24 March Friday

ജിഡിപി തകര്‍ച്ച പ്രതിസന്ധിയുടെ പ്രതിഫലനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017മോഡിഭരണം അഞ്ചാം വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ 'മേക്ക് ഇന്‍ ഇന്ത്യ' ഉള്‍പ്പെടെ സര്‍വ അവകാശവാദങ്ങളും പൊളിയുന്നതിന്റെ ചിത്രമാണ് കണക്കുകളില്‍ തെളിയുന്നത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഏറ്റവും ഒടുവിലത്തെ സൂചികകള്‍  ആഗസ്ത് 31ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പുറത്തുവിട്ടപ്പോള്‍ ഞെട്ടിക്കുന്ന സാമ്പത്തിക തകര്‍ച്ചയാണ് മറനീക്കിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ (മൂന്നുമാസം) മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ച 7.9 ശതമാനമായിരുന്നു. ജിഡിപി വളര്‍ച്ച ഇത്രയും താഴേക്കു പോയ അനുഭവം അടുത്തകാലത്തൊന്നുമില്ല. 2016 സാമ്പത്തിക വര്‍ഷാരംഭം മുതല്‍ ജിഡിപി തുടര്‍ച്ചയായി തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്.

പണം പിന്‍വലിക്കല്‍ നടപ്പാക്കിയതിന്  തൊട്ടുപിന്നാലെ 2017 ജനുവരി- മാര്‍ച്ച് ക്വാര്‍ട്ടറില്‍ 6.1 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. അവിടുന്നിങ്ങോട്ട് സാമ്പത്തിക പിന്നോട്ടടിയുടെ വേഗം വര്‍ധിച്ചു. പിന്‍വലിച്ച മൊത്തം തുകയും സര്‍ക്കുലേഷനില്‍ തിരികെയെത്തിയിട്ടും സമ്പദ്ഘടന വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചില്ലെന്നതാണ് ആഗസ്ത് 31ലെ ജിഡിപി നില വ്യക്തമാക്കുന്നത്. പണം പിന്‍വലിക്കലിന്റെ പ്രത്യാഘാതം അവസാനിക്കുന്നതിനു മുമ്പ് ജൂലൈ ഒന്നിന് ഏര്‍പ്പെടുത്തിയ ചരക്കുസേവന നികുതിയും ഉല്‍പ്പാദന മേഖലയെ സാരമായി ബാധിച്ചുവെന്നുവേണം വിലയിരുത്താന്‍.

ജിഎസ്ടി ആസന്നമാണെന്ന ധാരണ പരന്നതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍തന്നെ ചരക്ക് ഉല്‍പ്പാദനം പിന്നോട്ടടിച്ചു. പുതിയ ഏകനികുതി വ്യവസ്ഥ വാണിജ്യമേഖലയെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത് എന്ന ആശങ്ക പരന്നതിന്റെ പ്രത്യാഘാതമായിരുന്നു ഇത്. നിലവിലുള്ള ചരക്കുശേഖരത്തെ ജിഎസ്ടി ബാധ്യതയില്‍നിന്ന് രക്ഷിക്കാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചാണ് വ്യാപാര മേഖല തല പുണ്ണാക്കിയത്. ചുരുക്കത്തില്‍ ഉല്‍പ്പാദന മേഖലയില്‍ വന്‍തിരിച്ചടിയാണ് ഈ കാലയളവില്‍ നേരിട്ടത്. വ്യാവസായിക ഉല്‍പ്പാദനം പ്രത്യേകമായെടുത്താല്‍ വളര്‍ച്ച വെറും 1.2 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് ഇത് 10.7 ശതമാനമായിരുന്നുവെന്ന് ഓര്‍ക്കണം. ഉല്‍പ്പാദനമേഖലയിലെ പിന്നോട്ടടി തൊഴിലവസരങ്ങളെ വന്‍തോതില്‍ ബാധിച്ചു. സേവനമേഖലയും പിന്നോട്ടാണെങ്കിലും പിടിച്ചുനിന്നു. മുന്‍വര്‍ഷത്തെ ഒമ്പതു ശതമാനം വളര്‍ച്ചയില്‍നിന്ന് 8.7 ആയാണ് സേവന മേഖലയിലെ ഇടര്‍ച്ച. കാര്‍ഷികരംഗത്ത് നേരിയ ഉല്‍പ്പാദന വര്‍ധന ഉണ്ടായിട്ടും ഉല്‍പ്പന്ന വിലത്തകര്‍ച്ചയും മൃഗപരിപാലനം തുടങ്ങിയ അനുബന്ധ മേഖലകളിലെ പ്രതിസന്ധിയും  പൊതുവില്‍ ഇടര്‍ച്ചതന്നെ സൃഷ്ടിച്ചു.

പണനിയന്ത്രണത്തിന്റെയും ജിഎസ്ടിയുടെയും തിരിച്ചടികള്‍ പരിഹരിച്ച് അടുത്ത ക്വാര്‍ട്ടറില്‍ ക്രമാനുഗതമായ വളര്‍ച്ചനിരക്ക് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ് കേന്ദ്ര ധനകാര്യ അധികൃതര്‍ പങ്കുവയ്ക്കുന്നത്. ജൂലൈ- സെപ്തംബര്‍ ക്വാര്‍ട്ടറില്‍തന്നെ ജിഡിപി വളര്‍ച്ച 7.5 വരെയാക്കി ഉയര്‍ത്തണമെന്ന ആഗ്രഹം എത്രകണ്ട് ഫലവത്താകുമെന്ന് കണ്ടറിയണം. ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലും തകര്‍ച്ച പ്രത്യക്ഷമാണ്. കഴിഞ്ഞവര്‍ഷത്തെ 9.4 ശതമാനത്തെ അപേക്ഷിച്ച് 6.4 എന്ന മന്ദവളര്‍ച്ചയാണ് ഈ രംഗം രേഖപ്പെടുത്തുന്നത്.

ജിഡിപി വളര്‍ച്ചയില്‍ ചൈനയെ കടത്തിവെട്ടി ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയെന്ന നേട്ടം കരസ്ഥമാക്കിയ ഇന്ത്യയെ തകര്‍ച്ചയിലേക്ക് നയിച്ചതിനു പിന്നില്‍ മോഡിഭരണത്തിന്റെ കോര്‍പറേറ്റ് അനുകൂല നയങ്ങളാണെന്നതില്‍ രണ്ടഭിപ്രായമുണ്ടാകില്ല. പണം പിന്‍വലിക്കലിന് മോഡി നിരത്തിയ കാരണങ്ങളൊന്നും യാഥാര്‍ഥ്യമല്ലെന്ന് നിരോധിച്ച മൊത്തം കറന്‍സിയും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ വ്യക്തമായി. കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം, അഴിമതി എന്നിവ ലക്ഷ്യമിട്ടാണ് പണ നിയന്ത്രണം കൊണ്ടുവന്നതെന്ന വാദം ഇന്ന് ആരും വിശ്വസിക്കുന്നില്ല. ഈ തിന്മകളെല്ലാം പഴയപടി തുടരുമ്പോഴും നേട്ടമുണ്ടാക്കിയത് കോര്‍പറേറ്റുകളും പുതുതലമുറ ഡിജിറ്റല്‍ സംരംഭങ്ങളും പേമെന്റ് സ്ഥാപനങ്ങളുമാണ്. തിരക്കിട്ട് ജിഎസ്ടി കൊണ്ടുവന്നപ്പോള്‍ സാധനവില കുറയുമെന്നാണ് പരക്കെ വിശ്വസിപ്പിച്ചത്. എന്നാല്‍, സര്‍വസാധനങ്ങളുടെയും വില വര്‍ധിച്ചുവെന്നതാണ് ജനങ്ങളുടെ അനുഭവം.

ജിഡിപി വളര്‍ച്ചയില്‍ ഒരുശതമാനം കുറവുണ്ടാകുമ്പോള്‍ ദേശീയ വരുമാനത്തില്‍ 1.5 ലക്ഷം കോടി രൂപയുടെ നഷ്ടവും ഒരു ദശലക്ഷം തൊഴില്‍ നഷ്ടവുമാണ് ഉണ്ടാകുന്നതെന്ന പ്രമുഖ ധനവിദഗ്ധന്‍ അജിത് റാനെഡെയുടെ വാക്കുകള്‍ തകര്‍ച്ചയുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നുണ്ട്. ധന മാനേജുമെന്റ് വഴി പൊതുചെലവ് നിയന്ത്രിക്കുന്ന കാലഘട്ടമാണിത്്. സ്വകാര്യ മേഖലയിലടക്കം നിക്ഷേപം വന്‍തോതില്‍ കുറയുന്നുവെന്നതാണ് പൊതുചെലവ് വെട്ടിക്കുറക്കലിന്റെ അനന്തരഫലം. 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപനിരക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. പശ്ചാത്തല സൌകര്യങ്ങള്‍, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞു. അസംഘടിത മേഖലയിലെ വളര്‍ച്ചനിരക്കില്‍ 80 ശതമാനത്തോളം ഇടിവുണ്ടായി. കോടിക്കണക്കിനാണ് തൊഴില്‍നഷ്ടം.

ഈ പ്രതിസന്ധികളില്‍നിന്ന് രാജ്യത്തെ കരകയറ്റാന്‍ സുചിന്തിതവും ക്രിയാത്മകവുമായ നയങ്ങളും കര്‍മപരിപാടികളുമാണ് അനിവാര്യം. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബിജെപി സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന കണ്‍കെട്ടുവിദ്യകള്‍ രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. പണം പിന്‍വലിക്കല്‍ പോലുള്ള തലതിരിഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇനിയും കൊണ്ടുവന്നാലും അത്ഭുതപ്പെടാനില്ല. ഇത്തരം കാപട്യങ്ങളുടെ ഗുണഫലം സമ്പന്നര്‍ക്കും  ദുരന്തങ്ങള്‍ പേറേണ്ടി വരുന്നത് സാധാരണ ജനങ്ങള്‍ക്കുമാണ്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിരോധ, പ്രക്ഷോഭ പ്രവര്‍ത്തനങ്ങളാണ് കര്‍ഷക-ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ശക്തിപ്പെട്ടുവരുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top