08 June Thursday

വികസന ചക്രവാളത്തിൽ വീണ്ടുമൊരു മായാമുദ്ര

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021


വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും വിരാമം. ഏറെ വർഷങ്ങൾ ഇഴഞ്ഞു നീങ്ങി, ഒടുവിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതി ഇതാ യാഥാർഥ്യമായിരിക്കുന്നു.    കേരളത്തിന്റെ അഭിമാന പദ്ധതിയായ ഗെയിലിന്റെ കൊച്ചി‐മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ  പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച രാജ്യത്തിന് സമർപ്പിച്ചപ്പോൾ, അത് കേരളത്തിന്റെ വികസന ചക്രവാളത്തിൽ മറ്റൊരു മായാമുദ്രയായി. ഒപ്പം, പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണമികവിന്  സാക്ഷ്യപത്രവും. ഇനി സംസ്ഥാനത്തിന്റെ വ്യവസായ, ഗാർഹിക , വാഹന മേഖലകളിൽ ഇന്ധന വിപ്ലവത്തിന്റെ നാളുകൾ.

കൊച്ചി പുതുവൈപ്പിലെ ടെർമിനലിൽനിന്ന് ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന 510 കിലോ മീറ്റർ പൈപ്പ് ലൈനാണ് യാഥാർഥ്യമായത്.  സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം  സഫലമാക്കിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കേരളം ഒരേ മനസ്സോടെ കയ്യടിച്ച്   അംഗീകരിച്ച നിമിഷങ്ങളാണ് കടന്നുപോയത്. പ്രധാനമന്ത്രി പറഞ്ഞതു പോലെ കേരളത്തിനിത് അഭിമാനത്തിന്റെ , സന്തോഷത്തിന്റെ ദിനം. ചെലവു കുറഞ്ഞ , അപകട സാധ്യത തീരെയില്ലാത്ത, പരിസ്ഥിതി സൗഹൃദമായ ഇന്ധനം ലഭ്യമാക്കുന്ന പദ്ധതി  സംസ്ഥാനത്തിന്റെ പുതിയ കുതിപ്പിന് വഴിയൊരുക്കും. പുതുവൈപ്പിലെ ടെർമിനലിൽ  ലഭിക്കുന്ന പ്രകൃതി വാതകത്തെ  വ്യവസായോർജമായും പാചക വാതകമായും വാഹന ഇന്ധനമായും പൈപ്പുകളിലൂടെ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തെപ്പോലെ, കർണാടകത്തിനും പദ്ധതി വലിയ പ്രയോജനമാകും. 

2013 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട്  2010-ൽ  ആരംഭിച്ച ഗെയിൽ പദ്ധതിക്ക്  വി എസ് സർക്കാരാണ് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകിയത്.  പിന്നീട്, അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊച്ചിയിൽനിന്ന് ആരംഭിക്കേണ്ട പൈപ്പ് ലൈനിന്റെ കാര്യത്തിൽ ഒരു പുരോഗതിയുമുണ്ടായില്ല. 2014 ൽ കേന്ദ്രം പദ്ധതിതന്നെ ഉപേക്ഷിച്ചു.  തുടർന്ന് 2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുകയായിരുന്നു.സർക്കാർ അധികാരത്തിൽ വരുമ്പോൾ പൈപ്പിട്ടിരുന്നത് വെറും 40 കിലോ മീറ്റർ മാത്രം.  510 കിലോമീറ്ററിൽ ശേഷിച്ച ദൂരം മുഴുവൻ പൈപ്പ് ലൈൻ പൂർത്തിയാക്കിയത് ഈ സർക്കാർ.


 

സ്ഥലംഏറ്റെടുക്കാൻ കഴിയാത്തതായിരുന്നു  പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ നേരിട്ട ഏറ്റവും വലിയ തടസ്സം. പദ്ധതി ഉപേക്ഷിച്ച നിലയിലായതും അതുകൊണ്ടു തന്നെ. ഈ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ആത്മാർഥമായ ഇടപെടലുകൾ വിജയം കണ്ടതോടെയാണ് കേരളത്തിന്റെ സ്വപ്നം പൂവണിഞ്ഞത്. പ്രതിപക്ഷത്തിന്റെയും ചില തീവ്രവാദ സംഘടനകളുടെയും എതിർപ്പുകളും വിവാദങ്ങളുമെല്ലാം ജനങ്ങളെ അണിനിരത്തി മറികടന്നാണ് ഈ നേട്ടമെന്നതും എടുത്തു പറയേണ്ടതുണ്ട്.

ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച്, അവരുടെ സഹകരണത്തോടെ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിഞ്ഞു.  മതിയായ നഷ്ടപരിഹാരം നൽകി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ നീങ്ങി. ആവുന്നത്ര ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി ഭൂമി എടുത്തു. ന്യായവിലയുടെ 50 ശതമാനം നഷ്ടപരിഹാരം ഉറപ്പാക്കി.  പൈപ്പ് ലൈൻ പൂർത്തിയായതോടെ കൃഷിഭൂമി കർഷകർക്ക് തിരിച്ചു ലഭിക്കും. അവിടെ കൃഷി ചെയ്യാനും കഴിയും. നടക്കില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളിയ ഒരു പദ്ധതി, എങ്ങനെ നാടിന്റെ താൽപ്പര്യത്തിനൊത്ത് സാഫല്യത്തിലെത്തിക്കാൻ കഴിയുമെന്ന് കാണിച്ചു തരികയായിരുന്നു ഈ സർക്കാർ.

സംസ്ഥാനത്തിന്റെ ഊർജ ലഭ്യതയിൽ വലിയ മുന്നേറ്റമാണ് ഇനിയുണ്ടാവുക. വ്യവസായങ്ങൾക്കും വീടുകൾക്കും വാഹനങ്ങൾക്കുമെല്ലാം കുറഞ്ഞ ചെലവിൽ അപകടരഹിതമായ ഇന്ധനം ലഭിക്കും. റിഫൈനറി, ഫാക്ട് തുടങ്ങിയ വ്യവസായശാലകൾക്കും  രാസവള നിർമാണ ശാലകൾക്കും ഇന്ധനമായും അസംസ്കൃത വസ്തുവായും ഈ പ്രകൃതിവാതകം ഉപയോഗിക്കാം.  അടുക്കളകളിൽ കുറഞ്ഞ ചെലവിൽ സുരക്ഷിതമായ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ഇതിന്റെ ഭാഗമാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ആദ്യഘട്ടത്തിൽത്തന്നെ വലിയ പ്രയോജനമാണ് ലഭിക്കുക. മലിനീകരണം കുറയുന്നതിനൊപ്പം വാഹനങ്ങളുടെ ഇന്ധന ചെലവും കുറയും. മാത്രമല്ല, പദ്ധതി പൂർണമായും പ്രാവർത്തികമാകുന്നതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം 700 കോടി രൂപയോളം വർധിക്കും. തൊഴിലവസരങ്ങളും വർധിക്കും.


 

ഗെയിൽ പൈപ്പ് ലൈൻ പോലെ എടുത്തു പറയേണ്ട മറ്റൊരു പദ്ധതിയാണ് 2019 നവംബറിൽ നാടിന് സമർപ്പിച്ച ഇടമൺ–-കൊച്ചി പവർ ഹൈവേ. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിൽ പ്രകാശം പരത്തുന്ന പദ്ധതിയാണിത്.  നടക്കില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളിയ പദ്ധതിയായിരുന്നു ഇതും.  ഭരണ നേതൃത്വത്തിന്റെ  ഇച്‌ഛാശക്തിയിൽ , ഭരണ സംവിധാനത്തെയാകെ ചലിപ്പിച്ചാണ് ഈ രണ്ടു പദ്ധതികളും യാഥാർഥ്യമാക്കിയത്. 

നവ കേരളത്തിലേക്കുള്ള വഴിയിൽ പിണറായി സർക്കാർ തുടരുന്ന ജൈത്രയാത്രയ്‌ക്കാണ് ഓരോ ദിവസവും നാട് സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള കൃത്യവും വ്യക്തവുമായ ഒട്ടേറെ പരിപാടികൾ ഈ അഞ്ചു വർഷത്തിനകം സർക്കാർ നടപ്പാക്കിക്കഴിഞ്ഞു. ഓഖി, നിപാ , മഹാപ്രളയങ്ങൾ, ഒടുവിൽ കോവിഡ് മഹാമാരി എന്നിവയെ അതിജീവിച്ചു കൊണ്ടാണ് ഈ മുന്നേറ്റം. പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ, ചടുലവും ഉജ്വലവുമായ ഇടപെടലുകൾ നടത്തുകയായിരുന്നു സർക്കാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top