22 March Wednesday

തയ്യാറെടുപ്പില്ലാതെ ജിഎസ്ടി വന്നാല്‍ പ്രതിസന്ധി കടുക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 13, 2016

സാമന്തരാജ്യങ്ങളോടെന്ന പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് കല്‍പ്പിക്കുന്നത്. ഞങ്ങള്‍ തീരുമാനിക്കും, നടപ്പാക്കും. വഴങ്ങിക്കൊള്ളണം, ദുരിതങ്ങള്‍ പേറിക്കൊള്ളണം. ഇതാണ് നിലപാട്. പണപ്രതിസന്ധിമൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് അടുത്ത ഇരുട്ടടിയായി ചരക്കുസേവനനികുതി പരിഷ്കാരത്തെ മാറ്റാനുള്ള പുറപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ തിരക്കിട്ട് ചരക്കുസേവനനികുതി ബില്‍ പാസാക്കുന്ന ഘട്ടത്തില്‍തന്നെ ഒട്ടേറെ ആശങ്ക നിലനിന്നിരുന്നതാണ്.

രാജ്യത്താകെ ഏകീകൃത നികുതിഘടന നടപ്പാകുന്നതിന്റെ ഗുണവശം ചൂണ്ടിക്കാട്ടുമ്പോഴും സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തില്‍ വരുന്ന ഇടിവിന് എന്ത് സമാശ്വാസം നല്‍കുമെന്ന ചോദ്യത്തിന് പരിഷ്കരണത്തിന്റെ വക്താക്കള്‍ക്ക്് ഉത്തരമില്ലായിരുന്നു. സംസ്ഥാനങ്ങളെ ആഴത്തില്‍ ബാധിക്കുന്ന പരിഷ്കരണമായിട്ടും പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയ്ക്കും തീരുമാനത്തിനും മോഡി സര്‍ക്കാര്‍ സന്നദ്ധമല്ല. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിപരിഷ്കാരമെന്ന് കൊട്ടിഘോഷിക്കുമ്പോഴും അത് സമവായത്തോടെ നടപ്പാക്കണമെന്ന ചിന്ത കേന്ദ്രത്തിനില്ല. ലോക്സഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പുതിയ നിയമം അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ഉണ്ടാകുന്നത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിലെല്ലാം ഉയര്‍ന്ന ഒരു പ്രധാന ആവശ്യം അനുബന്ധ നിയമങ്ങള്‍ മണിബില്ലായി കൊണ്ടുവരരുത് എന്നതാണ്. സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം തേടാനുള്ള അവസരമായി രാജ്യസഭയില്‍ ബില്ലിന്റെ പരിഗണന മാറ്റാനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്്. മണിബില്‍ ചര്‍ച്ച ചെയ്യാമെന്നല്ലാതെ നിരാകരിക്കാന്‍ രാജ്യസഭയ്ക്കാകില്ല.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി ഉന്നയിച്ച ഈ ആവശ്യത്തോട് കേന്ദ്രം അനുകുലമായി പ്രതികരിച്ചിട്ടില്ല. ലോക്സഭയിലും രാജ്യസഭയിലും ജിഎസ്ടി ഭരണഘടനാ ഭേദഗതിബില്‍ പാസാക്കാന്‍ രൂപപ്പെടുത്തിയ സമവായം അര്‍ഥശൂന്യമാക്കുന്ന സമീപനമാണിത്. തന്ത്രപൂര്‍വ്വം രാജ്യസഭ എന്ന കടമ്പ കൂടി കടന്ന് 2017 ഏപ്രില്‍ ഒന്നിന് ചരക്കുസേവനനികുതി പ്രാബല്യത്തിലാക്കാനാണ് കേന്ദ്ര നീക്കം.

പുതിയ നികുതിഘടന നടപ്പില്‍വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തല്‍, ജിഎസ്ടിയില്‍ കേന്ദ്ര- സംസ്ഥാന വിഹിതം നിശ്ചയിക്കല്‍ തുടങ്ങിയ ഒട്ടനേകം വിഷയങ്ങളില്‍ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള തുടര്‍നടപടി ആവശ്യമുള്ളപ്പോഴും കേന്ദ്രത്തിന്റെ ഏകപക്ഷീയ നിലപാടുകളില്‍ മാറ്റമൊന്നുമുണ്ടായില്ല. ഇത്തരം കാര്യങ്ങളില്‍ വിശദമായ കൂടിയാലോചനയ്ക്കോ ആവശ്യമായ തയ്യാറെടുപ്പുകള്‍ക്കോ സാവകാശത്തിനോ തയ്യാറായതുമില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവശേഷിക്കുന്ന ബില്ലുകള്‍കൂടി പാസാക്കിയെടുക്കാനുള്ള കുറുക്കുവഴി തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ കാര്യങ്ങള്‍ പ്രതീക്ഷപോലെ ലളിതമല്ലെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ നിലപാട് കടുപ്പിച്ചതോടെ യോഗം വെട്ടിച്ചുരുക്കി ഡിസംബര്‍ 22ന് വീണ്ടും ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍, 16ന് പാര്‍ലമെന്റ് പിരിയുന്നതിനാല്‍ ജനുവരി അവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിലേ ഇനി നിയമനിര്‍മാണം സാധ്യമാകുകയുള്ളൂ.

ജിഎസ്ടി മാതൃകാ നിയമം, ഇന്റഗ്രേറ്റഡ് ജിഎസ്ടി നിയമം, ജിഎസ്ടി നഷ്ടപരിഹാര നിയമം എന്നിവകൂടി ജിഎസ്ടി കൌണ്‍സില്‍ അംഗീകരിച്ച് പാര്‍ലമെന്റ് പാസാക്കേണ്ടതുണ്ട്. ബജറ്റ് സമ്മേളനത്തില്‍ ഇത് പാസാക്കാന്‍ സാധിച്ചാല്‍തന്നെ അനവധി പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ട്. ഏകീകൃത ചരക്കുസേവനനികുതി പിരിവിനായി നിരവധി അടിസ്ഥാന സാങ്കേതികസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ജിഎസ്ടി സെര്‍വറും നികുതിദായകരും തമ്മിലുള്ള ഇന്റര്‍ഫെയ്സ് ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ സാങ്കേതിക സംവിധാനങ്ങള്‍ നിലവില്‍വരണം. ഇതിനുള്ള സര്‍വീസ് പ്രൊഡൈര്‍മാരെ നിശ്ചയിക്കണം. നികുതിദായകരുടെ രജിസ്ട്രേഷന്‍,റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍- ധനകാര്യ സ്ഥാപനങ്ങള്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തുടങ്ങിയവയുമായുള്ള നെറ്റ്വര്‍ക്ക് രൂപപ്പെടുത്തല്‍ എന്നിവയെല്ലാം  ക്രമപ്പെടുത്താന്‍ മാസങ്ങളെടുക്കും. ഇതെല്ലാം സാങ്കേതികവശങ്ങള്‍. ഇതിനെല്ലാം അപ്പുറത്താണ് രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ. അതാണ് ഇപ്പോള്‍ ജനങ്ങളെയും സംസ്ഥാന സര്‍ക്കാരുകളെയും വീര്‍പ്പുമുട്ടിക്കുന്നത്.

ജിഎസ്ടിമൂലമുണ്ടാകുന്ന സംസ്ഥാനങ്ങളുടെ വരുമാന നഷ്ടത്തെക്കുറിച്ചാണ് നേരത്തെ ആശങ്കപ്പെട്ടിരുന്നതെങ്കില്‍ നവംബര്‍ എട്ടുമുതല്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥ കീഴ്മേല്‍ മറിഞ്ഞു. പകരം സംവിധാനം ഏര്‍പ്പെടുത്താതെ പ്രചാരത്തിലുള്ള കറന്‍സിയുടെ 86 ശതമാനവും അസാധുവാക്കിയ നടപടി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കി. അസാധു പണത്തിന്റെ പത്തിലൊന്നുപോലും പകരം ഇറക്കാതെ പണരഹിത സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി. എടിഎംപോലും ശരിയാംവണ്ണം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തപ്പോഴാണ് പ്ളാസ്റ്റിക് പണത്തെക്കുറിച്ചുള്ള വാചകമടി. പണം മാറാനും എടിഎമ്മിലും ക്യൂ കുറഞ്ഞുവെന്നാണ് കറന്‍സിനിരോധനത്തെ അനുകൂലിക്കുന്നവരുടെ ന്യായീകരണം. എന്നാല്‍, ജനജീവിതത്തിന്റെ ഓരോ അണുവിലും മോഡിയുടെ തലതിരിഞ്ഞ പരിഷ്കാരത്തിന്റെ പ്രത്യാഘാതം ശക്തിപ്പെട്ടുവരികയാണ്. തൊഴിലും വാണിജ്യവും നികുതിയടവുമെല്ലാം വന്‍തോതില്‍ കുറയുകയാണ്. ബഹുഭൂരിപക്ഷംവരുന്ന താഴ്ന്നവരുമാനക്കാരുടെ എല്ലാ സാമ്പത്തികപ്രവര്‍ത്തനങ്ങളും നാമമാത്രമായി. ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നു. ഇതെല്ലാം നികുതിവരുമാനത്തില്‍ പ്രതിഫലിക്കുക സ്വാഭാവികം. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിലാണ് ജിഎസ്ടി എന്ന ഇരട്ട പ്രഹരവുമായി കേന്ദ്രം രംഗത്തെത്തുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ അടുത്ത സാമ്പത്തികവര്‍ഷാരംഭത്തില്‍ ജിഎസ്ടി നടപ്പാക്കുക അസാധ്യമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിന്റെ പശ്ചാത്തലമിതാണ്. മറ്റ് സംസ്ഥാനങ്ങളും ഇതേ അഭിപ്രായം പ്രകടിപ്പിച്ചതിനാലാണ് ജിഎസ്ടി കൌണ്‍സില്‍ യോഗം മാറ്റിവയ്ക്കേണ്ടി വന്നത്. ഭക്ഷ്യഭദ്രതാനിയമം തിരക്കിട്ട് നടപ്പാക്കിയതിലൂടെ കേരളത്തിന്റെ റേഷന്‍ മുട്ടിച്ച കേന്ദ്രം,കറന്‍സിനിരോധനത്തിനുപിന്നാലെ ജിഎസ്ടി വഴിയും സംസ്ഥാനങ്ങളുടെ കഴുത്തിന് പിടിക്കാന്‍ ഒരുങ്ങുകയാണ്. ഇത് ചെറുക്കപ്പെടുകതന്നെ വേണം. ഭരണഘടനാദത്തമായ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പദവിയും വിഹിതവും ലഭിച്ചേ തീരൂ *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top