28 March Tuesday

ഉണരണം ജനകീയ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Nov 4, 2022


ഗവർണറെ പ്രജ്ഞനായ  ഉപദേശിയെന്ന നിലയിലാണ്‌ ഭരണഘടനാ നിർമാണസഭയിലെ ചർച്ചകളിൽ വിവക്ഷിച്ചത്‌. എന്നാൽ, ബിജെപി ഇതര രാഷ്ട്രീയപാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാർ  ഇന്ന്‌ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്താണ്‌.  അതിനുമപ്പുറം സമാന്തര സർക്കാർ ചമയാനും ജനഹിതമുള്ള സർക്കാരുകളുടെ ഭരണം സ്‌തംഭിപ്പിക്കാനുള്ള ഉപകരണമായും ഗവർണർമാർ മാറി.  കേരളത്തിനു പുറമെ തമിഴ്‌നാട്‌, തെലങ്കാന, രാജസ്ഥാൻ, ജാർഖണ്ഡ്‌, ഛത്തീസ്‌ഗഢ്, ബംഗാൾ എന്നിവിടങ്ങളിലെല്ലാം സ്ഥിതി ഒന്നുതന്നെ. തമിഴ്‌നാട്ടിൽ 21 ബില്ലാണ്‌ ഗവർണർ ആർ എൻ രവി പിടിച്ചുവച്ചിരിക്കുന്നത്‌.  തെലങ്കാനയിൽ ഗവർണർ തമിഴിസൈ സൗന്ദർരാജന്റെ കുത്തിത്തിരിപ്പുകൾക്ക്‌ പരസ്യമായ ബഹിഷ്‌കരണംകൊണ്ടാണ്‌ തെലങ്കാന രാഷ്ട്രീയസമിതി (ടിആർഎസ്) മറുപടി നൽകിയത്‌. സമാനമാണ് ബംഗാളിലെയും സ്ഥിതി. മഹാരാഷ്ട്രയിൽ കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കാതെ ഉദ്ധവ്‌ താക്കറെയുടെ സർക്കാരിനെ മറിച്ചിടാൻ ബിജെപിയുടെ ആയുധമായി പ്രവർത്തിച്ച  ഗവർണർ ഭഗത്‌സിങ്‌ കോഷിയാരി ഇപ്പോൾ പഞ്ചപുച്ഛമടക്കി നിൽക്കുകയാണ്‌. 

കേരളത്തിലാണ്‌ സ്ഥിതി കൂടുതൽ രൂക്ഷം. പ്രധാനപ്പെട്ട ആറു ബില്ലാണ്‌ ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്‌. സംസ്ഥാനത്തെ 11 വിസിമാരോട്‌ രാജി ആവശ്യപ്പെടുകയും  ഒരു മന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ടതിനാൽ  അദ്ദേഹത്തെ പിരിച്ചുവിടണമെന്ന്‌ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ്‌ കഴിഞ്ഞ കുറച്ചുനാളുകളായി രാജ്‌ഭവനിൽനിന്ന്‌ കേൾക്കുന്നത്‌. ഗവർണറുടെ പ്രീതി വ്യക്തിപരമല്ലെന്ന്‌ ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ വാളോങ്ങൽ തുടരുകയാണ്‌. ഏറ്റവും ഒടുവിൽ സ്വർണക്കടത്തിൽ കസ്റ്റംസിന്റെയും ഇഡിയുടെയും എൻഐഎയുടെയും കേസുകളിൽ പ്രതിയായ ഒരു സ്‌ത്രീയുടെ നാവായി അദ്ദേഹം അധഃപതിക്കുന്ന കാഴ്‌ചയാണ്‌ വ്യാഴാഴ്‌ച കേരളം കണ്ടത്‌. മുമ്പ്‌ "മിടുക്കർ' എന്ന്‌ പുകഴ്‌ത്തിയ വിസിമാരെയെല്ലാം കഴിവില്ലാത്തവരെന്ന്‌ വിളിക്കുന്നതും കേട്ടു.

അതേസമയം ബിജെപി ഇതര കക്ഷികളാണെങ്കിലും ആവശ്യം വരുമ്പോഴെല്ലാം ബിജെപിയെയും കേന്ദ്രസർക്കാരിനെയും സഹായിക്കുന്ന ബിജു ജനതാദൾ ഭരിക്കുന്ന ഒഡിഷയിലും വൈഎസ്‌ആർ കോൺഗ്രസ്‌ ഭരിക്കുന്ന ആന്ധ്രയിലും  ഗവർണർമാർ  ശാന്തരാണ്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി പറയാനുമില്ല. ഇതിൽനിന്ന്‌ ഗവർണർമാരുടെ ‘പ്രീതി നഷ്ടമാകൽ’ വ്യക്തിപരമല്ലെന്നും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും പകൽപോലെ വ്യക്തം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത തകർക്കുകയാണ്‌ ലക്ഷ്യം.  അതുവഴി ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുക, പൂർണമായ കാവിവൽക്കരണത്തിന്‌ വിഘാതം നിൽക്കുന്ന ഭരണഘടനയെ തകർക്കുക എന്നീ ആർഎസ്‌എസ്‌ അജൻഡയാണ്‌ നടപ്പാക്കാൻ ശ്രമിക്കുന്നത്‌.  തൃശൂരിൽ  ആർഎസ്എസ് മേധാവിയെ കാത്തുനിന്ന്‌ സന്ദർശിച്ച ശേഷമാണ്‌ ഗവർണർ സംസ്ഥാന സർക്കാരിനെതിരെയുള്ള കടന്നാക്രമണം രൂക്ഷമാക്കിയതെന്ന വസ്‌തുത ചേർത്തുവായിച്ചാൽ ചിത്രം കൂടുതൽ വ്യക്തമാകും.

ലക്ഷ്യം രാഷ്ട്രീയമായതുകൊണ്ടുതന്നെ അതിനെതിരായ ചെറുത്തുനിൽപ്പിനും നിയമപരവും ഭരണഘടനാപരവുമായ വഴികൾക്കൊപ്പം രാഷ്ട്രീയമാർഗവും തേടേണ്ടതുണ്ട്‌. തമിഴ്‌നാട്ടിൽ ഗവർണറെ തിരിച്ചുവിളിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ ഡിഎംകെ സർവകക്ഷി നിവേദനത്തിന്‌ ആഹ്വാനംചെയ്‌തു കഴിഞ്ഞു. സംസ്ഥാനങ്ങളിൽ ഗവർണർമാരെ മുൻനിർത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ കരുനീക്കങ്ങൾക്കെതിരെ  പ്രതിപക്ഷ പാർടികളെ ഏകോപിപ്പിച്ച്‌ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട്‌ നിവേദനം നൽകാൻ സിപിഐ എം തീരുമാനിച്ചിട്ടുണ്ട്‌. ഗവർണർമാരുടെ ഉത്തരവാദിത്വങ്ങളും ഫെഡറലിസവും എന്ന വിഷയത്തിൽ മുതിർന്ന ദേശീയ നേതാക്കളെയും നിയമജ്ഞരെയും പങ്കെടുപ്പിച്ച്‌ ഡൽഹിയിൽ സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്തേണ്ടതും അനിവാര്യമാണ്‌.  കേരളത്തിലെ ജില്ലകളിൽ ജനകീയ കൺവൻഷനുകൾക്കും 15ന്‌ രാജ്‌ഭവൻ മാർച്ചിനും എൽഡിഎഫ്‌ തീരുമാനിച്ചതും അത്തരത്തിൽ കാണേണ്ടതും ശ്ലാഘിക്കപ്പെടേണ്ടതുമാണ്‌.

ഈ പോരാട്ടങ്ങൾക്ക്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ നേതൃത്വം ഗവർണറെ പിന്തുണയ്‌ക്കുന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്‌.  കേരളത്തിലെ സർക്കാരിനെ അടിക്കാനുള്ള വടിയായാണ്‌ ഇതിനെ അവർ കാണുന്നത്‌. അതേസമയം ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന്‌ തിരിച്ചറിയാനുള്ള വിവേകമാണ്‌ അവരിൽനിന്ന്‌ കേരളം പ്രതീക്ഷിക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top