06 August Friday

ജനങ്ങളോടുള്ള വെല്ലുവിളി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. ജനങ്ങളുടെ സാധാരണ ജീവിതത്തെയും കാര്‍ഷികവൃത്തിയെയും ദോഷകരമായി ബാധിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചുള്ള നിര്‍ദേശം നവംബര്‍ 14 മുതല്‍ ബാധകമാക്കിയിരിക്കുകയാണ്. ഖനനം, ക്വാറി, മണല്‍വാരല്‍, താപോര്‍ജനിലയം, 20,000 ചതുരശ്രമീറ്ററിലേറെയുള്ള കെട്ടിടങ്ങളും മറ്റുനിര്‍മാണങ്ങളും, 50 ഹെക്ടറിലേറെയുള്ളതോ, ഒന്നരലക്ഷം ചതുരശ്രമീറ്ററിലേറെ നിര്‍മാണമുള്ളതോ ആയ ടൗണ്‍ഷിപ്പ് അല്ലെങ്കില്‍ മേഖലാവികസനപദ്ധതികള്‍, ചുവപ്പുഗണത്തിലുള്ള വ്യവസായങ്ങള്‍ എന്നിവയ്ക്ക് പരിസ്ഥിതിലോലപ്രദേശത്ത് പൂര്‍ണനിയന്ത്രണം അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഈ തീരുമാനം പുറത്തുവന്നതോടെ കേരളത്തിന്റെ 37 ശതമാനം പ്രദേശങ്ങളില്‍ നിവസിക്കുന്ന ജനങ്ങള്‍ക്ക് വീട് നിര്‍മിക്കാനോ, വികസനപ്രവര്‍ത്തനങ്ങള്‍ക്കോ സാധ്യമാകാത്ത നിലയാണ്.

 

ജനജീവിതം സ്തംഭിപ്പിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ധിക്കാരപരമായ തീരുമാനം. ഇത് ജനകീയസര്‍ക്കാരിന്റെ തീരുമാനമല്ല. ജനാധിപത്യരീതി അംഗീകരിച്ചുള്ള പ്രഖ്യാപനവുമല്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ തനി സ്വേഛാധിപത്യരീതിയിലുള്ള തീരുമാനം കേരളത്തിലെ 11 ജില്ലകളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയവും കസ്തൂരിരംഗന്‍ കമ്മിറ്റി മുമ്പാകെ സര്‍ക്കാരും സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളും പ്രകടിപ്പിച്ച അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് വിദഗ്ദ്ധകമ്മിറ്റി തീരുമാനത്തിലേക്ക് പോയത്. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളുടെ പിന്‍തുണയില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങളേ അവശേഷിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് കമീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധമായ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്താന്‍ കേന്ദ്രസര്‍ക്കാരിനാകില്ല. അതുകൊണ്ടുതന്നെ ധൃതിപിടിച്ചുള്ള പ്രഖ്യാപനമാണ് ഗൗരവമേറിയ ഒരുവിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. കേരള നിയമസഭയുടെ ഏകകണ്ഠമായ പ്രമേയം തൃണവല്‍ഗണിച്ചു. ഭരണകക്ഷിയില്‍ത്തന്നെ ഏകാഭിപ്രായമല്ല ഉള്ളത്. എന്നിട്ടും ഇടിത്തീപോലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതാര്‍ക്കുവേണ്ടിയെന്ന പ്രസക്തമായ ചോദ്യം അവശേഷിക്കുന്നു. കേരളത്തില്‍നിന്നുള്ള 20 ലോക്സഭാംഗങ്ങളില്‍ 16 പേരും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന് പിന്‍തുണ നല്‍കുന്നവരാണ്. കേരള ജനതയുടെ വികാരം മാനിക്കാന്‍ അവര്‍ക്ക് കഴിവില്ലാതെപോയി. അഥവാ അവര്‍ കേരള ജനതയുടെ യഥാര്‍ഥ വികാരം ബോധപൂര്‍വം അവഗണിച്ച് തള്ളി.

 

പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അപ്പാടെ തള്ളണമെന്നും അഭിപ്രായമില്ല. പരിസ്ഥിതിസംരക്ഷണം അതീവപ്രാധാന്യമുള്ള വിഷയംതന്നെയാണ്. എന്നാല്‍, പരിസ്ഥിതിസംരക്ഷണവും പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പും ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യത്തിനുത്തരം കണ്ടെത്തിയേ മതിയാവൂ. തീര്‍ച്ചയായും ജനങ്ങള്‍ക്കു വേണ്ടിയാണെന്ന ഒരൊറ്റ മറുപടിയേ ഉള്ളൂ. ജനങ്ങളുടെ നിലനില്‍പ്പാണ് പ്രധാനം. ഭൂമിയില്‍ ജനിച്ച ഓരോ പൗരനും ജീവിക്കാനവകാശമുണ്ട്. ആ അവകാശം മൗലികമാണ്. ഭരണഘടനാദത്തവുമാണ്. അത് നിഷേധിക്കാന്‍ അനുവദിച്ചുകൂടാ. ജനങ്ങളുടെ ആശങ്ക അകറ്റും എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് വിലകല്‍പ്പിക്കാന്‍ പ്രയാസമുണ്ട്. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജനങ്ങള്‍ക്കുള്ള പ്രയാസം മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. ഇടുക്കിജില്ലയിലും മറ്റ് മലയോരമേഖലയിലും ജനങ്ങള്‍ വിജയകരമായി ഹര്‍ത്താല്‍ നടത്തിയതാണ്. മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇപ്പോഴത്തെ തീരുമാനം മാറ്റിവയ്പ്പിക്കാന്‍ കഴിയുമായിരുന്നു.

 

പരിസ്ഥിതി സംരക്ഷിക്കുന്നതിന് രാഷ്ട്രീയ പാര്‍ടികളോ ബഹുജനസംഘടനകളോ എതിരല്ല. മാധവ് ഗാഡ്ഗിലോ, കസ്തൂരിരംഗനോ ഏതാനും വിദഗ്ധരോ സ്വന്തം വിജ്ഞാനംമാത്രം പ്രയോജനപ്പെടുത്തി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്ന് ശഠിക്കുന്നത് ധിക്കാരമാണ്. ഏകാധിപത്യപ്രവണതയാണ്. പരിസ്ഥിതിവിഷയത്തില്‍ മാത്രമല്ല വിദഗ്ധരുള്ളത്. ധനശാസ്ത്രം, കൃഷി, വ്യവസായം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റിയാണ് പരിശോധന നടത്തേണ്ടത്. അത്തരം ഒരു വിദഗ്ധ സമിതി, രാഷ്ട്രീയപാര്‍ടികളുടെ പ്രതിനിധികളുമായും, ജനപ്രതിനിധികളുമായും, കര്‍ഷകരുമായും, തീരുമാനം ബാധകമാക്കിയാല്‍ ദുരിതമനുഭവിക്കേണ്ടിവരുന്ന ജനങ്ങളുമായും ചര്‍ച്ച നടത്തി അവരുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് ജനാധിപത്യപരമായി തീരുമാനമെടുക്കണം. അതിനുള്ള സമയം കണ്ടെത്തണം. ഇത്തരം ചര്‍ച്ചയിലൂടെ രൂപപ്പെടുന്ന ജന അഭിപ്രായം കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളണം. ശുപാര്‍ശ നടപ്പാക്കുന്നതിന്റെ ഫലമായി ക്ലേശമനുഭവിക്കേണ്ടിവരുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം. വീടും സ്ഥലവും കൃഷിയും സര്‍വസ്വവും നഷ്ടപ്പെടുന്നവര്‍ക്ക് ജീവിക്കാനാവശ്യമായ സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

 

പശ്ചിമഘട്ടത്തില്‍ കുടിയേറിപാര്‍ത്തവര്‍മാത്രം നരകയാതന അനുഭവിക്കണമെന്നും, ജീവിക്കാനുള്ള വഴിമുട്ടി മരിക്കണമെന്നും പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. ഒരാലോചനയോ, ചര്‍ച്ചയോ കൂടാതെ ധൃതിപിടിച്ച് ബഹുജനാഭിപ്രായം അവഗണിച്ച് ഏകാധിപത്യപരമായി തീരുമാനമെടുത്താല്‍ കടുത്ത ജനരോഷം നേരിടേണ്ടി വരും. തീരുമാനമെടുത്തവര്‍ ഒറ്റപ്പെടും. ജനങ്ങളെ അംഗീകരിക്കാത്ത ഭരണാധികാരികളെ ജനങ്ങള്‍ മാറ്റും. അതാണ് ജനാധിപത്യം. അതുകൊണ്ടുതന്നെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള തീരുമാനം മാറ്റിയില്ലെങ്കില്‍ അതിശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരും. അതോടൊപ്പം ഒരഭ്യര്‍ഥനയുണ്ട്. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടോ, അക്രമമാര്‍ഗമുപയോഗിച്ചോ മുന്നോട്ടു പോകാനാകില്ല. അത് ലക്ഷ്യം പരാജയപ്പെടുത്തും. സമാധാനപരവും സംഘടിതവും അച്ചടക്കമുള്ളതുമായ സമരമാര്‍ഗത്തിനേ വിജയം കണ്ടെത്താനാകൂ. ഇക്കാര്യം സമരത്തിലേര്‍പ്പെടുന്നവര്‍ ഓര്‍ക്കണമെന്നഭ്യര്‍ഥനയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top