30 January Monday

തെരഞ്ഞെടുപ്പ‌്‌ അഴിമതി തടഞ്ഞേതീരൂ

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019


തെരഞ്ഞെടുപ്പുകളെ പണത്തിന്റെ മേളയാക്കി മാറ്റുന്നത് ജനാധിപത്യത്തെ  ഭയപ്പെടുന്നവരാണ്.   വ്യക്തമായ രാഷ്ട്രീയവും നയങ്ങളും ഇല്ലാതെ,  തെറ്റായ മാർഗങ്ങളിലൂടെ ജനങ്ങളെ സ്വാധീനിച്ച്  അധികാരം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നവരുടെ ആയുധമാണ് പണം. സ്വതന്ത്ര ഇന്ത്യയിൽ പണംകൊണ്ട് ജനവിധി വിലയ‌്ക്കുവാങ്ങാൻ എക്കാലത്തും  ശ്രമിച്ച രാഷ്ട്രീയ പാർടിയാണ് കോൺഗ്രസ്. പടുകൂറ്റൻ അഴിമതികളിലൂടെയും കോർപറേറ്റുകളിൽനിന്ന് ഇരന്നുവാങ്ങിയും  കുന്നുകൂട്ടുന്ന  പണം തെരഞ്ഞെടുപ്പിൽ അനധികൃതമായി ചെലവിടുകയും അങ്ങനെ വിജയം സ്വായത്തമാക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ മുഖം പുതിയതല്ല.    കോൺഗ്രസാണ് തുടങ്ങിവച്ചത് എങ്കിലും പിന്നീട് ബൂർഷ്വാ പാർടികൾ പലതും അതേ പാതയിൽ സഞ്ചരിച്ചു. മാധ്യമങ്ങളെ വിലയ‌്ക്കെടുത്തും വ്യാജവാർത്തകൾ സൃഷ്ടിച്ചും കണ്ണഞ്ചിപ്പിക്കുന്ന പ്രചാരണ ആഘോഷം നടത്തിയും അടക്കം  ജനസമ്മതി  കൃത്രിമമായി സൃഷ്ടിക്കാൻ   അനേകം മാർഗങ്ങൾ ഇവർ അവലംബിക്കുന്നുണ്ട്.   വോട്ടർമാരെ നേരിൽക്കണ്ട് പണം കൊടുത്ത് സ്വാധീനിക്കുന്ന രീതി അതിൽ ഗൗരവമുള്ളതാണ്.

തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണങ്ങൾ ലംഘിച്ച‌് കണക്കിൽപ്പെടാത്ത പണം വിനിയോഗിക്കുന്നവർ സമർഥമായി നിയമ സംവിധാനത്തെ  കബളിപ്പിച്ച് രക്ഷപ്പെടുന്നു.   തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മാത്രമല്ല, അതുകഴിഞ്ഞ്   തെരഞ്ഞെടുക്കപ്പെട്ട  ജനപ്രതിനിധികളെ വിലയ‌്ക്ക് വാങ്ങാനും പണം ഉപയോഗിക്കുന്നു. ഈയിടെ  കർണാടകത്തിൽ കോൺഗ്രസ് എംഎൽഎമാരെ കൂട്ടത്തോടെ വിലയ‌്ക്കെടുക്കാനും   അതിലൂടെ കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കി അധികാരം പിടിക്കാനും ബിജെപി നടത്തിയ ശ്രമത്തിലും   അതിനെ പരാജയപ്പെടുത്താൻ അതേവിധത്തിൽ   കോൺഗ്രസ്  നടത്തിയ ഇടപെടലിലും പ്രധാന കഥാപാത്രം കണക്കിൽപെടാത്ത പണമാണ്.

പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻതന്നെ പല ഘട്ടത്തിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വോട്ടർമാർക്ക് പണം നൽകിയെന്ന് തെളിഞ്ഞാൽ വോട്ടെടുപ്പ് നീട്ടിവയ‌്ക്കാനുള്ള അധികാരം നൽകണമെന്ന് നരേന്ദ്ര മോഡി സർക്കാരിനോട് തെരഞ്ഞെടുപ്പ് കമീഷൻ നാലുവട്ടം ആവശ്യപ്പെട്ടു എന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ വന്നത്.  കേന്ദ്ര ഗവൺമെന്റ‌് അത് പരിഗണിച്ചില്ല. വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കുന്നത് ബൂത്ത് പിടിത്തം പോലുള്ളതല്ല എന്ന ന്യായീകരണമാണ് നിയമ മന്ത്രാലയത്തിൽനിന്നുണ്ടായത്.

ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി പണത്തിന്റെ  ദുരുപയോഗമാണ് എന്ന് പറഞ്ഞത് മുഖ്യ  തെരഞ്ഞെടുപ്പ് കമീഷണർ  തന്നെയാണ്.    2016 അസമിലും പശ്ചിമബംഗാളിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ മാത്രം പിടിച്ചെടുത്തത്  175. 53 കോടി രൂപയാണ്. പണവും ലഹരിസാമഗ്രികളും ആണ് തെരഞ്ഞെടുപ്പിൽ തങ്ങളെ സ്വാധീനിക്കുന്നതെന്ന്   ഒരു സർവേയിൽ   41.34 ശതമാനം വോട്ടർമാരാണ്  പറഞ്ഞത്.

ഇത്തവണ ബിജെപി 12 വിമാനങ്ങളും 20 ഹെലികോപ്റ്ററുകളും ആണ് തെരഞ്ഞെടുപ്പിനായി വാടകയ‌്ക്ക് എടുത്തിട്ടുള്ളത്.  കോൺഗ്രസ് നാല് വിമാനങ്ങളും 10 ഹെലികോപ്റ്ററുകളും. ബിജെപി വാടകയ‌്ക്കെടുത്ത വിമാനങ്ങളിൽ ഒന്നിന് മണിക്കൂറിന് 4 ലക്ഷം രൂപയാണ്   വാടക.  രാഷ്ട്രീയ പരസ്യങ്ങൾക്കായി കോടികൾ സോഷ്യൽ മീഡിയയിൽ ചെലവിടുന്ന റിപ്പോർട്ട് വേറെ പുറത്തുവന്നിട്ടുണ്ട്. പണം നൽകി വാർത്തകൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങളെ ഉപയോഗിക്കുന്നത് ഇതിനൊക്കെ പുറമെയാണ്.       എല്ലാം ചേർത്ത് വായിച്ചാൽ ഇന്ത്യൻ ജനാധിപത്യത്തെ പണാധിപത്യം ആക്കി മാറ്റാനുള്ള ആസൂത്രിതനീക്കമാണ് രാജ്യത്തെ രണ്ട് പ്രധാന കക്ഷികളുടെ നേതൃത്വത്തിൽ നടക്കുന്നത് എന്ന് വ്യക്തമാകും.  ഇതിനെയൊക്കെ സാധൂകരിക്കുന്നതാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസിന്റെ സിറ്റിങ‌് എംപിയുമായ എം കെ രാഘവൻ ഒരു സ്വകാര്യ ചാനൽ ക്യാമറയ‌്ക്കു മുമ്പിൽ നടത്തിയ  വെളിപ്പെടുത്തലുകൾ. എം കെ രാഘവൻ മാത്രമല്ല, 15 എംപിമാർ അത്തരം വെളിപ്പെടുത്തലുകൾ നടത്തി.

കോടികൾ ചെലവിട്ടാണ്  തെരഞ്ഞെടുപ്പിൽ വിജയിച്ചത് എന്നും രണ്ടു മുതൽ അഞ്ചുകോടി രൂപ വരെ തന്റെ പാർടി നൽകുന്നുവെന്നും  ഒരുദിവസം വാഹനങ്ങൾക്കുമാത്രം 10 ലക്ഷം രൂപ ചെലവിടുന്നുണ്ടെന്നും എം കെ രാഘവൻ തന്റെ ശബ്ദത്തിൽ വളരെ വ്യക്തമായി ചാനലിനോട്  പറയുന്നുണ്ട്.   കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടി രൂപ ചെലവായി എന്നാണ് വ്യക്തമാക്കിയത‌്.  എന്നാൽ, 2014 ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽനിന്നുതന്നെ മത്സരിച്ചപ്പോൾ എം കെ രാഘവൻ, തനിക്ക‌് ആകെ ചെലവായത്  58.22 ലക്ഷം   രൂപയാണ് എന്നാണ‌് തെരഞ്ഞെടുപ്പ് കമീഷനോട് പറഞ്ഞത്. ആ കണക്ക‌് പൂർണമായും തെറ്റാണെന്നും വോട്ടർമാർക്ക് മദ്യം വാങ്ങി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോൺഗ്രസ് ചെയ‌്തിട്ടുണ്ട‌് എന്നുമാണ്  അദ്ദേഹം ഒളിക്യാമറ ദൃശ്യങ്ങളിൽ പറയുന്നത്.  അതിനർഥം എം കെ രാഘവനും അദ്ദേഹത്തിന്റെ പാർടിയും ഇന്ത്യയിലെ ജനാധിപത്യം അട്ടിമറിക്കുന്നതിന് പ്രവർത്തിക്കുന്നു എന്നുതന്നെയാണ്.  അഴിമതിയിലൂടെ  പണം സമ്പാദിക്കുകയും അത് ചെലവിട്ട് വോട്ട് വിലയ‌്ക്ക‌് വാങ്ങുകയും ചെയ്യുന്ന നികൃഷ്ടരാഷ്ട്രീയത്തിന്റെ പ്രതിനിധിയായിട്ടാണ്; നിയമലംഘകൻ ആയിട്ടാണ് എം കെ രാഘവൻ ഇന്ന് ജനങ്ങൾക്കുമുന്നിൽ നിൽക്കുന്നത്. 

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എത്രതന്നെ ന്യായീകരിച്ചാലും എം കെ രാഘവൻ പൊട്ടിക്കരഞ്ഞാലും അവസാനിക്കുന്ന പ്രശ്നമല്ല ഇത്. ഇതേ സ്റ്റിങ‌് ഓപ്പറേഷനിൽ കുടുങ്ങിയ മഹാരാഷ്ട്രയിലെ ബിജെപി എംപിയെ മത്സരിക്കാൻ അനുവദിക്കരുതെന്നും  കേസെടുക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടത് കോൺഗ്രസിലെ മുതിർന്ന നേതാവ് പൃഥ്വിരാജ് ചൗഹാനാണ്. ഡൽഹിയിലെ ഉദിത് രാജ് എന്ന ബിജെപി എംപിയും എം കെ രാഘവനെപോലെ ഒളി ക്യാമറയിൽ കുടുങ്ങിയപ്പോൾ  അത്  ആഘോഷിക്കുന്നതും  ഉദിത് രാജിനെ പുറത്താക്കിയേതീരൂ എന്ന് ശാഠ്യംപിടിക്കുന്നതും കോൺഗ്രസാണ്.   കോൺഗ്രസും ബിജെപിയും ഒരുപോലെ ഈ തെരഞ്ഞെടുപ്പ‌് അഴിമതിയിൽ   പങ്കാളികളാണ്. മര്യാദ ഉണ്ടെങ്കിൽ,  ജനാധിപത്യത്തോട് അൽപ്പമെങ്കിലും ആദരവ് അവശേഷിക്കുന്നുണ്ടെങ്കിൽ  അഴിമതിക്കാരനായ  സ്ഥാനാർഥിയെ പിൻവലിച്ച്‌  നിയമത്തിന‌്  വിട്ടുകൊടുക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. അതല്ലാതെ എന്തെങ്കിലും പിത്തലാട്ടം കാണിച്ച്   രാഘവനെ രക്ഷിക്കുകയും സ്വയം രക്ഷപ്പെടുകയും ചെയ്യാമെന്നാണ് വ്യാമോഹമെങ്കിൽ അത് നടപ്പുള്ള നാടല്ല കേരളം എന്നുമാത്രം പറഞ്ഞുവയ‌്ക്കട്ടെ. എം കെ രാഘവൻ ചെയ‌്തത‌്  തെരഞ്ഞെടുപ്പ്അഴിമതി ആണ് എന്ന് വ്യക്തമായ സ്ഥിതിക്ക് ഒട്ടും മടിച്ചുനിൽക്കാതെ ഏറ്റവും ശക്തമായ നടപടികൾക്ക് തെരഞ്ഞെടുപ്പ് കമീഷനും തയ്യാറാകേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top