28 May Sunday

മണ്ണ്‌ പൊന്നാക്കുന്നവർക്ക്‌ കേരളത്തിന്റെ കരുതൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020


ആയുഷ്‌കാലമത്രയും വിയർപ്പൊഴുക്കി മണ്ണിൽ പൊന്നുവിളയിക്കുന്ന മനുഷ്യരെ‌ ജീവിതസായാഹ്നത്തിൽ സുരക്ഷിതത്വത്തിന്റെ കരവലയത്തിൽ ചേർത്തുപിടിക്കുകയാണ്‌ സംസ്ഥാന സർക്കാർ. രാജ്യത്ത്‌ ആദ്യമായി കർഷക ക്ഷേമനിധി ബോർഡിന്‌ രൂപം നൽകിയ എൽഡിഎഫ്‌ സർക്കാരിന്റെ തീരുമാനത്തിനു പിന്നിലെ കരുതലും ശ്രദ്ധയും ലക്ഷക്കണക്കിന്‌ സാധാരണക്കാരുടെ ജീവിതം തളിരണിയിക്കും. മണ്ണിനോട്‌ മല്ലിട്ട്‌ സമൃദ്ധിയുടെ വിള കൊയ്യുമ്പോഴും ജീവിതത്തിൽ നഷ്‌ടങ്ങളും ദുരിതങ്ങളും ബാക്കിയാകുന്ന കർഷകസമൂഹത്തെ താങ്ങിനിർത്താനുള്ള കേരളത്തിലെ ജനപക്ഷ സർക്കാരിന്റെ ചരിത്രപരമായ തീരുമാനമാണിത്‌.

രാജ്യത്ത്‌ മണ്ണും തൊഴിലും സംരക്ഷിക്കാൻ  കർഷകർ കടുത്ത പോരാട്ടം നടത്തുമ്പോഴാണ്‌‌ കർഷകക്ഷേമത്തിൽ കേരളം പുതിയ മാതൃക സൃഷ്‌ടിക്കുന്നത്‌. കാർഷികമേഖല കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാൻ മോഡി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ രാജ്യത്ത്‌ പ്രതിഷേധം കനക്കുകയാണ്‌. വിളസംഭരണവും വിലനിർണയവുമെല്ലാം കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുന്ന നിയമഭേദഗതികളാണ്‌ നടപ്പാക്കുന്നത്‌. കർഷകരെ തകർത്ത്‌ കോർപറേറ്റുകളെ വളർത്താൻ കേന്ദ്രം ശ്രമിക്കുമ്പോൾ കേരളം കർഷകർക്കായി ക്ഷേമനിധി ബോർഡ്‌ രൂപീകരിക്കുന്നു‌. ബിജെപി അടക്കമുള്ള വലതുപക്ഷവും സിപിഐ എം നേതൃത്വം നൽകുന്ന ഇടതുപക്ഷവും കർഷകരോട്‌ എടുക്കുന്ന സമീപനത്തിലെ വ്യത്യാസം വ്യക്തം‌.

മനുഷ്യസമൂഹത്തെ നിലനിർത്തുന്ന അടിസ്ഥാനപ്രവർത്തനമാണ്‌ കാർഷികവൃത്തി. കർഷകരുടെ  കഠിനാധ്വാനമാണ്‌ രാജ്യത്തെ കോടിക്കണക്കിന്‌ മനുഷ്യരെ‌ തീറ്റിപ്പോറ്റുന്നത്‌. ചുട്ടുപൊള്ളുന്ന സൂര്യനുകീഴിൽ പണിയെടുത്ത്‌ കറുത്തുപോയ മനുഷ്യരുടെ ജീവിതമാണ്‌ നമ്മുടെ അന്നം. നമ്മൾ കഴിക്കുന്ന ഓരോ മണി ധാന്യത്തിലും അവരുടെ വിയർപ്പിന്റെയും കണ്ണീരിന്റെയും ഉപ്പുണ്ട്‌. ആർഭാടവും അലങ്കാരവുമാക്കി ഭക്ഷണത്തെ ആഘോഷിക്കുന്നവർ ആ കണ്ണീരറിയുന്നില്ല. ആത്മഹത്യ ചെയ്യുന്ന കർഷകരെ തീൻമേശയിൽ ആരും ഓർക്കാറില്ല. മണ്ണിനെ പൊന്നാക്കിയവർ വാർധക്യത്തിൽ എങ്ങനെ കഴിയുന്നുവെന്ന്‌ അന്വേഷിക്കാനും ആളില്ല. ക്രമം തെറ്റിയ കാലവർഷം, വളത്തിന്റെ വിലക്കയറ്റം, വിളനാശം, ഉൽപ്പന്നങ്ങളുടെ വിലത്തകർച്ച, ഇടനിലക്കാരുടെ ചൂഷണം, ഭരിക്കുന്നവരുടെ അവഗണന... കർഷകജീവിതം നഷ്‌ടക്കച്ചവടമാക്കുന്ന എത്രയോ കാരണങ്ങൾ. ആത്മഹത്യപോലും മടുത്ത ജനതയാണ്‌ രാജ്യത്തെ കർഷകർ.


 

കർഷകരെ കൂടുതൽ ദുരിതത്തിലാക്കാൻ കേന്ദ്രം ശ്രമിക്കുമ്പോഴാണ്‌ ബദൽ മാർഗങ്ങളുമായി കേരളം മുന്നോട്ടുവരുന്നത്‌. ഉൽപ്പാദനം വർധിപ്പിക്കുന്നതിന്‌ കർഷകർക്ക്‌ എല്ലാ സഹായവും പിണറായി സർക്കാർ നൽകുന്നു. സബ്‌സിഡികളും മറ്റും യഥാസമയം ലഭ്യമാക്കി അരി, പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കാൻ ശ്രമിക്കുന്നു. പച്ചക്കറിക്ക്‌ നിശ്‌ചിതവില ഉറപ്പാക്കി. തരിശിട്ട ആയിരക്കണക്കിന്‌ ഹെക്‌ടർ ഭൂമിയിൽ കൃഷിയിറക്കാൻ സുഭിക്ഷ കേരളം പദ്ധതിയിലൂടെ സാധിച്ചു. നെൽകർഷകർക്ക്‌ വാർഷിക റോയൽറ്റി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ്‌ കേരളം. ഇതിനെല്ലാം മകുടം ചാർത്തുന്നതാണ്‌ കർഷക ക്ഷേമനിധി ബോർഡിന്റെ രൂപീകരണം. 

അംഗങ്ങൾക്ക്‌ വ്യക്തിഗത പെൻഷൻ, കുടുംബപെൻഷൻ, അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിൽസാ സഹായം, വിവാഹ–-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം തുടങ്ങി ജീവിതത്തിന്റെ സമസ്‌ത മേഖലയെയും സ്‌പർശിക്കുന്ന നടപടികൾ ക്ഷേമനിധി ഉറപ്പുനൽകുന്നു. മൂന്നുവർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമാക്കിയ 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക്‌ ക്ഷേമനിധി അംഗമാകാം. സ്വന്തമായോ പാട്ടത്തിനോ വാടകയ്‌ക്കോ അഞ്ച്‌ സെന്റ്‌ മുതൽ 15 ഏക്കർവരെ ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കാണ്‌ അംഗത്വം. ഉദ്യാനകൃഷി, ഔഷധസസ്യകൃഷി, നേഴ്‌സറി നടത്തിപ്പ്‌, മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, പശുവളർത്തൽ, കോഴി വളർത്തൽ തുടങ്ങി വിവിധ കാർഷികരംഗങ്ങളിലുള്ളവരെയെല്ലാം പരിഗണിക്കും.

കർഷകക്ഷേമത്തിന്‌ കേരളം മുന്നോട്ടുവയ്‌ക്കുന്ന ബദൽ മാർഗങ്ങളിലൊന്നാണ്‌ ക്ഷേമനിധി ബോർഡ്‌ രൂപീകരണം. യുവജനങ്ങളെ  ഈ രംഗത്ത്‌ ഉറപ്പിച്ചുനിർത്താൻ ക്ഷേമനിധിപോലുള്ള സംവിധാനങ്ങൾ സഹായിക്കും. കോർപറേറ്റ്‌ കൃഷിക്ക്‌ ബദലായി സഹകരണകൃഷിയും കേരളത്തിൽ ശക്തിപ്പെടുകയാണ്‌. കാർഷികോൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിൽ എത്തിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച്‌ വിതരണം ചെയ്യാനും പ്രാപ്‌തിയുള്ള കർഷക കൂട്ടായ്‌മകളും രൂപം കൊള്ളുന്നുണ്ട്‌. എൽഡിഎഫ്‌ സർക്കാരിന്റെ മുൻകൈയിൽ കാർഷികമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റത്തിന്റെ ഫലമാണിതെല്ലാം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top