കേന്ദ്രവുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകൾ പരിമിതമാണ്. എന്നാൽ, ജനങ്ങൾക്ക് നേരിട്ട് നൽകുന്ന ഒരുപാട് സേവനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണ്. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷിതത്വം, നിയമപാലനം അങ്ങനെ പട്ടിക നീണ്ടുപോകും. വരുമാനവും ചെലവും തമ്മിലുള്ള അന്തരം വൻതോതിൽ വർധിപ്പിക്കുന്ന ഘടകങ്ങളാണിത്. കേന്ദ്രം കൈകാര്യം ചെയ്യുന്ന വരുമാന നികുതി, ജിഎസ്‌ടി തുടങ്ങിയവയുടെ ന്യായമായ വിഹിതം യഥാസമയം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുകയാണ് കമ്മി നികത്താനുള്ള ആദ്യവഴി. ഈ വിഹിതം നിശ്‌ചയിക്കുന്നതിൽ ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷനുകൾ ഒരുകാലത്തും സംസ്ഥാന സർക്കാരുകളോട് നീതി പുലർത്താറില്ല. മാത്രമല്ല, കേരളംപോലുള്ള സംസ്ഥാനങ്ങൾ എന്നും അവഗണിക്കപ്പെടാറാണ് പതിവ്. ഇനി നിശ്‌ചയിച്ച വിഹിതം യഥാസമയം നൽകുന്ന കാര്യത്തിലാകട്ടെ കേന്ദ്രം പുലർത്തുന്നത് കടുത്ത അലംഭാവവും.
സംസ്ഥാനങ്ങൾക്ക് സഹായധനം അനുവദിക്കുന്നത് ദുരന്തകാലത്തുപോലും കേന്ദ്രത്തിന്റെ ഔദാര്യമായി മാറിയിരിക്കുന്നു. കേരളത്തിന്റെ കാര്യത്തിൽ ഇത് വിവേചനപരംകൂടിയാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഇത് പ്രകടമായിരുന്നു. പിന്നെ ആകെയുള്ള വഴി കടമെടുപ്പാണ്. അതായത് സംസ്ഥാന സർക്കാർ കടപ്പത്രങ്ങൾ അടിച്ചിറക്കുക. ഇതാകട്ടെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിൽ കൂടുതലായിക്കൂടെന്ന കർശനവ്യവസ്ഥയാണ് കേന്ദ്രം അടിച്ചേൽപ്പിച്ചിരുന്നത്. മറ്റ് സഹായങ്ങളൊന്നും നൽകാത്ത സാഹചര്യത്തിൽ വായ്‌പാപരിധി അഞ്ച് ശതമാനമായി ഉയർത്തണമെന്ന ആവശ്യം കേരളം നിരന്തരം ഉയർത്താൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതുവരെ മുഖംതിരിച്ച കേന്ദ്രം കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ഈ ആവശ്യം അംഗീകരിച്ചത് സ്വാഗതാർഹംതന്നെ. ഉപാധിയില്ലാതെ കേരളത്തിന് ലഭിക്കുന്ന വായ്‌പാവർധന കേവലം അരശതമാനം മാത്രമാണ്. നിലവിലുള്ള 27500 കോടിയിൽനിന്ന് 4500 കോടിയുടെ വർധന.
വായ്‌പാപരിധി ഉയർത്താൻ കേന്ദ്രം ഒരുക്കിയിരിക്കുന്ന കുരുക്കുകൾ പരിശോധിച്ചാൽ ഇതിനുപിന്നിലെ അജൻഡകൾ വ്യക്തമാകും. ഒന്നാമതായി ആരാണ് ഈ വായ്‌പകൾ നൽകേണ്ടത് എന്ന പ്രശ്‌നമാണ്. കടപ്പത്രങ്ങൾ റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് വാങ്ങി സംസ്ഥാനങ്ങളുടെ വായ്‌പാ ആവശ്യം നിറവേറ്റണമെന്നാണ് കേരളത്തിന്റെ നിർദേശം. ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. കേന്ദ്ര ബാങ്ക് വാണിജ്യബാങ്കുകൾക്ക് ഫണ്ട് നൽകുന്നതിന് നിശ്‌ചയിക്കുന്ന നിരക്കാണ് റിപ്പോ. നിലവിൽ ഇത് 4.4 ശതമാനമാണ്. എന്നാൽ, സംസ്ഥാനങ്ങൾക്ക് വാണിജ്യബാങ്കുകൾ നൽകുന്ന വായ്‌പയ്‌ക്ക് 10 ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. ഇത്തരത്തിൽ പലിശഭാരത്തിന്റെയും തിരിച്ചടവിന്റെയും ബാധ്യതകൾ പൂർണമായും വഹിക്കുന്ന സംസ്ഥാനങ്ങളുടെമേൽ കേന്ദ്രം ഉപാധികൾ അടിച്ചേൽപ്പിക്കുന്നത് ഭരണഘടന–-ഫെഡറൽ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. സംസ്ഥാനങ്ങളുടെ നാമമാത്ര സ്വാതന്ത്ര്യങ്ങൾക്കും ഇതുവരെയില്ലാത്ത വിലങ്ങുകൾ വീഴുകയാണ്. ഇപ്പോൾ ഒന്നരശതമാനം അധിക വായ്‌പയ്‌ക്കാണ് ഉപാധിവച്ചതെങ്കിൽ ഭാവിയിൽ മുഴുവൻ വായ്‌പയ്‌ക്കും ഇത് ബാധകമാക്കാൻ കേന്ദ്രം മടിക്കില്ലെന്നാണ് സൂചന. പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പതിനഞ്ചാം ധനകാര്യ കമീഷൻ നിരാകരിച്ച ഉപാധികളാണ് കോവിഡിന്റെ മറവിൽ ഇപ്പോൾ അടിച്ചേൽപ്പിച്ചിരിക്കുന്നത്.
വായ്‌പാ പരിധി ഉയർത്താൻ കേന്ദ്രം നിഷ്‌കർഷിക്കുന്ന നിബന്ധനകളിൽ ചിലത് നിലവിൽത്തന്നെ കേരളം പോലുള്ള സംസ്ഥാനങ്ങൾ നടപ്പാക്കിവരുന്നതോ തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ളതോ ആണ്. റേഷൻ കാർഡുകളുടെ ഏകീകൃത സ്വഭാവം, വ്യവസായ സൗഹൃദ നടപടികൾ തുടങ്ങിയവ. എന്നാൽ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ നടത്തുന്ന കേന്ദ്ര ഇടപെടൽ നല്ല ഫലങ്ങൾ ഉണ്ടാക്കില്ല. വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണം ലക്ഷ്യമാക്കി കേന്ദ്രം കൊണ്ടുവന്നിട്ടുള്ള നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വായ്‌പാപരിധിക്ക് ഉപാധിയായി കൊണ്ടുവന്നത് തികച്ചും ദുരുദ്ദേശ്യപരമാണ്. വായ്‌പയെടുക്കൽ സംസ്ഥാനത്തിന്റെ അവകാശമാണ്. അതിന്റെ വിനിയോഗവും സംസ്ഥാനത്തിന്റെ മുൻഗണനയ്‌ക്ക് അനുസരിച്ചാകണം. ഇതിനൊക്കെ തടയിടാൻ കേന്ദ്രം തയ്യാറാകുന്നത് വെറുതെ നോക്കിയിരുന്നാൽ ഉള്ള കഞ്ഞിയിലും മണ്ണിടലാകും ഫലം. അതുകൊണ്ടുതന്നെയാണ് കേന്ദ്ര നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് തുറന്നടിച്ചത്. സംസ്ഥാനങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന, ഫെഡറൽ വ്യവസ്ഥ തകർക്കുന്ന, ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തിക്കൊണ്ടുവരാൻ എല്ലാ സംസ്ഥാന സർക്കാരുകളും മുന്നോട്ടുവരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..