27 June Monday

ജനിതക കടുക്: ആശങ്ക അകറ്റണം

വെബ് ഡെസ്‌ക്‌Updated: Friday May 19, 2017


ജനിതകവ്യതിയാനം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ പരിസ്ഥിതിമന്ത്രാലയത്തിന് കീഴിലുള്ള ജനിതക സാങ്കേതികവിദ്യ വിലയിരുത്തല്‍ സമിതി (ജിഇഎസി) കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തിരിക്കുകയാണ്.  ജനിതക കടുകിനെക്കുറിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ ദീപക് പെന്റാലിന്റെ നേതൃത്വത്തില്‍  നടത്തിയ ഗവേഷണത്തിന്റെ വിശദാംശങ്ങളൊന്നുംതന്നെ പുറത്തുവിടാതെ അനുകൂലതീരുമാനം മാത്രമാണ് സമിതി പുറത്തുവിട്ടിട്ടുള്ളത്. പരിസ്ഥിതി മന്ത്രാലയവും പരമോന്നത കോടതിയും ഇതിന് അനുവാദം നല്‍കിയാല്‍ ജനിതക കടുക് വാണിജ്യമായി ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിക്കാം. (ജനിതകവൈവിധ്യം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത് നേരത്തേ സുപ്രീംകോടതി സ്റ്റേചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് അന്തിമതീരുമാനം കൈക്കൊള്ളുന്നതിനുമുമ്പ് സുപ്രീംകോടതിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടത്). പാകിസ്ഥാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കടുക് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജസ്ഥാന്‍, യുപി, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നായി രണ്ട് ലക്ഷം ടണ്‍ കടുകാണ് വാര്‍ഷിക ഉല്‍പ്പാദനം.

ഇന്ത്യയില്‍ ജനിതകവൈവിധ്യം വരുത്തിയ ബിടി പരുത്തിക്ക് മാത്രമാണ് വാണിജ്യ ഉല്‍പ്പാദനത്തിന് ഇതുവരെയായി അനുമതി നല്‍കിയിട്ടുള്ളത്. ജനിതക വഴുതനയ്ക്കും ജിഇഎസി 2009 ഒക്ടോബര്‍ 14ന് അനുമതി നല്‍കിയെങ്കിലും അന്നത്തെ പരിസ്ഥിതി മന്ത്രി ജയ്റാം രമേഷ് അനുമതി നിഷേധിച്ചു. അന്ന് അനുമതി നിഷേധിക്കുന്നതിന് മന്ത്രി ചൂണ്ടിക്കാട്ടിയ പ്രധാന കാരണം പരുത്തിയില്‍നിന്ന് വ്യത്യസ്തമായി വഴുതന ഭക്ഷ്യവസ്തുവായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ്. മാത്രമല്ല ജനിതക വഴുതന വികസിപ്പിച്ചെടുത്തത് ബഹുരാഷ്ട്ര വിത്തുകുത്തകയായ മൊണസാന്റോക്ക് പങ്കാളിത്തമുള്ള മഹാരാഷ്ട്ര ഹൈബ്രിഡ് സീഡസ്് കമ്പനി(മഹികോ)യും തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയും ആയിരുന്നു. അതുകൊണ്ടുതന്നെ ജനിതക വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ജനിതക വഴുതനയുടെ കാര്യത്തില്‍ ജിഇഎസി നടപടിക്രമമനുസരിച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയില്ലെന്നും ഫീല്‍ഡ് ട്രയല്‍ പോലും നടന്നില്ലെന്നും വെളിവാക്കപ്പെട്ടു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് ജനിതക വഴുതനയ്ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിന് അനുമതി നിഷേധിച്ചത്. 

ഈ ആശങ്കകള്‍ ജനിതക കടുകിന്റെ കാര്യത്തിലും നിലനില്‍ക്കുന്നു. ഭക്ഷ്യവസ്തുവാണ് കടുകും. കടുകില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യഎണ്ണയാണ്  ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍. മാത്രമല്ല, ആയുര്‍വേദമരുന്നുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജനിതകവൈവിധ്യമുള്ള വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നപക്ഷം അത് ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.  അതുകൊണ്ടുതന്നെ ഒരു സര്‍വകലാശാലമാത്രം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വാണിജ്യ ഉല്‍പ്പാദനത്തിന് അനുമതി നല്‍കരുത്. കൂടുതല്‍ പഠനവും ഗവേഷണവും ഇതുസംബന്ധിച്ച് നടത്തിയതിന് ശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിന് പച്ചക്കൊടി കാട്ടാവൂ. ജനിതക വിത്തിന്റെ പേറ്റന്റ് കൈവശപ്പെടുത്തിയ ബഹുരാഷ്ട്ര കമ്പനികള്‍ ആഭ്യന്തരവിപണിയുടെ കുത്തക കൈയടക്കുന്നതിനും ഇത് സാഹചര്യമൊരുക്കും. സ്വാഭാവികമായും കൃഷി ചെലവേറിയതാകും. ജനിതക പരുത്തി ക്കൃഷി ചെലവേറിയതായത് കര്‍ഷകരെ കൂട്ടത്തോടെ ആത്മഹത്യയിലേക്ക് നയിച്ചെന്ന യാഥാര്‍ഥ്യംകൂടി കണക്കിലെടുത്തായിരിക്കണം പുതിയ ജനിതക കൃഷിക്ക് അനുമതി നല്‍കേണ്ടത്.  ജനിതക വിത്തുകള്‍ ആത്മഹത്യാവിത്തുകളാണെന്ന ആക്ഷേപം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.  

കടുകിന്റെ കാര്യത്തിലും അഖിലേന്ത്യാ കിസാന്‍ സഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാര്‍ നടത്തിയ ഗവേഷണത്തിന്റെയും പഠനത്തിന്റെയും വിവരങ്ങള്‍ പുറത്തുവിടാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. അതുകൊണ്ടുതന്നെ ജനിതക കടുക് സംബന്ധിച്ച ഗവേഷണ പഠന വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യൂറോപ്പുംമറ്റും ജനിതക ഭക്ഷ്യവസ്തുക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ ജനിതക കടുകിന് അനുവാദം നല്‍കുന്നതിലുള്ള സാംഗത്യവും ചോദ്യംചെയ്യപ്പെടുന്നുണ്ട്. ജനിതകം, ജൈവവൈവിധ്യം തുടങ്ങിയ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്ന ഒരു മേഖല യൂറോപ്പിലാണ്. യൂറോപ്പിലെ രണ്ട് പ്രഗത്ഭ ജനിതകശാസ്ത്രജ്ഞരായ പ്രൊഫസര്‍ ഗില്ലസ് എറിക്ക് സെറാലിനിയും പ്രൊഫസര്‍ മൈക്കിള്‍ ആന്റോണിയയും മറ്റും ജനിതക ഭക്ഷവസ്തുക്കള്‍ അനുവദിക്കരുതെന്ന് ഇന്ത്യയോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടുണ്ട്. വികസിത യൂറോപ്പ് പോലും ജനിതക കൃഷി അനുവദിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ അതിന് അനുവാദം നല്‍കുന്നത് ചോദ്യംചെയ്യപ്പെടുന്നത് സ്വാഭാവികം. 

എന്നാല്‍, അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പൊതുവെ ജനിതക ഭക്ഷ്യവസ്തുക്കള്‍ക്ക് അനുവാദം നല്‍കിയിട്ടുമുണ്ട്.  ഇതിനര്‍ഥം ജനിതക ഭക്ഷ്യവസ്തുക്കളെക്കുറിച്ച് ലോകത്ത് രണ്ടഭിപ്രായമുണ്ടെന്നാണ്. അതുകൊണ്ടുതന്നെ തിരക്കിട്ട് ജനിതക കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് അനുമതി നല്‍കുന്നത് ബുദ്ധിശൂന്യമായിരിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top