25 March Saturday

എന്നും ജ്വലിക്കും ആ രക്തതാരകം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 5, 2017


ആ രക്തനക്ഷത്രം ഉദിച്ചുയര്‍ന്നിട്ട് ഇന്നേക്ക് 60 വര്‍ഷമാകുന്നു. 1957 ഏപ്രില്‍ അഞ്ചിനാണ്, ഐക്യകേരളത്തിന്റെ ആദ്യത്തെ ജനകീയ സര്‍ക്കാര്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റത്. 28 മാസം മാത്രമേ ആ സര്‍ക്കാര്‍ ഉണ്ടായിരുന്നുള്ളൂ. കേരളീയന് അന്നുവരെ സ്വപ്നം മാത്രമായിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും നെഞ്ചുവിരിച്ച് മണ്ണില്‍ നിവര്‍ന്നുനില്‍ക്കാനുള്ള ശേഷിയും പകര്‍ന്നുകിട്ടിയ കാലമായിരുന്നു അത്. ഭൂപരിഷ്കരണത്തിന്റെ മഹത്തായ നേട്ടത്തിലേക്കുള്ള കാല്‍വയ്പ് അന്നാണ് ഉണ്ടായത്. കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും തൊഴിലാളിക്കും മുന്നില്‍ വേതന വര്‍ധനയുടെയും ക്ഷേമ പദ്ധതിയുടെയും അവകാശബോധത്തിന്റെയും പുത്തന്‍ ചക്രവാളങ്ങള്‍ ആ സര്‍ക്കാര്‍ തുറന്നിട്ടു. വിദ്യാഭ്യാസമേഖലയുടെ ജനാധിപത്യവല്‍ക്കരണവും ആരോഗ്യ പരിപാലനത്തിലെ ഊന്നലും അധികാര വികേന്ദ്രീകരണവും പൊലീസിനെ ജനപക്ഷത്തേക്ക് നയിക്കലും ആ സര്‍ക്കാരിന്റെ അനന്യമായ പ്രവര്‍ത്തന പദ്ധതികളായിരുന്നു. കേരളത്തിനു മുന്നില്‍ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യവും പുരോഗതിയുടെ അജന്‍ഡയും വച്ചാണ് കമ്യൂണിസ്റ്റ് പാര്‍ടി തെരഞ്ഞെടുപ്പിനെ നേരിട്ടതും വിജയം നേടിയതും.

മതനിരപേക്ഷവും ജനാധിപത്യവും പുലരുന്ന പുരോഗമനോന്മുഖമായ നവ കേരള സൃഷ്ടിക്കാണ് ആ 28 മാസത്തെ പ്രവര്‍ത്തനംകൊണ്ട് ഇ എം എസ് സര്‍ക്കാര്‍ അടിത്തറയിട്ടത് എന്ന വസ്തുത കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കുപോലും സമ്മതിക്കാതിരിക്കാനാവില്ല. ആ സര്‍ക്കാരിന്റെ ജനകീയ ഇടപെടലുകളും അതിനു ലഭിച്ച ജനകീയ അംഗീകാരവുമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ത്തേ തീരൂ എന്ന തീരുമാനത്തിലേക്കും 1959 ജൂലൈ 31ന് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിലേക്കും കോണ്‍ഗ്രസ് ഭരണാധികാരികളെ നയിച്ചത്.

നിലനില്‍ക്കുന്ന ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പരിമിതിക്കും പരിധിക്കും അകത്തുനിന്നു കൊണ്ട് എങ്ങനെ ജനപക്ഷത്ത് അടിയുറച്ച് സംസ്ഥാന ഭരണം നയിക്കാമെന്ന മാതൃകയാണ് ഇ എം എസും സഹപ്രവര്‍ത്തകരും  ഹ്രസ്വമായ ആ കാലയളവില്‍ കാണിച്ചത്. ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീതിയും എണ്ണയൊഴിച്ച്് കത്തിച്ച തൊഴിലാളിവര്‍ഗ വിരുദ്ധ ആശയങ്ങളും ജന്മി നാടുവാഴി വ്യവസ്ഥയുടെ സംരക്ഷണത്തിനായുള്ള അത്യാഗ്രഹവും ഒത്തുചേര്‍ന്നാണ് അന്ന് ആ സര്‍ക്കാരിനെ നേരിട്ടത്. അതിന് ലോക സാമ്രാജ്യത്വത്തിന്റെ അകമഴിഞ്ഞ പിന്തുണ ലഭിക്കുകകൂടി ചെയ്തപ്പോഴാണ് ഇന്ത്യാ ചരിത്രത്തിലെ ഏക്കാലത്തെയും വലിയ അട്ടിമറി സമരം അന്ന് അരങ്ങുതകര്‍ത്തത്.  ജാതി ജന്മിനാടുവാഴി സങ്കുചിത താല്‍പ്പര്യങ്ങളൊന്നാകെ വിമോചന സമരത്തില്‍ അണിനിരന്നു.

വിമോചനസമരം നയിച്ചവരെ ഏകീകരിച്ച അജന്‍ഡ കമ്യൂണിസ്റ്റ് വിരോധത്തിന്റേതായിരുന്നു. ഭരണവര്‍ഗ കടന്നാക്രമണത്തിനെതിരെ ജനതാല്‍പ്പര്യം സംരക്ഷിക്കാന്‍ പാര്‍ലമെന്ററി-ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിച്ചുനിര്‍ത്തല്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് ഇ എം എസ് സര്‍ക്കാര്‍ തെളിയിച്ചത്. അത്തരം ശ്രമങ്ങള്‍ എവ്വിധം തകര്‍ക്കപ്പെടുമെന്നത് വിമോചന സമരത്തിന്റെ ആസൂത്രണത്തിലൂടെയും സംഘാടനത്തിലൂടെയും വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ മാതൃക സൃഷ്ടിച്ചു. പിറന്നുവീണ് ഒന്നര ദശാബ്ദമാകുമ്പോള്‍ തന്നെ കേരള ജനതയുടെ വിശ്വാസമാര്‍ജിച്ച് കുതിച്ചുമുന്നേറിയ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയെ വരിഞ്ഞുകെട്ടാനുള്ള ആയുധമായി വിനിയോഗിക്കപ്പെട്ട വിമോചന സമരം കേരളത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയുടെ ഗതിവേഗത്തിനുകൂടിയാണ് കടിഞ്ഞാണിട്ടത്.

ആദ്യ ഇ എം എസ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കേരളത്തെ ഇന്നും ദീപ്തമാക്കുന്നു. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിലും മതനിരപേക്ഷവും ജനാധിപത്യവും വികസനോന്മുഖവുമായ ആധുനിക കേരളമെന്ന ആശയം സുസ്ഥാപിതമാക്കുന്നതിനും ആ സര്‍ക്കാര്‍ നല്‍കിയ സേവനം നിസ്തുലമാണ്. പുതിയ  കേരളം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കരുത്തിന്റെ അക്ഷയസ്രോതസ്സായി സ്വയം മാറുകയായിരുന്നു ആ സര്‍ക്കാര്‍. മെച്ചപ്പെട്ട പൊതുജനാരോഗ്യം, സാര്‍വത്രിക വിദ്യാഭ്യാസം, പൊതുവിതരണ സമ്പ്രദായം, അസമത്വ ലഘൂകരണം, സാമൂഹ്യനീതി, ഭൂപരിഷ്കരണം, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് തുടങ്ങിയ നേട്ടങ്ങള്‍ കേരളം സ്വന്തമാക്കിയത് ആ സര്‍ക്കാരില്‍നിന്നും അതിന്റെ മാതൃകയെ പിന്‍പറ്റിയുമാണ്. ഇ എം എസും ഇ കെ നായനാരും വി എസ് അച്യുതാനന്ദനും നയിച്ച ഇടതുപക്ഷ സര്‍ക്കാരുകള്‍  ആദ്യ ഗവര്‍മെന്റിന്റെ മാതൃകയാണ് പിന്തുടര്‍ന്നത്. 

ഇന്ന്, പുതിയ കാലത്ത്, പുതിയ വെല്ലുവിളികളെ നേരിടാനും  പുരോഗതിയുടെ പുതിയ തടസ്സങ്ങള്‍ മറികടക്കാനും പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതും 1957ന്റെ അടിസ്ഥാന മാതൃകയെ കാലാനുസൃതമായി വികസിപ്പിച്ചുകൊണ്ടാണ്. 60 വര്‍ഷം മുമ്പത്തെ ഏപ്രില്‍ അഞ്ചിന്റെ ചരിത്ര പ്രാധാന്യം ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മുദ്രിതമാകുന്നത്. ഐക്യകേരളത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന നവകേരള മിഷന്‍ പുതിയ കാലത്തിന്റെ മൂര്‍ത്തമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നു. കാര്‍ഷിക-വ്യാവസായിക മേഖലകളിലും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും അടിസ്ഥാന സൌകര്യ വികസനത്തിലും ക്ഷേമ പദ്ധതികളിലും ജനപങ്കാളിത്തത്തിലൂന്നിയ ആൂത്രണത്തിലുമെന്നുവേണ്ട, കേരളീയ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും പുരോഗമനാത്മകമായ ചലനവേഗം ദൃശ്യമാകുന്നതിന്റെ ഊര്‍ജ സ്രോതസ്സ് ആറു ദശാബ്ദം മുമ്പ് ഉദിച്ചുയര്‍ന്ന ആ ചെന്താരകം തന്നെയാണ്. അന്ന് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളാണ് ഉപയോഗിക്കപ്പെട്ടതെങ്കില്‍, വര്‍ഗീയതയുടെയും സമഗ്രാധിപത്യ പ്രവണതകളുടെയും ജനാധിപത്യ നിഷേധത്തിന്റെയും അസാധാരണമായ കൂടിച്ചേരലാണ് ഇന്ന് കേരളത്തെ കടന്നാക്രമിക്കുന്നത്. ആദ്യ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം പുതിയ കടമകളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നത് ഈ സാഹചര്യത്തിലാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top