൻ സംസ്ഥാനങ്ങളുടെ ധനപരമായ ആരോഗ്യം അടിയന്തരമായി ശക്തിപ്പെടേണ്ടതുണ്ട്. കോവിഡിനെതിരായ യുദ്ധത്തിൽ മുന്നിൽനിന്ന് പോരാടുന്നത് സംസ്ഥാനങ്ങളാണ്. അതിന് അവരുടെ കൈയിൽ പണം വേണം. ആരോഗ്യമേഖലയിലടക്കം എല്ലാ മേഖലയിലും പണം ചെലവാക്കേണ്ട സാഹചര്യം. എന്നാൽ, ഏതാണ്ട് എല്ലാ സംസ്ഥാനത്തും റവന്യൂ വരുമാനം ഇടിഞ്ഞിരിക്കുന്നു. നേരത്തേതന്നെ രാജ്യത്തെ വിഴുങ്ങിയ സാമ്പത്തികമാന്ദ്യമാണ്‌ ഇതിന് പ്രധാനകാരണം. ചരക്കുസേവന നികുതി (ജിഎസ്ടി) പ്രതീക്ഷിച്ച തോതിൽ ഒരിടത്തും വർധിച്ചില്ല.  ലോക്ക്ഡൗൺകൂടി നടപ്പാക്കിയതോടെ എല്ലാ സംസ്ഥാനത്തും വരുമാനം വീണ്ടും കുറഞ്ഞു. ഇനി ഉടനെ വർധിക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ. 

പ്രതിസന്ധിയെത്തുടർന്ന് ചില സംസ്ഥാനങ്ങൾ ജീവനക്കാരുടെ ശമ്പളംപോലും വെട്ടിക്കുറച്ചു. കേരളത്തിൽ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഉറപ്പിക്കാം. ഏത്‌ വൈഷമ്യങ്ങൾക്കു നടുവിലും ബദൽവഴികളിലൂടെ മുന്നേറാൻ  സംസ്ഥാന സർക്കാർ ആകുന്നത്ര ശ്രമിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ, തനത്‌ വരുമാന സ്രോതസ്സുകൾ ഏറെയില്ലാത്ത  സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുക മാത്രമാണ് പോംവഴി.  

ഈ ലക്ഷ്യത്തെ മുൻനിർത്തി ചരക്കുസേവന നികുതിയിലെ കുടിശ്ശികയും  വിവിധ ഗ്രാന്റുകളും കേന്ദ്രം ഉടൻ നൽകണം. കടമെടുപ്പിന്റെ പരിധി  വർധിപ്പിക്കണം. ധനകമ്മിയുടെ പേരിൽ ചെലവുചുരുക്കുന്നതിനു പകരം വർധിപ്പിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം. സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ ഇതൊക്കെ. ഇതെല്ലാം അതിവേഗം നടപ്പായില്ലെങ്കിൽ എവിടെയും സ്ഥിതി ഗുരുതരമാകും.

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 3000 കോടിരൂപ കിട്ടാനുണ്ട്. വിവിധ സംസ്ഥാനങ്ങൾക്ക് ഈയിനത്തിൽ കൊടുക്കാനുള്ള 40000 കോടിയോളം രൂപ കേന്ദ്രം കൈയടക്കി വച്ചിരിക്കുകയാണ്. ജിഎസ്ടിയിൽ  ഉൾപ്പെടാത്ത പെട്രോളിയം, മദ്യം, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിൽ നിന്നുള്ള നികുതിവരുമാനവും മിക്ക സംസ്ഥാനങ്ങളിലും  നിലച്ചു. അതുകൊണ്ടുതന്നെ  നഷ്ടപരിഹാരം  ഇനിയും വൈകിച്ചുകൂടാ.

കൊറോണയുടെയും സാമ്പത്തികഞെരുക്കത്തിന്റെയും ഇരട്ട പ്രതിസന്ധി നേരിടുന്ന ഈ അസാധാരണ ദിവസങ്ങളിൽപ്പോലും ധനപരമായ കാര്യങ്ങളിൽ കേന്ദ്രം സംസ്ഥാനങ്ങളോട് ഉദാരമായ സമീപനം സ്വീകരിക്കുന്നില്ല. ധനവർഷത്തിന്റെ ആദ്യംതന്നെ കൂടുതൽ വായ്പ എടുക്കാമെന്നും ചില ഗ്രാന്റുകൾ നൽകാമെന്നുമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ഗൗരവമായ സ്ഥിതി നേരിടാൻ അതൊന്നും മതിയാകില്ല. മാത്രമല്ല, പ്രഖ്യാപിക്കുന്ന സഹായങ്ങളിൽ കേരളത്തോട് കടുത്ത വിവേചനവുമുണ്ട്. ഇത്തരമൊരു  സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ധന നയത്തിൽ കാര്യമായ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചിരിക്കുന്നു.  ഈ വിഷയത്തിൽ ചർച്ചകൾക്ക് തുടക്കമിടുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇക്കാര്യത്തിൽ മറ്റ്‌ സംസ്ഥാനങ്ങളുടെയും സാമ്പത്തികവിദഗ്ധരുടെയും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കോവിഡ് പ്രതിസന്ധിയുടെ ഈ വേളയിൽപ്പോലും സംസ്ഥാനങ്ങളുമായി കേന്ദ്രം കാര്യമായ ഒരു ചർച്ചയ്‌ക്കും തയ്യാറായിട്ടില്ല.


 

ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് കോവിഡ് പ്രതിരോധത്തിന്  തുക അനുവദിച്ചപ്പോൾ കേരളത്തോട്‌ വിവേചനമാണ് കാണിച്ചിട്ടുള്ളത്.  ഇങ്ങനെ പണം  അനുവദിച്ചത് സംസ്ഥാനങ്ങൾക്ക് സഹായകരംതന്നെ. എന്നാൽ, കോവിഡ് രോഗികൾ താരതമ്യേന കൂടുതലുള്ള  കേരളത്തിന് അനുവദിച്ചത് 157 കോടി രൂപമാത്രം. അതേസമയം, മഹാരാഷ്ട്രയ്‌ക്ക് കിട്ടിയത് 1,611 കോടി.  മഹാരാഷ്ട്രയിൽ കൂടുതൽ രോഗികളുണ്ടെന്നും  കേരളത്തേക്കാൾ ജനസംഖ്യ കൂടുതലാണെന്നും വേണമെങ്കിൽ വാദിക്കാം. എന്നാൽ, കേരളത്തേക്കാൾ ജനസംഖ്യ കുറവുള്ള, കോവിഡ് രോഗികൾ കുറവുള്ള പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവയടക്കം മറ്റ്‌ സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക അനുവദിച്ചതെങ്ങനെ? അതിഥിത്തൊഴിലാളികൾക്ക് വേണ്ടിയാണ് ഈ തുകയെന്ന് കേന്ദ്രം പറയുന്നു.  അങ്ങനെയെങ്കിൽ അതിഥിത്തൊഴിലാളികളുടെ എണ്ണം കുറവുള്ള ഒഡിഷയ്‌ക്ക് 802 കോടി അനുവദിച്ചതിന്റെ ന്യായമെന്ത്? ഒഡിഷയിലേക്കാൾ അതിഥിത്തൊഴിലാളികൾ കേരളത്തിലുണ്ട്. എന്നിട്ടും കേരളത്തിന്‌ നൽകിയതിന്റെ അഞ്ചിരട്ടി തുക ഒഡിഷയ്‌ക്ക് അനുവദിച്ചു. എന്ത്‌ മാനദണ്ഡമായാലും അത് പൊളിച്ചെഴുതണം.

ഇതിനിടെ, എംപിമാരുടെ പ്രാദേശിക വികസനഫണ്ട് രണ്ടുവർഷത്തേക്ക് മരവിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ്‌ കഴിഞ്ഞ ദിവസം തീരുമാനിച്ചു. കേന്ദ്രത്തിന് കൂടുതൽ പണം കണ്ടെത്താൻ സ്വീകരിച്ച ഈ നടപടിയും സംസ്ഥാനങ്ങൾക്ക് ദോഷംതന്നെ. കോവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾ കൂടുതൽ പണം തേടുന്ന സാഹചര്യത്തിൽ ഈ തീരുമാനം വിചിത്രമായി.  കോവിഡ് ബാധ രാജ്യത്ത് എല്ലായിടത്തും ഒരുപോലെയല്ല. ഏറ്റക്കുറച്ചിലുണ്ട്‌. ഓരോ പ്രദേശത്തിന്റെയും ആവശ്യം നോക്കി പണം അനുവദിക്കേണ്ടതുണ്ട്. എംപിമാർക്ക് അതിന് കഴിയുമായിരുന്നു. ഈ സാധ്യതയാണ് പെട്ടെന്ന് ഇല്ലാതാക്കിയത്.  രണ്ടുവർഷത്തേക്ക് എംപി ഫണ്ട് നിർത്തിയതുവഴി കേന്ദ്രത്തിന് 7,900 കോടി രൂപ ലഭിക്കും.

പെട്രോളിയത്തിന്റെ എക്സൈസ് തീരുവ അടിക്കടി വർധിപ്പിച്ചും റിസർവ് ബാങ്കിന്റെ കരുതൽധനം അപഹരിച്ചും കേന്ദ്രം പണം കണ്ടെത്തുന്നതിനുപുറമെയാണ് ഇത്തരം നടപടികൾ.  രാജ്യാന്തര വിപണിയിൽ എണ്ണവില വീപ്പ ഒന്നിന് 23 ഡോളറായി കുറഞ്ഞിട്ടും എക്സൈസ് തീരുവ വർധിപ്പിച്ച്  സർക്കാർ ലാഭമുണ്ടാക്കുകയായിരുന്നു. ഇങ്ങനെയൊക്കെ ചെയ്തിട്ടും  സംസ്ഥാനങ്ങളുടെ ധനപരമായ പ്രതിസന്ധി മറികടക്കാൻ കേന്ദ്രം സഹായിക്കുന്നില്ല. കോവിഡിന്റെയും മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ പണം ചെലവഴിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കഴിയണം. അതിനുപറ്റുന്നവിധം ധന നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top