04 July Saturday

സുക്കർബർഗിന്റെ മാപ്പിൽ തീരില്ല

വെബ് ഡെസ്‌ക്‌Updated: Saturday Apr 7, 2018


മാധ്യമങ്ങളെ  കൈയടക്കുന്നത് കോർപറേറ്റുകളുടെ മുൻഗണനാ വിഷയമാണിന്ന്. പത്രങ്ങളും വാർത്താചാനലുകളും ഓൺലൈൻ മാധ്യമങ്ങളും വൻകിട കോർപറേറ്റുകളുടെ സമ്പൂർണ ആധിപത്യത്തിൽ അമരുകയാണ്. ബദൽ മാധ്യമങ്ങളുടെ സാന്നിധ്യം പരിമിതമായ ഈ കാലത്ത്, കോർപറേറ്റുകളും ഭരണനേതൃത്വവും തീരുമാനിക്കുന്നതുമാത്രം മാധ്യമങ്ങളിൽ വാർത്തയാകുന്നു എന്ന ദുരവസ്ഥയാണ് ലോകം അഭിമുഖീകരിക്കുന്നത്. ഇതിനോട് പൊരുതാനുള്ള പ്ലാറ്റ്ഫോം എന്ന നിലയിലാണ് സാമൂഹ്യമാധ്യമങ്ങളുടെ വാതിൽ ജനങ്ങൾക്കു മുന്നിൽ തുറന്നുകിട്ടിയത്. എന്നാൽ, ആ മേഖലയും വൻതോതിലുള്ള കടന്നുകയറ്റത്തിനും പണത്തിന്റെ സ്വാധീനത്തിനും വേദിയാകുന്നു എന്ന അപകടകരമായ സത്യമാണ് കഴിഞ്ഞ നാളുകളിൽ തുടരെ പുറത്തുവന്നത്.  സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റവും വലുതും ശ്രദ്ധേയവുമായ സാന്നിധ്യം ഫെയ്സ്ബുക്കിന്റേതാണ്. 'ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ക്രിയാത്മക ശ്രമങ്ങളിലായിരുന്നു ഫെയ്സ്ബുക്ക് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ, ഇതിനുവേണ്ടി രൂപംനൽകിയ ഫെയ്സ്ബുക്കിന്റെതന്നെ ടൂളുകൾ തികച്ചും തെറ്റായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തി. അതിലേക്ക് ശ്രദ്ധിക്കാൻ സാധിച്ചില്ല.' ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് കഴിഞ്ഞദിവസം പറഞ്ഞ ഈ വാക്കുകൾ, മേൽ സൂചിപ്പിച്ച പ്രവണതയ്ക്ക് അടിവരയിടുന്നു.

സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ ജനാധിപത്യത്തിന്റെ പരിപോഷണത്തിനോ സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കാനോ തെരഞ്ഞെടുപ്പു പ്രചരണത്തിനോ ബൗദ്ധിക സംവാദത്തിനോ രൂപപ്പെടുത്തിയ സംരംഭങ്ങളല്ല. വിനോദത്തിനും വ്യക്തിപരമായ ആശയവിനിമയത്തിനുമായി ലാഭം പ്രതീക്ഷിച്ച് തുടങ്ങിയവയാണ്. വിവര സാങ്കേതികവിദ്യയുടെ അപാരമായ വികാസത്തിന്റെ ചൂടുംചൂരും ലാഭം വർധിപ്പിക്കാനുള്ളതാക്കി. സമർഥമായി വിനിയോഗിക്കുന്ന സങ്കേതം എന്നതിലുപരി അവയെ നടത്തിപ്പുകാർ കാണുന്നില്ല. അത്തരം ഉപയോഗം സാധ്യമാകണമെങ്കിൽ കൂടുതൽ ജനങ്ങളുടെ ഇടപെടൽവേണം. ഇടപെടൽ ആകർഷിക്കുന്ന പ്രക്രിയയുടെ ഉപോൽപ്പന്നമാണ്, സോഷ്യൽ ജനാധിപത്യപരമായ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം. ബദൽമാധ്യമം എന്ന തലത്തിലേക്ക് ഒരു പരിധിവരെ സോഷ്യൽ മീഡിയയെ ഉയർത്തുന്നതും ആ സവിശേഷതയാണ്. ഓഹരിവിപണിയിൽ ഏറ്റവുമധികം മൂല്യമുള്ള ഓഹരികളാണ് ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും ട്വിറ്ററിന്റെയും. ലോകത്താകമാനമുള്ള  അംഗങ്ങൾ സൃഷ്ടിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനും അത് ആവശ്യക്കാർക്ക് കൈമാറുന്നതിനുമുള്ള അവർ വികസിപ്പിച്ചെടുത്ത വെബ്സൈറ്റുകളാണ് ഇവയുടെ ലാഭകേന്ദ്രങ്ങൾ. അങ്ങനെ ലാഭമുണ്ടാക്കാൻ അവ നേരിട്ടും അവയെ ഉപയോഗിച്ച് മറ്റു കമ്പനികളും ശ്രമിച്ചതിന്റെയും ആ ശ്രമം രാഷ്ട്രീയ ദുരുപയോഗം ചെയ്യപ്പെട്ടതിന്റെയും വിശദാംശങ്ങളാണ് കഴിഞ്ഞ നാളുകളിലായി പുറത്തുവരുന്നതും വിവാദം സൃഷ്ടിക്കുന്നതും.

അഞ്ചരലക്ഷത്തിൽപരം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്നാണ് ഏറ്റവും ഒടുവിൽ ഫെയ്സ്ബുക്ക് അധികൃതരുടെ സ്ഥിരീകരണംവന്നത്. ലോകമെമ്പാടുമുള്ള 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് ഫെയ്സ്ബുക്കുവഴി ലഭിച്ചിട്ടുണ്ടെന്ന വാർത്ത വന്നതിനു പിന്നാലെയാണ് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് ഫെയ്സ്ബുക്ക് ഐടി മന്ത്രാലയത്തിന് വിശദീകരണം നൽകിയത്.

ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ആപ് ഡൗൺലോഡ് ചെയ്ത 335 ഇന്ത്യക്കാരുടെ വിവരവും  ഇവരുടെ സുഹൃത്തുക്കളായ 5,62,120 ഇന്ത്യക്കാരുടെ വിവരവും ചോർന്നിട്ടുണ്ടാകാമെന്നാണ് വിശദീകരണം. ബിജെപി, കോൺഗ്രസ്, ജെഡിയു എന്നീ പാർടികൾക്കുവേണ്ടി കേംബ്രിഡ്ജ് അനലറ്റിക്ക പ്രവർത്തിച്ചെന്നും 2003‐2016 കാലയളവിൽ ആറ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വൻ പിഴവ് സംഭവിച്ചെന്നും ലോകത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച ഉണ്ടായെന്നും ഫെയ്സ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗ് കുമ്പസാരിച്ചിട്ടുണ്ട്. 100 കോടി ഉപയോക്താക്കളാണ് ഫെയ്സ്ബുക്കിൽ ആകെ ഉള്ളത്. ഇതിൽ 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് ഔദ്യോഗികമായിത്തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. ഇത് മഞ്ഞുകട്ടയുടെ ഒരഗ്രംമാത്രമാണ്. സ്വതന്ത്രവും സ്വകാര്യവും ജനാധിപത്യപരവുമായ ഇടപെടലിനുള്ള വേദിയാണ് സോഷ്യൽ മീഡിയ എന്ന് തെറ്റിദ്ധരിച്ചവരെയാകെ പടുകുഴിയിലാഴ്ത്തുന്നു എന്നതുമാത്രമല്ല ഈ പ്രവണതയുടെ ഫലം. ലോകത്ത് ജനാധിപത്യത്തിന്റെ അവസാന കണികപോലും തുടച്ചുമാറ്റപ്പെടുന്നു എന്ന അതീവ ഗൗരവമുള്ള പ്രശ്നമാണ് ഇത്. നാം നമ്മുടേതെന്നു കരുതുന്ന ഒന്നും സംരക്ഷിക്കപ്പെടുന്നില്ല; അതോടൊപ്പംതന്നെ ആ സ്വകാര്യവിവരങ്ങൾ നമ്മുടെ അഭിപ്രായം രൂപീകരിക്കാൻ നമ്മിലേക്കുതന്നെ തെറ്റായി പ്രയോഗിക്കപ്പെടുന്നു. ജനാധിപത്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മനുഷ്യന്റെ മൗലികാവകാശങ്ങൾക്കാകെയും എതിരെയുള്ള യുദ്ധമാണ് നടക്കുന്നത്. ഫെയ്സ്ബുക്ക് മേധാവി മാപ്പ് പറഞ്ഞാലോ രണ്ടോ മൂന്നോ വർഷമെടുത്ത് ശുദ്ധീകരിച്ചാലോ തീരുന്നതല്ല പ്രശ്നം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സജീവമായ ചർച്ചയും ഇടപെടലും ജനപക്ഷത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്; ബദലുകൾ രൂപപ്പെടുത്തേണ്ടതുമുണ്ട്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top