25 September Saturday

തെരഞ്ഞെടുപ്പ് അക്രമങ്ങൾ തടയണം

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019


പതിനേഴാമത് ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്‌ച നടന്നു. ഒന്നാം ഘട്ടമെന്നപോലെ തന്നെ രണ്ടാംഘട്ടത്തിലും വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറിയത്. ആദ്യഘട്ടത്തിൽ ആന്ധ്രയിലും ത്രിപുരയിലുമാണ് സംഘർഷമെങ്കിൽ രണ്ടാംഘട്ടത്തിൽ പശ്ചിമബംഗാളിലായിരുന്നു പ്രധാനമായും അക്രമസംഭവങ്ങൾ അരങ്ങേറിയത്. പുതുച്ചേരി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലത്തിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലത്തിലും. ഇവിടെ എല്ലായിടത്തും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന‌് ഉണ്ടായിട്ടുള്ളത്.

സിപിഐ എമ്മിന്റെ സിറ്റിങ് സീറ്റും പാർടി പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീം വീണ്ടും ജനവിധി തേടുകയും ചെയ്യുന്ന വടക്കൻ ബംഗാളിലെ മണ്ഡലമാണ് റായ്ഗഞ്ച്.  ഇവിടെയാണ് വൻതോതിൽ ബൂത്ത് പിടിത്തവും ആക്രമണങ്ങളും അരങ്ങേറിയത്. മുഹമ്മദ് സലീമിന് നേരേയും ആക്രമണമുണ്ടായി. അദ്ദേഹം സഞ്ചരിച്ച വാഹനം അക്രമികൾ തകർത്തു. മണ്ഡലത്തിലുള്ള  ഇസ്ലാംപൂരിലെ പത്ഗറയിൽ വോട്ട് ചെയ്യാനായി പോകവേയായിരുന്നു തൃണമൂൽ ഗുണ്ടകൾ മുഹമ്മദ് സലീമിന് നേരേ ആക്രമണം നടത്തിയത്. റായ്ഗഞ്ചിൽ മാത്രമല്ല, ഡാർജിലിങ്ങിലെ ചോപ്രയിൽ പൊലീസിന് കണ്ണീർവാതകപ്രയോഗവും വെടിവയ‌്പ്പും നടത്തേണ്ടിവന്നു. തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തെത്തുടർന്ന് വോട്ട് ചെയ്യാൻ കഴിയാത്തവർ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയപ്പോഴാണ് ഈ ജനക്കൂട്ടത്തെ പിരിച്ചയക്കാൻ പൊലീസിന് വെടിവയ‌്പ് നടത്തേണ്ടിവന്നത്. പലയിടത്തും പോളിങ് ബൂത്തിലേക്ക് പോകുന്ന ജനങ്ങളെ ഭരണകക്ഷിയിൽപ്പെട്ട ക്രിമിനലുകൾ തടയുകയാണ്. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും ഇക്കാര്യത്തിൽ തൃണമൂലിന് ഒട്ടും പിന്നിലല്ല.

സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട തെരഞ്ഞെടുപ്പ് കമീഷൻ അക്കാര്യത്തിൽ പരാജയപ്പെട്ടിരിക്കുകയാണ്. തൃണമൂൽ ആക്രമണവും ബൂത്ത് പിടിത്തവും പശ്ചിമബംഗാളിൽ എല്ലാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുന്നതിനാൽതന്നെ കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഇടതുപക്ഷ കക്ഷികൾ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ ബധിരകർണങ്ങളിൽ പതിക്കുകയാണുണ്ടായത്.  എതാനും ഗുണ്ടകൾ ചേർന്ന് ബൂത്ത് പിടിച്ചെടുത്ത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന പ്രവണത തടയാൻ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമീഷണ് കഴിയാത്തത്? സൈന്യത്തിന്റെ സുഗമമായ വിന്യാസവും മറ്റും കണക്കിലെടുത്താണ് പശ്ചിമ ബംഗാളിൽ ഉൾപ്പെടെ ഏഴ് ഘട്ടത്തിലായി തെരഞ്ഞെടുപ്പ് നടത്തുന്നതെന്നായിരുന്നു കമീഷന്റെ അവകാശവാദം. എന്നിട്ടും സംസ്ഥാനത്ത് മൂന്ന് മണ്ഡലത്തിൽമാത്രം വ്യാഴാഴ്ച നടന്ന വോട്ടെടുപ്പ് നീതിപൂർവകമായി നടത്താൻ തെരഞ്ഞെടുപ്പ് കമീഷന് കഴിഞ്ഞില്ലെന്നത് പ്രതിഷേധാർഹമാണ്.

ഒന്നാംഘട്ടത്തിൽ പശ്ചിമ ത്രിപുര മണ്ഡലത്തിലെ 464 ബൂത്താണ് അവിടത്തെ ഭരണകക്ഷിയായ ബിജെപിക്കാർ പിടിച്ചെടുത്തത്. ഇവിടെ റീ പോളിങ് ആവശ്യപ്പെട്ട് സിപിഐ എം കമീഷന് പരാതി നൽകിയെങ്കിലും ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. ഒന്നാം ഘട്ടത്തിലെ വ്യാപകമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കിഴക്കൻ ത്രിപുര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവയ‌്ക്കാൻ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായിട്ടുള്ളത്. വ്യാഴാഴ്‌ച നടക്കേണ്ട വോട്ടെടുപ്പ് ഏപ്രിൽ 23 ലേക്ക് മാറ്റിവച്ചെങ്കിലും ആവശ്യത്തിന് കേന്ദ്ര സേനയെ വിന്യസിക്കാൻ തയ്യാറായില്ലെങ്കിൽ പശ്ചിമ ത്രിപുരയിലേതുപോലെ കിഴക്കൻ ത്രിപുര മണ്ഡലത്തിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും.

പശ്ചിമബംഗാളിൽ വോട്ടെടുപ്പ് ദിവസംമാത്രമല്ല, സ്ഥാനാർഥികൾക്ക‌് സ്വതന്ത്രമായി നാമനിർദേശപത്രിക സമർപ്പിക്കാനോ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനോ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസംതന്നെ ഇടതുപക്ഷ മുന്നണിയുടെ മൂന്ന് സ്ഥാനാർഥികളെ പ്രചാരണവേളയിൽ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച് പരിക്കേൽപ്പിക്കുകയുണ്ടായി.  അസൻസോളിലെ സ്ഥാനാർഥി ഗൗരാംഗ ചാറ്റർജി (സിപിഐ എം), ഡയമണ്ട് ഹാർബറിലെ ഡോ. ഫൗദ് ഹാലിം(സിപിഐ എം), ബസിർഹട്ടിലെ പല്ലഭ് സെൻ ഗുപ്ത (സിപിഐ) എന്നീ സ്ഥാനാർഥികളാണ് ആക്രമിക്കപ്പെട്ടത്. സംസ്ഥാന വ്യാപകമായി ഭരണകക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ആക്രമണങ്ങളെ തടയാൻ തെരഞ്ഞെടുപ്പ് കമീഷന് ഇനിയെങ്കിലും കഴിയേണ്ടതുണ്ട്. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് വെറും പ്രഹസനമാകും. ഇന്ത്യപോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഒട്ടും ഭൂഷണമായ കാര്യമല്ലിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top