05 October Thursday

മഹാപഞ്ചായത്തുകളുടെ മഹാസന്ദേശം, താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021


അതിജീവനത്തിനായി ഇന്ത്യൻ കർഷകർ നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടം പുതിയ ഘട്ടത്തിൽ എത്തിയിരിക്കുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഞായറും ഹരിയാനയിലെ കർണാലിൽ ചൊവ്വയും നടന്ന കർഷക മഹാപഞ്ചായത്തുകൾ നരേന്ദ്ര മോദി സർക്കാരിനും സംസ്ഥാന ബിജെപി സർക്കാരുകൾക്കും കനത്ത താക്കീതായി. ഒപ്പം തൊഴിലാളി–-കർഷക ഐക്യത്തിന്റെ മഹത്തായ സന്ദേശവും കർഷകപഞ്ചായത്തുകൾ മുന്നോട്ടുവയ്ക്കുന്നു.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഹരിയാനയിലുമെല്ലാം ബിജെപി ഭരണത്തിന്‌ അറുതിവരുത്തുമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്നുമുള്ള മഹാപഞ്ചായത്തുകളുടെ പ്രഖ്യാപനം ഇന്ത്യയുടെയാകെ വികാരമാണ്‌. കരിങ്കല്ലിന്റെ ധാർഷ്ട്യത്തോടെ സമരത്തെ നേരിടുന്ന മോദി സർക്കാരിനെ വിറപ്പിക്കുന്നതായി ഈ പ്രഖ്യാപനം. കരിനിയമങ്ങൾ പിൻവലിക്കില്ലെന്ന മോദിയുടെ പിടിവാശിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും കൃഷിക്കാർ ആവർത്തിച്ചു പ്രഖ്യാപിച്ചു. മോദി സർക്കാരിന്റെ നിലപാടിനെതിരെ ബിജെപിയിൽത്തന്നെ അഭിപ്രായഭിന്നത രൂപപ്പെടുന്നുണ്ട്‌. ചില ബിജെപി നേതാക്കൾ പരസ്യമായിത്തന്നെ രംഗത്തുവന്നിട്ടുമുണ്ട്‌.


 

കർഷകസമരത്തിന്റെ ജനകീയതയും പതർച്ചയില്ലാത്ത ചെറുത്തുനിൽപ്പും മഹാപഞ്ചായത്തുകളിലൂടെ ഒരിക്കൽക്കൂടി വ്യക്തമാക്കപ്പെട്ടു. എല്ലാ പ്രതിസന്ധിയെയും മറികടന്നെത്തിയ ജനക്കൂട്ടം അതിന്‌ തെളിവാണ്‌. മഹാമാരിക്ക് നടുവിലും പത്തു മാസമായി കൊടുങ്കാറ്റിന്റെ ശക്തിയോടെ ആഞ്ഞുവീശുന്ന കർഷകസമരത്തിന്റെ രാജ്യവ്യാപക തുടർസ്പന്ദനമായി രണ്ട് മഹാപഞ്ചായത്തും. വിവിധ സംസ്ഥാനത്തുനിന്നായി ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളുമാണ്‌ പോരാട്ടത്തിൽ അണിനിരന്നത്‌. കൃഷിക്കാരുടെ ജീവന്മരണ പോരാട്ടത്തിന് രാജ്യത്തിന്റെയാകെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തുന്നതായി ഈ പങ്കാളിത്തം. കർണാലിൽ നിരോധനാജ്ഞ ലംഘിച്ചായിരുന്നു മഹാപഞ്ചായത്ത് ചേർന്നത്. ആഗസ്ത് 28ന് പൊലീസ് ഭീകരതയിൽ കർഷകൻ സുശീൽ കാജൽ കൊല്ലപ്പെട്ട സംഭവത്തിൽ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുകൂടിയായിരുന്നു ഇവിടത്തെ കർഷകമുന്നേറ്റം. കർഷകർ എത്തിച്ചേരുന്നത് തടയാൻ കേന്ദ്ര സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയ എല്ലാ നീക്കത്തെയും മറികടന്നാണ് മുസഫർനഗറിൽ കൃഷിക്കാർ എത്തിച്ചേർന്നത്. കൃഷിക്കാരെ തടയാൻ ഹരിയാന സർക്കാരും ആകുന്നത്ര പണിപ്പെട്ടു. ഇന്റർനെറ്റ്‌ തടഞ്ഞു, ദേശീയപാത വഴിയുള്ള ഗതാഗതം വിലക്കി, വൻതോതിൽ സായുധസേനയെ അണിനിരത്തി. പക്ഷേ, പഞ്ചായത്തുകൾ മുന്നേറി.

എട്ടു വർഷത്തിനപ്പുറം 2013 ആഗസ്‌ത്‌–-സെപ്‌തംബർ മാസങ്ങളിൽ വലിയ വർഗീയകലാപം അരങ്ങേറിയ സ്ഥലമാണ്‌ മുസഫർനഗർ. ഹിന്ദു–-മുസ്ലിം വിഭാഗത്തിൽപ്പെട്ടവരടക്കം എല്ലാ കൃഷിക്കാരും ഐക്യത്തോടെ കഴിഞ്ഞ ഇവിടെ ഭിന്നത വളർത്താനുള്ള വർഗീയവാദികളുടെ ബോധപൂർവമായ ശ്രമമാണ്‌ കലാപത്തിലേക്ക്‌ നയിച്ചത്‌. 62 പേർ കലാപത്തിൽ കൊല്ലപ്പെട്ടു. ഒട്ടേറെ മുസ്ലിം കുടുംബത്തിന്‌ പ്രദേശം വിട്ടുപോകേണ്ടിവന്നു. ഇപ്പോൾ, ഈ കർഷക മഹാപഞ്ചായത്തിൽ എല്ലാ വിഭാഗം കൃഷിക്കാരും തൊഴിലാളികളും ഒരുമിച്ച്‌ അണിനിരന്നതോടെ അത്‌ തൊഴിലാളി–കർഷക ഐക്യത്തിന്റെ വലിയ വിളംബരമായി. തൊഴിലാളികളും കർഷകരും ഉൾപ്പെടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കായി ഒരുമിച്ചു പോരാടണമെന്ന പ്രഖ്യാപനം വളരെ പ്രധാനമാണ്‌. ഈ ഐക്യശക്തി മുന്നോട്ടുകൊണ്ടുപോകേണ്ടത്‌ രാജ്യത്തിനു മുന്നിലുള്ള പ്രധാന ദൗത്യമാണ്‌. ആ ഐക്യത്തിന്റെ വലിയ പ്രതീക്ഷകൾ ഈ പഞ്ചായത്തുകൾ നൽകുന്നുണ്ട്‌. അത്‌ ബിജെപിയെയും മോദിയെയും വിറളിപിടിപ്പിക്കുന്നുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top