23 July Tuesday

ഫ്രാൻസിന്റെ സന്ദേശം: ‘മാർക്സ് അല്ലെങ്കിൽ നാശം’

വെബ് ഡെസ്‌ക്‌Updated: Saturday Jan 4, 2020


1827ൽ ആരംഭിച്ച ഫ്രാൻസിലെ പൊതുമേഖലാ റെയിൽവേ ശൃംഖല ലോകത്തിൽത്തന്നെ  കാര്യക്ഷമതയ്ക്ക് പേരുകേട്ടതും  വലുപ്പത്തിൽ യൂറോപ്പിലെ രണ്ടാമത്തേതുമാണ്. സ്വകാര്യവൽക്കരണത്തിലൂന്നുന്ന തലതിരിഞ്ഞ പെൻഷൻ പരിഷ്കരണത്തിനെതിരെ ആ രാജ്യത്തെ റെയിൽവേ തൊഴിലാളികൾ നടത്തുന്ന സമരം ഒരു മാസത്തിലെത്തിയിരിക്കുന്നു. രാജ്യത്താകെ സർവീസുകൾ സ്തംഭിച്ചു. ക്രിസ്മസ്‐  പുതുവത്സരാഘോഷങ്ങൾ താറുമാറായി. വിദേശ വിനോദ സഞ്ചാരികൾക്കും  പുറത്തിറങ്ങാനായില്ല. പാരീസ് മെട്രോയുടെ രണ്ടുലൈൻ മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിച്ചത്. സ്കൂളുകളും കോളേജുകളും അവധി കഴിഞ്ഞ് തുറക്കുമ്പോഴേക്കും ചെറുത്തുനിൽപ്പ് ശക്തമാക്കാനാണ് ഏറെ കെട്ടുറപ്പുള്ള യൂണിയനുകളുടെ തീരുമാനം. ആധുനിക കാലത്തെ നാഴികക്കല്ലെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും ആ മുന്നേറ്റത്തെ  വിശേഷിപ്പിച്ചത്.  2019 ഡിസംബർ അഞ്ചിന് ആരംഭിച്ച പ്രക്ഷോഭം ദിവസം കഴിയുന്തോറും കരുത്താർജിക്കുകയാണ്. പെൻഷൻ പദ്ധതി ഉടച്ചുവാർക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ്  റെയിൽവേ ജീവനക്കാരും തൊഴിലാളികളും പണിമുടക്ക് ആരംഭിച്ചത്. ഫലപ്രദമായ ചർച്ചയ്ക്ക് തയ്യാറാകാത്ത സർക്കാരിനെതിരെ ജനുവരി ഒമ്പതിന് പൊതുപണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുകയാണ് ട്രേഡ് യൂണിയനുകൾ.  അധ്യാപകരും ഡോക്ടർമാരും  പൊലീസ്‐ അഗ്നിശമന വിഭാഗങ്ങളും  പൊതുമേഖലാ ജീവനക്കാരും  സംയുക്ത പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചു.  

ഉദാരവൽക്കരണ‐ സ്വകാര്യവൽക്കരണനയങ്ങളുടെ പ്രധാന ആഗോള പ്രചാരകരിലൊരാളായ  മക്രോണിന്റെ നടപടികൾക്കെതിരായ  തൊഴിലാളി ചെറുത്തുനിൽപ്പിന്  വിപുലമായ  പിന്തുണയുണ്ടെന്ന് ദേശീയമാധ്യമങ്ങളുടെ അഭിപ്രായ സർവേ സാക്ഷ്യപ്പെടുത്തുന്നു. പുതുവത്സരത്തോടനുബന്ധിച്ച്  ഡിസംബർ 31ന്റെ ടെലിവിഷൻ അഭിമുഖത്തിൽ മക്രോണും പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പെയും  ആവർത്തിച്ചത് നിലവിലെ  പെൻഷൻ സംവിധാനം അടിമുടി ഉടച്ചുവാർക്കുമെന്നാണ്.  പെൻഷൻ ഹൈക്കമീഷണർ ഴാങ് പോൾ ഡെലിവോയെയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി വ്യത്യസ്ത നിലവാരത്തിലുള്ള  42 പദ്ധതി ഒരു കുടക്കീഴിലാക്കുന്നുവെന്ന മറപിടിച്ചാണ്  തൊഴിലാളിദ്രോഹം.  മർമപ്രധാന  മേഖലകളിലെ പെൻഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കാനാണ് തീരുമാനിച്ചിരിക്കുന്നതും. പൂർണ പെൻഷനുള്ള പ്രായപരിധി 62ൽനിന്ന് 64 ആക്കിയതാണ് പ്രധാന ദ്രോഹം.  ചില  മേഖലകളിലെ പ്രത്യേക ആനുകൂല്യങ്ങളും എടുത്തുകളയുകയാണ്.


 

ജനവിരുദ്ധ നയങ്ങൾക്കെതിരെ എട്ടുലക്ഷം ജനങ്ങൾ തെരുവിലിറങ്ങി. ഒരു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും ഉജ്വലമായ കൂട്ടായ്മയാണത്.  തൊഴിലാളികൾ  രാജ്യത്താകെ  പ്രധാന ബസ് ഡിപ്പോകൾ വളയുകയും എണ്ണ സംഭരണശാലകൾ  ഉപരോധിക്കുകയും ചെയ്തു.  സമാധാനപരമായ പ്രതിഷേധത്തെ ലാത്തിയും കണ്ണീർവാതകവും ഗ്രനേഡും ഉപയോഗിച്ച് നേരിടുകയായിരുന്നു മക്രോൺ ഭരണം. നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഗ്രനേഡേറ്റ് മൂന്ന് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. അതിലൊരാൾ തുർക്കിയിൽനിന്നാണ്. അമിതാധികാര പ്രയോഗത്തിനും വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കുമെതിരെ "മഞ്ഞക്കുപ്പായക്കാർ' ഒരു വർഷമായി  സമരമുഖത്താണ്. എല്ലാ ശനിയാഴ്ചകളിലും  അവർ സർക്കാരിനെതിരെ തെരുവിൽ പ്രതിഷേധിക്കുന്നു.

ഗതാഗതം സ്തംഭിച്ചതിനാൽ കടകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും വിൽപ്പന 30 ശതമാനം ഇടിഞ്ഞുവെന്നാണ് "അലൈൻസ് ഓഫ് കൊമേഴ്സ്' വ്യാപാരസംഘടനയുടെ കണക്ക്. ഹോട്ടൽബുക്കിങ്ങിലെ കുറവ് 40 ശതമാനത്തിനടുത്തും. ഫ്രാൻസിലാകെ ഇപ്പോൾ മുന്നറിയിപ്പായി ഉയരുന്ന  മുദ്രാവാക്യം "മാർക്സ് അല്ലെങ്കിൽ നാശം' എന്നാണ്.  നവഉദാരവൽക്കരണത്തിനെതിരായ പുതിയ കുതിപ്പിന്റെ ആരംഭമാവുകയാണ് ആ തിരിച്ചറിവ്. പൊതുമേഖലാ സേവനതുറകളെ താറുമാറാക്കിയ  പരിഷ്കാരങ്ങൾക്കെതിരെ യുറോപ്പിലാകെ  പണിമുടക്കുകൾ ഉയരുകയാണ്. അമിത സ്വകാര്യവൽക്കരണം, വിലക്കയറ്റം, പൊതുമേഖലാ വിരുദ്ധനീക്കങ്ങൾ, വേതനം വെട്ടിച്ചുരുക്കൽ, നിർബന്ധിത സ്വയംവിരമിക്കൽ പദ്ധതി, തൊഴിൽനിയമ ഭേദഗതികൾ,  പെൻഷൻ നിഷേധം തുടങ്ങിയ കെടുതികൾ നാശം തീർക്കുന്ന,  പൊരുതി നേടിയ ആനുകൂല്യങ്ങളെല്ലാം പിടിച്ചുപറിക്കുന്ന ഇന്ത്യയിലും ഫ്രാൻസിലെ തൊഴിലാളികൾ ഉയർത്തുന്ന മുദ്രാവാക്യം വഴികാട്ടിയാകും. ജനുവരി എട്ടിന്റെ പൊതുപണിമുടക്കിൽ ആ ആവേശം പ്രതിഫലിക്കുമെന്നതും ഉറപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top