25 September Saturday

ഫസല്‍വധം: സിബിഐക്ക് തല പൂഴ്‌ത്തിയിരിക്കാനാകില്ല

വെബ് ഡെസ്‌ക്‌Updated: Thursday Dec 15, 2016


തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലചെയ്ത സംഘത്തിലൊരാളുടെ കുറ്റസമ്മതമൊഴി ഉള്‍പ്പെടെയുള്ള സുപ്രധാന തെളിവുകള്‍ രേഖകള്‍സഹിതം സിബിഐക്ക് കൈമാറിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തുടര്‍നടപടി ഉണ്ടായതായി കാണുന്നില്ല. ഫസല്‍വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്ത എട്ടുപേരും നിരപരാധികളാണെന്ന് നിസ്സംശയം തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയ തെളിവുകള്‍ മുഖവിലയ്ക്കെടുത്ത് സിബിഐ മുന്നോട്ടുപോയാല്‍ യഥാര്‍ഥ കുറ്റവാളികള്‍ വലയിലാകാതെ തരമില്ല. ഇപ്പോള്‍ കൊലക്കുറ്റം ചാര്‍ത്തപ്പെട്ടവരുടെ നിരപരാധിത്വം നിയമത്തിനുമുന്നില്‍ തെളിയിക്കപ്പെടുകയും ചെയ്യും. നീതിയോടും നിയമത്തോടും ചെയ്യാനുള്ള അനിവാര്യമായ ആ കര്‍ത്തവ്യത്തിന് മുതിരാതെ; തുടരന്വേഷണത്തിന് തയാറാകാതെ സിബിഐ ഒളിച്ചുകളിക്കുകയാണ്. ഫസല്‍ വധക്കേസില്‍ ആദ്യവസാനമുള്ള സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഈ ഒളിച്ചുകളി യാദൃച്ഛികമല്ലെന്ന് വ്യക്തമാകും.

സിപിഐ എം പടുവിലായി ലോക്കല്‍കമ്മിറ്റി അംഗം മോഹനനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യംചെയ്യുന്നതിനിടയിലാണ് സുബീഷ് എന്ന ആര്‍എസ്എസുകാരനില്‍നിന്ന് ഫസല്‍ വധത്തിന്റെ  വിവരങ്ങള്‍ പുറത്തുവന്നത്. സുബീഷ് ആര്‍എസ്എസ് നേതാവിനോട് ടെലിഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയാണ് ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ടല്‍ ഒടുവില്‍ പുറത്തുവിട്ടത്. കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായവരുടെ പേരുകളടക്കം എല്ലാവിവരങ്ങളും വെളിപ്പെട്ടിരിക്കുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും മറ്റ് സാഹചര്യത്തെളിവുകള്‍ കണ്ണിചേര്‍ക്കുകയും ചെയ്താല്‍ സുപ്രധാനമായ ഒരു കൊലക്കേസിന്റെ ചുരുളഴിയും. സുബീഷിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യംചെയ്തപ്പോഴാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ പങ്കാളിത്തം ഉള്‍പ്പെടെയുള്ള സുപ്രധാന തെളിവുകള്‍ രേഖപ്പെടുത്താനായത്. സംസ്ഥാന പൊലീസ് മേധാവി വഴി ഇതെല്ലാം കേസ് അന്വേഷിക്കുന്ന സിബിഐക്ക് കൈമാറുകയുംചെയ്തു. ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ആര്‍എസ്എസ്-ബിജെപി കേന്ദ്രങ്ങള്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. സുബീഷിനെ പീഡിപ്പിച്ച് പറയിപ്പിച്ചതാണെന്ന വാദവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയെങ്കിലും ആരും ഗൌനിച്ചില്ല. കാരണം ആര്‍എസ്എസിലെ തൊഴുത്തില്‍കുത്തും ബിജെപിയിലെ കൊഴിഞ്ഞുപോക്കുംവഴി ഫസല്‍വധത്തിന്റെ ഉള്ളുകള്ളികള്‍ നേരത്തെ പുറത്തുവന്നിരുന്നു. സുബീഷിന്റെ കുറ്റസമ്മതത്തോടെ അത് ഔദ്യോഗികമായി രേഖപ്പെടുത്തിയെന്നുമാത്രം. എന്നാല്‍, ഇക്കാര്യത്തില്‍ സിബിഐ ചലിക്കാഞ്ഞതും ബിജെപി നേതാക്കളുടെ 'പീഡനക്കഥ'യും ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും.

ബിജെപിയും യുഡിഎഫും മാത്രമല്ല ഫസലിന്റെ സംഘടനയായ എന്‍ഡിഎഫും  കൈകോര്‍ത്താണ് നീങ്ങുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ജയിലില്‍ സുബീഷിനെ സന്ദര്‍ശിച്ചത് ഈ ഒത്തുപോകലിന്റെ ഭാഗമായിട്ടാണ്.  ഫസലിനെ കൊലചെയ്തത് ആര്‍എസ്എസ് ആണെന്ന് ആദ്യം  പറഞ്ഞവരില്‍ എന്‍ഡിഎഫും ഉണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് തലശേരി ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ എന്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ 'നിങ്ങളാണ് ഫസലിന്റെ കൊലയാളികള്‍'’എന്ന് ആര്‍എസ്എസ് നേതാക്കളുടെ മുഖത്ത് ചൂണ്ടി പറഞ്ഞു. കൊലപാതക ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കൂട്ടിയുള്ള യോഗത്തിനില്ലെന്നുപറഞ്ഞ് എന്‍ഡിഎഫ്  ഇറങ്ങിപ്പോയി. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ആര്‍എസ്എസ് ഒരുക്കിയ തോരണങ്ങള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ ഫസലിന്റെ കൊലപാതകത്തിന് കാരണമെന്ന്  പൊലീസിനും വ്യക്തമായ സൂചനയുണ്ടായിരുന്നു. പിറ്റേന്ന് ആയിരത്തിലേറെ എന്‍ഡിഎഫുകാര്‍ യൂണിഫോമണിഞ്ഞ് തലശേരിയില്‍ പ്രകടനം നടത്തിയത് ആര്‍എസ്എസിനെതിരായ കടുത്ത ഭീഷണിമുഴക്കിക്കൊണ്ടാണ്. പിന്നെ എങ്ങനെ കാര്യങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നതിന്റെ വ്യക്തമായ ചിത്രം വാര്‍ത്താ പോര്‍ട്ടല്‍ നല്‍കുന്നുണ്ട്. എന്‍ഡിഎഫ്-ആര്‍എസ്എസ് ഏറ്റുമുട്ടല്‍ മറ്റൊരു തലശേരി കലാപത്തിന് തീകൊളുത്തുമെന്നും കേസ് വഴിതിരിച്ചുവിടലാണ് പോംവഴിയെന്നുമുള്ള  കുബുദ്ധി ചില പൊലീസ് ഉദ്യോഗസ്ഥരുടേതായിരുന്നെന്ന് പോര്‍ടല്‍ പറയുന്നു. ആരുടെയോ തിരക്കഥയ്ക്കനുസരിച്ച് നീങ്ങിയ പൊലീസ് സിപിഐ എം പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്യുന്നതാണ് പിന്നീട് കണ്ടത്. ആര്‍എസ്എസും എന്‍ഡിഎഫും ഏകാഭിപ്രായതോടെ സിപിഐ എമ്മിനെതിരെ നീങ്ങിയപ്പോള്‍ ഒരുവിഭാഗം മാധ്യമങ്ങളും ഒപ്പംകൂടി. സിപിഐ എം പ്രവര്‍ത്തകനായ കെ പി ജിജേഷിനെ കൊലപ്പെടുത്തി ഫസല്‍വധത്തിന് എന്‍ഡിഎഫ് പ്രതികാരം ചെയ്തതാണെന്ന് വരുത്താനും ആര്‍എസ്എസ് ശ്രമിച്ചു. ഇതിനിടെ, ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ഉത്തരവാക്കി.

സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ഗൂഢാലോചനയ്നയ്ക്ക് തെളിവുകിട്ടിയെന്ന കഥകളുമായി ഒരു വിഭാഗം മാധ്യമങ്ങള്‍ രംഗത്തിറങ്ങി. സിപിഐ എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ അറസ്റ്റിന് സിബിഐ നിലമൊരുക്കുകയായിരുന്നു. കേന്ദ്രഭരണം ഉപയോഗിച്ച് ആദ്യം കോണ്‍ഗ്രസും പിന്നീട് ബിജെപിയും സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഫസല്‍ കേസ് ആയുധമാക്കി. കേസില്‍ പ്രതികളാക്കപ്പെട്ട സിപിഐ എം പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ എതിരെ എന്തെങ്കിലും നേരിയ തെളിവ് നല്‍കാന്‍ പൊലീസിനോ സിബിഐക്കോ ഇതുവരെ സാധിച്ചിട്ടില്ല. തട്ടിക്കൂട്ടിയ കുറ്റപത്രം സിബിഐ കോടതിയില്‍ പൊടിപിടിച്ചു കിടക്കുന്നു. വിചാരണ തുടങ്ങാന്‍പോലും സാധിക്കാത്ത കേസില്‍ നാലുവര്‍ഷത്തിലേറെയായി രണ്ട് സിപിഐ എം നേതാക്കള്‍ നാടുകടത്തപ്പെട്ടിരിക്കുകയാണ്. ഇരുവര്‍ക്കും കൊച്ചിവിട്ടുപോകാന്‍ അനുമതിയില്ല. ഇവരുള്‍പ്പെടെയുള്ള എട്ട് നിരപരാധികള്‍ക്ക് നീതിവേണം. സിബിഐയെ രാഷ്ട്രീയചട്ടുകമാക്കി പരുവപ്പെടുത്തിയ ബിജെപി സര്‍ക്കാരില്‍നിന്ന് അത്തരമൊരു നീതിനിഷ്ഠ എളുപ്പം പ്രതീക്ഷിക്കാനാകില്ല. പക്ഷേ ഫസല്‍വധം സിപിഐ എമ്മിനെതിരായ വജ്രായുധമെന്ന് കരുതിയവര്‍ക്ക് ചുവട് പിഴച്ചിരിക്കുന്നു. സിബിഐക്ക് ഇനിയും തലപൂഴ്ത്തിയിരിക്കാനാകില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top