06 July Wednesday

മലയോര ജനതയുടെ ജീവിതം സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 23, 2017


കേരളത്തിലെ പശ്ചിമഘട്ടമേഖലയില്‍ അധിവസിക്കുന്ന ജനങ്ങളുടെ ആശങ്കയ്ക്ക് ശമനമുണ്ടാകുന്ന ഒരു സുപ്രധാന ഇടപെടലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശത്തിന്റെ വിസ്തീര്‍ണം 9107 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഇഎസ്എ (പരിസ്ഥിതിലോല മേഖല)പരിധിയില്‍ കേരളത്തിലെ 123 വില്ലേജുകളിലെ 22 ലക്ഷം ജനങ്ങളാണ് ഉള്‍പ്പെടുന്നത്.  1986ലെ പരിസ്ഥിതിസംരക്ഷണ നിയമം സെക്ഷന്‍ 5 പ്രകാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഈ മേഖലയാകെ ഇഎസ്എയായി പ്രഖ്യാപിച്ച് 2013 നവംബര്‍ 13ന് വിജ്ഞാപനം ഇറക്കിയത്. ഇതുപ്രകാരം ഈ മേഖലയില്‍ നിര്‍മാണ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളും ജനങ്ങളുടെ കിടപ്പാടവും ജീവനോപാധികളുമൊക്കെ അനിശ്ചിതത്വത്തിലാക്കിയ ഈ പ്രഖ്യാപനം ഹൈറേഞ്ച് മേഖലയെ അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലാക്കി.

കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ ഭരിച്ച കാലത്ത് കൈക്കൊണ്ട ഈ നടപടിക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കേരളത്തിലെമ്പാടുമുള്ള പശ്ചിമഘട്ട മേഖലകളില്‍ ഉയര്‍ന്നത്. എന്നാല്‍, പ്രശ്നത്തിന് ശാശ്വതപരിഹാരം തേടാനുള്ള ഒരു ശ്രമവും അന്ന് ഇരുസര്‍ക്കാരുകളുടെയും ഭാഗത്തുനിന്നുണ്ടായില്ല. പ്രക്ഷോഭം തണുപ്പിക്കുന്നതിനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുമായി 2014 മാര്‍ച്ച് 10ന് ഒരു കരട് വിജ്ഞാപനം ഇറക്കി. ഇഎസ്എ സംബന്ധിച്ച് ജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിനും അവസരമൊരുക്കുന്നതായിരുന്നു കരട് വിജ്ഞാപനം. കരട് വിജ്ഞാപനത്തിന്റെ കാലാവധി മാര്‍ച്ച് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പൂര്‍ണമായി ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനുള്ള ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

കേരളത്തിന്റെ പശ്ചിമഘട്ടമേഖലയില്‍ 13108 ചതുരശ്ര കിലോ  മീറ്റര്‍ പ്രദേശമാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം ഇഎസ്എ ആയി പ്രഖ്യാപിച്ചത്. ശക്തമായ ജനകീയപ്രക്ഷോഭവും ഇടതു കര്‍ഷക സംഘടനകളുടെയും എംപിമാരുടെയും ഇടപെടലും കാരണം പരിസ്ഥിതിലോലപ്രദേശങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് കാര്‍ഷിക- ജനവാസ- തോട്ടംകേന്ദ്രങ്ങളെ ഒഴിവാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം നിര്‍ദേശിച്ചു. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി ഇഎസ്എ 9993.7 ചതുരശ്ര കിലോമീറ്ററാക്കി  നിശ്ചയിച്ചു. ഇതില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വനമേഖല. ബാക്കി 886.7 ചതുരശ്ര കിലോമീറ്റര്‍ നിലവിലുള്ള സംസ്ഥാന നിയമപ്രകാരംതന്നെ സംരക്ഷിതപ്രദേശമായ ചതുപ്പുനിലങ്ങളും പാറക്കെട്ടുകളും തരിശുകളും തണ്ണീര്‍ത്തടങ്ങളുമാണ്. 2014 ആഗസ്ത് മുതല്‍ 2015 മെയ് വരെ ആറുപ്രാവശ്യം കേന്ദ്രം റിപ്പോര്‍ട്ടാവശ്യപ്പെട്ടെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. 2015 ജൂണില്‍ ഇഎസ്എ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് നല്‍കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ രണ്ടുമാസംകൂടി സമയം നീട്ടി ചോദിച്ചു. എന്നാല്‍, ജനവാസകേന്ദ്രങ്ങളും ക്യഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയില്‍നിന്ന് ഒഴിവാക്കുന്നതിന് ക്യത്യമായ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. ഇതേതുടര്‍ന്നാണ് 2015 സെപ്തംബര്‍ നാലിന് രണ്ടാമതൊരിക്കല്‍ക്കൂടി കരട് വിജ്ഞാപനം ഇറക്കിയത്.

യുഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ തയ്യാറാകാതിരുന്ന ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനുമുന്നില്‍ വയ്ക്കുന്നത്. 9107 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ നിജപ്പെടുത്തണമെന്ന വിദഗ്ധസമിതിയുടെ ശുപാര്‍ശ കാര്യകാരണസഹിതം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ ബോധ്യപ്പെടുത്തകയെന്ന വെല്ലുവിളിയാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ളത്. ജനവാസകേന്ദ്രങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി ഇഎസ്എ രേഖപ്പെടുത്തിയാല്‍ ആ വില്ലേജ് മൂഴുവന്‍ ഇഎസ്എയായി പരിഗണിക്കപ്പെടും. 886.7 കിലോമീറ്റര്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് നടുവില്‍ കിടക്കുന്ന പാറക്കെട്ടുകള്‍, ചതുപ്പുകള്‍, തരിശുഭൂമി എന്നിവയാണ്. ഇതിന് കേന്ദ്ര മാനദണ്ഡങ്ങള്‍ ബാധകമാക്കാതെ സംരക്ഷണച്ചുമതല സംസ്ഥാന സര്‍ക്കാരിന് വിട്ടുതരണമെന്ന നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളത്. ഒരുജനതയുടെ ജീവിതം പിഴുതെറിയപ്പെടാതിരിക്കാനുള്ള നടപടി എന്ന നിലയില്‍ അങ്ങേയറ്റത്തെ ജാഗ്രതയോടെതന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നത്തെ സമീപിക്കുന്നത്. വനസാന്നിധ്യമുള്ള എല്ലാ വില്ലേജുകളും ഇഎസ്എയായി കണക്കാക്കണമെന്ന റിപ്പോര്‍ട്ടാണ് കേരളത്തിന് വിനയായി വരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വനവും ജനവാസമേഖലയും ഒന്നിച്ചുവരാത്തതിനാല്‍ ഈ വിഷയത്തിലുള്ള എതിര്‍പ്പ് കേരളത്തിന്റെത് മാത്രമായിരിക്കും.  

വനമേഖലയുടെ ദേശീയ ശരാശരി 19 ശതമാനവും കേരളത്തില്‍ 29 ശതമാനവുമാണ്. കാര്യക്ഷമമായി വനസംരക്ഷണം പ്രാവര്‍ത്തികമാക്കുന്ന സംസ്ഥാനത്ത് ജനങ്ങളുടെ ജീവല്‍പ്രശ്നം പരിഗണിക്കപ്പെടാതിരുന്നുകൂടാ. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള വനമേഖലമാത്രം ഇഎസ്എ ആയി പ്രഖ്യാപിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കാനാകും. ഭരണത്തിലിരുന്നപ്പോള്‍ പരിസ്ഥിതിലോല മേഖലയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ മാറ്റിയെടുക്കാനും കര്‍ഷകതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും വിമുഖതകാട്ടിയ യുഡിഎഫ് മാര്‍ച്ച് നാലിന് ഇടുക്കിയില്‍ ജില്ലാഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നിലെ ലക്ഷ്യം രാഷ്ട്രീയമുതലെടുപ്പാണ്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവുമായി മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് സംരക്ഷിക്കാനുള്ളത്് ജനതാല്‍പര്യവും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top