01 October Sunday

ഇത് ആരുടെ ഇന്ത്യ?

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2019

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാകയുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം ഭയാനകങ്ങളായ സന്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370–-ാം അനുച്ഛേദം റദ്ദാക്കിയ പശ്ചാത്തലത്തിൽ അതിന് അസാധാരണങ്ങളായ അർഥതലങ്ങളുണ്ട്. ദേശീയതയെയും രാജ്യസ്നേഹത്തെയും പുനർനിർവചിക്കാൻ മുതിർന്ന പ്രസംഗം ‘ഒരു രാഷ്ട്രം, ഒരു വംശം, ഒരു നേതാവ്' എന്ന നാസികളുടെ പ്രഖ്യാപനത്തിലേക്ക് അടുക്കുകയാണ്. 1935 സെപ്തംബറിൽ അടിച്ചേൽപ്പിച്ച ന്യൂറംബർഗ് നിയമങ്ങൾ പ്രാകൃത യുഗങ്ങളെപ്പോലും നാണിപ്പിച്ചു. ജൂതന്മാരെ പൗരന്മാരായി അംഗീകരിക്കാത്ത ഈ നിയമങ്ങൾ അവർ മറ്റു വംശങ്ങളിൽനിന്ന് വിവാഹം കഴിക്കുന്നത് വിലക്കി.

ജമ്മു കശ്മീർ, മുത്തലാഖ്, ജനസംഖ്യാപ്രശ്നം, ഒറ്റ തെരഞ്ഞെടുപ്പ്, സൈന്യത്തിന് ഏക തലവൻ തുടങ്ങിയ വിഷയങ്ങൾ അതിസമർഥമായാണ് സ്വാതന്ത്ര്യദിനത്തിലെ അഭിസംബോധനയിൽ മോഡി എടുത്തിട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും കശ്മീരിലെ ജനാധിപത്യധ്വംസനത്തെ ‘സൈന്യം കാവൽനിൽക്കുന്ന തടവറ'യെന്ന് വിശേഷിപ്പിച്ചത് യഥാർഥ അവസ്ഥയുടെ സാക്ഷ്യമാണ്. കേട്ടുകേൾവിയില്ലാത്ത അപരവൽക്കരണമാണ് അവിടെ. ജനങ്ങളുടെ നിത്യചലനങ്ങൾ താറുമാറായിരിക്കുന്നു. ഭീകരതയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന നേതാക്കൾ വീട്ടുതടങ്കലിലാണ്. ജനാധിപത്യത്തിന് തൂക്കുകയറിട്ട് ഭരണഘടനയ്ക്ക് ചരമഗീതമെഴുതിയ ജമ്മു കശ്മീരിൽ ബാഹ്യ ഇടപെടലിന് അവസരമൊരുക്കി യുദ്ധസമാനാവസ്ഥ നിലനിർത്താനാണ് നീക്കം. കഴിഞ്ഞ ദിവസം മധ്യപ്രദേശ് സർക്കാരിന്റെ ഭീകരവിരുദ്ധ സേനയുടെ പിടിയിലായ പാക് ചാരന്മാരിൽ ഉന്നത സംഘപരിവാറുകാരനും ഉൾപ്പെട്ടത് ഇതോട് ചേർത്തുകാണണം. ബിജെപി ഐടി സെൽ നേതാവ് ധ്രുവ് സക്‌സേനയുൾപ്പെടെ 11 പേരാണ് ഭോപ്പാലിൽ അറസ്റ്റിലായത്. അയാൾ ഉന്നത നേതാക്കൾക്കൊപ്പം വേദി പങ്കിട്ട ഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽ വന്നതോടെ ബിജെപിക്ക് മിണ്ടാട്ടമില്ലാതായി. പാകിസ്ഥാനിൽനിന്ന് നിയന്ത്രിക്കുന്ന അന്താരാഷ്‌ട്ര ചാരസംഘടനയിലെ കണ്ണികളാണ് 11 പേരുമെന്നാണ് പൊലീസ് കണ്ടെത്തൽ.

മുത്തലാഖ്‌ അവസാനിപ്പിക്കേണ്ടതാണെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. തീരുമാനത്തിനുപിന്നിലെ മത കാഴ്ചപ്പാടിനോടും അടിച്ചേൽപ്പിക്കുന്ന ക്രിമിനൽ ശിക്ഷാനിയമത്തോടുമാണ് എതിർപ്പ്. അതേനിലയിലാണ് ജനസംഖ്യാ വർധനയെ അവതരിപ്പിക്കുന്നതും. രണ്ടിലധികം കുട്ടികളുള്ളവർ ദേശസ്നേഹികളോ ബഹുമാനിതരോ അല്ലെന്ന മോഡിയുടെ വിധിതീർപ്പ് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമാക്കിയുള്ളതാണ്. അടിയന്തരാവസ്ഥക്കാലത്ത് വിവാഹം ചെയ്യാത്തവരെപ്പോലും നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുകയുണ്ടായല്ലോ. ജനസംഖ്യാ പ്രവണതയെക്കുറിച്ച് തെറ്റിദ്ധാരണകളാണ് കാവിപ്പട പരത്തുന്നത്. ഒന്നാം മോഡി ഭരണകാലത്ത് ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പ്രതികരിച്ചത്, മതപരിവർത്തനത്തിന് പ്രേരിപ്പിക്കാത്തതിനാൽ ഹിന്ദു ജനസംഖ്യ കുറഞ്ഞുവരികയാണെന്നും എന്നാൽ ന്യൂനപക്ഷങ്ങളുടെ എണ്ണം വർധിക്കുകയാണെന്നുമാണ്. ഹിന്ദു ജനസംഖ്യ ക്ഷയിച്ചുവരികയാണെന്ന ആശങ്കയും ന്യൂനപക്ഷ വിഭാഗങ്ങളുടേത് പെരുകുകയാണെന്ന പ്രചാരണവും ഉയർത്തുകയായിരുന്നു പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രസംഗത്തിൽ. ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ ഇരു വിഭാഗത്തിന്റെയും വളർച്ച സമാനമാണെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞർ പറയുന്നത്. അതിനർഥം ഇരു സമുദായത്തിലെയും ജനസംഖ്യ കുറയുകയും പരസ്പരം സമാനമായി വരികയുമാണെന്നാണ്. ആകെ ജനസംഖ്യ പരിശോധിക്കുമ്പോൾ മുസ്ലിങ്ങൾ എക്കാലവും മത ന്യൂനപക്ഷങ്ങളായി തുടരുകതന്നെ ചെയ്യും.

അമിതാധികാര വാഞ്ഛ മോഡിയിലും തികട്ടിവരികയാണെന്ന് സംശയരഹിതമായി ഉറപ്പിക്കുകയാണ് ഒറ്റ തെരഞ്ഞെടുപ്പ് നിർദേശം. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തി കേന്ദ്രീകൃതാധികാരം സ്ഥാപിക്കാനുള്ള ശ്രമമാണ് അതിനുപിന്നിൽ. എല്ലാ ജനവിധികൾക്കും അന്ത്യംകുറിച്ച തെരഞ്ഞെടുപ്പാണ് ഹിറ്റ്‌‌ലറെ സർവശക്തനാക്കിയതെന്ന് മറന്നുകൂടാ. പതിനേഴാം ലോക്‌സഭയിലേക്ക് മോഡി ജയിച്ചുകയറിയാൽ പിന്നെയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന സാക്ഷി മഹാരാജിന്റെ പ്രഖ്യാപനവും നിസ്സാരമായിരുന്നില്ല. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത് സിവിലിയൻ നിയന്ത്രണം പരിമിതപ്പെടുത്തി പട്ടാള ഭീഷണി പൗരന്മാരുടെ തലയ്‌ക്കുമേൽ തൂക്കിയിടാനാണ്. ഭരണഘടനാ ബാഹ്യങ്ങളായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയും പാർലമെന്റിനുപകരം സർക്കാർതന്നെ നിയമങ്ങൾ പടച്ചുണ്ടാക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോൾത്തന്നെ ഏറിവരുമ്പോൾ അപകടം വിവരണാതീതമാകും.
സമ്പൂർണ നിയമരാഹിത്യം, പേടിപ്പെടുത്തുന്ന ക്രൂരത, ജനാധിപത്യ മര്യാദകളുടെ ലംഘനം, ന്യൂനപക്ഷ പീഡനം, രാജ്യത്തിന്റെ ശക്തി ഉയർത്തിക്കാണിച്ചുള്ള അഹങ്കാരോന്മാദം, ആത്യന്തിക ദേശീയത, അതിശക്തനായ നേതാവിനെ ഉയർത്തിക്കാണിക്കൽ, അദ്ദേഹത്തോടുണ്ടാകുന്ന വീരാരാധന എന്നിങ്ങനെയുള്ള പശ്ചാത്തലവും ശ്രദ്ധിക്കേണ്ടതാണ്. ന്യൂനപക്ഷങ്ങൾക്ക് അടിസ്ഥാന നിയമത്തിന്റെ നീതിപോലും കിട്ടുന്നില്ലെന്നത് തെളിയിക്കുകയാണ് പശുക്കളെ കടത്തിയെന്നാരോപിച്ച് അൽവാറിൽ പെഹ്‌‌ലൂഖാനെ വധിച്ച കേസിലെ ആറു പ്രതികളെയും കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തരാക്കിയത്. ജനാധിപത്യവും ഭരണഘടനയും ന്യൂനപക്ഷാവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവും ആവർത്തിച്ച് കൊലചെയ്യപ്പെടുമ്പോൾ പ്രധാനമന്ത്രിതന്നെ വംശീയഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നത് ഫാസിസത്തിന്റെ കുളമ്പടിയാണ് ഓർമപ്പെടുത്തുന്നത്. ഇത് ആരുടെ ഇന്ത്യ എന്ന സന്ദേഹം എങ്ങും പടരുന്ന സ്ഥിതിയിൽ പ്രത്യേകിച്ചും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top