01 June Thursday

നയം മാറ്റിയില്ലെങ്കിൽ മോദി സർക്കാരിനെ മാറ്റും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021


കർഷകജനതയുടെ ജീവൻമരണ പോരാട്ടത്തിന്‌ ഇന്ത്യയൊന്നാകെ ഐക്യപ്പെട്ട ഭാരത്‌ ബന്ദിൽ അലയടിച്ചത്‌ ജനകോടികളുടെ ഹൃദയവികാരവും അതിരില്ലാത്ത സമരവീര്യവും. പണിമുടക്കി തൊഴിലിടങ്ങളിൽനിന്ന്‌ മാറിനിന്ന തൊഴിലാളികളും കർഷകരും ചെറുകൂട്ടങ്ങളായി ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ റെയിൽവേയും എക്‌പ്രസ്‌ ഹൈവേകളും ഉപരോധിച്ച്‌ പതിനായിരങ്ങൾ അറസ്‌റ്റ്‌ വരിച്ചു. നഗരങ്ങളിലും തൊഴിലാളി കേന്ദ്രങ്ങളിലും ബന്ദിനാധാരമായ മുദ്രാവാക്യങ്ങളുമായി ചെറുപ്രകടനങ്ങൾ സംഘടിപ്പിച്ചു. ആയിരക്കണക്കിന്‌ സംഘടന ബന്ദിന്റെ വിജയത്തിനായി രംഗത്തുവന്നത്‌ മുമ്പില്ലാത്ത അനുഭവമായി. കേരളത്തിൽ സംയുക്ത സമരസമിതി ആഹ്വാനംചെയ്‌ത 12 മണിക്കൂർ ഹർത്താലിൽ തൊഴിൽമേഖല സ്‌തംഭിച്ചു. എൽഡിഎഫും യുഡിഎഫും പിന്തുണച്ച ഹർത്താൽ സമ്പൂർണ വിജയമായി. 

കരിനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പത്തുമാസമായി കർഷകർ തുടരുന്ന സമരത്തിന്റെ ഭാഗമായാണ്‌ സംയുക്ത കർഷക സമരസമിതി ഭാരത്‌ ബന്ദിന്‌ ആഹ്വാനം ചെയ്‌തത്‌. എന്നാൽ, ഉദാരവൽക്കരണത്തിനുശേഷം രണ്ടു പതിറ്റാണ്ടായി ഇന്ത്യൻ തൊഴിലാളിവർഗം മുന്നോട്ടുകൊണ്ടുപോകുന്ന പൊതു പണിമുടക്കുകളുടെ മുദ്രാവാക്യങ്ങളാകെ ഉൾച്ചേർന്ന ബഹുജനമുന്നേറ്റമായി ഭാരത്‌ ബന്ദ്‌ മാറി. രാജ്യത്തെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളിൽ ബിഎംഎസ്‌ മാത്രമാണ്‌ ഈ പൊതുധാരയിൽനിന്ന്‌ മാറിനിൽക്കുന്നത്‌. കഴിഞ്ഞവർഷം രണ്ട്‌ പൊതുപണിമുടക്കിന്‌ ഇന്ത്യൻ തൊഴിലാളിവർഗം നിർബന്ധിതമായി. 2020 ജനുവരിയിൽ പൊതുപണിമുടക്ക്‌ കഴിഞ്ഞ്‌ ഏറെനാൾ കഴിയുംമുമ്പ്‌ കോവിഡ്‌ മഹാമാരിയുടെ പ്രതിസന്ധിയിലേക്ക്‌ രാജ്യം എടുത്തെറിയപ്പെട്ടു. എന്നാൽ, അടച്ചുപൂട്ടൽക്കാലത്ത്‌ സമ്പന്ന വിഭാഗങ്ങൾക്കുവേണ്ടി നിയമങ്ങൾ മാറ്റിമറിക്കാൻ പാർലമെന്റിനെ മോദി സർക്കാർ ദുരുപയോഗിച്ചു. കടുത്ത എതിർപ്പ്‌ വകവയ്‌ക്കാതെ, കീഴ്‌വഴക്കങ്ങൾ അട്ടിമറിച്ച്‌ പാസാക്കിയ മൂന്ന്‌ നിയമവും ഇന്ത്യൻ കാർഷികമേഖല രാജ്യാന്തര കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാനുള്ളതായിരുന്നു.

സ്വാതന്ത്ര്യത്തിന്‌ മുമ്പും പിമ്പും പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത തൊഴിലവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന നിയമനിർമാണങ്ങളും 2019 മുതൽ പലഘട്ടത്തിലായി നടന്നു. പുതുതായി രൂപപ്പെടുത്തിയ നാല്‌ തൊഴിൽ കോഡ്‌ വഴി 29 തൊഴിൽനിയമം ഇല്ലാതായി. പിഎഫും ഇഎസ്‌ഐയും കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നീക്കങ്ങളുടെ ഇരയാണ്. പൊതുമേഖല വിൽപ്പനയ്‌ക്ക്‌ പരിധിയില്ലാതായി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനിയന്ത്രിതം. വൈദ്യുതിനിയമ ഭേദഗതിക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പുണ്ടെങ്കിലും വിതരണമേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾ ശക്തിപ്പെട്ടു. പ്രതിരോധ വ്യവസായമടക്കം വിദേശനിക്ഷേപത്തിന്‌ തുറന്നുകൊടുത്തു.

കഴിഞ്ഞ നവംബറിൽ വീണ്ടുമൊരു ദേശീയ പണിമുടക്കിന്‌ വഴിവച്ച സാഹചര്യം ഇതായിരുന്നു. കാർഷിക കരിനിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിന്‌ തുടക്കം കുറിച്ച കർഷക സംഘടനകൾ ദേശീയ പണിമുടക്കിൽ കണ്ണിചേരുകയും പാർലമെന്റ് മാർച്ചിന്‌ തുടക്കം കുറിക്കുകയും ചെയ്‌തു. ഡൽഹിയിലേക്കുള്ള കവാടങ്ങളിൽ തടയപ്പെട്ട കർഷകർ അന്നുമുതൽ സമരഭൂമിയിലാണ്. കഴിഞ്ഞ ഒമ്പത്‌ മാസത്തെ ദുരിത സഹനങ്ങൾ കർഷകരുടെ പോരാട്ടവീര്യം തെല്ലും ശമിപ്പിച്ചിട്ടില്ല. കോവിഡിന്റെ കടുത്ത ആക്രമണത്തിനിടയിലും ജീവിതസമരത്തിൽ അവർ ഉറച്ചുനിന്നു. നിരവധി പേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടു. പൊലീസും സൈന്യവും നടത്തിയ ഗൂഢനീക്കങ്ങളും മർദനമുറകളും അതിജീവിച്ചാണ്‌ സമരം മുന്നേറുന്നത്‌. ഹരിയാനയിൽ കർഷകപ്പോരാളികളെ പൊലീസ്‌ വെടിവച്ചുകൊന്നു. തിളച്ചുമറിയുന്ന ഈ സമരവേദികൾ കണ്ടില്ലെന്നു നടിച്ചാണ്‌ മോദി സർക്കാർ മുന്നോട്ടുപോകുന്നത്‌. ഒരു വട്ടംപോലും ചർച്ചയ്‌ക്ക്‌ തയ്യാറായിട്ടില്ല. ജനാധിപത്യ ഭരണമാണിതെന്ന്‌ വിസ്‌മരിക്കുന്ന ഭരണാധികാരികൾക്കുള്ള മുന്നറിയിപ്പാണ്‌ ഭാരത്‌ ബന്ദിലൂടെ ജനങ്ങൾ നൽകിയത്‌.

കരിനിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിശ്‌ചയദാർഢ്യത്തോടെയാണ്‌ മണ്ണിന്റെ മക്കൾ പോരാടുന്നത്‌. തൊഴിൽമേഖലയിലും സമാനമായ സമരത്തിന്‌ വഴിതുറക്കുന്ന നടപടികളാണ്‌ കേന്ദ്രസർക്കാരിൽ നിന്നുണ്ടാകുന്നത്‌. കേന്ദ്രം പ്രഖ്യാപിച്ച ‘നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ’ എന്ന പദ്ധതി, നികുതിപ്പണം മുടക്കി വികസിപ്പിച്ച ആസ്തികൾ സ്വകാര്യകുത്തകകളെ ഏൽപ്പിക്കാനുള്ളതാണ്‌. നയം മാറ്റാൻ സർക്കാർ തയ്യാറല്ലെന്ന പ്രഖ്യാപനംകൂടിയാണിത്‌. നയം മാറ്റാത്ത സർക്കാരിനെ മാറ്റാൻ ഒരുങ്ങുകയാണെന്ന കർഷകരുടെ പ്രഖ്യാപനത്തിന്‌ ഭാരത്‌ ബന്ദിന്റെ വൻവിജയത്തോടെ കൂടുതൽ അർഥവ്യാപ്‌തി കൈവന്നിരിക്കുന്നു. ഭാരത്‌ ബന്ദിന്‌ ഏകമനസ്സോടെ പിന്തുണ നൽകിയ എല്ലാ ജനവിഭാഗത്തിനും അഭിവാദ്യങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top