30 September Saturday

ജനക്ഷേമം ഉറപ്പാക്കുന്ന പ്രകടനപത്രിക

വെബ് ഡെസ്‌ക്‌Updated: Friday Mar 29, 2019


രാജ്യത്തിനും ജനങ്ങൾക്കും നാശം വിതയ‌്ക്കുന്നതായിരുന്നു നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ അഞ്ചുവർഷത്തെ കേന്ദ്ര ഭരണം.  മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആധാരശിലകളെയെല്ലാം തകർക്കാൻ നേതൃത്വം നൽകിയ കോർപറേറ്റ് അനുകൂല നവ ഉദാരവൽക്കണ നടപടികളിലൂടെ ജനജീവിതം ദുസ്സഹമാക്കിയ മോഡി ഭരണത്തെ പരാജയപ്പെടുത്തണമെന്ന കാര്യത്തിൽ വിശാലമായ യോജിപ്പാണ് രൂപപ്പെട്ടുവരുന്നത്.  എന്നാൽ, ബിജെപിയെയും മോഡിയെയും പരാജയപ്പെടുത്തിയതിനുശേഷം എങ്ങനെയുള്ള ഇന്ത്യയെയാണ് കെട്ടിപ്പടുക്കേണ്ടത് എന്ന വിഷയത്തിൽ മാത്രമാണ് അഭിപ്രായവ്യത്യാസമുള്ളത്. ബിജെപി തുടരുന്ന അതേ സാമ്പത്തിക വൈദേശിക നയങ്ങൾ തുടരണമെന്നാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും പറയുന്നത്. ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് ബിജെപിയും കോൺഗ്രസും എന്നുസാരം. ഭൂരിപക്ഷം പ്രാദേശിക കക്ഷികളും ഇതേനയം തന്നെയാണ് പിന്തുടരുന്നത്. ചില ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാട്ടാൻ കഴിയുമെന്നുമാത്രം. 

എന്നാൽ, ഈ രാഷ്ട്രീയ കക്ഷികളിൽനിന്ന‌് വ്യത്യസ്തമായി രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളിൽ വ്യക്തമായ ഒരു ബദൽപാതയാണ് സിപിഐ എം മുന്നോട്ടുവയ‌്ക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ വരും തലമുറയ‌്ക്കായി സംരക്ഷിക്കാനുള്ള നടപടികൾ മാത്രമല്ല, സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾക്കും മാന്യമായതും പട്ടിണിയില്ലാത്തതുമായ ജീവിതം കരുപിടിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും സിപിഐ എം വ്യാഴാഴ്ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രിക വ്യക്തമാക്കുന്നു.

ഏതാനും സമ്പന്നരെയല്ല മറിച്ച് ജനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള നയങ്ങളും പരിപാടികളും അടങ്ങുന്ന ബദൽപാതയാണ് സിപിഐ എം മുന്നോട്ടുവയ‌്ക്കുന്നത്.  തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ പൊതുനിക്ഷേപം വർധിപ്പിച്ച് ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടികൾ സ്വീകരിക്കുമെന്നാണ് സിപിഐ എം വാഗ്ദാനം ചെയ്യുന്നത്. തൊഴിലെടുക്കാനുള്ള അവകാശം ഭരണഘടനാവകാശമാക്കുമെന്നും സൗജന്യ ആരോഗ്യസംരക്ഷണം ഓരോ പൗരന്റെയും അവകാശമാക്കി മാറ്റുമെന്നുമുള്ള പ്രഖ്യാപനം ഇതിൽ പ്രധാനമാണ്. തൊഴിൽ നൽകാനാകാത്ത പക്ഷം തൊഴിലില്ലായ്മാ വേതനം ഉറപ്പാക്കും.  ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ കടുത്ത സമ്മർദത്തിന്റെ ഫലമായി കൊണ്ടുവരികയും പട്ടിണിയും കുടിയേറ്റവും തടയാൻ ഏറെ സഹായകരവുമായ തൊഴിലുറപ്പുപദ്ധതിക്ക‌് കീഴിൽ നിലവിലുള്ള 100 ദിന തൊഴിലിനുപകരം 200 ദിനം തൊഴിൽ നൽകുമെന്നും വാഗ്ദാനമുണ്ട്. മിനിമം വേതനം മാസത്തിൽ 18000 രൂപയായി ഉയർത്തുമെന്നും ഉപഭോക്തൃവില സൂചികയുമായി ബന്ധപ്പെടുത്തിയാകും വേതനം നിശ്ചയിക്കുകയെന്നും വാർധക്യകാല പെൻഷൻ ചുരുങ്ങിയത് 6000 രൂപയാക്കുമെന്നും പ്രകടനപത്രിക പറയുന്നു. അതോടൊപ്പം പൊതുവിതരണ സമ്പ്രദായം സാർവത്രികമാക്കുമെന്നും ഒരു കുടുംബത്തിന് 35 കിലോ അരി, അതായത് ഒരാൾക്ക് ഏഴ് കിലോ അരി രണ്ട് രൂപനിരക്കിൽ നൽകുമെന്നും പ്രകടപത്രിക പറയുന്നു. റേഷൻസംവിധാനത്തെ ആധാറുമായി ബന്ധിപ്പിക്കില്ലെന്നതാണ് മറ്റൊരു പ്രഖ്യാപനം.

രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന പദ്ധതികളാണിവയെല്ലാം. സർജിക്കൽ സ്ട്രൈക്കിന് സമാനമായ രീതിയിൽ മോഡിയും രാഹുലും നടത്തുന്ന പദ്ധതി പ്രഖ്യാപനങ്ങളല്ല മറിച്ച് ദാരിദ്ര്യത്തിനും പട്ടിണിക്കും കാരണമാകുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കുന്ന ബഹുമുഖ നടപടികളാണ് സിപിഐ എം മുന്നോട്ടുവയ‌്ക്കുന്നത്. ആധുനിക കാലത്ത് ജനങ്ങളെ ഏറ്റവും കുടതൽ ദരിദ്രമാക്കുന്നത് ആരോഗ്യസംരക്ഷണത്തിനുള്ള വർധിച്ച ചെലവാണ്.  ആരോഗ്യസുരക്ഷ പൗരന്മാരുടെ അവകാശമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തിന്റെ പ്രസക്തിയും ഇതാണ്.  ജിഡിപിയുടെ അഞ്ച് ശതമാനം ആരോഗ്യമേഖലയ‌്ക്കായി നീക്കിവയ‌്ക്കുമെന്നും ആരോഗ്യസംരക്ഷണം ചെലവേറിയതാക്കുന്ന സ്വകാര്യ ഇൻഷുറൻസ് സമ്പ്രദായത്തിന് അറുതിവരുത്തുമെന്നും വാഗ്ദാനമുണ്ട്.  കാർഷികച്ചെലവും അഞ്ച് ശതമാനവും ചേർത്ത് താങ്ങുവില നിശ്ചയിക്കുമെന്നും കാർഷിക വിളകൾ സംഭരിക്കാനുള്ള സമഗ്രമായ സംവിധാനം സ്യഷ്ടിക്കുമെന്നും വളത്തിനും മറ്റും നൽകിവരുന്ന സബ്സിഡി തുടരുമെന്നും വായ‌്പാ ഇളവുകളും മറ്റും അനുവദിക്കുമെന്നും പ്രകടനപത്രിക പറയുന്നു.

ഇത്തരം നടപടികൾക്ക് എവിടെനിന്നാണ് പണം ലഭ്യമാക്കുക എന്ന സംശയത്തിനും പ്രകടനപത്രിക വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. മോഡിയും മൻമോഹൻസിങ്ങും കോർപറേറ്റുകൾക്ക് നൽകിയ സൗജന്യങ്ങൾ പിൻവലിക്കുമെന്നതാണ് അതിലൊന്ന്. അവർ ഉപേക്ഷിച്ച വെൽത്ത് ടാക്സും ഇൻഹെറിറ്റൻസ് ടാക്സും കേപിറ്റൽ ഗെയിൻ ടാക്സും പുനഃസ്ഥാപിക്കുക വഴി ലക്ഷംകോടി ഖജനാവിലേക്ക് നേടാൻ കഴിയും. അ തോടൊപ്പം റഫേൽ ഉൾപ്പെടെയുള്ള അഴിമതിക്ക് തടയിട്ടും കോർപറേറ്റുകൾകുള്ള മറ്റ് സൗജന്യങ്ങൾ ഉപേക്ഷിച്ചും ജനക്ഷേമ പദ്ധതികൾക്കായുള്ള വരുമാനം കണ്ടെത്താനാകുമെന്നും സിപിഐ എം ചൂണ്ടിക്കാട്ടുന്നു.  മോഡി സർക്കാർ നിർത്തലാക്കിയ ആസൂത്രണകമീഷൻ പുനഃസ്ഥാപിക്കുമെന്നും സംസ്ഥാന താൽപ്പര്യങ്ങൾകൂടി സംരക്ഷിക്കുന്ന രീതിയിൽ ജിഎസ്ടിയിൽ പൊളിച്ചെഴുത്ത് വരുത്തുമെന്നും പ്രകടനപത്രിക ഉറപ്പുനൽകുന്നുണ്ട്. അവശ ദുർബല വിഭാഗങ്ങളുടെ സംരക്ഷണത്തിനും സിപിഐ എം പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.  പാർലമെന്റിലും നിയമസഭയിലും സ്ത്രീകൾക്ക‌് 33 ശതമാനം സംവരണം, ട്രാൻസ്ജെൻഡറിന്റെ സംരക്ഷണത്തിന് പ്രത്യേക ബിൽ, ന്യുനപക്ഷ കമീഷന് സ്റ്റാറ്റ്യുട്ടറിപദവി, മുസ്ലിം സബ്പ്ലാൻ, ആൾക്കൂട്ട ആക്രമണത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം,  സ്വകാര്യമേഖലയിൽ സംവരണം തുടങ്ങി നിരവധി വാഗ‌്ദാനങ്ങളും സിപിഐ എം മുന്നോട്ടുവയ‌്ക്കുന്നുണ്ട്.  സൈന്യത്തിന് നൽകിയ പ്രത്യേകാധികാര നിയമം, പൗരത്വ ഭേദഗതിനിയമം എന്നിവ പിൻവലിക്കുമെന്നും പ്രകടനപത്രിക പറയുന്നു.

എന്നാൽ, രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്. അതിൽ ഏറ്റവും പ്രധാനം വർഗീയാക്രമണങ്ങൾ തടയുന്നതിന് സമഗ്രമായ ബിൽ കൊണ്ടുവരുമെന്നതാണ്. വർഗീയാക്രമണത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം  ഉൾപ്പെടെ ഉറപ്പുവരുത്തുമെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും സിപിഐ എം ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. 

എന്നാൽ, ഈ പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ പതിനേഴാമത് ലോക‌്സഭയിൽ ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കണം. എങ്കിൽമാത്രമേ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരിനെക്കൊണ്ട്‌ ഈ ബദൽ പദ്ധതികൾ നടപ്പിലാക്കാൻ കഴിയു. മോഡി സർക്കാരിനെ പരാജയപ്പെടുത്തി ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിച്ച് ഒരു മതനിരപേക്ഷ സർക്കാർ യാഥാർഥ്യമാക്കിയാൽ മാത്രമേ ജനക്ഷേമം ഉറപ്പുവരുത്താൻ ആകൂ. അതിനുള്ള മാർഗരേഖയാണ് സിപിഐ എമ്മിന്റെ പ്രകടനപത്രിക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top