25 March Saturday

പ്രശ്‌നങ്ങൾക്ക്‌ കാതോർക്കാത്ത ഉച്ചകോടി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019


ലോകം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാതെ ജി ഏഴ് ഉച്ചകോടി ഫ്രാൻസിലെ അത്‌ലാന്റിക്‌ തീര നഗരമായ ബിയറിറ്റ്‌സിൽ സമാപിച്ചു.  1975 ൽ തുടക്കമിട്ട വൻകിട മുതലാളിത്ത രാഷ്ട്രങ്ങളുടെ 45–-ാമത് ഉച്ചകോടിക്കാണ് ഫ്രാൻസ് ആതിഥേയത്വം നൽകിയത്.  വ്യാപാരത്തർക്കം, കുടിയേറ്റം, സാമ്പത്തികപ്രതിസന്ധി, പട്ടിണി തുടങ്ങി ലോകത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളൊന്നുംതന്നെ ചർച്ചചെയ്യാൻ ഉച്ചകോടി തയ്യാറായില്ല. 

കാലാവസ്ഥാമാറ്റം സംബന്ധിച്ച ചർച്ച നടന്നെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതിൽ പങ്കെടുത്തില്ല. ട്രംപിന്റെ ഒഴിഞ്ഞ കസേരയെ സാക്ഷി നിർത്തിയാണ് ഉച്ചകോടിയിലേക്ക് അതിഥിയായി ക്ഷണിക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.  ആമസോൺ കാടുകൾ കത്തിയെരിയുന്ന വേളയിൽ നടന്ന ഉച്ചകോടിയിലാണ് കാലാവസ്ഥാമാറ്റം എന്ന വിഷയത്തെ അഭിമുഖീകരിക്കാൻ അമേരിക്ക തയ്യാറാകാതിരുന്നത്. ആമസോൺ കാടുകൾ കത്തിയെരിയുമ്പോഴും വീണ വായിക്കുന്ന ബ്രസീൽ പ്രസിഡന്റ് ജെയ്‌ർ ബോൾസനാരോയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രൂക്ഷമായി വിമർശിച്ചപ്പോഴും ഉച്ചകോടിയിൽ അപസ്വരങ്ങളുയരുകയാണുണ്ടായത്. ലോകത്തിലെ വൻകിട മൈനിങ്‌ കമ്പനികളുടെ ആസ്ഥാനമാണ് ജി ഏഴിലെ ഏറ്റവും പ്രധാന രാഷ്ട്രങ്ങളായ ക്യാനഡയും ഫ്രാൻസും. പരിസ്ഥിതിക്ക് ഏറ്റവും കൂടുതൽ നാശം ഉണ്ടാക്കുന്ന ഈ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന മാക്രോണിനും ക്യാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡുവിനും ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയെ കുറ്റപ്പെടുത്താൻ എന്ത് അധികാരമാണുള്ളതെന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്.

ഇറാൻ ആണവകരാർ ചർച്ചാവിഷയമാക്കുക ലക്ഷ്യമാക്കി മാക്രോൺ ഇറാൻ വിദേശമന്ത്രി ജാവദ് സരീഫിനെ  ഫ്രാൻസിലേക്ക് ക്ഷണിച്ചെങ്കിലും മറ്റ് രാഷ്ട്രങ്ങൾ ആ നടപടിയെ എതിർത്തു

ഏറ്റവും വലിയ പരിസ്ഥിതിനാശത്തെ നിസ്സംഗതയോടെ നോക്കിനിൽക്കുന്ന ബ്രസീലിനെ ശിക്ഷിക്കാൻ മാക്രോണും കുട്ടരും വാദിച്ചെങ്കിലും ജർമനി ഉൾപ്പെടെ അതിനെതിര രംഗത്തുവന്നു. ബ്രസീലിനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ–-മെർകോസൂർ (ബ്രസീൽ, അർജന്റീന, പരാഗ്വെ, ഉറൂഗ്വെ എന്നിവ ചേർന്നുള്ള വ്യാപാര സഖ്യം)സഹകരണത്തിൽനിന്ന്‌ പിൻവാങ്ങുമെന്നായിരുന്നു മാക്രോണിന്റെ ഭീഷണി. എന്നാൽ, കരാറിൽനിന്ന്‌ പിൻവാങ്ങുന്നത് ശരിയായ നടപടിയല്ലെന്ന് ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ പ്രതികരിച്ചു.  അവസാനം ബ്രസീലിന് 200 ലക്ഷം ഡോളർ നൽകാനുള്ള തീരുമാനമുണ്ടായി. 

ഇറാൻ ആണവകരാർ ചർച്ചാവിഷയമാക്കുക ലക്ഷ്യമാക്കി മാക്രോൺ ഇറാൻ വിദേശമന്ത്രി ജാവദ് സരീഫിനെ  ഫ്രാൻസിലേക്ക് ക്ഷണിച്ചെങ്കിലും മറ്റ് രാഷ്ട്രങ്ങൾ ആ നടപടിയെ എതിർത്തു. ഇറാൻ ആണവകരാറിൽനിന്ന്‌ അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങിയതിനെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിരുന്നില്ല. എന്നാൽ, ഇറാൻ വിദേശമന്ത്രിയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്നതിനെതിര അമേരിക്ക രംഗത്ത് വന്നപ്പോൾ മാക്രോണിന്റെ പദ്ധതി പാളി. 

കഴിഞ്ഞ 44 ഉച്ചകോടിയിൽനിന്ന് വ്യത്യസ്‌തമായി ഒരു സംയുക്ത പ്രസ്‌താവന പോലും ഇറക്കാതെയാണ് ബിയാറിറ്റ്‌സിലെ  ഉച്ചകോടി അവസാനിച്ചത്

അതേസമയം റഷ്യയെ ഉച്ചകോടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള അമേരിക്കയുടെ നീക്കത്തെ യുറോപ്യൻ രാഷ്ട്രങ്ങൾ എതിർത്ത് തോൽപ്പിക്കുകയും ചെയ്‌തു.  ഉക്രെയിൻ–-ക്രിമിയ വിഷയത്തെ തുടർന്ന് 2014 ലാണ് റഷ്യ ഈ സഖ്യത്തിൽനിന്ന്‌ പുറത്താക്കപ്പെട്ടത്. അതുവരെ ഈ കൂട്ടുകെട്ട് റഷ്യ ഉൾപ്പെടെ ജി എട്ട് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി മാക്രോണും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ, 2020ലെ ഉച്ചകോടിയിലേക്ക് റഷ്യയെ ക്ഷണിച്ചാൽ മതിയെന്ന പൊതുഅഭിപ്രായത്തിന് മുമ്പിൽ അമേരിക്കയ്‌ക്ക് വഴങ്ങേണ്ടിവന്നു. റഷ്യയുടെ പുനഃപ്രവേശനത്തിന് മുമ്പായി റഷ്യൻ പ്രസിഡന്റും ഉക്രെയിൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തണമെന്ന നിബന്ധനയും മുന്നോട്ടുവയ്‌ക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 44 ഉച്ചകോടിയിൽനിന്ന് വ്യത്യസ്‌തമായി ഒരു സംയുക്ത പ്രസ്‌താവന പോലും ഇറക്കാതെയാണ് ബിയാറിറ്റ്‌സിലെ  ഉച്ചകോടി അവസാനിച്ചത്. 

എന്നാൽ, മറ്റ് ഒമ്പത് രാഷ്ട്രത്തലവന്മാർക്കൊപ്പം പ്രത്യേക ക്ഷണിതാവായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി മോഡി അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും കശ്മീർ പ്രശ്‌നം ചർച്ച ചെയ്യുകയും ചെയ്‌തു.  കശ്‌മീർ പ്രശ്നത്തിൽ മധ്യസ്ഥതയ്‌ക്ക് താൽപ്പര്യമുണ്ടെന്ന് ട്രംപ് ആവർത്തിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ഈ കൂടിക്കാഴ്ച. ഭരണഘടനയിലെ അനുച്ഛേദം 370 എടുത്തുകളഞ്ഞതും ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റിയതും ഇന്ത്യയുടെ ‘ആഭ്യന്തരകാര്യം' മാത്രമാണെന്ന് അമേരിക്കയെ ബോധ്യപ്പെടുത്താനായി എന്നാണ് മോഡിയുടെ വാദം.  ഉഭയകക്ഷി പ്രശ്നങ്ങൾ പാകിസ്ഥാനുമായി ചർച്ചചെയ്‌ത്‌ പരിഹരിക്കുമെന്നും മോഡി ട്രംപിനെ അറിയിച്ചു.  എന്നാൽ, ഇതോടെ ട്രംപ് മധ്യസ്ഥചർച്ച നിർത്തുമെന്ന് കരുതാനാകില്ല. അമേരിക്കൻ പ്രസിഡന്റിന്റെ  ഇതുവരെയുള്ള നയതന്ത്ര നീക്കങ്ങൾ അതാണ് തെളിയിക്കുന്നത്. മാത്രമല്ല, പാക്‌ അധിനിവേശ കശ്‌മീരിനെക്കുറിച്ച് മാത്രമേ ചർച്ചയുള്ളൂവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിങ്‌ നേരത്തേ പറഞ്ഞുവച്ചിട്ടുമുണ്ട്. അപ്പോൾ ഉഭയകക്ഷി ചർച്ചയ്‌ക്ക്‌ ഇടമെവിടെ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top