27 September Wednesday

പകർച്ചവ്യാധി പ്രതിരോധിക്കാൻ കൈകോർക്കാം

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018


കാലവർഷത്തോടൊപ്പം പകർച്ചവ്യാധികൾ  സംസ്ഥാനത്തെ വേട്ടയാടുന്നത് പതിവാണ്. വിവിധതരം പനിയും  ഇതര പകർച്ചവ്യാധികളും സംസ്ഥാനത്തെ  കാലവർഷക്കാലത്ത്  കൊടിയ  ദുരിതത്തിലേക്ക് തള്ളിവിടാറുണ്ട്. സംസ്ഥാന സർക്കാരിന്റെയും ജനങ്ങളുടെ ആകെയും ഇടപെടൽമൂലം അത്തരം പകർച്ചവ്യാധികളെ തടഞ്ഞുനിർത്താനും ദുരന്തത്തിന്റെ  വ്യാപ്തി കുറയ്ക്കാനും ഗണ്യമായ രീതിയിൽ കഴിയുന്നു എന്നതാണ് കേരളത്തിന്റെ സവിശേഷത. പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ അവയെ നേരിടാൻ ജനങ്ങളുടെ കൂട്ടായ ശ്രമങ്ങൾ ഉണ്ടാകാറുണ്ട്. കോളറയും വസൂരിയും മലമ്പനിയും വേട്ടയാടിയ ജനതയെ ചേർത്തുനിർത്തുകയും അതിജീവനത്തിന്റെ വഴി തുറന്നു കൊടുക്കുകയും ചെയ്ത പി കൃഷ്ണപിള്ളയെപ്പോലുള്ള മനുഷ്യസ്നേഹികളുടെ നാടാണ് കേരളം. ആ പാരമ്പര്യത്തിൽനിന്ന‌് ഉദയംചെയ്ത ഒരു  ആന്തരികശക്തി കേരളീയജീവിതത്തിൽ സദാ ഉണർന്നിരിക്കുന്നു. ഇതാണ്‌ പ്രളയകാലത്ത് കേരള ജനതയുടെ അതിശയകരമായ ഐക്യത്തിലൂടെ പ്രകടമായത്.

പ്രളയാനന്തരം പകർച്ചവ്യാധികൾ തലപൊക്കിത്തുടങ്ങിയിരിക്കുന്നു. സാധാരണ കാലവർഷക്കാലത്ത് ഉണ്ടാകുന്നതിനേക്കാൾ എത്രയോ മടങ്ങ് ശക്തിയോടെ രോഗങ്ങൾ പകരാൻ സാധ്യതയുള്ള ഘട്ടമാണിത്. സംസ്ഥാനത്തിന്റെ  ചില ഭാഗങ്ങളിൽ എലിപ്പനി പടരുന്നു എന്നതാണ് ഇതിനകം വന്ന ഗൗരവമുള്ള ഒരു വാർത്ത. എലിപ്പനി പേര് സൂചിപ്പിക്കുന്നതുപോലെ എലികളിലൂടെയും കന്നുകാലികൾ, വീട്ടുമൃഗങ്ങൾ, ചിലയിനം പക്ഷികൾ എന്നിവയിലൂടെയും  പകരാൻ സാധ്യതയുള്ള അസുഖമാണ്. വാഹകർ പലതരത്തിൽ ഉണ്ടെങ്കിലും രോഗബാധ മനുഷ്യനിലാണ് ഉണ്ടാകുന്നത്. കേരളത്തിന്റെ താരതമ്യേന മാലിന്യമുക്തമായ ജീവിതപരിസരങ്ങളിൽ വലിയതോതിൽ പിടിപെടാൻ ഇടയില്ലാത്ത അസുഖമാണ് എലിപ്പനി. എന്നാൽ, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തിന്റെ അന്തരീക്ഷത്തെയും ജീവിത പരിസരത്തെയും മാറ്റിമറിച്ചിരിക്കുന്നു. വെള്ളക്കെട്ടുകൾ താഴ്‌ന്നിട്ടില്ല. തോടുകളിലെയും കുളങ്ങളിലെയും കൃഷിയിടങ്ങളിലെയും പാടങ്ങളിലെയും വെള്ളം കിണറുകളിലേക്കും ഇതര ജലാശയങ്ങളിലേക്കും പടർന്നുകയറിയിട്ടുണ്ട്. മാലിന്യമുക്തമായ കുടിവെള്ളം എത്തിക്കാനുള്ള ശ്രമം വലിയതോതിൽ ഉണ്ടാകുന്നുണ്ടെങ്കിലും രോഗാണുക്കൾ ഏതു വെള്ളത്തിലും കയറാനുള്ള പഴുതുകൾ പൂർണമായി ഇല്ലാതായി എന്ന് പറയാനാകില്ല.

രോഗവാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ആളുകൾക്കാണ് എലിപ്പനി  ബാധിക്കാൻ സാധ്യത. രോഗാണു സാന്നിധ്യമുള്ള വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ ശരീരത്തിലെ ഏതെങ്കിലും മുറിവുകളിലൂടെ അണുക്കൾ അകത്തേക്ക് പ്രവേശിപ്പിക്കുന്നു. പ്രളയബാധിത മേഖലകളിൽ ഇതിന്റെ സാധ്യത വലിയതോതിലാണ്. സാധാരണ പനിപോലെ വന്ന് കരളിനെയും വൃക്കയെയും ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച്  മരണത്തിലേക്കുവരെ ആളുകളെ  എത്തിക്കുന്ന ഗുരുതര അസുഖമാണിത്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക, രോഗബാധയുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, അത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്നവർ രോഗപ്രതിരോധമാർഗങ്ങൾ സ്വീകരിക്കുക എന്നിവയാണ് ഈ വിപത്ത് ലഘൂകരിക്കാൻ മുന്നിലുള്ള മാർഗങ്ങൾ.

ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും മലിനജലവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുന്നവരും  ജാഗ്രത പാലിക്കേണ്ടതുണ്ട്.  ആരോഗ്യപ്രവർത്തകർ  അതീവജാഗ്രത പാലിക്കണം. പനിയുടെ ലക്ഷണങ്ങളുമായി എത്തുന്നവരെ സാധാരണ മരുന്നു നൽകി തിരിച്ചു വിടാതെ എലിപ്പനി ഉണ്ടാകാനുള്ള സാധ്യത പരിശോധിച്ച് അതിനുള്ള തുടർചികിത്സ നൽകാനാണ് ഡോക്ടർമാർ തയ്യാറാകേണ്ടത്. എലിപ്പനിയെ പ്രതിരോധിക്കാനുള്ള മരുന്നുകൾ ആശുപത്രികളിൽ ആരോഗ്യവകുപ്പ് വേണ്ടവിധത്തിൽത്തന്നെ വിതരണം നടത്തിയിട്ടുണ്ട്.  എന്നാൽ, അത് വാങ്ങി കഴിക്കുന്നവരുടെ എണ്ണം തുലോം കുറവാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കുകയുണ്ടായി. എലിപ്പനിയെ ചെറുക്കുന്നതിൽമാത്രം ഒതുങ്ങേണ്ടതല്ല നമ്മുടെ പ്രതിരോധ പ്രവർത്തനവും  ശുചീകരണ പ്രവർത്തനങ്ങളും. ഒരു പ്രത്യേക ഘട്ടത്തിൽ അവസാനിപ്പിക്കേണ്ടതുമല്ല. പ്രളയാനന്തരകാലം രോഗബാധയുടെ കാലംകൂടിയാണ്. ജലജന്യ രോഗങ്ങളായ കോളറയും ടൈഫോയിഡും മഞ്ഞപ്പിത്തവും പിടിപെടാനുള്ള സാധ്യതകളും നമുക്കുമുന്നിലുണ്ട്. നിപാ വൈറസിന്റെ  വ്യാപനം പ്രതിരോധിച്ച കേരളം ലോകത്തിന്റെ ആകെ അംഗീകാരം നേടി. അതിനുശേഷം വന്ന പ്രളയദുരന്തം ഒരേ മനസ്സോടെ കേരളം നേരിട്ടു. ഈ ഘട്ടത്തിലും അത്തരമൊരു കൂട്ടായ്മയും സന്നദ്ധതയും ശാസ്ത്രീയമായ സമീപനവുമാണ് ആവശ്യം.

കേവലം ആരോഗ്യവകുപ്പിന്റെയോ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ആളുകളുടെയോമാത്രം ചുമതലയല്ല എലിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം. അത് ഓരോ  കേരളീയന്റെയും വ്യക്തിജീവിതത്തിൽനിന്ന‌് തുടങ്ങേണ്ടതാണ്. കുടുംബങ്ങളിൽ സൃഷ്ടിക്കപ്പെടേണ്ടതും സമൂഹമാകെ ഏറ്റെടുക്കേണ്ടതുമാണ്. സർക്കാരിന്റെ ഇടപെടലിനൊപ്പം സമൂഹത്തിലെ ആകെ പിന്തുണയും സഹകരണവും പങ്കാളിത്തവും ലഭിച്ചാൽ ഏത് മഹാമാരിയെയും തോൽപ്പിച്ച് പുതിയ കേരളം കെട്ടിപ്പടുക്കാൻ നമുക്ക് കഴിയും എന്നതിന്റെ അഭിമാനകരമായ അനുഭവസാക്ഷ്യമാണ് കഴിഞ്ഞനാളുകളിൽ ലോകം ദർശിക്കുന്നത്. എലിപ്പനിയെ അകറ്റിനിർത്തുന്നതിലും  ഇതര പകർച്ചവ്യാധികൾ ജനങ്ങളെ ആക്രമിക്കാതിരിക്കാനുള്ള ജാഗ്രത ഉയർത്തിപ്പിടിക്കുന്നതിലും ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്.  അതിന്റെ ഗൗരവവും പ്രാധാന്യവും മനസ്സിലാക്കി ഓരോ കേരളീയനും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ; രോഗവ്യാപനം തടയാനുള്ള ഇടപെടലിൽ; രോഗബാധിതർക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതിൽ; രോഗവാഹകമായ സാഹചര്യം ഇല്ലാതാക്കുന്നതിൽ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട അവസരമാണ് മുന്നിൽ വന്നുനിൽക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top