07 October Monday

നെതന്യാഹുവിനെ തുണയ്‌ക്കാൻ സാമ്രാജ്യത്വരാഷ്‌ട്രങ്ങൾമാത്രം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


പലസ്‌തീൻകാരുടെ വംശഹത്യ ലക്ഷ്യമിട്ട്‌ ഗാസയിലെ നിരായുധ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന നിഷ്‌ഠുരമായ യുദ്ധക്കുറ്റം ശനിയാഴ്‌ച പന്ത്രണ്ടാം മാസത്തിലേക്ക്‌ കടക്കുകയാണ്‌. കഴിഞ്ഞ 11 മാസത്തിനിടെ ഗാസയിൽ ഇസ്രയേൽ കൊന്നൊടുക്കിയവരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച്‌ 41,000 കടക്കുന്നു. ഇവരിൽ പതിനേഴായിരത്തോളം പേർ നിഷ്‌കളങ്കരായ കുട്ടികളാണ്‌. പതിനായിരത്തിലധികം സ്‌ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ട വയോധികരുടെ എണ്ണവും ആയിരങ്ങൾ വരും. പതിനായിരത്തിലധികം ആളുകളെ കാണാതായിട്ടുമുണ്ട്‌. ഇവരിൽ ഭൂരിപക്ഷവും തകർന്ന ആയിരക്കണക്കിന്‌ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾക്കടിയിൽ മണ്ണടിഞ്ഞിട്ടുണ്ടാകാം. കഴിഞ്ഞവർഷം ഒക്‌ടോബർ ഏഴിന്‌ ഹമാസ്‌ സംഘങ്ങൾ ഇസ്രയേലിൽ കടന്ന്‌ നടത്തിയ മിന്നലാക്രമണത്തിന്റെ പേരിലാണ്‌ മനുഷ്യരാശിയെയാകെ വെല്ലുവിളിച്ച്‌ സയണിസ്റ്റ്‌ വംശീയരാഷ്‌ട്രം പലസ്‌തീൻജനതയെ വേട്ടയാടുന്നത്‌. ഹമാസുകാർ ബന്ദിയാക്കിയ ഇസ്രയേലികളെ മോചിപ്പിക്കുന്നതിനും ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനുമാണ്‌ ‘യുദ്ധം’ എന്നാണ്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അവകാശവാദം. എന്നാൽ, യഥാർഥത്തിൽ നെതന്യാഹു ബന്ദികളുടെ മോചനം അസാധ്യമാക്കുകയാണെന്ന്‌ ഇസ്രയേലി ജനതയും കൂടുതലായി തിരിച്ചറിയുകയാണ്‌.

അതിന്റെ ഒടുവിലത്തെ പ്രതിഫലനമാണ്‌ ഇസ്രയേലിലെങ്ങും നെതന്യാഹുവിനെതിരെ ഉയരുന്ന ജനരോഷം. ഗാസയിലെ തുരങ്കത്തിൽ കഴിഞ്ഞ ശനിയാഴ്‌ച ആറ്‌ ഇസ്രയേലി ബന്ദികളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ്‌ രോഷം അണപൊട്ടിയത്‌. വെടിനിർത്തൽ ചർച്ചകൾ സ്‌തംഭിപ്പിച്ച്‌ ബന്ദികളെ കൊലയ്‌ക്കുകൊടുക്കുന്ന നെതന്യാഹുവിനെതിരെ ഇസ്രയേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്‌റ്റഡ്രട്ട്‌ ആഹ്വാനം ചെയ്‌ത പണിമുടക്കിൽ ലക്ഷക്കണക്കിനാളുകളാണ്‌ പങ്കെടുത്തത്‌. കടകളും ബാങ്കുകളും വ്യവസായശാലകളും വിമാനത്താവളങ്ങളുമെല്ലാം സ്‌തംഭിച്ചു. പണിമുടക്കിനെതിരെ നെതന്യാഹു സർക്കാർ കോടതിയിൽനിന്ന്‌ ഇൻജങ്‌ഷൻ ഉത്തരവ്‌ വാങ്ങിയെങ്കിലും അടുത്തദിവസവും പ്രതിഷേധം തുടർന്നു. അധികാരത്തിൽ തുടരാൻ മേഖലയിൽ സംഘർഷാവസ്ഥ നീട്ടിക്കൊണ്ടുപോകുന്ന നെതന്യാഹുവിന്റെ രാജിക്ക്‌ അയാളുടെ കൈയിലെ രക്തക്കറയുടെ പ്രതീകമായി കൈകൾ ചുവന്ന ചായത്തിൽ മുക്കി ഇസ്രയേലി യുവതികളും പ്രകടനങ്ങളിൽ പങ്കെടുത്തത്‌ ശ്രദ്ധേയമായിരുന്നു. കോടതിയെ നിയന്ത്രണത്തിലാക്കി ഭരണത്തിൽ തുടരാൻ അഴിമതിക്കേസുകളുള്ള നെതന്യാഹു നടത്തിവന്ന ശ്രമങ്ങൾക്കെതിരെ ഗാസയിലെ കടന്നാക്രമണം ആരംഭിക്കുന്നതിന്‌ മുമ്പുതന്നെ വൻപ്രതിഷേധങ്ങൾ അലയടിച്ചിരുന്നു. എന്നാൽ, ഹമാസ്‌ ആക്രമണം സർവകക്ഷി യുദ്ധസർക്കാർ രൂപീകരിച്ച്‌ അധികാരത്തിൽ തുടരാൻ നെതന്യാഹു ആയുധമാക്കുകയായിരുന്നു. ആ യുദ്ധസർക്കാരിൽനിന്ന്‌ രണ്ടു മാസംമുമ്പ്‌ രാജിവച്ച മുൻ സേനാതലവൻ ബെന്നി ഗാന്റ്‌സ്‌ അടക്കം ഇപ്പോൾ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെടുകയാണ്‌.

ഹമാസിനെ ഇല്ലാതാക്കാനാണ്‌ ഗാസയിൽ ആക്രമണം തുടരുന്നതെന്ന ഇസ്രയേലിന്റെ വാദം പച്ചക്കള്ളമാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഇക്കാലത്തിനിടെ വെസ്റ്റ്‌ബാങ്കിൽ ഇസ്രയേൽ നടത്തിയ അതിക്രമങ്ങൾ. ഹമാസിന്‌ കാര്യമായി സ്വാധീനമില്ലാത്ത, പലസ്‌തീൻ അതോറിറ്റി ചെയർമാൻ മഹ്‌മൂദ്‌ അബ്ബാസിന്റെ ഫത്തായ്‌ക്ക്‌ പരിമിതാധികാരം അനുവദിച്ചിട്ടുള്ള വെസ്റ്റ്‌ബാങ്കിൽ 11 മാസത്തിനിടെ 685 പലസ്‌തീൻകാരാണ്‌ കൊല്ലപ്പെട്ടത്‌. ഇവരിൽ 157 കുട്ടികളും ഉൾപ്പെടുന്നു. ജറുസലേമടക്കം വെസ്റ്റ്‌ബാങ്കിനെ പൂർണമായി ഇസ്രയേലിന്റെ ഭാഗമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2005ൽ ഏരിയൽ ഷാറോൺ പ്രധാനമന്ത്രിയായിരിക്കെ ഇസ്രയേൽ ഗാസയിൽനിന്ന്‌ ജൂത കുടിയേറ്റക്കാരെ പൂർണമായും ഒഴിപ്പിച്ചിരുന്നു. തുടർന്നും വെസ്റ്റ്‌ബാങ്കിൽ ഇസ്രയേൽ അധിനിവേശം തുടർന്നെന്ന്‌ മാത്രമല്ല, അവിടെ അനധികൃത ജൂത കുടിയേറ്റങ്ങൾ വ്യാപിപ്പിക്കുകയും ചെയ്‌തു. ഈ ജൂത കുടിയേറ്റക്കാരും ഇസ്രയേലി സൈന്യവും അവിടെ നടത്തിവരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം ഇസ്രയേലിന്റെയും അനുകൂലികളുടെയും നുണപ്രചാരണങ്ങളെ മനസ്സിലാക്കാൻ.

കഴിഞ്ഞ ഒക്‌ടോബർ ഏഴിലെ ഹമാസിന്റെ നടപടിയോടെയാണ്‌ ചരിത്രം ആരംഭിച്ചതെന്ന മട്ടിലാണ്‌ ഇസ്രയേലും അതിനെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യ രാഷ്‌ട്രങ്ങളും അവയുടെ നിയന്ത്രണത്തിലുള്ള മാധ്യമസന്നാഹങ്ങളും ആഖ്യാനങ്ങൾ പടച്ചുവിടുന്നത്‌. എന്നിട്ടും പാശ്ചാത്യലോകത്തുപോലും ജനങ്ങൾക്കിടയിൽ പലസ്‌തീൻ ഐക്യദാർഢ്യം വളരുന്നത്‌ തിരിച്ചറിഞ്ഞ്‌ കൂടുതൽ രാജ്യങ്ങൾ പലസ്‌തീൻ രാഷ്‌ട്രത്തെ അംഗീകരിക്കാൻ തയ്യാറായിട്ടുണ്ട്‌. 27 അംഗ യൂറോപ്യൻ യൂണിയനിൽ 14 രാഷ്‌ട്രങ്ങൾ ഇപ്പോൾ പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുന്നുണ്ട്‌. 10 വർഷം മുമ്പുവരെ ഒരു യൂറോപ്യൻ രാജ്യംപോലും പലസ്‌തീനെ അംഗീകരിച്ചിരുന്നില്ല. ലോകത്തിന്റെ പൊതുവികാരം ഇത്തരത്തിൽ ഇസ്രയേലിനെതിരെ തിരിഞ്ഞിട്ടും ആക്രമണം അവസാനിപ്പിക്കാൻ ഐക്യരാഷ്‌ട്ര സംഘടനയും അന്താരാഷ്‌ട്ര കോടതിയുമടക്കം ആവശ്യപ്പെട്ടിട്ടും അതൊന്നും വകവയ്‌ക്കാതെ നെതന്യാഹു രക്തദാഹവുമായി മുന്നോട്ട്‌ പോകുകയാണ്‌. അമേരിക്കയടക്കം പ്രധാന പാശ്ചാത്യ സാമ്രാജ്യത്വ രാഷ്‌ട്രങ്ങളുടെ പിന്തുണ ഉള്ളതുകൊണ്ടുമാത്രമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top