31 May Sunday

ധന കമീഷനെ ചട്ടുകമാക്കാൻ അനുവദിക്കരുത്

വെബ് ഡെസ്‌ക്‌Updated: Thursday Apr 12, 2018


ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന കാഴ്ചപ്പാട് ഭരണഘടനാശിൽപ്പികളുടെ ദീർഘവീക്ഷണത്തിന്റെ നിദർശനമായിരുന്നു. സാമ്പത്തികവിഭവങ്ങളുടെ നീതിപൂർവമായ പങ്കുവയ്ക്കലാണ് ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘടകം. ഇതിനായി ഭരണഘടനാവ്യവസ്ഥകൾക്കുപുറമെ 1951ൽ പ്രത്യേകമായി നിയമനിർമാണവും നടത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടിനിടയിൽ 15 ധനകമീഷനുകൾ നിയമിക്കപ്പെട്ടു. പോരായ്മകളും പരാതികളും ഉണ്ടായിരുന്നുവെങ്കിലും 14 കമീഷനുകളും സംസ്ഥാനങ്ങളോട് ഇത്രമാത്രം വിവേചനം കാണിച്ച അനുഭവം മുമ്പുണ്ടായിട്ടില്ല. മോഡി ഭരണത്തിൽ നിയോഗിക്കപ്പെട്ട 15‐ാം ധനകമീഷൻ തുടരുന്ന നിഷേധാത്മകനയം സംസ്ഥാന സർക്കാരുകളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

കമീഷന്റെ പരിഗണനാവിഷയങ്ങൾ പരിശോധിച്ചാൽ, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുകയെന്ന കേന്ദ്ര അജൻഡയുടെ പ്രായോഗികരൂപമാണതെന്ന് ബോധ്യമാകും. ധനകമീഷൻ എന്ന ഭരണഘടനാസ്ഥാപനത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നതിനുപകരം കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തിയാക്കാനുള്ള നീക്കമാണ് മറയില്ലാതെ നടക്കുന്നത്. പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റുകളുടെകൂടി അഭിപ്രായങ്ങൾ കേൾക്കുകയെന്ന പതിവ് തെറ്റിച്ചിരിക്കുന്നു. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ച പരിഗണനാവിഷയങ്ങൾ കമീഷനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നു. വിഷയങ്ങൾ തീരുമാനിക്കാനുള്ള അധികാരം ധനകമീഷന് വിട്ടുനൽകുന്ന കീഴ്വഴക്കം അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

ആപൽക്കരമായ ഈ സ്ഥിതിവിശേഷത്തെ മറികടക്കാനുള്ള മുൻകൈയായി വേണം കേരള സർക്കാർ വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സമ്മേളനത്തെ കാണാൻ. കേരളം, ആന്ധ്ര, കർണാടകം, പുതുച്ചേരി സംസ്ഥാനങ്ങളാണ് തിരുവനന്തപുരത്ത് സമ്മേളിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, ചീഫ് സെക്രട്ടറിമാർ, ഉന്നത ധനകാര്യ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പങ്കാളിത്തം വിഷയത്തിന്റെ ഗൗരവം വെളിവാക്കുന്നു.  പ്രശ്നങ്ങളെ ആഴത്തിൽ  പരിശോധിച്ച സമ്മേളനം സുപ്രധാന തീരുമാനങ്ങൾ എടുത്താണ് പിരിഞ്ഞത്. മുഴുവൻ സംസ്ഥാനങ്ങളെയും അണിനിരത്തിയായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ. പരിഗണനാവിഷയങ്ങളിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന ആവശ്യമുയർത്തി സംസ്ഥാനങ്ങൾ സംയുക്തനിവേദനം നൽകും.  ഇതിനായി ആന്ധ്രയിലെ വിശാഖപട്ടണത്ത് അടുത്തമാസം ചേരുന്ന സമ്മേളനത്തിൽ മുഴുവൻ സംസ്ഥാനങ്ങളെയും പങ്കെടുപ്പിക്കും.

ധനകമ്മി കുറയ്ക്കണമെന്ന തത്ത്വം യാന്ത്രികമായി നടപ്പാക്കുമ്പോൾ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ധനകമ്മി പരിധി കേന്ദ്രത്തിന്റേത് രണ്ടരയും സംസ്ഥാനങ്ങളുടേത് 1.7 ശതമാനവുമായി താഴ്ത്താനാണ്  ധന ഉത്തരവാദിത്ത നിയമ അവലോകനസമിതിയുടെ ശുപാർശ. തൊട്ടുമുമ്പത്തെ കമീഷനുകൾ മൂന്നുശതമാനംവരെ ധനകമ്മി  ആകാമെന്ന നിലപാട് സ്വീകരിച്ച സ്ഥാനത്താണ് ഈ വെട്ടിക്കുറയ്ക്കൽ. ആരോഗ്യകരമായ ഫെഡറൽ സംവിധാനം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാവ്യവസ്ഥകളെയും മറ്റ് നിയമങ്ങളെയും അർഥശൂന്യമാക്കുന്ന നിലപാടുകളാണ് പരിഗണനാവിഷയങ്ങളിൽ ഉടനീളം നിഴലിക്കുന്നത്.

സംസ്ഥാനങ്ങളുടെ ധനവിഹിതം വെട്ടിക്കുറയ്ക്കുന്നതിനുപുറമെ  വായ്പയെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും കേന്ദ്രം പരിമിതപ്പെടുത്തുകയാണ്. നിലവിലുള്ള ഗ്രാന്റിനെ ഇൻസെന്റീവാക്കി പരിഷ്കരിക്കുന്നത് ദുരുദ്ദേശ്യപരമാണ്്.  റവന്യൂകമ്മി നികത്തുന്നതിനുള്ള ഗ്രാന്റ് തുടരേണ്ടതില്ലെന്ന തീരുമാനം സംസ്ഥാനങ്ങളുടെ ചെലവുശേഷിയെ കാര്യമായി ബാധിക്കും.  ധനവിഹിതം ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോൾ സംസ്ഥാനങ്ങൾ വൻതിരിച്ചടിയാണ് നേരിടുന്നത്. ജനസംഖ്യാ നിയന്ത്രണത്തിൽ ഗണ്യമായ നേട്ടം കൈവരിച്ച തെക്കൻ സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടം വരും. ഇത് പരിഹരിക്കാൻ 1971ലെ ജനസംഖ്യയെ അടിസ്ഥാനമാക്കി വിഹിതം നിശ്ചയിക്കണമെന്ന്  ദക്ഷിണേന്ത്യൻ  സമ്മേളനം ആവശ്യപ്പെട്ടു. പൊതുവായ വിഷയങ്ങൾക്കുപുറമെ കേരളം നേരിടുന്ന സവിശേഷ പ്രശ്നമാണ് ജിഎസ്ടിയുടേത്. ഇതുവഴിയുള്ള നികുതിവരുമാനം 25 ശതമാനം വർധിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.11 ശതമാനത്തോളം വളർച്ചയാണ് കഴിഞ്ഞ സാമ്പത്തികവർഷമുണ്ടായത്. സംസ്ഥാന  നികുതികളുടെ 44 ശതമാനം ജിഎസ്ടിയിൽ ലയിച്ചപ്പോൾ കേന്ദ്രനികുതികളുടെ 23 ശതമാനമാണ് ലയിച്ചത്. ഇത് ധനവിന്യാസത്തിലെ അസന്തുലിതാവസ്ഥ വർധിപ്പിച്ചു. ധനകമീഷൻ തീർപ്പിൽ ഇത് അടിസ്ഥാനമാകാതിരുന്നാൽ വൻ അനീതിയായിരിക്കും.

ജനക്ഷേമപരിപാടികളിൽനിന്ന് സംസ്ഥാന ഗവൺമെന്റുകൾ  പിന്മാറണമെന്ന കേന്ദ്രത്തിന്റെ ഉള്ളിലിരിപ്പാണ് പുറത്തുചാടുന്നത്. ജനങ്ങൾക്ക് മുന്നിൽവച്ച വാഗ്ദാനങ്ങൾ നടപ്പാക്കാൻ സാധിക്കാത്ത സംസ്ഥാനങ്ങളുടെ തലയിൽ കേന്ദ്രപദ്ധതികളുടെ ഭാരംകൂടി കെട്ടിവയ്ക്കുന്നു. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഗ്രാന്റ് കേന്ദ്രാവിഷ്കൃത പദ്ധതികളിലെ നടത്തിപ്പിന് ഇൻസെന്റീവാക്കാനുള്ള നീക്കം കടുത്ത നീതിനിഷേധമാണ്.ഇതിന്റെപേരിൽ സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട വിഹിതം വെട്ടിക്കുറയ്ക്കാൻ പാടില്ല.

ഭരണഘടനയെയും ഫെഡറൽമൂല്യങ്ങളെയും തകർത്ത് ഭരണസംവിധാനത്തെ ഏകമുഖമാക്കി അധികാരകേന്ദ്രീകരണം നടത്താനുള്ള ബിജെപി സർക്കാരിന്റെ ഒളി അജൻഡയ്ക്കെതിരായ  ശക്തമായ ചെറുത്തുനിൽപ്പിനാണ് തിരുവനന്തപുരം സമ്മേളനത്തോടെ തുടക്കംകുറിച്ചത്. രാഷ്ട്രീയപരിഗണനകൾ മാറ്റിവച്ച് എല്ലാ സംസ്ഥാനങ്ങളും ഈ സമരത്തിൽ അണിനിരക്കുമെന്ന പ്രതീക്ഷയാണ് കേരളത്തിനുള്ളത്. കേന്ദ്രത്തിന്റെ ദുഷ്ടലാക്കിനെ എതിർത്ത് പരാജയപ്പെടുത്താത്തപക്ഷം രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്ക് ഏൽക്കുന്ന ആഘാതം ചെറുതായിരിക്കില്ല

പ്രധാന വാർത്തകൾ
 Top