30 May Tuesday

മാറ്റത്തിന്റെ പാതയിൽ ഉന്നതവിദ്യാഭ്യാസ മേഖല

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക്‌ കരുത്തുപകരുന്നതാണ്‌ കേരള സർവകലാശാലയ്‌ക്കു ലഭിച്ച ദേശീയ അംഗീകാരം. നാഷണൽ അസസ്‌മെന്റ്‌ ആൻഡ്‌ അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്‌) മൂല്യനിർണയത്തിൽ എ++ ഗ്രേഡ്‌ കരസ്ഥമാക്കിയതിലൂടെ രാജ്യത്തെ മികച്ച  10 സർവകലാശാലയിൽ  ഒന്നായി കേരള സർവകലാശാല.  സംസ്ഥാന സർവകലാശാലകളിൽ ഏറ്റവും  മികച്ചതുമായി. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസിന്‌ ലഭിച്ച അതേ സ്‌കോറോടെ (3.67) ഈ നേട്ടം കൈവരിച്ചതിൽ  ഓരോ മലയാളിക്കും അഭിമാനിക്കാം.  ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്‌ക്കായി  സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഫലമായാണ്‌ ഈ മികവ്‌ നേടിയത്‌. 

കഴിഞ്ഞ അഞ്ചു വർഷമായി ഒരുവിഭാഗം മാധ്യമങ്ങൾ സർവകലാശാലകളെ ഇടിച്ചുതാഴ്‌ത്താൻ നിരന്തരം നുണപ്രചാരണം അഴിച്ചുവിടുകയായിരുന്നു.  നിസ്സാരപ്രശ്‌നങ്ങളെപ്പോലും പർവതീകരിച്ചും കടലാസ്‌ സംഘടനകൾ ഉന്നയിച്ച ആരോപണങ്ങൾക്ക്‌ ദിവസങ്ങളോളം അച്ചുനിരത്തിയും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും യുഡിഎഫും ശ്രമിച്ചത്‌.  ഇതിനിടയിലും എൽഡിഎഫ്‌ സർക്കാർ ഇച്ഛാശക്തിയോടെ ഗുണമേന്മ ലക്ഷ്യമിട്ടുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കി. നാക്‌ എ++ ഗ്രേഡ്‌ കേരള സർവകലാശാലയുടെ മാത്രം നേട്ടവും അഭിമാനവുമല്ല, സംസ്ഥാനത്തിന്റെ  ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിലെ നാഴികക്കല്ലാണ്‌.  നല്ല അക്കാദമിക്‌ അന്തരീക്ഷവും  അടിസ്ഥാനസൗകര്യങ്ങളും,  മികവുറ്റ ഗവേഷണസംസ്‌കാരം,  മികച്ച  അനുബന്ധപ്രവർത്തനങ്ങൾ എന്നിവയാണ്‌ സർവകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന്‌ സവിശേഷതയായി  നാക്‌ ചൂണ്ടിക്കാട്ടിയത്‌.

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ പൊതുവിദ്യാഭ്യാസത്തെയും ഉന്നതവിദ്യാഭ്യാസ മേഖലയെയും ശക്തിപ്പെടുത്താനുള്ള കാര്യക്ഷമമായ ഇടപെടലാണ്‌ നടത്തിയത്. സ്‌കൂളുകൾക്ക്‌ കെട്ടിടം, ഡിജിറ്റൽ ക്ലാസ്‌മുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കി പൊതുവിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റിയെടുത്തു. കോവിഡ്‌ കാലത്ത്‌ രണ്ടു വർഷത്തോളം വിദ്യാലയങ്ങൾ അടച്ചിട്ടപ്പോൾ  ഡിജിറ്റൽ സംവിധാനത്തിലൂടെയും ഓൺലൈനായും എല്ലാ വിദ്യാർഥികൾക്കും പഠനം ഉറപ്പുവരുത്തി. ഇത്തരം നടപടികളിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം അളക്കുന്ന സ്‌കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡെക്‌സിൽ നിതി ആയോഗിന്റെ വിലയിരുത്തലിൽ കേരളത്തിന്‌ ഒന്നാംസ്ഥാനം നേടാനായി. ഇതിന്‌ സമാന്തരമായി ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളും സർക്കാർ ആരംഭിച്ചു.

സംസ്ഥാനത്ത്‌ ഉന്നതവിദ്യാഭ്യാസത്തിന്‌ പ്രത്യേക വകുപ്പുണ്ടാക്കി അതിന്‌ പ്രത്യേക മന്ത്രിയെയും ചുമതലപ്പെടുത്തിയത്‌ ഒന്നാം പിണറായി സർക്കാരായിരുന്നു. അതിന്റെ തുടർച്ചയായി സർവകലാശാലകളിൽ ഗുണമേന്മാ വർധനയ്‌ക്കായി നിരവധി പദ്ധതി നടപ്പാക്കുന്നു. രണ്ടാം പിണറായി സർക്കാർ ഉന്നതവിദ്യാഭ്യാസത്തിന്‌ ഊന്നൽ നൽകി വിജ്ഞാന സമ്പദ്‌‌വ്യവസ്ഥ വളർത്തിയെടുക്കാനാണ്‌ ശ്രമിക്കുന്നത്‌. ലോകോത്തര വിദ്യാഭ്യാസം നൽകുന്നതിനും ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട്‌ കേരളത്തിലെ  സർവകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്‌ നടപടി തുടങ്ങി. ഇതിനിടയിൽ കേരള സർവകലാശാലയ്‌ക്ക്‌ ലഭിച്ച അംഗീകാരം വരുംവർഷങ്ങളിൽ മറ്റു സർവകലാശാലകൾക്കുകൂടി ഈ നേട്ടം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്കും വേഗത പകരും.

‘വിജ്ഞാന സമ്പദ്‌ഘടനയിലേക്കുള്ള  പരിവർത്തനത്തിന്‌ ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടുപോകാൻ അലകും പിടിയും മാറണം. പരമാവധി യുവജനങ്ങൾക്ക്‌ ഉന്നതവിദ്യാഭ്യാസവും ഡിജിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കണ’മെന്നുമാണ്‌ എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞത്‌. കഴിഞ്ഞ ബജറ്റുകളിൽ ഇതിന്‌ സഹായകമായ രീതിയിൽ ഫണ്ടും അനുവദിച്ചു. നവകേരള സൃഷ്ടിക്കായി സിപിഐ എം സംസ്ഥാന സമ്മേളനം മുന്നോട്ടുവച്ച നിർദേശങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക്‌ ഊന്നൽനൽകുന്നു.

നാലുവർഷംമുമ്പ്‌ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വൈസ്‌ ചാൻസലർമാരുടെയും സിൻഡിക്കറ്റ്‌ അംഗങ്ങളുടെയും യോഗത്തിൽ  സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.  ദേശീയ തലത്തിലെ ആദ്യ പത്തിൽ കേരളത്തിലെ ഏതെങ്കിലുമൊരു സർവകലാശാലയെങ്കിലും ഉണ്ടാകണമെന്നും നിർദേശിച്ചിരുന്നു.  ഈ നിർദേശത്തെ ഗൗരവമായി കണ്ട കേരള സർവകലാശാല സർക്കാരിന്റെ പൂർണപിന്തുണയോടെ പദ്ധതികൾ ആസൂത്രണം ചെയ്‌തു നടപ്പാക്കി. സർക്കാരിന്റെ സഹായത്തോടെ വൈസ്‌ ചാൻസലർ, പ്രോ വൈസ്‌ ചാൻസലർ,  സിൻഡിക്കറ്റ്‌,  അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവർ ഒത്തൊരുമയോടെ നടത്തിയ ശ്രമമാണ്‌ നേട്ടത്തിനു കാരണം. ഇതിനു  പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതോടൊപ്പം  മറ്റു സർവകലാശാലകളും ഇത്‌ മാതൃകയാക്കി പ്രവർത്തിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top