09 October Wednesday

ഇസ്രയേലിനെ സഹായിക്കുന്നവർ പ്രധാന പ്രതികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


ഇസ്രയേൽ ലോകത്തെ അത്യപകടകരമായ ഒരു സ്ഥിതിയിലേക്ക്‌ വലിച്ചിഴയ്‌ക്കുകയാണ്‌. പലസ്‌തീൻ മുൻ പ്രധാനമന്ത്രിയായ ഹമാസ്‌ നേതാവ്‌ ഇസ്‌മയിൽ ഹനിയയെ ജൂലൈ 31ന്‌ ഇറാനിൽ ഔദ്യോഗിക സന്ദർശനത്തിനിടെ വധിച്ചത്‌ ലോകമെങ്ങും പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. അത്‌ കൂസാതെയാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച ലബനൻ തലസ്ഥാനത്ത്‌ കനത്ത വ്യോമാക്രമണം നടത്തി ഹിസ്‌ബുള്ള തലവൻ ഹസൻ നസറള്ളയടക്കം നിരവധിയാളുകളെ കൊലപ്പെടുത്തിയത്‌. ലോകസമാധാനത്തിനുവേണ്ടി രൂപംകൊണ്ട ഐക്യരാഷ്‌ട്ര സംഘടനയുടെ വാർഷികസമ്മേളന വേദിയിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ലബനനിൽ ആക്രമണം തീവ്രമാക്കുമെന്ന്‌ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ്‌ യുദ്ധവിമാനങ്ങൾ ബെയ്‌റൂട്ടിൽ ബോംബിട്ടത്‌. ലബനനൻ പാർലമെന്റിലും ഭരണസംവിധാനത്തിലും നിർണായകസ്ഥാനമുള്ള ഹിസ്‌ബുള്ളയുടെ തലവന്‌ പുറമേ സംഘടനയുടെ മുതിർന്ന കമാൻഡറടക്കം കൊല്ലപ്പെട്ടു (128 അംഗ ലബനൻ പാർലമെന്റിൽ ഹിസ്‌ബുള്ളയും മാരണൈറ്റ്‌ ക്രിസ്‌ത്യൻ കക്ഷികളുമടങ്ങുന്ന സഖ്യത്തിന്‌ 62 സീറ്റുണ്ട്‌). പിറ്റേന്ന്‌ നടത്തിയ മറ്റൊരു ബോംബിങ്ങിൽ ഹിസ്‌ബുള്ളയുടെ കേന്ദ്രസമിതി ഉപാധ്യക്ഷൻ നബീൽ കഊക്‌ കൊല്ലപ്പെട്ടു. ചുരുങ്ങിയ ദിവസങ്ങളിൽ ലബനനിലെ നൂറ്റിഇരുപതിൽപ്പരം ജനവാസ കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടത്തി. ഞായറാഴ്‌ച യമനിലും ആക്രമണം ആരംഭിച്ചിരിക്കുകയാണ്‌. എന്നാൽ ഐഎസ്‌, അൽ ഖായ്‌ദ തുടങ്ങിയ ഭീകരസംഘടനകളെ ഇസ്രയേൽ ഒരിക്കലും ആക്രമിച്ചിട്ടില്ലെന്നത്‌ ശ്രദ്ധേയമാണ്‌.

ഗാസയിൽ ഒരു വർഷത്തോളമായി തുടരുന്ന നിഷ്‌ഠുരമായ വംശഹത്യക്കിടയിലാണ്‌ ‘യുദ്ധം’ വ്യാപിപ്പിക്കുകയെന്ന കുടിലലക്ഷ്യത്തോടെ ലബനനിലും യമനിലും സിറിയയിലും എന്ന്‌ മാത്രമല്ല, ഇറാനിൽപ്പോലും നേരിട്ട്‌ ആക്രമണം നടത്തുന്നത്‌. അധികാരത്തിൽ തുടരാൻ എന്ത്‌ നികൃഷ്‌ടമാർഗവും സ്വീകരിക്കാൻ മടിയില്ലാത്ത നെതന്യാഹുവിന്‌ അതിനെല്ലാം ധൈര്യം നൽകുന്നത്‌ ഒറ്റക്കാര്യമാണ്‌. യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്‌ എന്നിവയടക്കം പ്രധാന പാശ്ചാത്യ രാജ്യങ്ങൾ നൽകിവരുന്ന നിർലോഭമായ പിന്തുണ. അരങ്ങിൽ സമാധാനത്തിനുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ഈ രാജ്യങ്ങളുടെ നേതാക്കൾ അണിയറയിൽ ഇസ്രയേലിന്റെ കൂട്ടക്കശാപ്പുകൾക്ക്‌ എല്ലാ പിന്തുണയും നൽകുന്നുണ്ട്‌. യഥാർഥത്തിൽ തങ്ങളുടെ ആഗോളാധിപത്യം തുടരാൻ ഇസ്രയേലിനെ ആയുധമാക്കുകയാണ്‌ ഈ പാശ്ചാത്യ സാമ്രാജ്യത്വ രാജ്യങ്ങൾ. അതിനാൽ പശ്ചിമേഷ്യയെ രക്തത്തിൽ മുക്കുന്ന, മാനവലോകത്തെയാകെ കണ്ണീരിലാഴ്‌ത്തുന്ന ഈ കൊടും ക്രൂരതയിൽ ഒന്നാം പ്രതിസ്ഥാനത്ത്‌ ഇസ്രയേലല്ല; ആ വംശീയ ഭീകരരാഷ്‌ട്രത്തെ ആയുധമണിയിക്കുന്ന പാശ്ചാത്യരാഷ്‌ട്രങ്ങളാണ്‌.

നസറള്ളയെ വധിച്ച ആക്രമണത്തിന്റെ തലേന്നാണ്‌, അമേരിക്കയിൽനിന്ന്‌ ഈ വർഷം 870 കോടി ഡോളറിന്റെ സൈനിക സഹായം അനുവദിക്കപ്പെട്ടതായി ഇസ്രയേൽ വ്യക്തമാക്കിയത്‌. മറ്റ്‌ പ്രധാന പാശ്ചാത്യ രാജ്യങ്ങളും സമാനമായ തരത്തിൽ ഇസ്രയേലിനെ ആയുധമണിയിക്കുന്നുണ്ട്‌. മേഖലയിൽ ഇസ്രയേലിനെതിരെ എന്തെങ്കിലും തരത്തിൽ ചെറുത്തുനിൽപ്പിന്‌ തുനിയുന്ന രാജ്യങ്ങളെ കടുത്ത ഉപരോധങ്ങൾ അടിച്ചേൽപ്പിച്ച്‌ ബുദ്ധിമുട്ടിക്കുമ്പോഴാണ്‌ ജൂത വംശീയരാഷ്‌ട്രത്തിന്‌ കൂട്ടക്കൊലകൾ നടത്താൻ സഹായം. യൂറോപ്പിൽ നിന്നെത്തിയ വെള്ളക്കാർക്ക്‌ ഭൂരിപക്ഷമുള്ള കുടിയേറ്റ കൊളോണിയൽ രാഷ്‌ട്രമായ ഇസ്രയേൽ ഈ സഹായം ഉപയോഗിച്ചാണ്‌ മുക്കാൽ നൂറ്റാണ്ടിലധികമായി പലസ്‌തീനിൽ അധിനിവേശം തുടരുന്നത്‌.

ഇപ്പോൾ വിജയോന്മാദത്തോടെ മേഖലയിൽ അഴിഞ്ഞാടുന്ന ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം ഇറാൻ ആണെന്ന്‌ വ്യക്തമാകുന്നുണ്ട്‌. മെയ്‌ 19ന്‌ ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സി ഹെലികോപ്‌റ്റർ തകർന്ന്‌ മരിച്ചതുമുതലുള്ള സംഭവങ്ങൾ യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. റെയ്‌സിയുടെ മരണത്തിലും ഇസ്രയേലിന്റെ പങ്ക്‌ സംശയിക്കപ്പെടുന്നുണ്ട്‌. റെയ്‌സിയുടെ പിൻഗാമിയായി പ്രസിഡന്റായ പരിഷ്‌കരണവാദിയായ മസൂദ്‌ പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞയ്‌ക്ക്‌ ഇറാനിൽ എത്തിയപ്പോഴാണ്‌ ഹനിയയെ വധിച്ചത്‌. ഇപ്പോഴിതാ, ഇറാനുമായി ഏറ്റവും അടുത്ത ബന്ധമുള്ള ലബനീസ്‌ സംഘടനയുടെ നായകനെയും. ഇറാൻ പ്രതികാരത്തിന്‌ ഒരുങ്ങിയാൽ അതിന്റെ പേരിൽ അവരുടെ ആണവ പദ്ധതികൾ ബോംബിട്ട്‌ തകർക്കലടക്കം ഇസ്രയേലിന്റെ ലക്ഷ്യമാണ്‌. ആണവപരിപാടി നിർത്തിവയ്‌ക്കാൻ ഇറാൻ വൻശക്തികളുമായി വീണ്ടും കരാറുണ്ടാക്കുന്നത്‌ തടയാനും അതുവഴി സാധിക്കും. 2015ൽ ഉണ്ടാക്കിയ കരാർ അട്ടിമറിച്ച ഡോണൾഡ്‌ ട്രംപിനെ വീണ്ടും അമേരിക്കൻ പ്രസിഡന്റാക്കലും ലക്ഷ്യമിടുന്നുണ്ട്‌. പലസ്‌തീനിലെ അധിനിവേശം അവസാനിപ്പിക്കാൻ കഴിഞ്ഞ 19ന്‌ യുഎൻ പൊതുസഭ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ആവശ്യപ്പെട്ടപ്പോൾ വിട്ടുനിന്ന ഇന്ത്യയടക്കമുള്ള ‘നിഷ്‌പക്ഷ’ രാജ്യങ്ങൾ നിലപാട്‌ തിരുത്തേണ്ട സമയമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top