17 February Sunday

നുണപ്രചാരകർ നിരാശരാകും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 7, 2018


സിപിഐ എമ്മിനെതിരെ മാധ്യമ ആക്രമണമുണ്ടാകുന്നത് പുതിയ കാര്യമല്ല. പാർടി നേതാക്കളെയും കുടുംബാംഗങ്ങളെയും ആക്രമിക്കുന്നതിലും പുതുമയില്ല. മലയാള മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങളുടെ പരിലാളനയിൽ വളരുകയോ വലതുപക്ഷ മാധ്യമങ്ങളുടെ അനുതാപത്തിനുവേണ്ടി കേഴുകയോ ചെയ്ത പാർടിയല്ല സിപിഐ എം. മറിച്ച് അത്തരം മാധ്യമങ്ങൾ സംഘടിതരായി നിരന്തരം നടത്തിയ കടന്നാക്രമണത്തെ ചെറുത്ത് മുന്നേറിയ പ്രസ്ഥാനമാണ്. പൊലീസും കേന്ദ്രസർക്കാരും അതിന്റെ അന്വേഷണ ഏജൻസികളും സിപിഐ എമ്മിനെ തകർക്കുക എന്ന ഏകലക്ഷ്യം മുൻനിർത്തിയുള്ള ആക്രമണപരമ്പരയാണ് ഉമ്മൻചാണ്ടിയുടെ ഭരണകാലഘട്ടത്തിൽ നടത്തിയത്. എല്ലാ സമരങ്ങളും പരാജയമെന്നും എല്ലാ തെരഞ്ഞെടുപ്പുകളും തോൽവിയെന്നും വിധികൽപ്പിച്ച് ഇനി കേരളത്തിൽ ഇടതുപക്ഷം നട്ടെല്ല് നിവർത്തില്ലെന്ന പ്രവചനഘോഷമുയർത്തിയവർക്ക് ചുട്ട മറുപടി നൽകിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റിയത്. പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ ചുമതലയേറ്റ നിമിഷംമുതൽ അതിനെ അപകീർത്തിപ്പെടുത്താനും നശീകരണസ്വഭാവത്തോടെ ആക്രമിക്കാനും മുതിരുന്ന മുഖ്യധാരാ മാധ്യമങ്ങളെയാണ് കാണുന്നത്. ഒരു പദ്ധതിയും വിജയിച്ചില്ല: വിവാദങ്ങൾകൊണ്ട് ജീവിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന ഒന്നും സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സംഭവിച്ചില്ല.

പാർടി സമ്മേളനകാലത്ത് തലങ്ങും വിലങ്ങും വാർത്തകൾ നിർമിച്ച് പാർടി പിളരാൻ പോകുന്നു എന്നുവരെ ശാപവചനം ചൊരിയുന്നത് വിദൂരഭൂതത്തിലെ അനുഭവമല്ല. ഇരുപത്തിരണ്ടാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുകയാണ് കേരളത്തിലെ പാർടി. ഈ സമ്മേളനകാലയളവിൽ വിവാദം സൃഷ്ടിക്കാനുള്ള പലതരം നീക്കങ്ങളുണ്ടായെങ്കിലും ഒന്നുപോലും ഫലം കണ്ടില്ല. ഓഖിദുരന്തമുഖത്തുപോലും വിവാദത്തിന്റെ വിത്തിട്ടവർക്ക് നൈരാശ്യത്തോടെ പിന്മടങ്ങേണ്ടിവന്നു. ബുള്ളറ്റ് പ്രൂഫ് കാർ, പെൻഷൻപ്രായം ഉയർത്തൽ തുടങ്ങിയ നുണവാർത്തകൾ കൊണ്ടുവന്നവർ നാണംകെട്ടു. അത്തരമൊരു പശ്ചാത്തലത്തിലാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ കഥാപാത്രമാക്കി പുതിയ വിവാദത്തിന് ആസൂത്രിതമായി തുടക്കമിട്ടത്.

ഒരു പ്രമുഖ പത്രമാണ് ഡൽഹി ലേഖകന്റെ പേരുവച്ച് ആദ്യം വാർത്തയെഴുതിയത്. തുടർന്ന് മറ്റ് മാധ്യമങ്ങൾ അതേറ്റെടുത്തു.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ഒരർഥശങ്കയുമില്ലാതെ അന്ന് ഇങ്ങനെ പറഞ്ഞു:‘"2003 മുതൽ ദുബായിൽ ജീവിച്ചുവരുന്ന ബിനോയിക്കെതിരെ ദുബായിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന് പറയപ്പെടുന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ എമ്മിനുമെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഉയർത്തുന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരിൽ ഒരു കേസും ഇന്ത്യയിലൊരിടത്തും നിലവിൽ ഇല്ല. തന്റെ പേരിൽ ദുബായിലും ഏതെങ്കിലും തരത്തിലുള്ള കേസുകളോ യാത്രാവിലക്കോ നിലവിൽ ഇല്ലെന്ന് ബിനോയിതന്നെ വ്യക്തമാക്കിയതാണ്. മറിച്ചാണെന്നു തെളിയിക്കുന്ന ഒരു രേഖയും ഒരു മാധ്യമവും ഉദ്ധരിച്ചിട്ടില്ല. ദുബായിൽ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതികൾ ഉള്ളതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു വിദേശരാജ്യത്ത് നടന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടിൽ കേരള സർക്കാരിനോ കേരളത്തിലെ സിപിഐ എമ്മിനോ ഒന്നും ചെയ്യാനില്ല. ഈ വസ്തുതകൾ മറച്ചുവച്ച് കോടിയേരി ബാലകൃഷ്ണനും സിപിഐ എമ്മിനുമെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും അതിന്മേൽ ചർച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശ്യപരമാണ്. രണ്ട് കക്ഷികൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച ഏതെങ്കിലും തർക്കമുണ്ടെങ്കിൽ അത് സിപിഐ എമ്മിനെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണ്. മാധ്യമങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളിൽ ഒരു ബന്ധവുമില്ലാത്ത, കോടിയേരി ബാലകൃഷ്ണന് എതിരെ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങൾ തള്ളിക്കളയണം.''’

അറബ് രാജ്യങ്ങളിൽ ജീവിതവഴി അന്വേഷിച്ചുപോയ ലക്ഷക്കണക്കിനു മലയാളികളിൽ ഒരാളാണ് ബിനോയ് കോടിയേരി. സാധാരണ പൗരനുള്ള എല്ലാ അവകാശങ്ങളും ബിനോയിക്കുമുണ്ട്. തെറ്റായ മാർഗത്തിൽ പണം സമ്പാദിച്ചെന്നോ നിയമവിരുദ്ധ ഇടപാട് നടത്തിയെന്നോ ആരോപണമില്ല. നിയമപരമായ വഴിയിൽ ബിസിനസിനുവേണ്ടി കടംവാങ്ങി: അത് നിശ്ചിതസമയത്ത്് തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല‐ അതിൽനിന്ന് ഒരു ഒളിച്ചോട്ടവുമില്ല.  ഒരാഴ്ചമുമ്പ് ബിനോയിയുടെ പേരിൽ ഒരു കേസുമുണ്ടായിരുന്നില്ല: ഇപ്പോൾ ഒരു പരാതി വന്നിരിക്കുന്നു. അത് നിയമത്തിന്റെ വഴിക്ക് നീങ്ങുന്നതിൽ ആരും ഒരു തരത്തിലുള്ള തടസ്സവും ഉന്നയിച്ചിട്ടില്ല.

സിപിഐ എമ്മും അതിന്റെ സംസ്ഥാന സെക്രട്ടറിയും ഈ വിഷയത്തിൽ എങ്ങനെയാണ് കക്ഷിയാകുന്നത്? പ്രവാസി മലയാളികൾ ഉപജീവിനത്തിനിടെ ഇത്തരം അനേകം കുരുക്കുകളിൽ പെടാറുണ്ട്. അതിനപ്പുറം ഈ സംഭവത്തിന് മാനങ്ങൾ നൽകി സിപിഐ എമ്മിനെയും നേതൃത്വത്തെയും ഫിനിഷ് ചെയ്യാമെന്ന് മനക്കോട്ടകെട്ടുന്നവരുണ്ടാകാം. സ്വാതന്ത്ര്യസമര സേനാനികൾ ചോരനീരാക്കി പടുത്തുയർത്തിയ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ആസ്തിവകകൾ സ്വന്തമാക്കിയതിന് കേസ് നരിടുന്ന രാഹുൽഗാന്ധി അധ്യക്ഷനായ പാർടിയിലെ നേതാക്കൾവരെ അക്കൂട്ടത്തിലുണ്ട് എന്നതിലാണത്ഭുതം. ബിനോയിയുടെ കേസ് വ്യക്തിപരമാണ്. തട്ടിപ്പും വെട്ടിപ്പുമല്ല. നിങ്ങൾ ഇന്നലെവരെ പറഞ്ഞുപരത്തിയതൊന്നുമല്ല. ഏതൊരു പ്രവാസിയും ബിസിനസിനിടയിൽ അഭിമുഖീകരിക്കേണ്ടിവരുന്ന തരത്തിലുള്ള പ്രയാസങ്ങളാണ് അവിടെയുള്ളത്. വ്യാജവാർത്ത പൊളിച്ചടുക്കി, യാത്രാവിലക്ക് ഇല്ലെന്ന് തെളിയിച്ചപ്പോൾ അമർന്നവർക്ക് യാത്രാവിലക്ക് വന്നപ്പോൾ ഉണ്ടായ അമിതാവേശം സാധാരണ മാനസികാവസ്ഥയുള്ള മലയാളിക്ക് മനസ്സിലാക്കാവുന്നേതയുള്ളൂ.

ഈ വിഷയത്തിൽ സിപിഐ എം തുടക്കത്തിൽത്തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സെക്രട്ടറി കോടിയേരി അത് ആവർത്തിച്ചിട്ടുണ്ട്. അതുതന്നെയാണ് ശരിയായ നിലപാട്. അതല്ലാതെ, സംഘടിതമായി നുണ പ്രചരിപ്പിച്ചതുകൊണ്ടോ അപവാദം പ്രവഹിപ്പിച്ചതുകൊണ്ടോ വല്ലതും നേടിക്കളയാമെന്ന ചിന്ത ഉള്ളവരെ സന്തോഷിപ്പിക്കുന്നതൊന്നും സംഭവിക്കാൻ പോകുന്നില്ല

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top