27 September Wednesday

യുദ്ധം കർഷകരോടോ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 1, 2021


മുന്നൂറോളം  ദിവസമായി സഹനസമരം നയിക്കുന്ന കർഷകരിലൊരാളുടെ ജീവൻകൂടി ഭരണാധികാ രികൾ  കവർന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയ സമരഭടന്മാരിൽ ഒരാളായ സുശീൽ കാജലിനെ ഹരിയാന പൊലീസ് തല്ലിക്കൊന്നു. കർഷകരുടെ തലതല്ലിപ്പൊളിക്കാൻ പരസ്യമായി ആഹ്വാനം നൽകിയ ഒരു സബ്‌ ഡിവിഷണൽ മജിസ്ട്രേട്ടിന്റെ വാക്കുകൾ അക്ഷരംപ്രതി നടപ്പാക്കുകയായിരുന്നു പൊലീസ്. തലപൊട്ടി ഗുരുതരമായി പരിക്കേറ്റ സുശീൽ കാജൽ  മരിച്ചു.

ഈ പൊലീസ് അതിക്രമം ആസൂത്രിതമായിരുന്നു എന്ന് വ്യക്തം. സമരം ചെയ്യുന്ന കർഷകരോട് യുദ്ധം പ്രഖ്യാപിച്ച ഹരിയാനയിലെ  ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേരനുയായിയാണ് എസ്ഡിഎം ആയ ആയുഷ്‌ സിൻഹ എന്നു കരുതാം. കൊലപാതകത്തിനു പിന്നാലെ സിൻഹയെ ന്യായീകരിച്ച് രംഗത്തെത്താൻ മുഖ്യമന്ത്രി തെല്ലും വൈകിയില്ല. നിരായുധരായ ജനക്കൂട്ടത്തിനുനേരെ തോക്കുയർത്താൻ മടിച്ചുനിന്ന പട്ടാളക്കാരോട് വെടിയുതിർത്ത് പരമാവധിപേരെ കൊല്ലാൻ ജാലിയൻവാലാ ബാഗിൽ ഉറക്കെ ആജ്ഞാപിച്ച ബ്രിട്ടീഷ് കേണൽ റെജിനാൾഡ് ഡയറിന്റെ പിന്മുറക്കാരനെപ്പോലെയാണ് ആ ഉദ്യോഗസ്ഥൻ പെരുമാറിയത്. പൊറുക്കാനാകാത്ത കുറ്റം ചെയ്ത എസ്ഡിഎമ്മിനെ പിരിച്ചുവിടണമെന്നും കൊലക്കേസിൽ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത കർഷക മോർച്ച പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു. ചൊവ്വാഴ്ച വീട് സന്ദർശിച്ച കിസാൻസഭാ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ് അടക്കമുള്ളവരോട്  സുശീൽ കാജലിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ഉന്നയിച്ചതും ഇതേ ആവശ്യമാണ്.

കർഷകന്റെ കൊലപാതകത്തിനെതിരെ പടർന്ന പ്രതിഷേധത്തീയിൽ ഉത്തരേന്ത്യ അമരുകയാണ്. ഹരിയാന, പഞ്ചാബ്‌, രാജസ്ഥാൻ, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിലൊക്കെ മഹാപഞ്ചായത്തുകൾ ചേർന്നും പ്രതിഷേധ കൂട്ടായ്മകൾ ഒരുക്കിയും കർഷകർ പോരാട്ടം ശക്തമാക്കുകയാണ്. പരിപാടികളിൽ പതിനായിരങ്ങൾ അണിചേരുന്നു. ഹരിയാനയിൽ ബിജെപി നേതാക്കൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. രണ്ടിടത്ത് കർഷകരോഷത്തെതുടർന്ന്‌ ബിജെപിക്ക്‌ പൊതുപരിപാടി ഉപേക്ഷിക്കേണ്ടിവന്നു.

സമരത്തെ തല്ലിയൊതുക്കാം എന്ന വ്യാമോഹം ബിജെപിയുടെ പരാജയസമ്മതമാണ്. ലോകത്തെ വിഴുങ്ങിയ ഒരു മഹാമാരിയുടെ ഘട്ടത്തിൽപ്പോലും വീറോടെ പൊരുതിയ കർഷകപ്പോരാളികളെ തളർത്താനാകില്ലെന്ന്‌ അവർക്ക് ഉറപ്പായി. രാജ്യദ്രോഹക്കുറ്റംവരെ ചുമത്തി ആയിരക്കണക്കിനു കേസ്‌ എടുത്തിട്ടും തകർക്കാനാകാത്ത സമരത്തെ തലതല്ലിപ്പൊളിച്ചും സമരഭടന്മാരെ കൊന്നുതള്ളിയും തീർക്കാമെന്ന് ബിജെപി കരുതുന്നെങ്കിൽ അത് അവരുടെ അന്ത്യത്തിന്റെ ആരംഭമാകും.

കർഷകർക്ക് ഈ സമരം ജീവിതസമരമാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്നു നിയമവും സർക്കാർ സ്വീകരിക്കുന്ന മറ്റ് കർഷകദ്രോഹ നടപടികളും കവർന്നെടുക്കുന്നത് അവരുടെ ജീവനോപാധികളാണ്. സമരംമാത്രമേ അവരുടെ മുമ്പിൽ ഏക മാർഗമായുള്ളൂ. കൊടിയുടെ നിറമോ രാഷ്ട്രീയ വിശ്വാസമോ അല്ല അവർക്ക് ഇപ്പോൾ പ്രധാനം; അവരുടെ ജീവിതമാണ്. മാസങ്ങളായി ഡൽഹി മുഖ്യകേന്ദ്രമാക്കി പോരാടുന്ന കർഷകരെ ഭയപ്പെടുത്തി തിരിച്ചയക്കാമെന്ന് ബിജെപി സർക്കാർ ഇനിയും കരുതുന്നെങ്കിൽ അവരുടെ ഗതി കണ്ടറിയണമെന്നേ പറയാനാകൂ. അപകടം മനസ്സിലായ ചില ബിജെപി നേതാക്കൾ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതും അവഗണിച്ചാണ് മനോഹർ ലാൽ ഖട്ടറും മറ്റും നീങ്ങുന്നത്.

ഇപ്പോൾ സംയുക്ത കർഷക മോർച്ച ഉന്നയിക്കുന്ന അടിയന്തരാവശ്യങ്ങൾ ആ ഉദ്യോഗസ്ഥനെ പുറത്താക്കലും അയാൾക്കെതിരെ കൊലക്കുറ്റം ചുമത്തലുമാണ്. പൊലീസ് ആക്രമണത്തിന്റെ പിന്നിലെ രാഷ്ട്രീയ തീരുമാനം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണവും അവർ ആവശ്യപ്പെടുന്നു. ഹരിയാന സർക്കാർ ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇപ്പോൾ ആളിക്കത്തുന്ന സമരത്തീ അണയ്ക്കാൻ കഴിഞ്ഞേക്കും. പക്ഷേ, കർഷകരുടെ മഹാപ്രക്ഷോഭം അതുകൊണ്ട് അവസാനിപ്പിക്കാം എന്ന് നരേന്ദ്ര മോദിയും കൂട്ടരും കരുതുന്നെങ്കിൽ അവിടെയും അവർക്ക് തെറ്റും.

ഇന്ത്യൻ കർഷകൻ കൃഷിമാത്രം അറിയുന്നവരല്ല. അവർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ജീവനാഡികൾകൂടിയായിരുന്നു. അവർകൂടി പൊരുതിയാണ് ഈ നാട് മോചനം നേടിയത്. മഹാത്മാഗാന്ധി 1917ൽ നയിച്ച ആദ്യ സത്യഗ്രഹം ചമ്പാരനിലെ നീലം കർഷകരുടേതായിരുന്നു. അവിടംമുതൽ കയ്യൂരും കരിവെള്ളൂരുംവരെ നീളുന്ന അസംഖ്യം സമരപോരാട്ടങ്ങളിലെ മുന്നണിപ്പോരാളികൾ ആയിരുന്ന കർഷകരുടെ പാത പിന്തുടരുന്നവരെയാണ് നേരിടുന്നതെന്ന് ഭരണക്കാർ മനസ്സിലാക്കിയാൽ നന്ന്.

സ്വാതന്ത്ര്യസമരത്തിൽ പങ്കൊന്നുമില്ലാത്ത വർഗീയ സംഘത്തിന്റെ പ്രതിനിധികളായി രാജ്യം ഭരിക്കുന്നവർക്ക് ഇക്കാര്യം അത്ര പ്രധാനമൊന്നും ആയിരിക്കില്ല. പക്ഷേ, ഈ രാഷ്ട്രത്തെ സ്നേഹിച്ച് ഇവിടം കൂടുതൽ ജീവിക്കാൻ പറ്റുന്ന ഭൂമിയാക്കാൻ പല മട്ടിൽ പൊരുതുന്ന ലക്ഷങ്ങൾക്ക് ഈ കർഷകർ അവരുടെ അന്നദാതാക്കൾ മാത്രമല്ല; സമരനേതാക്കൾകൂടിയാണ്. ആ ജനത ഒന്നിച്ചുനിന്ന് കർഷക പ്രക്ഷോഭം വിജയിപ്പിക്കും. കൊല്ലും കൊലയുമായി അതിനു കുറുകെ കയറിനിൽക്കുന്ന ശക്തികൾ കടപുഴകി വീഴും. ഈ മഹാപ്രക്ഷോഭം വിജയത്തിലെത്തുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top