എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടി (ഇപിഎഫ്)ലേക്കുള്ള തൊഴിലുടമകളുടെ വിഹിതം നിലവിലെ 12 ശതമാനത്തില്‍നിന്ന് പത്ത് ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര തൊഴില്‍മന്ത്രാലയം ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത ആശങ്കയും പ്രതിഷേധവും ഉയര്‍ത്തുന്നതാണ്. ശനിയാഴ്ച പുണെയില്‍ ചേരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിന്റെ അജന്‍ഡയിലാണ് സംഘടിത തൊഴിലാളികള്‍ക്ക് കടുത്ത ദ്രോഹമായ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. മോഡിസര്‍ക്കാര്‍ മൂന്നാംവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍തന്നെയാണ് തൊഴിലാളികള്‍ക്ക് ഈ പ്രഹരം. തൊഴിലുടമകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഒരുപോലെ സന്തോഷം പകരുന്നതുമാണ് ഈ വാര്‍ത്ത. മോഡിസര്‍ക്കാര്‍ ആരുടെ കൂടെയാണെന്ന് തിരിച്ചറിയാന്‍ ഏറെ സഹായിക്കുന്നതാണ് ഈ നിര്‍ദേശം.
തൊഴിലാളികള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ഗൂഢനീക്കവും മോഡിസര്‍ക്കാരിനുണ്ട്. നവലിബറല്‍ പരിഷ്കാരത്തിന്റെ ശക്തനായ വക്താവായ മോഡി, സാമൂഹ്യസുരക്ഷാ പദ്ധതികളെല്ലാംതന്നെ അവസാനിപ്പിക്കണമെന്ന അഭിപ്രായക്കാരനായത് സ്വാഭാവികം. തൊഴിലാളിക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികളെല്ലാം ദേശീയനഷ്ടമാണെന്നും അതിന് ചെലവാക്കുന്ന പണം മുഴുവന്‍ കോര്‍പറേറ്റുകളുടെ കീശയില്‍ എത്തിച്ചാല്‍മാത്രമേ രാജ്യം വികസനത്തിലേക്ക് കുതിക്കൂവെന്നും മോഡിയും ബിജെപി സര്‍ക്കാരും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ മൂന്നുവര്‍ഷംമുമ്പ് അധികാരമേറിയതുമുതല്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തലാക്കാനുള്ള നീക്കങ്ങളും മോഡിസര്‍ക്കാര്‍ ആരംഭിച്ചു. ആദ്യം ലക്ഷ്യമിട്ടത് ഇപിഎഫിനെത്തന്നെയായിരുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ സംഘടനകളിലൊന്നാണ് 1952ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇപിഎഫ്. പ്രധാനമായും നാലു നീക്കങ്ങളാണ് ഇപിഎഫിനെ തകര്‍ക്കാന്‍ മോഡിസര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ഒന്നാമതായി തൊഴിലാളികളുടെ പിഎഫ് പണം ചൂതാട്ടത്തിന് വിട്ടുകൊടുത്ത് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാന്‍ ആരംഭിച്ചു. മൊത്തം പിഎഫ് നിക്ഷേപത്തിന്റെ അഞ്ചുമുതല്‍ 15 ശതമാനംവരെ നിക്ഷേപിക്കാനാണ് തീരുമാനിച്ചത്. 2015 ആഗസ്തുവരെ 5920 കോടി രൂപ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ചു. ഏഴുമാസം കഴിഞ്ഞപ്പോള്‍ ഈ തുക 5355 കോടിയായി ചുരുങ്ങി. ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ചതുവഴി തൊഴിലാളികളുടെ വിയര്‍പ്പിന്റെ കാശ്- 565 കോടി രൂപ അനായാസം കോര്‍പറേറ്റുകളുടെ കൈയിലെത്തി. 15 ശതമാനം നിക്ഷേപിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പണം നഷ്ടമായേനെ. രണ്ടാമതായി പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ആ തുകയ്ക്ക് 60 ശതമാനം നികുതി ഏര്‍പ്പെടുത്താനും മോഡിസര്‍ക്കാര്‍ നീക്കം നടത്തി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് ഈ നിര്‍ദേശം ആദ്യമായി മുന്നോട്ടുവച്ചത്. എന്നാല്‍, ട്രേഡ് യൂണിയനുകളുടെയും ഇടത് രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് ഈ നീക്കം പിന്‍വലിക്കേണ്ടിവന്നു. മൂന്നാമതായി ഇപിഎഫിന്റെ തുടക്കംമുതലുള്ള ത്രികക്ഷിസംവിധാനമായ സിബിടി നിശ്ചയിച്ച പലിശനിരക്ക് കേന്ദ്ര ധനമന്ത്രാലയം ഇടപെട്ട് വെട്ടിക്കുറച്ചു. കഴിഞ്ഞവര്‍ഷം സിബിടി 8.8 ശതമാനമാണ് പലിശനിരക്ക് നിശ്ചയിച്ചതെങ്കിലും ധനമന്ത്രാലയം ഏകപക്ഷീയമായി അത് 8.7 ശതമാനമായി കുറച്ചു. നാലാമതായി ഇപിഎഫ് നിക്ഷേപകരെ നിര്‍ബന്ധമായി ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് (എന്‍പിഎസ്)ചേര്‍ക്കാനുള്ള നീക്കമായിരുന്നു. എംപ്ളോയീസ് പെന്‍ഷന്‍ സ്കീം(ഇപിഎസ്) നിലവിലുള്ളപ്പോഴാണ് ഈ നീക്കം. ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറിയാല്‍ ഭൂരിപക്ഷം തുകയും ഓഹരിക്കമ്പോളത്തിലേക്ക് മാറ്റി കോര്‍പറേറ്റുകള്‍ക്ക് ആ പണം തട്ടിയെടുക്കാന്‍ അവസരം നല്‍കുകയായിരുന്നു ലക്ഷ്യം. അതിനായി ഇപിഎഫിന്റെ 'ബന്ദി'കളായ തൊഴിലാളികളെ മോചിപ്പിക്കണമെന്നുപോലും ധനമന്ത്രി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് അന്ത്യമിട്ട് ആ പണം മുഴുവന്‍ കോര്‍പറേറ്റുകള്‍ക്ക് കൈയിട്ടുവാരാനുള്ള അവസരമൊരുക്കുന്നതിനായി ഒരു മറയുമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു കോര്‍പറേറ്റുകളുടെ അഭിഭാഷകനായ അരുണ്‍ ജെയ്റ്റ്ലി. പിഎഫ് മാത്രമല്ല, മറ്റിതര സാമൂഹ്യസുരക്ഷാ പദ്ധതികളും അവസാനിപ്പിക്കാനാണ് മോഡിസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പ്രസവാനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നീക്കം. മാതൃത്വ സഹയോഗ് പദ്ധതി ആനുകൂല്യം 6000 രൂപയില്‍നിന്ന് 5000 രൂപയായി കുറച്ചെന്നുമാത്രമല്ല, അത് ഒരു കുട്ടിക്കുമാത്രമായി നിജപ്പെടുത്തുകയും ചെയ്തു. എല്ലാ സാമൂഹ്യസുരക്ഷാ പദ്ധതികളും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കവും അണിയറയില്‍ ശക്തമാണ്.
അതോടൊപ്പം സംഘടിത തൊഴില്‍മേഖലയെ തകര്‍ക്കാനും നീക്കം നടക്കുന്നു. ലോക തൊഴില്‍സംഘടന (ഐഎല്‍ഒ) തൊഴിലിന്റെ അന്തസ്സ് നിലനിര്‍ത്തണമെന്ന് പറയുമ്പോള്‍, പ്രധാനമായും അര്‍ഥമാക്കുന്നത് സ്ഥിരം ജോലി ഉറപ്പുവരുത്തലും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കലുമാണ്. എന്നാല്‍, ആസൂത്രണ കമീഷനെ പിരിച്ചുവിട്ട് മോഡിസര്‍ക്കാര്‍ രൂപീകരിച്ച നിതി ആയോഗ് പറയുന്നത്, സ്ഥിരം ജോലിയും അവകാശങ്ങളുമാണ് തൊഴില്‍വളര്‍ച്ചയ്ക്ക് വിഘാതമെന്നാണ്. അതിനാല്‍ സ്ഥിരംജോലിക്കുപകരം നിശ്ചിത കാലയളവിലേക്കുള്ള തൊഴില്‍മാത്രം മതിയെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുള്ള തൊഴില്‍സംരക്ഷണം ആവശ്യമില്ലെന്നുമാണ്. അതായത് ലോകം തൊഴിലിന്റെ അസംഘടിതസ്വഭാവത്തില്‍നിന്ന് സംഘടിതസ്വഭാവത്തിലേക്കും അവകാശസംരക്ഷണത്തിലേക്കും മുന്നേറുമ്പോള്‍ മോഡി പറയുന്നത് തിരിഞ്ഞുനടക്കണമെന്നാണ്. 'മേയ്ക്ക് ഇന്‍ ഇന്ത്യ'യും 'സ്കില്‍ ഇന്ത്യ'യും 'ഡിജിറ്റല്‍ ഇന്ത്യ'യും 'സ്റ്റാര്‍ട്ട് അപ് ഇന്ത്യ'യും ലക്ഷ്യം കാണാതെ തകര്‍ന്നടിയുമ്പോള്‍ മോഡിയും ബിജെപിയും കുതിരകയറുന്നത് തൊഴിലാളികള്‍ക്കുനേരെയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..