30 May Tuesday

യാഥാർഥ്യബോധത്തോടെ ആരോഗ്യനയം

വെബ് ഡെസ്‌ക്‌Updated: Thursday Feb 22, 2018


സംസ്ഥാനത്തിന്റെ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരമായി. ഇനി പൊതുജനങ്ങളുടെ അഭിപ്രായം കൂടെ സ്വീകരിച്ചശേഷം നിയമസഭയുടെ അംഗീകാരത്തിന് സമർപ്പിക്കും. കുറഞ്ഞ പ്രതിശീർഷ വരുമാനത്തിൽ നിൽക്കുമ്പോഴും വികസിത രാജ്യങ്ങൾക്കൊപ്പം ഉയർന്ന കേരളത്തിന്റെ ആരോഗ്യ സൂചകങ്ങൾ നമുക്ക് എന്നും അഭിമാനമാണ്. ഈ ഭൂതകാലക്കുളിരിൽ അഭിരമിച്ച് ഇന്നിന്റെ യാഥാർഥ്യങ്ങളെ അവഗണിക്കുന്നില്ല എന്നതുതന്നെയാണ് ആരോഗ്യനയത്തിന്റെ മികവ്. നമ്മുടെ ആരോഗ്യമേഖല നേരിടുന്ന രണ്ടാംതലമുറ പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ കാണുന്ന നയം അവയുടെ പരിഹാരത്തിന് മൂർത്ത നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു. പ്രതിരോധ കുത്തിവയ്പ്പുകൾക്കെതിരെ അപകടകരമായി ഉയരുന്ന പ്രചാരണങ്ങൾമുതൽ വർധിച്ചുവരുന്ന വൃദ്ധജനതയുടെ ആരോഗ്യപ്രശ്നങ്ങൾവരെ കണക്കിലെടുക്കുന്നതാണ് ആരോഗ്യനയം. ഒപ്പം കത്തിക്കയറുന്ന ചികിത്സാചെലവിനെ നേരിടാനുള്ള മാർഗങ്ങളും നയം തിരയുന്നു.

സാർവത്രികവും സൗജന്യവും സമഗ്രവുമായ  ആരോഗ്യരക്ഷാസംവിധാനം ഏർപ്പെടുത്തുകയും ശിശു, ബാല, മാതൃ മരണനിരക്കുകൾ വികസിത രാജ്യങ്ങളിലേതിനുതുല്യമായ തലത്തിൽ എത്തിക്കുകയും ചെയ്യുകയും ജനങ്ങളുടെ ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യം  കൂട്ടുകയുമാണ് ദീർഘകാലത്തേക്കുള്ള ലക്ഷ്യങ്ങളായി നയം മുന്നോട്ടുവയ്ക്കുന്നത്. മാതൃമരണനിരക്ക് ഒരു ലക്ഷം ജനങ്ങളിൽ 66 എന്നതിൽനിന്ന് 30 ആക്കുക, ശിശുമരണനിരക്ക് പന്ത്രണ്ടിൽനിന്ന് എട്ടാക്കുക, പകർച്ചവ്യാധികളുടെ വാർഷിക രോഗബാധ 50 ശതമാനമായി കുറയ്ക്കുക തുടങ്ങിയവ ഹ്രസ്വകാല ലക്ഷ്യമായും നയം അംഗീകരിക്കുന്നു.

രണ്ടായിരാമാണ്ടിൽ രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളെല്ലാം 1960 കളുടെ അവസാനത്തോടെ നേടിക്കഴിഞ്ഞ സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്നതാണ് നമ്മുടെ സൂചികകളെങ്കിലും കൂടുതൽ മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. നിതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലെ കണക്കുകൾ അനുസരിച്ചും കേരളം മുന്നിലാണ്. ചില പിന്നോട്ടടികളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്തം പോയിന്റിൽ നേരിയ തോതിലായാണെങ്കിലും കേരളം പിന്നോട്ടുപോയിട്ടുണ്ട്. അതുപോലെ പിന്നോട്ടുപോയ ഒരു രംഗമാണ് പൂർണമായും വാക്സിനേഷൻ ലഭിച്ച കുട്ടികളുടെ ശതമാനം. ഇത് 95.5 ശതമാനത്തിൽനിന്ന് 94.6 ശതമാനമായി കുറഞ്ഞിരിക്കുന്നു.

ചില ശാസ്ത്രവിരുദ്ധ പ്രചാരകരും മത സംഘടനകളും നടത്തിയ പ്രചാരണങ്ങളാണ് ഇത്തരത്തിലൊരു തിരിച്ചടിയിലേക്ക് കേരളത്തെ നയിച്ചത്. ഈ പ്രശ്നത്തിന് ഒരളവുവരെ പരിഹാരമാകാവുന്നതാണ് നയത്തിലെ വാക്സിനേഷൻ സംബന്ധിച്ച നിർദേശം. സ്കൂളിൽ ചേരുമ്പോൾ കുത്തിവയ്പ്പുകളുടെ സാക്ഷ്യം രേഖപ്പെടുത്തിയ കാർഡ് ഹാജരാക്കാൻ നിയമം കൊണ്ടുവരുമെന്ന് നയം വ്യക്തമാക്കുന്നു. പ്രതിരോധ കുത്തിവയ്പ്പിനെതിരെയുള്ള പ്രചാരണത്തെ ഫലപ്രദമായി തടയാനും നേരിടാനും ശാസ്ത്രീയത ജനങ്ങളെ ബോധിപ്പിക്കാനും ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കുമെന്നും രക്ഷാകർത്താക്കളിൽ ഭീതിയുളവാക്കാൻ വേണ്ടി കുപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നയത്തിലുണ്ട്. ഈ രംഗത്ത് കടുത്ത നടപടികളുടെ ആവശ്യകത അംഗീകരിച്ചുതന്നെയാണ് നയത്തിന്റെ സമീപനമെന്ന് വ്യക്തം.

വാക്സിനുകളുടെ ഗുണമേന്മയെപ്പറി തർക്കം ഉന്നയിച്ച് സംശയം ജനിപ്പിച്ച് വാക്സിനേഷനിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന വാക്സിൻ വിരുദ്ധരുടെ നീക്കങ്ങൾ തടയാനുതകുന്ന നിർദേശവും നയത്തിലുണ്ട്. വാക്സിനുകളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്താനും ഒരു വാക്സിൻ നിരീക്ഷണസമിതി രൂപീകരിക്കാനുമുള്ള നിർദേശം ഇത്തരത്തിലുള്ളതാണ്.

ഒന്നാംതലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും രണ്ടാംതലത്തിലെ ജില്ലാ‐താലൂക്ക് ആശുപത്രികളെയും ശക്തിപ്പെടുത്തിമെഡിക്കൽ കോളേജുകളെ കർശനമായി റഫറൽ ആശുപത്രിയാക്കണമെന്നും നയം നിർദേശിക്കുന്നു. ഇതിനുള്ള ഘടനാപരമായ പരിഷ്കാര നടപടികളും നയത്തിലുണ്ട്. ഓരോതലത്തിലുമുള്ള ആശുപത്രികൾ ജനങ്ങൾക്ക് ഉറപ്പാക്കേണ്ടുന്ന ചികിത്സാസൗകര്യങ്ങളുടെ പട്ടികയും നയത്തിലുണ്ട്. 

പിടിവിട്ടുയരുന്ന ചികിത്സാചെലവും അമിത ചികിത്സയും കേരളത്തിന്റെ ആരോഗ്യമേഖലയിലെ പുതിയ പ്രശ്നങ്ങളാണ്. ലാഭക്കൊതിയോടെ നീങ്ങുന്ന സ്വകാര്യ ചികിത്സാകേന്ദ്രങ്ങളാണ് ഈ ദുഃസ്ഥിതിക്ക് മുഖ്യകാരണക്കാർ. ഈ രംഗത്ത് നിയന്ത്രണം വേണമെന്ന ഇച്ഛാശക്തിയോടെയാണ്  സ്വകാര്യ ചികിത്സാകേന്ദ്രങ്ങളെയും ലാബുകളെയും നിയന്ത്രിക്കാനുള്ള ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്റ് ആക്ട് സർക്കാർ കൊണ്ടുവന്നത്. ഈ ആക്ട് പുതിയ ആരോഗ്യനയത്തിന്റെ ‘ഭാഗമാണെന്ന് കരടുനയം വ്യക്തമാക്കുന്നു

സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ആദിവാസികൾ എന്നിവർക്കൊപ്പം  ട്രാൻസ്ജെൻഡറുകൾ, ഇതരസംസ്ഥാന തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്കും സവിശേഷശ്രദ്ധ നൽകുന്നു എന്നത്് നയത്തെ വേറിട്ടതാക്കുന്നു.

പുതിയ കേരളം എല്ലാ രംഗത്തും പുതിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്. നേട്ടങ്ങളുടെ മേനിപറച്ചിലും പതിവ് ചട്ടക്കുടിൽനിന്നുള്ള നടപടികളുംകൊണ്ട് ഈ പ്രശ്നങ്ങളെ മുറിച്ചുകടക്കാൻ നമുക്കാവില്ല. ആ തിരിച്ചറിവോടെയുള്ള നീക്കങ്ങൾ ഉണ്ട് എന്നതാണ് ആരോഗ്യനയത്തെ ശ്രദ്ധേയമാക്കുന്നത് 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top